ഒ.രാജഗോപാലിന്റെ പ്രസ്താവന പ്രതിഫലിപ്പിക്കുന്നത് അദ്ദേഹത്തിന്റെ യോഗ്യത -കുമ്മനം രാജശേഖരന്‍


2 min read
Read later
Print
Share

കുമ്മനം രാജശേഖരൻ | മാതൃഭൂമി

തിരുവനന്തപുരം: ഒ.രാജഗോപാല്‍ തനിക്കെതിരായി നിലപാട് എടുക്കില്ലെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. എംഎല്‍എ എന്ന നിലയില്‍ മറ്റുകാര്യങ്ങള്‍ അറിയില്ലെന്ന ഒ.രാജഗോപാലിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ യോഗ്യതയാണെന്നും കുമ്മനം രാജശേഖരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നേമത്ത് നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് ബൂത്തുതല കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതെന്നും ഭരണമാറ്റത്തിനുളള അടങ്ങാത്ത ദാഹം വോട്ടെടുപ്പില്‍ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വിജയം നൂറുശതമാനം ഉറപ്പെന്ന് തിരഞ്ഞെടുപ്പിന് ശേഷം കെ.മുരളീധരന്‍ നടത്തിയ പ്രസ്താവനയെ കുറിച്ചുളള ചോദ്യത്തിന് എന്തടിസ്ഥാനത്തിലാണെന്ന് മുരളീധരന്‍ അങ്ങനെ പറഞ്ഞതെന്ന് തനിക്കറിയില്ലെന്ന് കുമ്മനം പറഞ്ഞു. 'പതിവില്‍ കവിഞ്ഞ വോട്ടുകള്‍ ലഭിച്ച് വിജയിക്കുമെന്ന് മുരളീധരന്‍ പറയുന്നതിന്റെ കാരണം വ്യക്തമാക്കേണ്ടത് അദ്ദേഹമാണ്. എന്നെ സംബന്ധിച്ച് വിജയിക്കുമെന്ന് പറയുന്നതിന് കാരണമുണ്ട്. കാരണം കഴിഞ്ഞ മൂന്നുതിരഞ്ഞെപ്പിലും ഒന്നാംസ്ഥാനത്ത് നിന്ന ഒരു രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയാണ്. ആ സമയത്തെല്ലാം നേടിയ വോട്ട് എന്നില്‍ നിന്ന് നഷ്ടപ്പെടാനുളള ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിന് കൂടുതല്‍ വോട്ടുകള്‍ ലഭിക്കാന്‍ എന്തെങ്കിലും സാഹചര്യമുണ്ടായിട്ടുണ്ടോ? അദ്ദേഹം കരുത്തനാണെങ്കില്‍ അദ്ദേഹത്തേക്കാള്‍ കരുത്തനായ ശശി തരൂര്‍ ഇവിടെ മത്സരിച്ചിട്ടുണ്ട്. അദ്ദേഹത്തോട് മത്സരിച്ചപ്പോള്‍ പോലും ഞാന്‍ ഒന്നാം സ്ഥാനത്തായിരുന്നു.

നേമത്ത് രണ്ടാംസ്ഥാനത്ത് ആരായിരിക്കുമെന്ന് വിലയിരുത്താമോ എന്ന ചോദ്യത്തിന് അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടോ, രഹസ്യ ധാരണ ഉണ്ടായിട്ടുണ്ടോ എന്നീ കാര്യങ്ങളെ കുറിച്ച് പഠനം നടത്തേണ്ടതുണ്ടെന്നായിരുന്നു മറുപടി.

വോട്ട് രേഖപ്പെടുത്തിയ ശേഷം എംഎല്‍എ എന്ന നിലയില്‍ മറ്റുകാര്യങ്ങള്‍ അറിയില്ലെന്ന ഒ.രാജഗോപാലിന്റെ പ്രസ്താവനയെ കുറിച്ചുളള ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. '400 കോടിയില്‍പരം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ അഭിമാനകരമായ നേട്ടമാണ് അദ്ദേഹം പങ്കുവെക്കുന്നത്. ഒരു എംഎല്‍എ എന്ന നിലയില്‍ മറ്റൊന്നുമറിയില്ല എന്ന് പറയുന്നത് അദ്ദേഹത്തിന്റെ യോഗ്യതയാണ്. അദ്ദേഹം ഒരിക്കലും എന്നില്‍ നിന്നും വ്യത്യസ്തമായി മറ്റൊരു നിലപാട് സ്വീകരിക്കില്ല. അത്രയേറെ ആത്മബന്ധവും ഹൃദയബന്ധവും ഞങ്ങള്‍ തമ്മിലുണ്ട്. എന്റെ വിജയത്തിന് വേണ്ടി നൂറുശതമാനം സമര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ച ഒരാളാണ് അദ്ദേഹം.' കുമ്മനം പറഞ്ഞു

Content Highlights:Kummanam Rajashekharan reacts on O Rajagopal's remark

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram