-
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തും പുതുപ്പള്ളിയിലും ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. രണ്ട് സീറ്റില്‍ മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. രണ്ടിടത്ത് ഇതുവരെ മത്സരിച്ചിട്ടില്ല, ഇനി മത്സരിക്കുകയുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നേമത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നത് വാര്‍ത്തകള്‍ മാത്രമാണ്. ഇന്നുരാവിലെ പുതുപ്പള്ളിയില്‍ പറഞ്ഞത് തന്നെയാണ് തന്റെ നിലപാട്. നേമത്തെ അനിശ്ചിതത്വം ഉടന്‍ അവസാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും കരുത്തരായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് മത്സരിക്കുക. നേമത്തും അങ്ങനെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ ചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്നും പുതുപ്പള്ളിയില്‍ തന്നെ മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നു രാവിലെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പ്രവര്‍ത്തകരുടെ വികാരം താന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നുവെന്നും പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്നും പ്രതിഷേധിച്ച അണികള്‍ക്ക് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടി രണ്ട് സീറ്റില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നത്.
content highlights: Oommen Chandy will not contest in two seats