കെ. ബാബു | ഫോട്ടോ: എ.വി സിനോജ് | മാതൃഭൂമി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ തൃപ്പൂണിത്തുറ എല്‍ഡിഎഫില്‍ നിന്ന് തിരിച്ചുപിടിക്കുമെന്ന് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ച കെ ബാബു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് തൃപ്പൂണിത്തുറയില്‍ മത്സരിക്കുന്ന വിവരം പാര്‍ട്ടി നേതൃത്വം തന്നെ വിളിച്ചറിയിച്ചതെന്നും ബാബു മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടി എന്നും തന്റെ രക്ഷകനാണെന്നും ബാബു പറഞ്ഞു. എ.കെ ആന്റണി, വയലാര്‍ രവി തുടങ്ങിയ നേതാക്കള്‍ക്കൊപ്പം വളരെ ചെറുപ്പംമുതല്‍ പ്രവര്‍ത്തിച്ച നേതാവാണ് അദ്ദേഹമെന്നും ബാബു വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സാധ്യതാ സ്ഥാനാര്‍ഥി പട്ടികയില്‍ ബാബുവിന്റെ പേരുണ്ടായിരുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദ്ദത്താലാണ് ഒടുവില്‍ ബാബുവിനെ സ്ഥാനാര്‍ഥിയായി പരിഗണിച്ചതെന്നാണ് വിവരം. ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയം ഇത്തവണ വലിയ ചര്‍ച്ചയാകും. ഈശ്വര വിശ്വാസികളുടെ കേന്ദ്രമാണ് തൃപ്പൂണിത്തുറ. ശബരിമല വിശ്വാസികളെ അങ്ങേയറ്റം അവഹേളിക്കുന്ന നിലപാടാണ് മണ്ഡലത്തിലെ എംഎല്‍എയായ എം സ്വരാജ് സ്വീകരിച്ചത്. ഇതിനെതിരേ പ്രതികരിക്കാന്‍ കാത്തുനില്‍ക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ മണ്ഡലത്തിലുണ്ട്. വിശ്വാസികളുടെ പിന്തുണ കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ തന്നെ മനപൂര്‍വം അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമം ഇടതുമുന്നണി നടത്തി. ഇത് ഏറെ മാനസിക പ്രയാസമുണ്ടാക്കി. ഒരു മാറ്റമാണ് തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. മണ്ഡലത്തില്‍ നിര്‍ദേശിക്കപ്പെട്ട ചില പേരുകള്‍ അതിന് ഉതകുന്നതല്ലെന്ന് ജനങ്ങള്‍ക്കും പര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബോധ്യപ്പെട്ടു. അതുകൊണ്ടാണ് പ്രവര്‍ത്തകര്‍ തനിക്കുവേണ്ടി പ്രതിഷേധിച്ചത്. ഇത്തരം എതിര്‍പ്പുകള്‍ സ്വാഭാവികമാണെന്നും ബാബു പറഞ്ഞു.
content highlights: Oommen Chandy is always my savior says K Babu