കെ.മുരളീധരൻ, വീണ എസ്.നായർ
തൃശൂര്‍: 2021 കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. കോട്ടകള്‍ പലതും പിടിച്ചടക്കി ഇടതുപക്ഷത്തിന്റെ മുന്നേറ്റം. കടുത്ത മത്സരം പ്രതീക്ഷിച്ച നേമത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ വിജയിച്ച മണ്ഡലത്തില്‍ വി. ശിവന്‍ കുട്ടിയാണ് വിജയിച്ചിരിക്കുന്നത്. ബി.ജെ.പി. സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്താണ്.
വട്ടിയൂര്‍കാവില്‍ എല്‍.ഡി.എഫിന്റെ വി.കെ. പ്രശാന്ത് മുപ്പിതിനായിരത്തിലേറെ വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ ബി.ജെ.പിയുടെ വി.വി. രാജേഷ് രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസിന്റെ വീണ എസ്.നായര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പട്ടു.
കഴക്കൂട്ടത്തെ സ്ഥിതിയും മറിച്ചില്ല. എല്‍.ഡി.എഫിന്റെ കടകംമ്പിള്ളി സുരേന്ദ്രന്‍ 22,000 ലേറെ വോട്ടുകള്‍ക്ക് ഭൂരിപക്ഷം നേടിയപ്പോള്‍ ബി.ജെ.പിയുടെ ശോഭ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തെത്തി.കോണ്‍ഗ്രസിന്റെ എസ്.എസ് ലാല്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ആറ്റിങ്ങലില്‍ എല്‍.ഡി.എഫിന്റെ ഒ.എസ് അംബിക 69898 വോട്ടുകള്‍ നേടി വിജയിച്ചു. ബി.ജെ.പിയുടെ പി സുധീറാണ് രണ്ടാം സ്ഥാനത്ത്. യു.ഡി.എഫിന് വേണ്ടി മത്സരിച്ച ആര്‍.എസ്.പിയുടെ എ ശ്രീധരന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഏറെ ചൂടേറിയ മത്സരമായിരുന്നു പാലക്കാട് നടന്നത്. ബി.ജെ..പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ തുടക്കത്തില്‍ 2000-ലേറെ വോട്ടുകളുമായി ലീഡ് ചെയ്തു. എന്നാല്‍ അവസാന റൗണ്ടില്‍ എത്തിയപ്പോള്‍ 3840 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ ഷാഫി പറമ്പില്‍ വിജയിച്ചു. എല്‍.ഡി.എഫിന്റെ സി.പി പ്രമോദ് മൂന്നാം സ്ഥാനത്താണ്.
Content Highlights: kerala assembly election 2021 Major set back for Congress, K Muraleesharan, Veena S Nair, SS Lal