ജോസ് പക്ഷ നേതാക്കൾ. ഫോട്ടോ മാതൃഭൂമി
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 13 സീറ്റ് ആവശ്യപ്പെടാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 11 സീറ്റിലാണ് പാര്‍ട്ടി മത്സരിച്ചത്. നാലിടത്ത് ജോസഫ് പക്ഷം മത്സരിച്ചു. മാണി വിഭാഗത്തില്‍ നിന്ന് കെ.എം മാണിക്ക് പുറമെ സി.എഫ് തോമസും, എന്‍ ജയരാജും റോഷി അഗസ്റ്റിനും ജയിച്ചു. പി.ജെ ജോസഫും മോന്‍സും കൂടിയായപ്പോള്‍ ആറ് എംഎല്‍എമാരായി. ഇതില്‍ പാലാ ഉപതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടു. കോട്ടയം ജില്ലയില്‍ ആറു സീറ്റാണ് ആവശ്യപ്പെടുക.
ജോസ് കെ. മാണി മത്സരിക്കാനുദ്ദേശിക്കുന്ന പാലായ്ക്കു പുറമേ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, ഏറ്റുമാനൂര്‍ എന്നിവ. കാഞ്ഞിരപ്പള്ളിയില്‍ സിറ്റിങ് എം. എല്‍.എ. എന്‍. ജയരാജ് തന്നെ മത്സരിക്കും. പൂഞ്ഞാറില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കലിനാണ് സാധ്യത. ചങ്ങനാശ്ശേരി കിട്ടിയാല്‍ ജോബ് മൈക്കിളിനാണ് പ്രഥമ പരിഗണന. കുടുത്തുരുത്തിയില്‍ മുന്‍ ജില്ലാ പഞ്ചായത്തംഗം സഖറിയാസ് കുതിരവേലിയോ നിലവിലെ അംഗമായ പി.എം. മാത്യുവോ രംഗത്തെത്തും. ഏറ്റുമാനൂര്‍ കിട്ടിയാല്‍ സ്റ്റീഫന്‍ ജോര്‍ജിനാണ് സാധ്യത.
എറണാകുളം ജില്ലയില്‍ അങ്കമാലിയോ പെരുമ്പാവൂരോ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ പ്രസിഡന്റ് ബാബു ജോസഫിനെയാകും പരിഗണിക്കുക. കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടി മത്സരിക്കുന്ന പേരാമ്പ്രയ്ക്കു പുറമേ തിരുവമ്പാടി ആവശ്യപ്പെട്ടേക്കും. പേരാമ്പ്രയില്‍ കഴിഞ്ഞതവണ മത്സരിച്ച മുഹമ്മദ് ഇക്ബാല്‍ തന്നെയാകും സ്ഥാനാര്‍ഥി. തിരുവമ്പാടി കിട്ടിയാല്‍ ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫിനാണ് മുന്‍ഗണന. ആലപ്പുഴയില്‍ കുട്ടനാട് സീറ്റു ലഭിച്ചാല്‍ നിലവിലെ ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജുവിനാകും പ്രഥമപരിഗണന.
റോഷി അഗസ്റ്റിന്‍ മത്സരിക്കുന്ന ഇടുക്കിക്കുപുറമേ തൊടുപുഴ സീറ്റില്‍ പ്രൊഫ. ആന്റണി, കര്‍ഷകയൂണിയന്‍ സംസ്ഥാനപ്രസിഡന്റ് റെജി കുന്നംകോട് എന്നിവരാണ് പട്ടികയിലുള്ളത്. കണ്ണൂരില്‍ ഇരിക്കൂറാണ് പാര്‍ട്ടി പ്രതീക്ഷയര്‍പ്പിക്കുന്ന സീറ്റ്. ഇവിടെ ജില്ലാ പഞ്ചായത്തംഗമായിരുന്ന ജോസ് കുറ്റിയാനിമറ്റത്തിനെ പരിഗണിച്ചേക്കും. പത്തനംതിട്ട ജില്ലയില്‍ റാന്നിയും തൃശ്ശൂരില്‍ ഇരിങ്ങാലക്കുടയുമാണ് ആവശ്യപ്പെടാനൊരുങ്ങുന്നത്. രണ്ടിടത്തും പുതുമുഖങ്ങളെ ഇറക്കിയേക്കും.
Content Highlights: Kerala congress seats, Assembly election