Speaker Speaking... രാഷ്ട്രീയചുമതല കക്ഷിരാഷ്ട്രീയം മാത്രമല്ല- എം.ബി. രാജേഷ്


പി.കെ. മണികണ്ഠന്‍

4 min read
Read later
Print
Share

എം.ബി. രാജേഷ്| Photo: Mathrubhumi Library

തിനഞ്ചാം നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എം.ബി. രാജേഷ് 'മാതൃഭൂമി'യോടു സംസാരിക്കുന്നു.

സ്പീക്കര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വത്തെക്കുറിച്ച്?

പുതിയ ഉത്തരവാദിത്വം ഇതുവരെ നിര്‍വഹിച്ചതില്‍നിന്നു വ്യത്യസ്തമായ ഒന്നാണ്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വളരെ പ്രധാനമാണ് സ്പീക്കറുടെ ഉത്തരവാദിത്വം. സഭയില്‍ എല്ലാ അംഗങ്ങളുടേയും അവകാശം സംരക്ഷിക്കുകയും ഉറപ്പു വരുത്തുകയും ചെയ്യുക, അതോടൊപ്പം സര്‍ക്കാരിന്റെ ബിസിനസ് നടത്താന്‍ വഴിയൊരുക്കുക, പ്രതിപക്ഷത്തിന്റെ ശബ്ദവും ഇടവും സംരക്ഷിക്കുക തുടങ്ങിയവയെല്ലാം സ്പീക്കറുടെ ഉത്തരവാദിത്വങ്ങളാണ്. അവ നീതിപൂര്‍വകമായി നിറവേറ്റും.

പത്തുവര്‍ഷം പാര്‍ലമെന്ററിലെ പരിചയം എത്രമാത്രം പ്രയോജനപ്പെടും?

ഈ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ പാര്‍ലമെന്റിലെ അനുഭവം വലിയ മുതല്‍കൂട്ടാവും. ഞാന്‍ നിയമസഭയില്‍ ഒരു പുതുമുഖമാണ്. എന്നിട്ടും ഈ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിന്റെ കാരണം പാര്‍ലമെന്റിലെ അനുഭവം തന്നെയാണ്. പാര്‍ലമെന്ററിചട്ടങ്ങള്‍ അവിടെയിരുന്ന് നന്നായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതും നിയമസഭയിലേതും തമ്മില്‍ ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും പാര്‍ലമെന്ററി ചട്ടങ്ങള്‍ എനിക്ക് അപരിചിതമല്ല.

തോല്‍വിയും വിജയവും ഇപ്പോള്‍ സ്പീക്കര്‍ പദവിയുമൊക്കെയായി അപ്രതീക്ഷിതമായി പലതും സംഭവിച്ചതാണ് എം.ബി. രാജേഷിന്റെ ജീവിതം. രാഷ്ട്രീയത്തിലേയ്ക്കുള്ള രംഗപ്രവേശവും ഇങ്ങനെ അപ്രതീക്ഷിതമായിരുന്നോ?

എന്നു വേണമെങ്കില്‍ പറയാം. ഞാനൊരു രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നുള്ള കുടുംബത്തില്‍ നിന്നല്ല. അച്ഛനും അമ്മയും രാഷ്ട്രീയ പശ്ചാത്തലം ഉള്ളവരായിരുന്നില്ല. ഇടതുപക്ഷരാഷ്ട്രീയപശ്ചാത്തലം തീരെ ഉണ്ടായിരുന്നില്ല. അച്ഛന്‍ സൈന്യത്തിലായിരുന്നു. അമ്മയ്ക്കു ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഒരു ഇടത്തരം കുടുംബം. അവര്‍ ഇടതുപക്ഷത്തിനു വോട്ടു ചെയ്യാന്‍ തുടങ്ങിയതുതന്നെ ഞാന്‍ ഇടതുപക്ഷത്തു സജീവമായതിനു ശേഷമാണ്. എന്നാല്‍, എന്റെ അമ്മയുടെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ മാഷ് സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. അദ്ദേഹം ഐ.എന്‍.എയില്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. ഞാന്‍ വളരെ യാദൃശ്ചികമായി സൗഹൃദങ്ങളുടെ പേരിലാണ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനാവുന്നത്.

അവിടുന്നങ്ങോട്ട് രാഷ്ട്രീയം ഗൗരവത്തിലെടുക്കുന്നു. രാഷ്ട്രീയം ഒരുകാലത്തും എനിക്ക് നേരമ്പോക്കോ വിനോദമോ ഒന്നും ആയിട്ടില്ല. സ്‌കൂളില്‍ പഠിക്കുമ്പോഴേ അങ്ങനെയായിരുന്നു. അതിനൊരു പ്രത്യയശാസ്ത്ര പിന്‍ബലമുണ്ടായിരുന്നു. അതു വളരെ ഗൗരവത്തോടെ രാഷ്ട്രീയം നോക്കിക്കാണാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഇന്നേവരെ ആ ഗൗരവത്തില്‍ തന്നെയാണ് കണ്ടിട്ടുള്ളത്. അതിനായി ധാരാളം വായിക്കുകയും പഠിക്കുകയും ചെയ്യുന്നു. അതൊക്കെ രാഷ്ട്രീയചുമതല നിര്‍വഹിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്നതാണ്. അല്ലാതെ ഒരു പദവിയോ നേരമ്പോക്കോ എന്ന നിലയിലല്ല.

MB Rajesh

പാര്‍ട്ടിക്കും മുന്നണിക്കും വേണ്ടി ശക്തമായി വാദമുഖങ്ങള്‍ അവതരിപ്പിക്കുന്ന ഒരു രാഷ്ട്രീയനേതാവിനെ സ്പീക്കറാക്കുന്നത് നിശബ്ദമാക്കലല്ലേ?

അതൊരു പ്രധാനപ്പെട്ട ഉത്തരവാദിത്വമേല്‍പിക്കലാണ്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് സ്പീക്കര്‍ പദവി. അതു നീതിപൂര്‍വകമായി, ഭരണ-പ്രതിപക്ഷഭേദമില്ലാതെ നിറവേറ്റുക എന്നതും ഒരു രാഷ്ട്രീയചുമതലയാണ്. ഞാന്‍ കക്ഷിരാഷ്ട്രീയം എന്ന അര്‍ഥത്തിലല്ല പറയുന്നത്. പലപ്പോഴും രാഷ്ട്രീയചുമതല എന്നു പറയുമ്പോള്‍ കക്ഷിരാഷ്ട്രീയമെന്ന് ആളുകളതു ചുരുക്കി വായിക്കാറുണ്ട്. രണ്ടും തമ്മിലുള്ള വേര്‍തിരിവ് എക്കാലത്തും കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ഞാന്‍.

സ്പീക്കര്‍ക്ക് രാഷ്ട്രീയം പാടുണ്ടോ/സ്പീക്കര്‍ക്ക് രാഷ്ട്രീയം പറയാമോ?

നമ്മുടെ ജീവിതവ്യവഹാരങ്ങള്‍ ഏതും രാഷ്ട്രീയമാണ്. അരാഷ്ട്രീയമായ ഒരു വ്യവഹാരവുമില്ല. നാം മതനിരപേക്ഷതയെക്കുറിച്ചു പറയുന്നു. അതു രാഷ്ട്രീയമല്ലേ? ഭരണഘടനയെക്കുറിച്ച് പറയുന്നു. അതു രാഷ്ട്രീയമല്ലേ? ഭരണഘടനയാണ് ഇന്ത്യയിലെ ഏറ്റവും പ്രാമാണികവും ആധികാരികവുമായ രാഷ്ട്രീയരേഖ. അതുതന്നെ, ഒരു രാഷ്ട്രീയസമരത്തിന്റെ ഉല്‍പന്നമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ഒരു രാഷ്ട്രീയസമരമായിരുന്നില്ലേ? രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരമായിരുന്നു.

ആ സമരത്തില്‍നിന്നാണ് ഭരണഘടന ഉണ്ടാവുന്നത്. ഇന്ത്യ എന്ന രാഷ്ട്രസങ്കല്‍പം ഉണ്ടാവുന്നത്. ഭരണഘടന ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ചാണ് പറയുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ അവകാശങ്ങള്‍ ഉറപ്പു നല്‍കുന്നു. അവ രാഷ്ട്രീയ അവകാശങ്ങള്‍ കൂടിയാണ്. രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക അവകാശങ്ങളാണ്. അപ്പോള്‍, ഏതാണ് രാഷ്ട്രീയമല്ലാത്തത്? ഇങ്ങനെ, വിശാലമായ അര്‍ഥത്തിലാണ് ഞാന്‍ രാഷ്ട്രീയത്തെ കാണുന്നത്.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്കും രാജ്യത്ത് ഫെഡറല്‍ വ്യവസ്ഥ ദുര്‍ബലമാവുന്നു എന്ന വിമര്‍ശനങ്ങള്‍ക്കുമിടയില്‍ നിയമസഭയെ എങ്ങനെ ഫലപ്രദമായി പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഉപയോഗപ്പെടുത്താനാവും?

ഫെഡറല്‍ സ്വഭാവം ഉയര്‍ത്തിപിടിക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ഭരണഘടനയുടെ അടിസ്ഥാനസവിശേഷതകളാണ് ഈ ഫെഡറല്‍ സ്വഭാവമൊക്കെ. അതും പാര്‍ലമെന്ററി ജനാധിപത്യവും തമ്മിലൊക്കെ ഒരു പാരസ്പര്യമുണ്ട്. അതുകൊണ്ടുതന്നെ, സംസ്ഥാന നിയമസഭകള്‍ക്ക് പ്രധാനപ്പെട്ട ഒരു റോളുണ്ട് എന്ന് ഞാന്‍ വിചാരിക്കുന്നു. അതുപോലെ സംസ്ഥാനങ്ങള്‍ക്കും. ശക്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവും എന്നതാണ് ഈ ഫെഡറല്‍ സംവിധാനത്തിന്റെ ഒരു പ്രത്യേകത. അതിനു പകരം, ഈ സന്തുലനം തെറ്റിപ്പോയാല്‍ അതു നമ്മുടെ ജനാധിപത്യത്തെ തന്നെ ബാധിക്കും.

സംസ്ഥാന നിയമസഭയുടെ റോള്‍ എക്കാലവും കേരളം ഉയര്‍ത്തിപിടിച്ചിട്ടുണ്ട്. അതൊരു അഭിമാനകരമായ പാരമ്പര്യമാണ്. കര്‍ഷകസമരത്തിനു നിദാനമായ കാര്‍ഷികനിയമഭേദഗതികള്‍ക്കെതിരേ പ്രമേയം പാസാക്കി. അതിലൊരു ഫെഡറല്‍ തത്വങ്ങളുടെ പ്രശ്നം കൂടി ഉള്‍പ്പെട്ടിരുന്നു. കാരണം, സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങള്‍ സംരക്ഷിക്കുക എന്നൊരു വശം കൂടി ആ പ്രമേയത്തിനുണ്ടായിരുന്നു. പൗരത്വഭേദഗതിയുടെ പ്രശ്നം വന്നപ്പോഴും ആദ്യം പ്രമേയം പാസാക്കിയത് കേരള നിയമസഭയായിരുന്നു. ഇങ്ങനെ, നമ്മുടെ നിയമസഭയ്ക്ക് അഭിമാനകരമായ ചരിത്രമുണ്ട്.

പുതിയ കാലത്തിനൊത്ത് എന്തൊക്കെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു?

നിയമസഭയുടെ നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാവണം. ജനങ്ങളുമായി അതിനെ കൂടുതല്‍ അടുപ്പിക്കണം. അതു നിയമസഭാപ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനു വേണ്ടി എന്റെ മുന്‍ഗാമി പി. ശ്രീരാമകൃഷ്ണന്‍ ചില മുന്‍കൈയെടുക്കലുകള്‍ നടത്തിയിരുന്നു. ഇ-നിയമസഭ, സഭാ ടി.വി പോലുള്ള പദ്ധതികള്‍ പൂര്‍ണതയിലെത്തിക്കും. തത്സമയം നിയമസഭാനടപടികള്‍ ജനങ്ങള്‍ക്കു ലഭ്യമാവുന്ന ഒരു സ്ഥിതി വരുമ്പോള്‍ അത് അംഗങ്ങളുടെ ഉത്തരവാദിത്വബോധം വര്‍ധിപ്പിക്കും. അവര്‍ കൂടുതലായി കാര്യങ്ങള്‍ പഠിച്ച്, ഫലപ്രദമായി അവതരിപ്പിക്കാനും തയ്യാറാവും. അതിനു നിര്‍ബന്ധിതരുമാവും. ജനങ്ങളെ സംബന്ധിച്ച് തങ്ങളെ പ്രതിനിധാനം ചെയ്യുന്നവര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു നേരിട്ടു വിലയിരുത്താനുള്ള അവസരമായിരിക്കും. എം.എല്‍.എമാരുടെ പ്രാഥമികകടമ നിയമനിര്‍മാണത്തില്‍ പങ്കാളികളാവുക, ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുക എന്നതാണ്. ബാക്കിയെല്ലാം അതിനു ശേഷം വരുന്ന കാര്യങ്ങളാണ്. നിയമസഭാനടപടികള്‍ സുതാര്യമാക്കിയാല്‍, ജനങ്ങള്‍ക്കു നേരിട്ടു കാണാനുള്ള അവസരമൊരുക്കിയാല്‍ അതു ഗുണപരമായ മാറ്റമുണ്ടാക്കും.

കോവിഡ് പോലുള്ള മഹാമാരികാലത്ത് നിയമസഭയുടെ റോള്‍ എന്താണ്?

അതു വളരെ വലുതാണ്. എല്ലാ തരത്തിലുള്ള ഭിന്നതകള്‍ക്കും അതീതമായി കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി കോവിഡിനെ ചെറുക്കാന്‍ അണിനിരക്കുകയുണ്ടായി. ഈ ജനകീയ ഐക്യമാണ് കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയുടെ ഏറ്റവും വലിയ സവിശേഷത. ആ ജനതയെയാണ് ഈ നിയമസഭ പ്രതിനിധീകരിക്കുന്നത്. അവരുടെ പ്രതീക്ഷകള്‍ക്കും വിശ്വാസത്തിനുമനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ നിയമസഭയ്ക്കും നിയമസഭാംഗങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്.

മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍, പ്രതിപക്ഷത്തും പുതുമുഖം. ഇങ്ങനെ പുതുമോടിയിലുള്ള നിയമസഭയെക്കുറിച്ച്?

അത് ഈ നിയമസഭയുടെ സവിശേഷതയും അനുകൂലഘടകവുമായി ഞാന്‍ കണക്കാക്കുന്നു. ഇത്തവണ 53 പേരുണ്ട് പുതുമുഖങ്ങള്‍. അതേസമയം, മുഖ്യമന്ത്രി, സഭയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടി, മുന്‍പ്രതിപക്ഷ നേതാവ് തുടങ്ങീ പരിണതപ്രജ്ഞരായ ഒട്ടേറെ പേരുണ്ട്. മുതിര്‍ന്നവരുടെ അനുഭവസമ്പത്തും പതിവില്‍ കൂടുതലുള്ള പുതുമുഖങ്ങളുടെ ഊര്‍ജസ്വലതയും ആവേശവും പഠിക്കാനുള്ള അഭിവാഞ്ജയുമെല്ലാം ഈ നിയമസഭയെ ഇന്ത്യയിലെ ഏറ്റവും മികച്ച ഉയര്‍ന്ന നിലവാരമുള്ള സഭയാക്കി മാറ്റാന്‍ സഹായിക്കും.

മുന്‍സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരേ ഉയര്‍ന്ന ആരോപണവും അവിശ്വാസപ്രമേയവുമൊക്കെ പദവിയും ഓഫീസും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന പാഠമല്ലേ?

ഏതു പൊതു ഉത്തരവാദിത്വവും കൂടുതല്‍ ജാഗ്രത ആവശ്യപ്പെടുന്നതാണ്. ഇതുപോലുള്ള പദവികളില്‍ ഇരിക്കുന്ന എല്ലാവരെ സംബന്ധിച്ചും ജാഗ്രത ആവശ്യമാണ്. മുന്‍സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ തന്നെ അക്കാര്യം പറയുകയും ചെയ്തു.

സ്പീക്കറെന്ന നിലയില്‍ ജനങ്ങള്‍ക്കു നല്‍കാനുള്ള ഉറപ്പ്?

ഇന്ത്യന്‍ ഭരണഘടനയുടെ ഉന്നതമായ മൂല്യങ്ങള്‍, ഇന്ത്യ എന്ന ആശയത്തിന്റെ ഹൃദയമായ വൈവിധ്യം, ബഹുസ്വരത, മതനിരപേക്ഷത... അതിനോടു വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത പുലര്‍ത്തുന്നതും നമ്മുടെ നാട്ടിലെ ജനങ്ങളുടെ - പ്രത്യേകിച്ച് പാവപ്പെട്ടവരുടെ- ജീവിതത്തെ മാറ്റിമറിക്കുന്ന നിയമനിര്‍മാണങ്ങളുടെ പാരമ്പര്യം തുടരുന്നതായിരിക്കും ഈ നിയമസഭ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram