ചങ്കാണ് പാലാ...; കേക്കിനേക്കാള്‍ ഹിറ്റായത് മാണി സി. കാപ്പന്‍


ഷബിത

2 min read
Read later
Print
Share

ഒരു തരത്തില്‍പോലും ജോസ്.കെ.മാണിയുടെ പേര് ഉയരാന്‍ സമ്മതിക്കാതെ തന്റെ 'തിരഞ്ഞെടുപ്പ് സംവിധാനപാടവം' പാലായില്‍ പ്രാവര്‍ത്തികമാക്കാന്‍ മാണി.സി.കാപ്പന് കഴിഞ്ഞു. ഇതുതന്നെയായിരുന്നു ജോസ്.കെ.മാണിയെ അടച്ചിട്ട മുറിക്കുള്ളില്‍ വീട്ടിലിരിക്കാന്‍ പ്രേരിപ്പിച്ചതും.

മാണി സി കാപ്പൻ

സുരേഷ്ഗോപിയുടെ ഡയലോഗ് കടമെടുക്കുകയാണെങ്കിൽ പാലായെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മാണി സി. കാപ്പനിങ്ങെടുത്തു. ജോസ് കെ. മാണിയുടെ ഹൃദയത്തിലേക്ക് തന്റെ സിനിമകളിലെ വില്ലന്മാർ ചെയ്യുന്നതുപോലെ അപ്രതീക്ഷിതമായി ആഞ്ഞൊരു പ്രഹരം. അത്രയേ കാപ്പൻ ഉദ്ദേശിച്ചിരുന്നുള്ളൂവെങ്കിലും താൻ ഇത്രയും ജനപ്രിയനായിരുന്നു എന്ന അതിശയമാണ് അദ്ദേഹത്തിന് നിയമസഭാ തിരഞ്ഞെടുപ്പു ഫലം നൽകിയിരിക്കുന്നത്. പതിമൂവായിരത്തിലധികം വോട്ടുകളാണ് മാണി സി. കാപ്പ പാലായുടെ പുത്രനായ ജോസ് കെ. മാണിയിൽ നിന്നും 'ഇങ്ങെടുത്തിരിക്കു'ന്നത്. അരനൂറ്റാണ്ടിലധികം കെ.എം. മാണി നീണ്ടുവാണിരുന്ന പാലായുടെ രാഷ്ട്രീയമറിയുന്നവർക്ക് സ്വപ്നം കാണാൻ പോലുമാകാത്ത ഭൂരിപക്ഷത്തിലാണ് മാണി.സി.കാപ്പൻ ജയിച്ചിരിക്കുന്നത്.

നിലവിലെ പാലായുടെ എം.എൽ.എയാണ് മാണി സി കാപ്പൻ. 2019-ൽ കെ.എം. മാണി അന്തരിച്ചതോടെ നടത്തിയ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ടോം ജോസിനെ തോൽപിച്ചാണ് എം.എൽ.എ. ആയത്. മുൻരാജ്യാന്തര വോളിബോൾ താരം കൂടിയായ മാണി സി കാപ്പൻ 'മാന്നാർ മത്തായി സ്പീക്കങ്‌' എന്ന സർവകാല ഹിറ്റ് സിനിമയുടെ സംവിധായകനും നിർമാതാവുമാണ്. ഓരോ തിരഞ്ഞെടുപ്പും ഹിറ്റാക്കാൻ മാണി സി. കാപ്പന് കഴിയുന്നതും അദ്ദേഹത്തിന്റെ പരിചിതമുഖവും അസാമാന്യമായ ഇന്റർ പേഴ്സണാലിറ്റിയുമാണ്. മൂന്നു തവണ ഇടതു മുന്നണിയുടെ നിയമസഭാ സ്ഥാനാർഥിയായി മത്സരിച്ച കാപ്പൻ ഇത്തവണ കോൺഗ്രസ് സീറ്റിൽ മത്സരിച്ച് ജയിച്ചതും ഇടതു മുന്നണിയോടുള്ള മധുര പ്രതികാരത്തിന്റെ ഭാഗം തന്നെയാണ്.

വോട്ടെണ്ണിത്തുടങ്ങിയപ്പോൾ മുതൽ കാപ്പന് അനുകൂലമായ വാർത്തകളായിരുന്നു വന്നുകൊണ്ടിരുന്നത്. ഒരു തരത്തിൽപോലും ജോസ് കെ. മാണിയുടെ പേര് ഉയരാൻ സമ്മതിക്കാതെ തന്റെ 'തിരഞ്ഞെടുപ്പ് സംവിധാനപാടവം' പാലായിൽ പ്രാവർത്തികമാക്കാൻ മാണി സി. കാപ്പന് കഴിഞ്ഞു. ഇതുതന്നെയായിരുന്നു ജോസ് കെ. മാണിയെ അടച്ചിട്ട മുറിക്കുള്ളിൽ വീട്ടിലിരിക്കാൻ പ്രേരിപ്പിച്ചതും. മാധ്യമപ്രവർത്തകരോട് തന്റെ ആഹ്ളാദം കാപ്പൻ പങ്കുവെച്ചത് 'ചങ്കാണ് പാലാ' എന്നെഴുതിയ കേക്ക് ഉയർത്തിക്കാണിച്ചു കൊണ്ടാണ്.

തിരഞ്ഞെടുപ്പിലെ തന്റെ തോൽവിയെ അംഗീകരിച്ചുകൊണ്ട് പ്രതികരിക്കാൻ തയ്യാറായ ജോസ്.കെ. മാണി ആദ്യം പറഞ്ഞത് പാലായിൽ മത്സരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട് എന്നാണ്. യു.ഡി.എഫ്. സ്ഥാനാർഥിയുടെ വിജയത്തിൽ അഭിനന്ദിക്കുന്നു ഒപ്പം തന്നെ ബി.ജെ.പിയിൽ നിന്നെത്ര വോട്ടുകച്ചവടം നേടാൻ കഴിഞ്ഞു എന്ന വ്യക്തമായ കണക്കുകൾ കൂടി പാലാക്കാരെ ബോധിപ്പിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലായിൽ വൻ വോട്ട് അട്ടിമറി നടന്നതായും ജോസ്.കെ മാണി ആരോപിച്ചു.

പാലായിൽ തിരഞ്ഞെടുപ്പിന് കൊടിയേറിയതുമുതലുള്ള ആരോപണമായിരുന്നു പണവും കള്ളും കൊടുത്ത് വോട്ട് മറിക്കുന്നു എന്നുള്ളത്. ആദ്യം ജോസ്.കെ മാണിക്കെതിരായി മാണി സി. കാപ്പനാണ് ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചതെങ്കിൽ ഫലപ്രഖ്യാപനത്തിനുശേഷം ജോസ് കെ. മാണിയാണ് വോട്ടുകച്ചവടം ആരോപിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇരുപതോളം സിനിമകളിൽ;പലതിലും രാഷ്ട്രീയപ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്ത നല്ലൊരു നടൻ കൂടിയാണ് മാണി സി. കാപ്പൻ. സിനിമാമേഖലയിൽ നിർമാതാവ് എന്ന നിലയിൽ പേരെടുക്കുകയും ചെയ്തിട്ടുണ്ട്. കലയും രാഷ്ട്രീയവും കേരളസംസ്കാരവും ഒരു ത്രികോണബന്ധത്തിലേർപ്പെടുമ്പോൾ മാണി സി കാപ്പനും കഴിവ് തെളിയിക്കട്ടെ.

Content HIghlights : Kerala Election 2021 Mani C Kappan Wins Pala Constituency against Jose K Mani

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram