കുമ്മനം രാജശേഖരൻ. ഫോട്ടോ പ്രവീൺദാസ്
തിരുവനന്തപുരം: സ്വന്തമായി വീടില്ല, വാഹനമില്ല, ആര്‍ജിത സ്വത്തില്ല, ബാധ്യതകളില്ല, ആര്‍ക്കും വായ്പ കൊടുത്തിട്ടില്ല. നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇവയൊക്കെ. ലക്ഷങ്ങളുടെയും കോടികളുടെയും ആസ്തികളും ബാധ്യതകളുമുള്ള സ്ഥാനാര്‍ഥികള്‍ വിജയ പ്രതീക്ഷയോടെ നിയമസഭയിലേക്ക് മത്സരിക്കുന്നിടത്താണ് കുമ്മനം രാജശേഖരന്‍ എന്ന വ്യക്തി വ്യത്യസ്തനാകുന്നത്.
സ്വന്തമായി വീടില്ലാത്ത കുമ്മനം ബി ജെ പി സംസ്ഥാന ഓഫീസിന്റെ മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നത്. മിസോറാം ഗവര്‍ണറായിരിക്കെ നല്‍കിയ മുഴുവന്‍ ശമ്പളവും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ സ്വീകരിച്ചിട്ടില്ല, വായ്പ ആര്‍ക്കും കൊടുത്തിട്ടില്ല, ബാദ്ധ്യതകളില്ല, ജീവിത പങ്കാളി ഇല്ല, ഇന്‍ഷൂറന്‍സ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങള്‍ ഇല്ല, സ്വര്‍ണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുളള വസ്തുക്കളോ ഇല്ല തുടങ്ങി നിരവധി 'ഇല്ലായ്മ' കളുടെ വിവരണമാണ് സത്യവാങ്മൂലത്തില്‍ നിറയെ.

തന്റെ കൈയില്‍ ആകെയുള്ളത് ആയിരം രൂപയും കൂടാതെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലുമായി 46,584 രൂപയുമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ജന്മഭൂമി പത്രത്തില്‍ അയ്യായിരം രൂപയുടെ ഓഹരിയും കുമ്മനം രാജശേഖരനുണ്ട്.
1987ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജിവച്ച കുമ്മനം രാജശേഖരന്‍ കുടുംബ ജീവിതം വേണ്ടെന്ന് വെച്ച് ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായ വ്യക്തിയാണ്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവി വഹിക്കെ 2016 ല്‍ വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുകയും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. 2019ല്‍ ലോക്സഭയിലേക്ക് തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും മത്സരിച്ചിട്ടുണ്ട്.
content highlights: Kummanam Rajasekaran election affidavit