ഞങ്ങളുടെ സര്‍വേയില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും കുറേ സീറ്റ് നഷ്ടമാകും-വി. മുരളീധരന്‍


എം.കെ. സുരേഷ്

2 min read
Read later
Print
Share

വി.മുരളീധരൻ |ഫോട്ടോ:മാതൃഭൂമി

തുവരെ നടത്തിയതുപോലുള്ള തിരഞ്ഞെടുപ്പുപോരാട്ടമല്ല കേരളത്തില്‍ ഇത്തവണ ബി.ജെ.പി.യുടേത്. സംസ്ഥാനങ്ങള്‍ ഓരോന്നോരോന്നായി എന്‍.ഡി.എ.യുടെ കൈകളില്‍ എത്തിക്കൊണ്ടിരിക്കുമ്പോള്‍ പുതിയ കേരളം മോദിക്കൊപ്പമെന്ന പ്രചാരണമുദ്രാവാക്യത്തിനോടുചേര്‍ന്നുള്ള വിധിയെഴുത്തിന്, പാര്‍ട്ടിയുടെപ്രധാന അമരക്കാരനായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഓടിനടക്കുകയാണ്. ഞായറാഴ്ചയും അദ്ദേഹത്തിനു വിശ്രമമുണ്ടായിരുന്നില്ല. കേന്ദ്രമന്ത്രി വി. മുരളീധരനുമായി നടത്തിയ അഭിമുഖം


പ്രചാരണ പൊതുയോഗങ്ങള്‍, പ്രവര്‍ത്തകരുടെ യോഗങ്ങള്‍ തുടങ്ങിയവയുമായി മണ്ഡലംതോറുമെത്തി. എന്താണ് മുതിര്‍ന്ന നേതാവെന്ന നിലയിലുള്ള വിലയിരുത്തല്‍

പ്രധാന മണ്ഡലങ്ങളിലെല്ലാം പോയിരുന്നു. തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിലാണ് കൂടുതല്‍തവണ പ്രചാരണത്തിനിറങ്ങിയത്. എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് വലിയ മുന്നേറ്റമുണ്ടാകും. മുന്‍കാലങ്ങളില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുമ്പോള്‍ ഇന്നത്തെ സ്ഥിതിയായിരുന്നില്ല. ഞായറാഴ്ച കഴക്കൂട്ടത്ത് പല സ്ഥലത്തും വോട്ടുറപ്പിക്കാന്‍പോയി. ഉച്ചയ്ക്കുശേഷം നേമത്തും വട്ടിയൂര്‍ക്കാവിലുമായിരുന്നു. എല്ലായിടവും കണ്ടത് വലിയ ആവേശമാണ്. ഈ അവസ്ഥ സംസ്ഥാനത്താകെയുണ്ട്. മുമ്പ് ത്രികോണമത്സര സാധ്യത അപൂര്‍വം മണ്ഡലങ്ങളിലായിരുന്നു. ഇന്ന് ആ അവസ്ഥ മാറി. എല്ലായിടവും ജയമാണ് ലക്ഷ്യം. നിരവധി മണ്ഡലങ്ങളില്‍ ജയിക്കും. ചിലയിടങ്ങളില്‍ ജയത്തോട് അടുക്കും. ഒന്നാമതാകാനുള്ള മത്സരമാണിത്. പാര്‍ട്ടി നടത്തിയ സര്‍വേയില്‍ മുന്നണിയുടെ ശക്തി വ്യക്തമായിട്ടുണ്ട്.

സര്‍വേയിലെ കണ്ടെത്തലുകള്‍ എന്തൊക്കെയാണ്. എത്രസീറ്റാണ് മുന്നണി പ്രതീക്ഷിക്കുന്നത്?

ഞാനിപ്പോള്‍ എണ്ണം പറയുന്നത് ശരിയല്ല. വലിയമുന്നേറ്റമുണ്ടാകുമെന്നു നേരത്തേ പറഞ്ഞു. മൂന്നാമതായേക്കാവുന്ന ചില മണ്ഡലങ്ങളില്‍ ഒന്നാംസ്ഥാനത്തെത്തുന്നവരുമായി അഞ്ചുശതമാനത്തിന്റെ വോട്ടുവ്യത്യാസമേയുള്ളു എന്നത് സര്‍വേയില്‍ കണ്ടെത്തിയ വിവരമാണ്.

നേമം പാര്‍ട്ടിക്ക് പുതിയൊരു വിലാസമുണ്ടാക്കിയ മണ്ഡലമാണ്. എന്താണ് ഇപ്പോഴത്തെ സ്ഥിതി

നേമത്ത് അഭിമാനപ്പോരാട്ടമാണ്. സിറ്റിങ് സീറ്റ് നിലനിര്‍ത്തുക എന്നത് പ്രധാനമാണല്ലോ. പാര്‍ട്ടിയുടെ ഉറച്ചമണ്ഡലമായതിനാല്‍ ജയിക്കും. കഴക്കൂട്ടത്തിന്റെ കാര്യവും അതുതന്നെ. തിരുവനന്തപുരത്തെ മണ്ഡലങ്ങളില്‍ എന്നല്ല എല്ലായിടവും നല്ലപ്രതീക്ഷയാണ്.

ബി.ജെ.പി.ക്ക് വോട്ടുചെയ്യണമെന്നു പറയുന്നു. എന്തുകൊണ്ട്

പ്രധാനമായും രണ്ടു മൂന്നുകാര്യങ്ങളുണ്ട്. കേന്ദ്രത്തിലെ നരേന്ദ്രമോദി ഭരണം നോക്കൂ. അഴിമതിയില്ല. ചരിത്രത്തില്‍ ഇന്നേവരെ ചെയ്യാത്ത ക്ഷേമകാര്യങ്ങളാണ് മോദിസര്‍ക്കാര്‍ നടപ്പാക്കുന്നത്. കേരളത്തില്‍ ജനം ആഗ്രഹിക്കുന്ന വികസനത്തിന് എന്‍.ഡി.എ. സര്‍ക്കാര്‍ വരണം. മോദിമോഡല്‍ വേണം. കേരളത്തിലെ കാര്യമെടുക്കൂ, കാലങ്ങളായി രണ്ടുമുന്നണികളുടെ ഭരണത്തില്‍ അഴിമതിയും വീഴ്ചകളുമല്ലേയുള്ളൂ? വികസനത്തിന്, പുരോഗതിക്ക് കേരളത്തിലും ബി.ജെ.പി. വരണം.

കേരളത്തില്‍ തുടര്‍ഭരണ സാധ്യതയുണ്ടോ

സ്വര്‍ണക്കടത്തുപോലുള്ള വിഷയങ്ങള്‍ ഫലപ്രദമായി ഉന്നയിച്ച് ജനങ്ങളിലെത്തിക്കുന്നതിലും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതിലും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. സര്‍ക്കാര്‍ തുടരുന്നു എന്നിരിക്കട്ടെ, അത് കോണ്‍ഗ്രസിന്റെ കഴിവില്ലായ്മകൊണ്ടായിരിക്കും. ഞങ്ങള്‍ നടത്തിയ സര്‍വേയില്‍ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും കുറെ സീറ്റുകള്‍ നഷ്ടപ്പെടാനിടയുണ്ടെന്നു കണ്ടെത്തി. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന നിരവധി മണ്ഡലങ്ങളുണ്ട്. ഒന്നോ രണ്ടോ വോട്ടുശതമാനത്തിന്റെ വ്യത്യാസത്തില്‍ അതെങ്ങോട്ടുമറിയും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ഭരണസാധ്യത. സര്‍വേയില്‍ രണ്ടുശതമാനംവരെയൊക്കെ പിഴവ് പറ്റാം. പക്ഷേ, 40 സീറ്റ് നിര്‍ണായകമാണ്. ആര്‍ക്കും ഉറപ്പിക്കാനാവാത്ത ഈ മണ്ഡലങ്ങളില്‍ രണ്ടുദിവസത്തെ ലോക്കല്‍ മാനേജ്മെന്റില്‍ ആരുമുന്നിലെത്തുമെന്നു പറയാനാവില്ല. ഞങ്ങള്‍ക്ക് 30 ശതമാനത്തില്‍ കൂടുതല്‍ വോട്ടുള്ള നിരവധി മണ്ഡലങ്ങളുണ്ട്. അദ്ഭുതങ്ങളുണ്ടായാല്‍ ബി.ജെ.പി.യുടെ വിജയസംഖ്യ വലുതായിരിക്കും.

തിരെഞ്ഞടുപ്പില്‍ ശബരിമല പ്രധാന വിഷയമാണോ?

സ്വര്‍ണക്കടത്ത്, ശബരിമല, പിന്‍വാതില്‍ നിയമനം, ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ എന്നിവ ഈ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്‍തന്നെയാണ്. അത് സര്‍വേയിലും കണ്ടെത്തിയിട്ടുണ്ട്. ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ ഇതൊന്നും വിഷയമല്ലെന്നു സര്‍ക്കാര്‍ പറയുന്നു എന്നു കണ്ടാല്‍മതി. എന്‍.എസ്.എസ്. ചിലമണ്ഡലങ്ങളില്‍ ഞങ്ങളെ പിന്തുണയ്ക്കുന്നത് ശബരിമലയില്‍ ഞങ്ങളുടെ നിലപാടിന്റെ പേരിലാണ്. വ്യക്തമായ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍തന്നെയാണ് പ്രധാനമന്ത്രി ശബരിമലയെപ്പറ്റി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram