Kummanam Rajasekharan
കഴക്കൂട്ടം: സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നാല്‍ രണ്ടാം ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുമെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും കൊടുക്കുമെന്ന് എന്‍ഡിഎ ഉറപ്പ് നല്‍കുന്നുവെന്ന് കഴക്കൂട്ടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പട്ടിക ജാതിക്കാര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും ഭൂരഹിതര്‍ക്കും പാവപ്പെട്ടവര്‍ക്കും കിടക്കാന്‍ വീടും കൃഷിചെയ്യാന്‍ ഭൂമിയും ലഭിക്കും. ഇതിനു പുറമെ കേരളത്തില്‍ ക്ഷേത്ര ഭരണാവകാശ വിളംബരം ഉണ്ടാകും. വിശ്വാസികള്‍ക്ക് ക്ഷേത്ര ഭരണത്തില്‍ പങ്കാളിത്തമുണ്ടാകും. ക്ഷേത്രപ്രവേശന വിളംബരത്തിനും പാലിയം വിളംബരത്തിനും ശേഷം നടക്കാന്‍ പോകുന്ന വലിയ വിളംബരമാവും അത്.
ശബരിമല വിഷയത്തില്‍ വികാരാവേശംകൊണ്ട് ജനം തെരുവിലിറങ്ങി. ശബരിമല വിഷയത്തില്‍ എന്തുകൊണ്ടാണ് നിയമ നിര്‍മാണം നടത്താത്തതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. നേരത്തെതന്നെ നിയമം കൊണ്ടുവരാന്‍ കഴിയുമായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് നിയമം ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നത് ? ശബരിമലയിലടക്കം ക്ഷേത്രത്തിന്റെ ഭരണാധികാരമാണ് പ്രധാന വിഷയം. 2021 കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വഴിത്തിരിവായി മാറും. പാവപ്പെട്ടവര്‍ക്ക് കുടി വെള്ളവും തൊഴിലും പാര്‍പ്പിടവും വിദ്യാഭ്യാസ സൗകര്യവും അടക്കമുള്ളവയെല്ലാം കൊടുക്കുന്ന ഭരണമാറ്റം ഉണ്ടാകാന്‍ പോകുകയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Content Highlights: Second land reforms Kummanam Rajasekharan BJP