മധ്യകേരളത്തിലും രക്ഷയില്ലാതെ യുഡിഎഫ്


സ്വന്തം ലേഖകന്‍

2 min read
Read later
Print
Share

യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ കോട്ടയത്താണ് മുന്നണിയ്ക്ക് വലിയ തിരിച്ചടിയേറ്റത്. ഇവിടത്തെ ഒന്‍പത് മണ്ഡലങ്ങളില്‍ വൈക്കം, ഏറ്റുമാനൂര്‍ സീറ്റുകള്‍ മാത്രം ഉണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ പൂഞ്ഞാറിലെ പി.സി.ജോര്‍ജിന്റെ ഉള്‍പ്പെടെ അഞ്ചു സീറ്റുകള്‍ പിടിച്ചപ്പോള്‍ യുഡിഎഫ് നാല് സീറ്റുകളിലൊതുങ്ങി.

photo: mathrubhumi archives

ഇടതു തരംഗം ആഞ്ഞുവീശിയ തിരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രങ്ങളില്‍ പോലും തിരിച്ചടി നേരിട്ട് യുഡിഎഫ്. മധ്യകേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ അഞ്ചു ജില്ലകളിലെ 53 മണ്ഡലങ്ങളില്‍ 36 ഇടത്തും മുന്നണിയ്ക്ക് പച്ച തൊടാനായില്ല. 2016ല്‍ മേഖലയില്‍ 32 - 21 എന്നതായിരുന്നു എല്‍ഡിഎഫ് - യുഡിഎഫ് സമവാക്യം.

യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ കോട്ടയത്താണ് മുന്നണിയ്ക്ക് വലിയ തിരിച്ചടിയേറ്റത്. ഇവിടത്തെ ഒന്‍പത് മണ്ഡലങ്ങളില്‍ വൈക്കം, ഏറ്റുമാനൂര്‍ സീറ്റുകള്‍ മാത്രം ഉണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ പൂഞ്ഞാറിലെ പി.സി.ജോര്‍ജിന്റെ ഉള്‍പ്പെടെ അഞ്ചു സീറ്റുകള്‍ പിടിച്ചപ്പോള്‍ യുഡിഎഫ് നാല് സീറ്റുകളിലൊതുങ്ങി. അരനൂറ്റാണ്ടായി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വരെ ജയത്തിനായി വിയര്‍ക്കേണ്ടി വന്നു എന്നത് യുഡിഎഫിന്റെ പരിതാപാവാവസ്ഥ വ്യക്തമാക്കും.

ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് ആധിപത്യം തുടര്‍ന്നു. ജോസ് പക്ഷം മുന്നണിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ലഭിച്ച ഇടുക്കി മണ്ഡലം ഉള്‍പ്പെടെയുള്ള ജില്ലയിലെ തങ്ങളുടെ നാല് സീറ്റും അവര്‍ നിലനിര്‍ത്തിയപ്പോള്‍ പി.ജെ.ജോസഫിന്റെ തൊടുപുഴ മാത്രമായി ഇത്തവണയും യുഡിഎഫ് അക്കൗണ്ടില്‍!

അതേസമയം, യുഡിഎഫിന് ആശ്വസിക്കുന്ന ഫലം നല്‍കിയ ജില്ലയായി എറണാകുളം. ജില്ലയില്‍ നിലവിലുണ്ടായിരുന്ന 9 - 5 എന്ന സീറ്റ് നില അവര്‍ക്ക് നിലനിര്‍ത്താനായി. യുഡിഎഫ് സിറ്റിങ് സീറ്റുകളായ കുന്നത്തുനാട്, കളമശ്ശേരി മണ്ഡലങ്ങള്‍ എല്‍ഡിഎഫ് നേടിയെങ്കിലും ഇടതിന്റെ തൃപ്പൂണിത്തുറ, മൂവാറ്റുപുഴ സീറ്റുകള്‍ സ്വന്തമാക്കി വലതുപക്ഷം എറണാകുളം കോട്ട കാത്തു.

കഴിഞ്ഞ തവണ യുഡിഎഫിന് നാണക്കേടുണ്ടാക്കിയ തൃശൂരിലും കാര്യങ്ങള്‍ക്ക് മാറ്റമില്ല. 12 - 1 എന്നതാണ് ഇവിടെ ഇത്തവണയും സീറ്റുനില. കഴിഞ്ഞ തവണത്തെ ഏക സീറ്റായ വാക്കാഞ്ചേരി അനില്‍ അക്കര കൈവിട്ടെങ്കിലും സനീഷ് കുമാറിലൂടെ ചാലക്കുടി നേടി യുഡിഎഫ് ആ പ്രശ്‌നം 'പരിഹരിച്ചു'.

പാലക്കാട് മൂന്ന് സീറ്റ് ഉണ്ടായിരുന്നതില്‍ തൃത്താല കൈവിട്ടതോടെ 10 - 2 എന്നതായി ഇവിടത്തെ സീറ്റ് നില. സിറ്റിങ് സീറ്റുകളായ പാലക്കാടും മണ്ണാര്‍ക്കാടും യുഡിഎഫ് നിലനിര്‍ത്തി.

യുഡിഎഫിന് മാത്രമല്ല, മധ്യകേരളത്തില്‍ ബിജെപിയ്ക്കും നിലം തൊടാനായില്ല. ബിജെപി ഏറെ പ്രതീക്ഷ വെച്ചിരുന്ന ഇ.ശ്രീധരന്റെ പാലക്കാടും സുരേഷ് ഗോപിയുടെ തൃശൂരും ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കനത്ത തിരിച്ചടിയാണ് അവര്‍ക്കേറ്റത്.

Content Highlights: Kerala Assembly Election 2021 Central Kerala UDF

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram