'അധികാരമോഹം' തിരിച്ചടിയായി; കുഞ്ഞാലിക്കുട്ടിക്കെതിരെ തിരിഞ്ഞ് ലീഗ് അണികള്‍


2 min read
Read later
Print
Share

പി.കെ.കുഞ്ഞാലിക്കുട്ടി |ഫോട്ടോ:മാതൃഭൂമി

മലപ്പുറം: ലോക്‌സഭ അംഗത്വം ഇട്ടെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്ക് തിരികെ വരാനുള്ള പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം സംസ്ഥാനത്ത് ഭരണം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു പ്രവര്‍ത്തകര്‍ മനസ്സില്ലാ മനസ്സോടെ ഉള്‍ക്കൊണ്ടത്. എന്നാല്‍ യു.ഡി.എഫിന് അധികാരത്തിന്റെ ഏഴയലത്ത് പോലും എത്താന്‍ കഴിയാതിരുന്നതോടെ അന്ന് അടക്കിപിടിച്ചിരുന്ന അതൃപ്തി ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധികാരമോഹം യു.ഡി.എഫിന്റെ തോല്‍വിയില്‍ ഒരു ഘടകമായെന്നാണ് ഒരു വിഭാഗം അണികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്നത്.

യു.ഡി.എഫില്‍ കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികളെക്കാള്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായെങ്കിലും 15 വര്‍ഷത്തിന് ശേഷം മുസ്ലിം ലീഗിനുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്തവണത്തേത്. ഭരണപക്ഷത്ത് നില്‍ക്കുമ്പോഴാണ് ഇതിന് മുമ്പുള്ള വലിയ തിരിച്ചടികളുണ്ടായിട്ടുള്ളത്. എന്നാലിക്കുറി പ്രതിപക്ഷത്തായിരിക്കുമ്പോഴുള്ള തിരിച്ചടി ഇരട്ടി പ്രഹരമാണ്.

പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്ക് നടന്ന മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ലീഗിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞത് ജനങ്ങളുടെ പ്രതിഷേധമാണ് പ്രതിഫലിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 1,14,615 വോട്ടുകള്‍ക്കാണ് അബ്ദുസമദ് സമാദാനി മലപ്പുറത്ത് ജയിച്ചത്. 2019-ലെ പൊതു തിരഞ്ഞെടുപ്പില്‍ 2,60,153 വോട്ടിന്റെ ഭൂരിപക്ഷം ഇവിടെ ലീഗിനുണ്ടായിരുന്നു. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 1,71,023 വോട്ടിന്റെ ഭൂരിപക്ഷം പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഉണ്ടായിരുന്നു.

പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെച്ചത് ബി.ജെ.പിക്കെതിരായി പാര്‍ട്ടിയും മുന്നണിയും നടത്തുന്ന പ്രചാരണങ്ങളെ ദുര്‍ബലപ്പെടുത്തി. മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ പ്രതിപക്ഷത്തിന്റെ നാവായി മാറുമെന്ന് പ്രഖ്യാപിച്ചായിരുന്നു കുഞ്ഞാലിക്കുട്ടി ഇ. അഹമ്മദിന്റെ വിയോഗത്തില്‍ ലോക്‌സഭയിലേക്ക് വണ്ടി കയറിയത്. എന്നാല്‍ സുപ്രധാന ബില്ലുകളിലടക്കം അദ്ദേഹത്തിന്റെ അസാന്നിധ്യം വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. ഇതെല്ലാം വീണ്ടും ഉയര്‍ത്തിക്കാട്ടുകയാണ് പ്രവര്‍ത്തകര്‍.

പൗരത്വനിയമ പ്രക്ഷോഭത്തില്‍ നായകത്വം ഏറ്റെടുക്കുന്നുവെന്ന രീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനകള്‍ മുസ്ലിംവോട്ടുകളെ സി.പി.എമ്മിനോട് അടുപ്പിച്ചു. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഇടതുപക്ഷമാണെന്ന പ്രതീതിക്ക് കുഞ്ഞാലിക്കുട്ടിയുടെ രാജി ആക്കം കൂട്ടിയെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

മലപ്പുറത്ത് സീറ്റുകളൊന്നും നഷ്ടപ്പെട്ടില്ലെങ്കിലും പി.കെ. കുഞ്ഞാലിക്കുട്ടിയടക്കം പലരുടേയും ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്. ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വന്‍ഭൂരിപക്ഷം നേടിയിട്ടും താനൂര്‍ ഇക്കുറിയും തിരിച്ചുപിടക്കാനായില്ല. പാര്‍ട്ടിയുടെ എക്കാലത്തേയും കുത്തകയായി കരുതി പോന്നിരുന്ന തിരൂരങ്ങാടിയിലടക്കം കനത്ത മത്സരം നേരിടേണ്ടി വന്നു. കഴിഞ്ഞ തവണ ആറു ജില്ലകളില്‍ പ്രാതിനിധ്യമുണ്ടായിരുന്ന ലീഗിന് ഇത്തവണ നാലായി കുറഞ്ഞു. മലബാറിനുപുറത്ത് ഇക്കുറി ലീഗിന് എം.എല്‍.എ.യുമില്ല.

സ്ഥാനാര്‍ഥി നിര്‍ണയവും തോല്‍വിക്ക് ആക്കംകൂട്ടിയെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിനെ കോഴിക്കോട് സൗത്തില്‍ മത്സരിപ്പിക്കാതെ താനൂരില്‍ നിര്‍ത്തിയ തീരുമാനം തെറ്റായി. അബ്ദുറഹിമാന്‍ രണ്ടത്താണിയെ തന്നെ താനൂരില്‍ നിര്‍ത്തിയിരുന്നെങ്കില്‍ മണ്ഡലം എളുപ്പത്തില്‍ പിടിച്ചെടുക്കാമായിരുന്നു. നൂര്‍ബിന റഷീദിനെ പേരാമ്പ്രയില്‍ മത്സരിപ്പിക്കണമായിരുന്നുവെന്നും പറയുന്നു.

2016, 2011 തിരഞ്ഞെടുപ്പുകളില്‍ 24 സ്ഥലത്ത് മത്സരിച്ച ലീഗ് 18-ഉം 20-ഉം സീറ്റുകളില്‍ ജയിച്ചിരുന്നു. ഇത്തവണ മൂന്നു സീറ്റുകള്‍ കൂടി മത്സരിക്കാന്‍ കിട്ടിയെങ്കിലും നേട്ടമുണ്ടായില്ല. പുതുതായി കിട്ടിയ പേരാമ്പ്ര, കൂത്തുപറമ്പ്, കോങ്ങാട് എന്നിവയിലൊന്നുപോലും പിടിക്കാനുമായില്ല.

കെ.എം. ഷാജി (അഴീക്കോട്), പാറക്കല്‍ അബ്ദുള്ള (കുറ്റ്യാടി) എന്നിവരാണ് സിറ്റിങ് സീറ്റില്‍ തോറ്റ എം.എല്‍.എ.മാര്‍. കോഴിക്കോട് സൗത്തും കളമശ്ശേരിയും നഷ്ടമായി. ഗുരുവായൂര്‍ പിടിക്കാന്‍ നിയോഗിക്കപ്പെട്ട കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ.യും തോല്‍വിയറിഞ്ഞു. കാല്‍നൂറ്റാണ്ടിനുശേഷം, സിറ്റിങ് സീറ്റില്‍ (കോഴിക്കോട് സൗത്ത്) രംഗത്തിറക്കിയ ഏക വനിതാസ്ഥാനാര്‍ഥി അഡ്വ. നൂര്‍ബിന റഷീദിനും ജയിക്കാനായില്ല.

Content Highlights: muslim league workers agaist pk kunhalikutty

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram