പിണറായിയെ ഭയമില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; ധര്‍മ്മടത്ത്‌ ഇന്ന് പത്രിക സമര്‍പ്പിക്കും


1 min read
Read later
Print
Share

വാളയാർ പെൺകുട്ടികളുടെ അമ്മ | photo: mathrubhumi news|screen grab

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെയോ സിപിഎമ്മിനെയോ ഭയമില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. മക്കളുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ ഭാഗമാണ് മത്സരം. എന്തുകൊണ്ട് വാക്കുപാലിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി ചോദിക്കാനുള്ള അവസരമായിട്ടാണ് സ്ഥാനാര്‍ഥിത്വത്തെ കാണുന്നത്. ഇതിന്റെ പേരിലുള്ള ഭവിഷ്യത്തുകള്‍ താന്‍ ഇതുവരെ അനുഭവിച്ചതിന്റെ അത്രത്തോളം വരില്ലെന്നും കുട്ടികളുടെ അമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കേസ് അട്ടിമറിച്ചവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വാക്കുനല്‍കിയിരുന്നു. എന്നാല്‍ പിന്നീട് താന്‍ കേള്‍ക്കുന്നത് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ അവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയെന്നാണ്. മൂത്ത കുട്ടിയുടെ കേസന്വേഷണം മാത്രമാണ് സിബിഐക്ക് വിട്ടത്. ഇളയകുട്ടിയുടെ ദുരൂഹ മരണം സിബിഐക്ക് വിടാത്തത് ചതിയാണെന്നും അവര്‍ പറഞ്ഞു. ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരേ മത്സരിക്കുന്ന പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

പോലീസ് ഉദ്യോഗസ്ഥനായ സോജന്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കോടതി പറഞ്ഞിട്ടും കേസ് അട്ടിമറിച്ചവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. ആരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരേ മത്സരിക്കുന്നതിന്റെ പേരില്‍ ഇതുവരെ ഒരു ഭീഷണിയുമുണ്ടായിട്ടില്ല. എന്നാല്‍ ഇനി ഭീഷണിപ്പെടുത്തി ഓടിക്കാന്‍ വരില്ലെന്ന് പറയാനാകില്ലെന്നും അവര്‍ പറഞ്ഞു.

ധര്‍മടത്ത് പിന്തുണ നല്‍കുന്ന കാര്യം ആലോചിക്കുമെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന സംബന്ധിച്ച കാര്യങ്ങള്‍ തനിക്കറിയില്ലെന്നും. അതെല്ലാം സമരസമിതിയുമായി ആലോചിക്കേണ്ട കാര്യങ്ങളാണെന്നും അവര്‍ പറഞ്ഞു. പിന്തുണ നല്‍കുമെന്ന് പറഞ്ഞ് ആരും ഇതുവരെ തന്നെ വിളിച്ചിട്ടില്ല. പ്രചാരണത്തിന് ഇറങ്ങുന്നത് സമരസമിതിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കുട്ടികളുടെ അമ്മ വ്യക്തമാക്കി.

content highlights: Walayar girls mother says she is not afraid of CM Pinarayi Vijayan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram