കെ.സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി |ഫോട്ടോ:മാതൃഭൂമി
കോട്ടയം: എന്‍ഡിഎ ഘടകകക്ഷിയും തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്നതുമായ ബിഡിജെഎസിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വോട്ടു ചോര്‍ച്ച. മത്സരിച്ച ഭൂരിപക്ഷം മണ്ഡലങ്ങളിലും 2016-ല്‍ ലഭിച്ചതിനേക്കാള്‍ വോട്ട് പകുതിയായി മാറി. ബിഡിജെഎസിന് മുന്നേറ്റം പോയിട്ട് ഉള്ളത് നിലനിര്‍ത്താന്‍ പോലും ആയില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി കോര്‍കമ്മിറ്റി വിലയിരുത്തിയിരുന്നു.
അതേ സമയം തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് ബിജെപി വോട്ടുകള്‍ ലഭിച്ചില്ലെന്ന ആക്ഷേപമാണ് ബിഡിജെഎസ് ഉയര്‍ത്തുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കാലുവാരല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചുവെന്നും ഈ രീതിയില്‍ ഇനിയും മുന്നോട്ട് പോകാനാവില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് ഒരു വാര്‍ഡില്‍ പോലും
ജയിക്കാനായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 സീറ്റുകളിലേക്കാണ് ബിഡിജെഎസ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിച്ചിരുന്നത്.
ഇതില്‍ ദയനീയമായ വോട്ട് ചോര്‍ച്ചയുണ്ടായത് മന്ത്രി എം.എം.മണി ജയിച്ച ഉടുമ്പന്‍ചോലയിലാണ്. 2016-ല്‍ 21799 വോട്ടുകള്‍ ഇവിടെ നിന്ന് ബിഡിജെഎസിന് ലഭിച്ചിരുന്നു. ഇത്തവണ കിട്ടിയത് വെറും 7208 വോട്ട്.
ഇടുക്കിയില്‍ 2016-ല്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ബിജു മാധവന്‍ 27403 വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ ഇടുക്കിയില്‍ മത്സരിച്ച പാര്‍ട്ടി സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന് കിട്ടിയത് 9286 വോട്ടുകള്‍.
പി.സി.ജോര്‍ജിനെ അട്ടിമറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജയിച്ച പൂഞ്ഞാറിലും ബിഡിജെഎസ് വോട്ടുകള്‍ വലിയ രീതിയില്‍ അപ്രത്യക്ഷമായി. കഴിഞ്ഞ തവണ പൂഞ്ഞാറില്‍ ബിഡിജെഎസിന് 19966 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇക്കുറി കിട്ടിയതാകട്ടെ 2965 വോട്ടുകള്‍ മാത്രം.
പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ആലപ്പുഴ ജില്ലയിലും മത്സരിച്ചിടത്തെല്ലാം 5000 കൂടുതല്‍ വോട്ടുകളുടെ കുറവുണ്ടായി.
മന്ത്രി കെ.ടി.ജലീല്‍ ജയിച്ച തവനൂരില്‍ 2016-ല്‍ബിജെപിക്ക് 15801 വോട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ എന്‍ഡിഎയുടെ ഭാഗമായി ബിഡിജെഎസ് സ്ഥാനാര്‍ഥിയായി മത്സരിച്ച രമേശ് കോട്ടയപ്പുറത്തിന് കിട്ടിയത് 9914 വോട്ടുകള്‍. 2564 വോട്ടുകള്‍ക്ക് മാത്രമാണ് കെ.ടി.ജലീല്‍ ഇവിടെ നിന്ന് ജയിച്ചത്.
റാന്നിയില്‍ കഴിഞ്ഞ തവണയും ഇത്തവണയും ബിഡിജെഎസ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.പത്മകുമാറിന് 2016-ല്‍ ലഭിച്ചതിനേക്കാള്‍ പതിനായിരത്തോളം വോട്ടിന്റെ കുറവുണ്ടായി. അരൂരിലും സമാനമായ സ്ഥിതിയാണുണ്ടായത്. 2016-ലും 2021ലും സ്ഥാനാര്‍ഥിയായ ടി.അനിയപ്പന് പതിനായത്തോളം വോട്ടിന്റെ കുറവാണുണ്ടായത്.
മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പരാജയപ്പെട്ട കുണ്ടറയില്‍ ബിജെപിക്ക് 2016-ല്‍ 20257 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി മത്സരിച്ച വനജ വിദ്യാധരന് ലഭിച്ചതാകട്ടെ 6097 വോട്ടുകളും. ഇവിടെ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പി.സി.വിഷ്ണുനാഥിനോട് പരാജയപ്പെട്ടത് 4523 വോട്ടുകള്‍ക്കാണ്.
കളമശ്ശേരിയില്‍ 2016-ല്‍ ലഭിച്ചത് 24244 വോട്ടായിരുന്നെങ്കില്‍ ഇക്കുറി കിട്ടിയത് 11179 വോട്ട്. ബിഡിജെഎസ് മത്സരിച്ച 21 സീറ്റില്‍ 17 മണ്ഡലങ്ങളില്‍ എല്‍ഡിഎഫാണ് ജയിച്ചത്. നാലിടത്ത് യുഡിഎഫും ജയിച്ചു.