ലൗ ജിഹാദ് പച്ചയായ യാഥാര്‍ഥ്യം, ജോസ് കെ.മാണിക്ക് പിന്തുണയുമായി കെ.സി.ബി.സി


ബിജു പങ്കജ്/മാതൃഭൂമി ന്യൂസ്

1 min read
Read later
Print
Share

ഫാ. ജേക്കബ് പാലക്കാപ്പിള്ളി | Screengrab: Mathrubhumi News

കൊച്ചി: ലൗ ജിഹാദ് പ്രതികരണത്തില്‍ ജോസ് കെ.മാണിയെ പിന്തുണച്ച് കെ.സി.ബി.സി. ജോസ് കെ.മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ.മാണി നടത്തിയ ക്രിയാത്മക പ്രതികരണം സന്തോഷകരമായ കാര്യമാണ്. ഇക്കാര്യത്തില്‍ സി.പി.എമ്മും മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണം. ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായിട്ടാകാം. ലൗ ജിഹാദില്‍ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ട്. അത് ദുരീകരിക്കേണ്ടത് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.

ലൗ ജിഹാദ് ഇല്ലെന്നത് മുസ്ലീംലീഗിന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം ആരോപിച്ചു. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. പെണ്‍കുട്ടിയുടെ അമ്മ കാല് പിടിച്ച് കരയുന്ന രംഗങ്ങള്‍ ആരുടെയും മനസില്‍നിന്ന് പോയിട്ടില്ല. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്ക് സഭ എതിരല്ല. ഇത് ദുരുപയോഗം ചെയ്ത് മതചിന്തകള്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് സഭ എതിര്‍ക്കുന്നതെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.

പാലായിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ ജോസ് കെ.മാണി കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയായത്. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.

ലൗ ജിഹാദ് വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എല്‍.ഡി.എഫിന്റെ പ്രധാന ഘടകകക്ഷികളിലൊരാളായ കേരള കോണ്‍ഗ്രസില്‍നിന്ന് ഇത്തരമൊരു പ്രതികരണം വന്നത് സി.പി.എമ്മിനെയും മുന്നണിയെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്‌ ഇതിനുപിന്നാലെയാണ് ജോസ് കെ.മാണിയെ പിന്തുണച്ച് കെ.സി.ബി.സി.യും രംഗത്തെത്തിയിരിക്കുന്നത്.

Content Highlights: kcbc supports jose k mani on love jihad comment

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram