കെ സുരേന്ദ്രനും സുരേഷ് ഗോപിയും ചർച്ചയിൽ ഫയൽ ഫോട്ടോ-കെ.കെ സന്തോഷ്, മാതൃഭൂമി
തൃശൂര്‍ : വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക്മേല്‍ സമ്മര്‍ദം ശക്തം. തൃശൂരില്‍ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തിലാണ് സുരേഷ് ഗോപിയുടെ പേര് വട്ടിയൂര്‍ക്കാവില്‍ വീണ്ടും ഉയര്‍ന്നത്. വട്ടിയൂര്‍ക്കാവ് അല്ലെങ്കില്‍ തിരുവനന്തപുരത്ത് സുരേഷ് ഗോപി മത്സരിക്കണമെന്നാണ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നത്
എന്നാല്‍ രാജ്യസഭയില്‍ ഒന്നര വര്‍ഷം ടേം ബാക്കിയുള്ളതിനാല്‍ മത്സരിക്കാനില്ല എന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ചാല്‍ സുരേഷ് ഗോപി വട്ടിയൂര്‍ക്കാവില്‍ കളത്തിലിറങ്ങും. കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് തൃശൂരില്‍ നിന്ന് മത്സരിച്ച സുരേഷ് ഗോപി അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവച്ചിരുന്നു.
ഇതില്‍ സുരേഷ് ഗോപി വട്ടിയൂര്‍ക്കാവിലെങ്കില്‍ വി.വി രാജേഷ് തിരുവനന്തപുരത്ത്. അല്ലെങ്കില്‍ തിരിച്ചം മത്സരിക്കാനാണ് സാധ്യത.
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പേര് കോന്നിയിലും കേന്ദ്രമന്ത്രി വി. മുരളീധരനെ കഴക്കൂട്ടത്തുമാണ് പരിഗണിക്കുന്നത്. എന്നാല്‍ ഇവര്‍ രണ്ട് പേരും കൂടി മത്സരിക്കാന്‍ സാധ്യത കുറവാണ്. പ്രചാരണം ഏകോപിപ്പിക്കാന്‍ ആളില്ലാത്ത പ്രശ്‌നം ചൂണ്ടിക്കാട്ടി ഇത്തവണ മത്സരിക്കാതെ പ്രചാരണത്തിന്റെ ഏകോപനമാണ് സുരേന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ വി. മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചുകഴിഞ്ഞു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്താന്‍ മുരളീധരന് കഴിഞ്ഞിരുന്നു. ഒ.രാജഗോപാല്‍ ഇത്തവണ മത്സരരംഗത്തുണ്ടാവില്ല. പകരം നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും. അതുപോലെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. തൃശൂരില്‍ ജേക്കബ് തോമസിനേയും കൊടുങ്ങല്ലൂരില്‍ ടി.പി സെന്‍കുമാറിനെയും കോഴിക്കോട് നോര്‍ത്തില്‍ എം.ടി രമേശിന്റെയും പേരാണ് പരിഗണനയില്‍.
രാത്രി ഒരുമണി വരെ കോര്‍ കമ്മിറ്റി യോഗം നീണ്ടു.