കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും കൊടകര കുഴല്‍പ്പണക്കേസും സൃഷ്ടിച്ച പ്രതിസന്ധിക്കിടയില്‍ തിരഞ്ഞടുപ്പ് ചെലവുകള്‍ക്കായി ലഭിച്ച ഫണ്ടിനെച്ചൊല്ലിയുള്ള ആരോപണങ്ങള്‍ ബി.ജെ.പി.യില്‍ വിവാദമായിമാറുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനായി കേന്ദ്രനേതൃത്വം നല്‍കിയ വന്‍തുകയെച്ചൊല്ലിയാണ് പുതിയ ആക്ഷേപങ്ങള്‍. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും കേന്ദ്ര സഹമന്ത്രി വി. മുരളീധരനെയും ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തിക്കൊണ്ടും സത്യാവസ്ഥ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്വാധീനം നോക്കി മൂന്നു വിഭാഗങ്ങളായി മണ്ഡലങ്ങളെ ക്രമീകരിച്ചിരുന്നു. ഇവയില്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍ക്ക് വലിയ തുകയാണ് കേന്ദ്രം അനുവദിച്ചതെന്നും എന്നാല്‍, പണം ചെലവഴിക്കാതെ ചിലര്‍ ക്രമക്കേട് കാട്ടിയെന്നുമാണ് കത്തിലെ പ്രധാന ആരോപണം.
35 എ ക്ലാസ് മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ബി.ജെ.പി. കണ്ടെത്തിയത്. ഇതില്‍ ചില മണ്ഡലങ്ങളില്‍ ആറുകോടി രൂപവരെ നല്‍കിയപ്പോള്‍ ചിലയിടത്ത് 2.20 കോടി രൂപ മാത്രമായി പരിമിതപ്പെടുത്തി. ബി.ജെ.പി.യിലെ ഗ്രൂപ്പ് വൈരത്തിന്റെ പേരിലായിരുന്നു ഈ വിവേചനമെന്നും ഇതുസംബന്ധിച്ച കണക്കുകള്‍ സംസ്ഥാന നേതൃത്വം പുറത്തുവിടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ബി കാറ്റഗറിയില്‍പ്പെട്ട 25 മണ്ഡലങ്ങളില്‍ ചിലയിടത്ത് ഒന്നരക്കോടി കൊടുത്തപ്പോള്‍ കുറേപേര്‍ക്ക് ഒരു കോടി രൂപ മാത്രമായി. ബാക്കിയുള്ള മണ്ഡലങ്ങളില്‍ പത്തിടത്ത് അമ്പതു ലക്ഷംവീതവും അവശേഷിച്ച മണ്ഡലങ്ങളില്‍ 25 ലക്ഷം വീതവുമാണ് നല്‍കിയത്.
സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയും സംഘടനാ സെക്രട്ടറി എം. ഗണേഷും ചേര്‍ന്നാണ് കേരളത്തിലെ തിരഞ്ഞടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതെന്നും ഫിനാന്‍സ് കമ്മിറ്റിക്ക് രൂപംനല്‍കാതെയായിരുന്നു ഈ പ്രവര്‍ത്തനമെന്നും എതിരാളികള്‍ ആക്ഷേപിക്കുന്നു. ഇത്തരത്തില്‍ വകമാറ്റിയ ഫണ്ട് ചില നേതാക്കള്‍ അന്യസംസ്ഥാനങ്ങളില്‍ നിക്ഷേപിച്ചതായും കത്തില്‍ ആരോപിക്കുന്നു.