കുമ്മനം രാജശേഖരൻ. ഫോട്ടോ പ്രവീൺദാസ്
തിരുവനന്തപുരം: ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമമുണ്ടാക്കുന്നതില്‍ സര്‍ക്കാരിന് എന്താണ് അധികാരമെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ തന്ത്രി, പന്തളം കൊട്ടാരം, ദേവസ്വം ബോര്‍ഡ് തുടങ്ങിയവരുമായി ചര്‍ച്ച ചെയ്ത് മാത്രമേ നിയമമുണ്ടാക്കാന്‍ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് കൊണ്ടുവരുമെന്ന് പറയുന്ന നിയമത്തില്‍ ഈ വ്യവസ്ഥിതി നിലനിര്‍ത്തുന്ന തരത്തിലാണ്. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ തന്നെ ഇതൊക്കെ ചെയ്യണമെന്നാണ് അവരുടെ കരട് നിയമത്തില്‍ പറയുന്നത്. മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച് അഭിമുഖത്തിലാണ് കുമ്മനം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ക്ഷേത്ര ഭരണം ഭക്തരെ ഏല്‍പ്പിക്കുമെന്ന പ്രസ്താവന മുമ്പ് നടത്തിയിരുന്നു, അങ്ങനെ പറയാന്‍ ഉണ്ടായ സാഹചര്യം
1983-ല്‍ ചിന്മയാനന്ദ സ്വാമിജിയുടെ നേതൃത്വത്തില്‍ ഏതാണ്ട് ഏഴ് ഹൈന്ദവ സംഘടനാ നേതാക്കള്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും ഗവര്‍ണര്‍ക്കും നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്ര ഭരണ വ്യവസ്ഥിതി എങ്ങനെ ആയിരിക്കുമെന്നതിനെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ.പി. ശങ്കരന്‍ നായര്‍ കമ്മീഷനെ നിയോഗിച്ചത്. ആ റിപ്പോര്‍ട്ട് ഇപ്പോഴും സര്‍ക്കാരിന് മുന്നിലുണ്ട്. അതില്‍ കോണ്‍ഗ്രസ് സര്‍ക്കാരോ പിന്നീട് വന്ന കമ്യൂണിസ്റ്റ് സര്‍ക്കാരോ ആരും അതുസംഹബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല. ആ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായി കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം ഏത് രീതിയിലായിരിക്കുമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വളരെ പ്രധാനമായും ഭരണം രാഷ്ട്രീയ മുക്തമായിരിക്കണം. ഒരു മതേതര സര്‍ക്കാരിന്റെ എന്തെങ്കിലും തരത്തിലുള്ള ഇടപെടലോ ഉണ്ടാകാന്‍ പാടില്ല, സ്വതന്ത്ര പരമാധികാര ബോര്‍ഡായിരിക്കണം ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത്. മൂന്നാമതായി ഭക്തജനങ്ങള്‍, അവരില്‍ കൂടിയാണ് ക്ഷേത്രത്തിന് വരുമാനമുണ്ടാകുന്നത്, ആരാധന നടക്കുന്നത്. അവര്‍ക്കും ഭരണത്തില്‍ പങ്കാളിത്തമുണ്ടാകണം. ഇങ്ങനെയൊരു റിപ്പോര്‍ട്ടാണ് കെ.പി. ശങ്കരന്‍നായര്‍ കമ്മീഷന്‍ സമര്‍പ്പിച്ചത്.
ഇക്കാര്യം തന്നെയാണ് പല കാലങ്ങളിലായി കോടതികള്‍ പറഞ്ഞിട്ടുള്ളത്. മതസ്വാതന്ത്ര്യം ഭരണഘടനാദത്തമായ അവകാശം ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ഹിന്ദുക്കള്‍ക്ക് മാത്രം നിഷേധിക്കുന്നത് മതവിവേചനമാണ്. അത് ഭരണഘടനാ വിരുദ്ധമാണ്. അതുകൊണ്ടാണ് ക്ഷേത്രഭരണത്തില്‍ പങ്കാളിത്തം വേണമെന്ന് വിശ്വാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
അങ്ങനെ ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കണമെങ്കില്‍ അത് വലിയൊരു പ്രയത്നം തന്നെയല്ലെ, അത്രയധികം ക്ഷേത്രങ്ങള്‍, ജിവനക്കാരുടെ ഭാവി, ക്ഷേത്രങ്ങളില്‍ അഴിമതിയുണ്ടായാല്‍ ആര് നിരീക്ഷിക്കും തുടങ്ങിയ കാര്യങ്ങളില്‍ ബിജെപി ഒരു വ്യക്തത നല്‍കിയിട്ടില്ല?
1300 ക്ഷേത്രങ്ങള്‍ മാത്രമേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ 200 ക്ഷേത്രങ്ങള്‍ വരും. അത്രത്തോളം മലബാര്‍ ദേവസ്വം ബോര്‍ഡിലുമുണ്ട്. ബാക്കി 15,000-ല്‍പരം ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. അവിടെയൊക്കെ ഭക്തജനങ്ങള്‍ ഭരിക്കുന്നുമുണ്ട്. ജനാധിപത്യ വ്യവസ്ഥിതിയില്‍, ജനാധിപത്യ കാര്യക്രമങ്ങളോട് കൂടി ഭരണം നടത്തുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്. അവിടെയൊക്കെ സാധിക്കുന്ന കാര്യമാണ്. അതുകൊണ്ട് ഇക്കാര്യം അസാധ്യമായതല്ല.
ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ഒരു ക്ഷേത്രം ഉണ്ടായാല്‍ ഭക്തജനങ്ങള്‍ക്ക് ഒരു ബന്ധവുമില്ലാത്ത കുറെ രാഷ്ട്രീയ നേതാക്കള്‍ ഭരിക്കുന്നതുകൊണ്ട് സംഭവിക്കുന്ന അധഃപതനം എന്താണെന്ന് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം കണ്ടാല്‍ മതി. തൊട്ടടുത്ത് ഭക്തജനങ്ങള്‍ ഭരിക്കുന്ന പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ നന്നായി ഭരിക്കപ്പെടുന്നു. അവരൊക്കെ സ്‌കൂളുകള്‍ നടത്തുന്നു. പക്ഷെ, ഒരു ഉദ്ധാരണ പ്രവര്‍ത്തനവും നടക്കാതെ ജീര്‍ണിച്ച അവസ്ഥയിലാണ് വടക്കുംനാഥ ക്ഷേത്രം. ഇങ്ങനെ ധാരാളം ക്ഷേത്രങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.
ഭക്തജനങ്ങളാണ് ഒരു ക്ഷേത്രത്തെ നിലനിര്‍ത്തുന്നത് എങ്കില്‍ അവരില്‍നിന്നാണ് ക്ഷേത്രത്തിന് വരുമാനം ലഭിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് ഭരണ വ്യവസ്ഥിതിയിലും പ്രാമുഖ്യമുണ്ടാകണം. അതില്‍ അപ്രായോഗികമായി ഒന്നുമില്ല.
ശബരിമലയുടെ കാര്യത്തില്‍ കൊണ്ടുവരുമെന്ന് പറയുന്ന നിയമത്തിന്റെ കരട് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. അതുപോലൊന്ന് ഈ വിഷയത്തില്‍ പ്രതീക്ഷിക്കാമോ?
ശബരിമല ക്ഷേത്രത്തില്‍ ആചാര ലംഘനമുണ്ടായത് ആ ക്ഷേത്രത്തിന്മേലുള്ള സര്‍ക്കാരിന്റെ നിയന്ത്രണം കൊണ്ടാണ്. സര്‍ക്കാര്‍ നിയന്ത്രണം മാറ്റി ഭക്തജനങ്ങളുടെ വിശ്വാസവും അവരുടെ ആചാരാനുഷ്ടാനങ്ങളും സങ്കല്‍പങ്ങളും സംരക്ഷിക്കുന്ന രീതിയില്‍ ഭക്തജന പ്രാമുഖ്യമുള്ള ഒരു ഭരണമാണെങ്കില്‍ അത് അനുവദിക്കില്ല. വ്യവസ്ഥിതിയാണ് മാറേണ്ടത്. ഇവിടെ കോണ്‍ഗ്രസ് വ്യവസ്ഥിതിക്കല്ല നിയമം കൊണ്ടുവരുന്നത്. ആചാരം സംരക്ഷിക്കും എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ വ്യവസ്ഥിതി മാറണം. ആചാരങ്ങള്‍ സംരക്ഷിക്കണമെങ്കില്‍ ഇന്നത്തെ ഭരണ വ്യവസ്ഥയില്‍ ജനാധിപത്യമുണ്ടാകണം. ഭരണം സര്‍ക്കാരില്‍ നിന്ന് ഭക്തജനങ്ങളിലേക്ക് വികേന്ദ്രീകരിക്കപ്പെടണം.
കോണ്‍ഗ്രസ് കൊണ്ടുവരുമെന്ന് പറയുന്ന നിയമത്തില്‍ ഈ വ്യവസ്ഥിതി നിലനിര്‍ത്തുന്ന തരത്തിലാണ്. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ തന്നെ ഇതൊക്കെ ചെയ്യണമെന്നാണ് അവരുടെ കരട് നിയമത്തില്‍ പറയുന്നത്. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമമുണ്ടാക്കുന്നതില്‍ സര്‍ക്കാരിന് എന്താണ് അധികാരം. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ തന്ത്രി, പന്തളം കൊട്ടാരം, ദേവസ്വം ബോര്‍ഡ് തുടങ്ങിയവരുമായി ചര്‍ച്ച ചെയ്ത് മാത്രമേ നിയമമുണ്ടാക്കാന്‍ പറ്റു.

ഇങ്ങനെയുള്ള ആചാര വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പിക്കേണ്ടത് ആരാണ് എന്നാണ് ഇപ്പോള്‍ സുപ്രീം കോടതിയും ചോദിക്കുന്നത്. അവിടെ ആചാരങ്ങള്‍ അനുഷ്ടിച്ചുകൊണ്ടിരിക്കുന്നവര്‍ക്കല്ലെ അക്കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനാകു എന്നൊരു ചോദ്യമാണ്. അത് എല്ലാമതസ്ഥരുടെയും. ശബരിമലയുടെ കാര്യത്തില്‍ വിഷയം ഇപ്പോള്‍ വിശാലമായിരിക്കുകയാണ്. കോണ്‍ഗ്രസിന് എന്താണ് പറയാനുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്ത് പറയാനുണ്ട്. എന്ത് സത്യവാങ്മൂലമാണ് അവിടെ കൊടുക്കാന്‍ പോകുന്നത്. അതാണ് അറിയേണ്ടത്. മര്‍മ പ്രധാനമായ ചോദ്യം ക്ഷേത്ര ഭരണ വ്യവസ്ഥിതി എങ്ങനെ വേണമെന്നതാണ്. അതേപറ്റി കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എന്താണ് തിരഞ്ഞെടുപ്പില്‍ പറയാനുള്ളത്.
ശബരിമല നാമജപ കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതേപ്പറ്റി എന്താണ് പറയാനുള്ളത്?
കേസുകള്‍ എല്ലാം പിന്‍വലിക്കണം. എല്ലാ കേസുകളും കെട്ടിച്ചമച്ചതാണ്. ഒരു പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ മനഃപൂര്‍വം കരുതികൂട്ടിയുണ്ടാക്കിയ കള്ളക്കേസുകളാണ്. കാരണം ഗവണ്‍മെന്റ് അതൊരു അഭിമാനത്തിന്റെ പ്രശ്നമായെടുത്തു. ഗവണ്‍മെന്റിനെതിരെ ഉയര്‍ന്നുവന്ന വലിയൊരു ജനരോഷത്തെ തകര്‍ക്കാന്‍വേണ്ടി അവര്‍ പല സമരപരിപാടികളുമായി മുന്നോട്ടുപോയി. പക്ഷെ ഇപ്പോള്‍ പറയുന്നു കേസുകള്‍ പിന്‍വലിക്കുമെന്ന്. അന്നത്തെ സമരത്തില്‍ ഒരു ന്യായമുണ്ടായിരുന്നു. പ്രക്ഷോഭത്തില്‍ ഒരു ശരിയുടെ ഭാഗമുണ്ടായിരുന്നു. അപ്പോള്‍ സര്‍ക്കാരിന് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതുകൊണ്ടല്ലെ കേസുകള്‍ പിന്‍വലിക്കുന്നത്. തെറ്റുപറ്റിയെങ്കില്‍ അത് തുറന്നുപറയട്ടെ.
ഇത്രയധികം ത്യാഗം സഹിച്ച് ജനങ്ങള്‍ നടത്തിയ സമരമാണ്. നാലോളം പേര്‍ മരണപ്പെട്ടു. നിരവധി കുടുംബങ്ങള്‍ വഴിയാധാരമായി. നിരവധി ആളുകളുടെ തൊഴില്‍ നഷ്ടപ്പെട്ടു. എത്രയോ ആളുകള്‍ ജയിലഴിക്കുള്ളില്‍ മര്‍ദ്ദനമേറ്റവരുണ്ട്. കഷ്ടപ്പെട്ടവരുണ്ട്. അംഗവൈകല്യം സംഭവിച്ചവരുണ്ട്. അപ്പോള്‍ അങ്ങനൊരു വലിയ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ നാശ നഷ്ടങ്ങളും ദുരിതങ്ങളും ദുരന്തങ്ങളും പരിഗണിച്ചുകൊണ്ട് ആ വിഷയത്തെ സമീപിക്കേണ്ടത് കുറച്ചുകൂടി വിശാലമായിട്ടാകണം. കേസുകള്‍ പിന്‍വലിച്ച്, തെറ്റുപറ്റിയെന്ന് തുറന്ന് സമ്മതിച്ച് അതിന്റെ അടിസ്ഥാനത്തില്‍ പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ കൊടുത്ത് ചെയ്യുന്ന കാര്യത്തോടുള്ള പ്രതിബദ്ധത തെളിയിക്കണം.
സിഎഎ വിരുദ്ധ സമരവുമായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനായി ശബരിമല കേസുകളെ മറയാക്കിയതാണെന്ന ആരോപണത്തേപ്പറ്റി എന്താണ് പറയാനുള്ളത്?
സിഎഎയുടെ കേസുകള്‍ എന്തിനാണ് പിന്‍വലിക്കുന്നത്? ഒരു സര്‍ക്കാരും തയ്യാറാകാത്ത നടപടിയാണത്. കാരണം അത് രാജ്യം മുഴുവന്‍ നടന്ന സമരമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഇവിടുത്തെ തീവ്രവാദ പ്രസ്ഥാനങ്ങളാണ് നടത്തിയത്. രാജ്യദ്രോഹപരമായ പ്രസംഗങ്ങളും മറ്റും നടത്തിയതിന്റെ പേരിലുള്ള കേസുകളാണ് അവ. അങ്ങനെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ പാടുണ്ടോ? തീവ്രവാദ ശക്തികളുടെ സമ്മര്‍ദ്ദത്തിന് വിധേയമായി അവരെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഈ നടപടി.
പൗരത്വ നിയമ പ്രക്ഷോഭവും ശബരിമല പ്രക്ഷോഭവും ഒന്നല്ല. തുലനം ചെയ്യാനാകില്ല. രണ്ടും വ്യത്യസതമായ കാര്യങ്ങളാണ്. അയല്‍ രാജ്യങ്ങളില്‍ നിന്ന് ആത്മരക്ഷാര്‍ഥം അഭയം തേടിയെത്തിയവര്‍ക്ക് ചില ഇളവുകള്‍ മാത്രമേ അനുവദിക്കുന്നുള്ളു. ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ പീഡിതരായ ജനങ്ങള്‍ക്ക് അഭയം നല്‍കുന്ന ഒരു നിയമം വന്നപ്പോള്‍ അതിനെതിരെ നടത്തിയ പ്രക്ഷോഭം വര്‍ഗീയ പ്രക്ഷോഭമാണ്. അങ്ങനെയുള്ളൊരു കലാപമാണ് ഇവിടെ നടന്നത്. അങ്ങനെ ചെയ്തവരെ കുറ്റവിമുക്തരാക്കാന്‍ ശബരിമലയുടെ മറവില്‍ ചെയ്യുന്നത് ക്രൂരമാണ്. അംഗീകരിക്കാനാകില്ല.
നാമജപവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്‍എസ്എസിനും ബിജെപിക്കും ഒരേ നിലപാടെന്ന് മുമ്പ് പറഞ്ഞിരുന്നു?
അന്നത്തെ സമരത്തില്‍ എന്‍എസ്എസ് മാത്രമല്ല, ഒത്തിരി സംഘടനകള്‍ പങ്കെടുത്തിട്ടുണ്ട്. എന്‍എസ്എസിന് പുറമെ എസ്എന്‍ഡിപി യോഗത്തിന്റെ എത്രയോ ശാഖകള്‍ പങ്കെടുത്തിട്ടുണ്ട്. കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം അതുകൊണ്ട് എസ്എന്‍ഡിപി യോഗവും സ്വാഗതം ചെയ്തിട്ടുണ്ടല്ലോ. നിരവധി സഘടനകള്‍, പട്ടികജാതി- ആദിവാസി സംഘടനകള്‍ ഒക്കെ പങ്കെടുത്ത ബഹുജന സമരമായിരുന്നു. ആ സമരത്തിനൊപ്പം ഉജ്വലമായ ത്യാഗങ്ങള്‍ സഹിച്ച് ബിജെപിയുമുണ്ടായിരുന്നു. ബിജെപിയുടെ എത്രയോ പ്രവര്‍ത്തകര്‍ ജയിലിലായി. സെക്രട്ടേറിയേറ്റ് പടിക്കല്‍ എത്രയോ കാലം നിരാഹാര സമരം നടത്തി.
Content Highlights: Kummanam Rajasekharan interview