മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ എറണാകുളം: LDF-5, UDF-3 , 6 ൽ പ്രവചനാതീതം


3 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: മാതൃഭൂമി ന്യൂസ്-ആക്‌സിസ് മൈ ഇന്ത്യ നടത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലപ്രവചനം തുടരുന്നു. മധ്യകേരളത്തിലെ 98 മണ്ഡലങ്ങളിലെ ഫലങ്ങളാണ് ഇന്ന് പുറത്തുവിടുന്നത്. എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിൽ അഞ്ചെണ്ണം എൽ.ഡി.െഫും മൂന്നെണ്ണം യു.ഡി.എഫും നേടുമെന്ന് എക്സിറ്റ് പോൾ പറയുന്നു. ആറ് മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതമാണ്.

പെരുമ്പാവൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബാബു ജോസഫും യുഡിഎഫ് സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പിള്ളിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും. എന്‍ഡിഎയ്ക്ക് വേണ്ടി ടിപി സിന്ധുമോള്‍ ആണ് ജനവിധി തേടിയത്. 2106ല്‍ എല്‍ദോസ് കുന്നപ്പിള്ളി 7088 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.

അങ്കമാലി യുഡിഎഫ് സ്ഥാനാര്‍ഥി റോജി എം. ജോണ്‍ അങ്കമാലി മണ്ഡലം നിലനിര്‍ത്തും. ജോസ് തെറ്റയില്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപിയ്ക്ക് വേണ്ടി മത്സരത്തിനിറങ്ങിയത് കെ.വി സാബുവാണ്.

ആലുവ മണ്ഡലത്തില്‍ എക്‌സിറ്റ് പോള്‍ ഫലം പ്രവചനാതീതം. യുഡിഎഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷെല്‍ന നിഷാദ് എന്നിവര്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും. എംഎല്‍ ഗോപി ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. 2016ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്ത് 18835 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആലുവ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.

കളമശ്ശേരി മണ്ഡലത്തില്‍ ഇത്തവണ മത്സരം പ്രവചനാതീതം. പി. രാജീവ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. വി.ഇ അബ്ദുള്‍ ഗഫൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. പി.എസ് ജയരാജ് ആണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

പറവൂര്‍ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ വിഡി സതീശന്‍ വിജയിക്കും. 2016ല്‍ 20634 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിഡി സതീശന്‍ ഈ മണ്ഡലത്തില്‍ വിജയിച്ചത്. എംടി നിക്‌സണ്‍(എല്‍ഡിഎഫ്),എബി ജയപ്രകാശ്(ബിഡിജെഎസ്)എന്നിവരാണ് ജനവിധി തേടിയ മറ്റ് സ്ഥാനാര്‍ഥികള്‍.

വൈപ്പിന്‍ സിപിഎം സ്ഥാനാര്‍ഥി കെ.എന്‍ ഉണ്ണികൃഷ്ണന്‍ വിജയിക്കും. ദീപക് ജോയ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. കെ.എസ് ഷൈജു ആണ് ബിജെപി സ്ഥാനാര്‍ഥി.

കൊച്ചി മണ്ഡലത്തില്‍ എക്‌സിറ്റ് പോള്‍ ഫലം പ്രവചനാതീതം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെജെ മാക്‌സിയും ട്വന്റി ട്വന്റി സ്ഥാനാര്‍ഥി ഷൈനി ആന്റണിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും. ടോണി ചമ്മണി(യുഡിഎഫ്) സിജി രാജഗോപാല്‍(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. കെജെ മാക്‌സി 2016ല്‍ 1086 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് കൊച്ചി.

തൃപ്പൂണിത്തുറ - മണ്ഡലത്തില്‍ മത്സരം പ്രവചനാതീതമെന്ന് സര്‍വ്വേ ഫലം. എം. സ്വരാജ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കെ ബാബുവാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഇരുവരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കെ.എസ് രാധാകൃഷ്ണന്‍ ആണ് ബിജെപി സ്ഥാനാര്‍ഥി

എറണാകുളം മണ്ഡലത്തില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം പ്രവചിക്കുന്നു എക്‌സിറ്റ് പോള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷാജി ജോര്‍ജ് വിജയിക്കും. ടിജെ വിനോദ്(യുഡിഎഫ്), പത്മജ എസ് മേനോന്‍ (എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ ഹൈബി ഈഡന്‍ എംഎല്‍എ 21949 വോട്ടിന് വിജയിച്ച മണ്ഡലമാണ് എറണാകുളം

തൃക്കാക്കര - മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.ജെ ജേക്കബ് വിജയിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി പി.ടി തോമസ്. എസ്. സജിയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി

കുന്നത്തുനാട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമെന്ന് എക്‌സിറ്റ് പോള്‍ ഫലം. ട്വന്റി ട്വന്റി സ്ഥാനാര്‍ഥി സുജിത്ത് പി സുരേന്ദ്രനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി ശ്രീനിജനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും. സിറ്റിങ് എംഎല്‍എ വിപി സജീന്ദ്രന്‍(യുഡിഎഫ്), രേണു സുരേഷ്(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിപി സജീന്ദ്രന്‍ 2679 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.

പിറവം യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് മണ്ഡലം നിലനിര്‍ത്തും. പിറവത്ത് എല്‍ഡിഎഫിന് വേണ്ടി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബും ബിജെപി സ്ഥാനാര്‍ഥി എം.ആശിഷും ആണ് ജനവിധി തേടിയത്.

മൂവാറ്റുപുഴ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ എല്‍ദോ എബ്രാഹം സീറ്റ് നിലനിര്‍ത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 9375 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ദോ എബ്രാഹം വിജയിച്ചത്. മാത്യു കുഴല്‍നാടന്‍, ജിജി ജോസഫ്(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

കോതമംഗലം സിറ്റിങ്ങ് എം.എല്‍.എ ആന്റണി ജോണ്‍ എല്‍ഡിഎഫിന് വേണ്ടി മണ്ഡലം നിലനിര്‍ത്തും. ഷിബു തെക്കുംപുറം ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിഡിജെഎസിന്റെ ഷൈന്‍ കെ കൃഷ്ണന്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram