എ.വിജയരാഘവൻ, കോടിയേരി ബാലകൃഷ്ണൻ, റോഷി അഗസ്റ്റിൻ, ജോസ്. കെ.മാണി എന്നിവർ (പഴയ ചിത്രം)| ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: ഇടതുമന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം ആവശ്യപ്പെട്ടത് രണ്ടുസീറ്റുകളെന്ന് സൂചന. മന്ത്രിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഘടക കക്ഷികളുമായി സിപിഎം നേതാക്കള്‍ ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ജോസ് കെ.മാണി ആവശ്യപ്പെട്ടിരിക്കുന്നത്.
'കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മന്ത്രിസഭയില്‍ അര്‍ഹതപ്പെട്ട പ്രാതിനിധ്യം ഉണ്ടാകണമെന്ന് കൃത്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചയാകാം എന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ഉണ്ടായ മുന്നേറ്റം ചര്‍ച്ചയില്‍ അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ സമീപിച്ചതെ'ന്നും എ.കെ.ജി.സെന്ററില്‍ മന്ത്രിസഭാ ചര്‍ച്ചകള്‍ക്കായി എത്തിയ ജോസ് കെ.മാണി. മാധ്യമങ്ങളോട് പ്രതികരിക്കവേ വ്യക്തമാക്കി.
രണ്ടുമന്ത്രിസ്ഥാനം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കുന്നതില്‍ സിപിഎമ്മിന് താല്പര്യക്കുറവുണ്ടെന്നാണ് വിവരം. ഒരു മന്ത്രിപദവിയും ചീവ് വിപ്പ് സ്ഥാനവും ഘടകക്ഷിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും ഉഭയകക്ഷി ചര്‍ച്ച നടക്കുമെന്നും ഇടത് നേതൃത്വം ഉചിതമായ നടപടികള്‍ കൈക്കൊളളുമെന്നുമാണ് ജോസ് കെ.മാണി അറിയിച്ചിരിക്കുന്നത്.
Content Highlights:Jose K Mani demands Deserved representation in cabinet