
പ്രൊഫ. എം. കുഞ്ഞാമൻ | ഫോട്ടോ: പ്രവീൺ ദാസ് മാതൃഭൂമി
സമകാലിക കേരളത്തിലെ ധൈഷണിക മേഖലയില്‍ ഒറ്റയാനെന്ന് വിശേഷിപ്പിക്കാവുന്ന സാമൂഹിക ശാസ്ത്രജ്ഞനും ചിന്തകനുമാണ് പ്രൊഫസര്‍ എം. കുഞ്ഞാമന്. അദ്ദേഹം മുന്നോട്ടുവെയ്ക്കുന്ന മൗലികമായ നിരീക്ഷണങ്ങള്‍ കേരളത്തിന്റെ ജനാധിപത്യപരിസരം വികസിപ്പിക്കുകയും സമ്പന്നമാക്കുകയും ചെയ്യുന്നുണ്ട്. കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. സി.ഡി.എസില്‍നിന്ന് എം.ഫിലും കൊച്ചി സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്.ഡിയും. 1979 മുതല്‍ 2006 വരെ കേരള സര്‍വ്വകലാശാലയില്‍ അദ്ധ്യാപകന്. തുടര്‍ന്ന് 13 വര്‍ഷം മഹാരാഷ്ട്രയിലെ തുല്‍ജാപൂരില്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസില്‍. നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ കുഞ്ഞാമനുമായി നടത്തിയ അഭിമുഖത്തിന്റെ ആദ്യഭാഗം.
മൂന്നാം ഭാഗം: മോദിയും പറഞ്ഞത് ഭരണത്തുടര്‍ച്ച എന്നാണ്: കുഞ്ഞാമന്
ഈ നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണങ്ങള്‍ എന്താണ്?
രാഷ്ട്രീയാനന്തര കേരളത്തിലാണ് നമ്മള് ജീവിക്കുന്നത്. ഒരു രാഷ്രടീയ പാര്‍ട്ടിക്കും സ്വന്തമായി ഒന്നുംതന്നെ മുന്നോട്ടുവെയ്ക്കാനില്ല. സര്‍ഗ്ഗാത്മകമായ രാഷ്ട്രീയമല്ല, പ്രതിലോമപരമായ രാഷ്്രടീയമാണിത്. ഒരു നേതാവ് എന്തെങ്കിലും പറയുക, അതിനോട് മറ്റേ നേതാവ് എന്തെങ്കിലും പറയുക. ഒരു തരം പ്രതികരണ രാഷട്രീയം. നമ്മുടെ താല്പര്യം പിടിച്ചെടുക്കുന്ന ഒന്നുമില്ല.
അന്തസ്സാരശൂന്യമായ വിവാദങ്ങളിലേക്കാണോ താങ്കള്‍ വിരല്‍ചൂണ്ടുന്നത്?
അതെ. ആഴമില്ലാത്ത വാദപ്രതിവാദങ്ങളാണ് ഉയരുന്നത്. ചെളി വാരിയെറിയുന്നവരെ ചാണകം കൊണ്ട് തിരിച്ചെറിയുന്ന പരിപാടിയാണ് ഇവിടെ നടക്കുന്നത്. മൗലികമായ ഒരു പദ്ധതിയോ നയപരിപാടിയോ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ടുവെയ്ക്കാനില്ല. നമ്മുടെ ഇപ്പോഴത്തെ ചര്‍ച്ചകള്‍ സ്വര്‍ണ്ണക്കടത്തും കള്ളക്കടത്തുമാണ്. നെഹ്റുവൊക്കെ തിരഞ്ഞെടുപ്പിനെ നേരിട്ടത് ജാതി പറഞ്ഞുകൊണ്ടോ ഇത്തരം ആഴമില്ലാത്ത ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടുകൊണ്ടോ ആയിരുന്നില്ല. പഞ്ചവത്സര പദ്ധതികളെക്കുറിച്ചും ചേരിചേരാ നയത്തെക്കുറിച്ചും രാഷ്ട്രത്തിന്റെ വികസനത്തെക്കുറിച്ചുമൊക്കെയാണ് നെഹ്റു സംസാരിച്ചിരുന്നത്.
സംവാദങ്ങള്‍, ചര്‍ച്ചകള്‍, വിയോജിപ്പുകള്‍ എന്നതായിരുന്നു അന്നത്തെ രീതി. കേരളത്തിലാണെങ്കില്‍ ഭൂപരിഷ്കരണം, വികേന്ദ്രികരണം, ജനകീയാസൂത്രണം, കേരള വികസന മാതൃക എന്നിവയെക്കുറിച്ചായിരുന്നു ചര്‍ച്ചകള്‍. ഭരണകൂടങ്ങളുടെയും പാര്‍ട്ടികളുടെയും നയപരിപാടികളും പദ്ധതികളും കൂലങ്കഷമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന നാളുകള്‍. വലിയ മനുഷ്യരുടെ കാലമായിരുന്നു അത്. ഗാന്ധിയും നെഹ്റുവും അംബദ്കറുമൊക്കെ ഉള്‍പ്പെട്ട വലിയ മനുഷ്യരുടെ ലോകം. അവര്‍ ഒരു പ്രദേശത്തിന്റെ മാത്രം നേതാക്കളായിരുന്നില്ല. ഇന്നിപ്പോള്‍ നേതാക്കള്‍ ഒാേരോ പ്രദേശത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. പാലാ തന്റെ വികാരമാണെന്ന് പറയുന്ന നേതാവ്, ഹരിപ്പാട് അമ്മയെപ്പോലെയാണെന്ന് പറയുന്ന നേതാവ്, പുതുപ്പള്ളി വിട്ടുപോരാനാവില്ലെന്ന് പറയുന്ന നേതാവ്. ധര്‍മ്മടം കോട്ടയാണെന്ന് കരുതുന്ന നേതാവ്.
പണ്ട് കെ. കരുണാകരന് അറിയപ്പെട്ടിരുന്നത് മാളയിലെ മാണിക്യം എന്നാണ്?
അതെ. നല്ല തമാശകളാണിത്. ഇന്ത്യയുടെ മൊത്തം ഭൂപ്രദേശം കണക്കിലെടുക്കുമ്പോള്‍ ഒരു പഞ്ചായത്തിന്റെ വലിപ്പമുള്ള സംസ്ഥാനത്തിരുന്നാണ് ഈ നേതാക്കള്‍ ഓരോ പ്രദേശങ്ങളുടെ പേരില്‍ വികാരം കൊള്ളുന്നത്.
അഖിലേന്ത്യാ തലത്തില്‍ ശ്രദ്ധേയ സാന്നിദ്ധ്യമെന്ന് വിശേഷിപ്പിക്കാവുന്ന മലയാളി നേതാക്കളുടെ എണ്ണം കുറയുകയാണെന്നതും ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതല്ലേ?
വി.കെ. കൃഷ്ണമേനോനെപ്പോലുള്ളവര് ഇന്നില്ല. കുറച്ചെങ്കിലും പറയാവുന്നത് ശശി തരൂരിനെക്കുറിച്ച് മാത്രമായിരിക്കും.
സംവാദങ്ങളിലേര്പ്പെടുന്നവരുടെ സ്കോളര്‍ഷിപ്പ് ഒരു ഘടകമല്ലേ?
തീര്‍ച്ചയായും. സ്കോളര്‍ഷിപ്പ് തീരെയില്ല.

ഇ.എം.എസും അച്ച്യുതമോനോനുമൊക്കെയായി സംവാദത്തിലേര്‍പ്പെട്ടിരുന്ന നാളുകള്‍ താങ്കളുടെ ജിവിതത്തിലുണ്ട്. ഇക്കാലത്ത് ഒരു നേതാവുമായി അത്തരം സംവാദങ്ങള്‍ നടത്തുന്നതിനുള്ള പരിസരമുണ്ടോ?
ഇല്ല. അങ്ങിനെയാരു പരിസരം ഞാന്‍ കാണുന്നില്ല.
അച്ച്യുതമേനോനുമായുണ്ടായ ആശയസംഘര്‍ഷം ഒന്ന് വിശദീകരിക്കാമോ?
1980-ലോ മറ്റോ ആണെന്നു തോന്നുന്നു. കാര്യവട്ടത്ത് കേരള സര്‍വ്വകലാശാല കാമ്പസില്‍ പൊളിറ്റിക്സ് വകുപ്പില്‍ അച്ച്യൂതമേനോന് ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ വന്നു. വികേന്ദ്രീകരണമായിരുന്നു വിഷയം. പ്രസംഗം കഴിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ''താങ്കള്‍ വികേന്ദ്രീകരണത്തെക്കുറിച്ച് പറയുമ്പോള്‍ അതില്‍ അക്കൗണ്ടബിലിറ്റിയുടെ പ്രശ്നമുണ്ട്.''
അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. ''ഞാന്‍ തലവെട്ടു രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല.''
അപ്പോള്‍ ഞാന്‍ ചോദിച്ചു: ''എന്നു മുതലാണ് താങ്കള്‍ ഇങ്ങനെ വിശ്വസിക്കാന്‍ തുടങ്ങിയത്? വേണ്ടിവന്നാല്‍ മര്‍ദ്ദകന്റെയും ചൂഷകന്റെയും തല വെട്ടാമെന്ന് ഞങ്ങളെപ്പോലുള്ള മര്‍ദ്ദിതരോട് പറഞ്ഞ കമ്മ്യൂണിസ്റ്റുകാരുടെ ആദ്യതലമുറയിലുള്ള ഒരാളാണ് താങ്കള്‍. എന്നു മുതലാണ് ഇത് അങ്ങിനെയല്ലാതായത്. രാജന് കേസു മുതലാണോ?''
എന്റെ ഈ സംസാരം അച്ച്യുതമേനോന്‍ ഇഷ്ടമായില്ല. യോഗത്തിന്റെ അദ്ധ്യക്ഷനായിരുന്ന പൊളിറ്റിക്സ് വിഭാഗം പ്രൊഫസര്‍ എന്നോട് സംസാരിക്കരുതെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു: ''എനിക്കിഷ്ടമുള്ളത് ഞാന്‍ പറയും. അതിനുള്ള അവകാശം എനിക്കുണ്ട്. ഭരണഘടനയുടെ 19-ാം വകുപ്പ് ആ സ്വാതന്ത്ര്യം എനിക്ക് തരുന്നുണ്ട്.''
അതു കേട്ട് അച്ച്യുതമേനോന്‍ ചിരിച്ചു, എന്നിട്ട് പറഞ്ഞു: ''നമുക്കിത് പിന്നീട് ചര്‍ച്ച ചെയ്യാം.''
മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോള്‍ അച്ച്യുതമേനോന്റെ ഒരു കത്ത് എനിക്ക് കിട്ടി. ''പ്രിയപ്പെട്ട കുഞ്ഞാമന്, ഞാന്‍ നവയുഗത്തിന്റെ എഡിറ്ററാണ്. കുറച്ച് ലേഖനങ്ങള്‍ അയച്ചു തരണം.''
അവരൊക്കെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നവരായിരുന്നു. എന്റെ വിമര്‍ശനം അപമാനമായല്ല അച്ച്യുതമേനോന്‍ കണ്ടത്.
അതാണ് കാര്യം. താങ്കള്‍ പറഞ്ഞതുപോലെ വിമര്‍ശനം അപമാനിക്കലായി കാണാത്തവരായിരുന്നു അച്ച്യുതമേനോനെപ്പോലുള്ളവര്?
അതെ. ഞാന്‍ കുറച്ച് ലേഖനങ്ങള്‍ എഴുതിക്കൊടുത്തു. പിന്നീട് കുറെക്കഴിഞ്ഞ് അച്ച്യുതമേനോന്റെ മകന് രാമന്‍കുട്ടിയോട് സംസാരിച്ചപ്പോള്‍ അന്നത്തെ ആ ലേഖനങ്ങള്‍ക്കൊന്നും തന്നെ പ്രതിഫലം കിട്ടിയില്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ രാമന്‍കുട്ടി പറഞ്ഞത് അതിന് അച്ഛന്റെ കൈയ്യില്‍ കാശുണ്ടായിട്ടു വേണ്ടേ എന്നാണ്.
ഇപ്പോള്‍ ആരോടെങ്കിലും മറുവാദം ഉന്നയിച്ചാല്‍, വിമര്‍ശിച്ചാല്‍ അവര്‍ പ്രകോപിതരാവും. വിമര്‍ശനം അപമാനമായി കാണുന്നവരാണ് ഇപ്പോഴുള്ള നേതാക്കളിലേറെയും എന്നാണോ?
തീര്‍ച്ചയായും. മാത്രമല്ല. അവരല്ല അവരുടെ ശിങ്കിടികളാണ് പിന്നീട് പ്രതികരിക്കുക. നമ്മുടെ മെക്കിട്ട് കയറാന്‍ അവര്‍ കൂട്ടത്തോടെ വരും. എ.കെ.ജി. സെന്ററില്‍ നടന്നിട്ടുള്ള സെമിനാറുകളില്‍ ഇ.എം.എസിനെ വിമര്‍ശിക്കാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. സഖാക്കള്‍ പലര്‍ക്കും അതിഷ്ടപ്പെട്ടിരുന്നില്ല. ഇ.എം.എസിനെ ഒരു വിഗ്രഹമായാണ് അവരില്‍ പലരും കണ്ടിരുന്നത്. അങ്ങിനെയിരിക്കെ ഒരു ദിവസം എ.കെ.ജി സെന്ററിലെ ചര്‍ച്ചയില്‍ ഞാന്‍ ഒന്നും സംസാരിച്ചില്ല. ചര്‍ച്ച കഴിഞ്ഞപ്പോള്‍ ഇ.എം.എസും വി.എസ്. അച്ച്യുതാനന്ദനും എന്റെ അടുത്തേക്ക് വന്നു. ആ നിമഷം എനിക്ക് മറക്കാനാവില്ല. എന്റെ ജീവിതത്തെ ഗാഢമായി സ്വാധീനിച്ച വാക്കുകളാണ് ഇഎംഎസ്സില്‍ നിന്നുണ്ടായത്.
അദ്ദേഹം എന്നോട് ചോദിച്ചു: ''കുഞ്ഞാമന് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതെന്താണ്?''
ഞാന്‍ പറഞ്ഞു: ''ഞാന്‍ സംസാരിക്കുന്നത് പലര്‍ക്കും ഇഷ്ടപ്പെടുന്നില്ല. ഞാന്‍ വിമര്‍ശിക്കുന്നു. ഞാന്‍ സഖാവിനെയും വിമര്‍ശിക്കുന്നു എന്നാണ് അവരുടെ പരാതി.''
അപ്പോള്‍ ഇ.എം.എസ്. പറഞ്ഞത് അപ്പോള്‍ തന്നെ എന്റെ കൈയ്യിലുണ്ടായിരുന്ന ഡയറിയില്‍ കുറിച്ചിട്ടു. അദ്ദേഹം പറഞ്ഞത് ഇതാണ്: ''വിമര്‍ശിക്കണം. വിമര്‍ശനത്തിലൂടെയാണ് മാര്‍ക്സിസം വളരുന്നത്. എന്നെയും വിമര്‍ശിക്കണം. വിമര്ശിക്കപ്പെടാതിരിക്കാന് ഞാന്‍ ദൈവമല്ല.''
ഈ വാക്കുകള്‍ ഞാന്‍ ഇടയ്ക്കിടയ്ക്ക് എടുത്തുനോക്കുമായിരുന്നു. ഇ.എം.എസ്. ഒരു അദ്ധ്യാപകനായിരുന്നില്ല. പക്ഷേ, ഞാന്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയാണെന്ന് എനിക്ക് തോന്നിയിരുന്നു.
ഞാന്‍ ഒരിക്കലും ഇ.എം.എസിന്റെ ഭക്തനായിരുന്നില്ല. പക്ഷേ, എനിക്കദ്ദേഹത്തോട് ഇഷ്ടമുണ്ടായിരുന്നു. ഞാന്‍ പട്ടാമ്പിക്കടുത്ത് വാടാനംകുറിശ്ശിയിലാണ് ജനിച്ചത്. ഇ.എം.എസ്. പട്ടാമ്പിയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ചില ദിവസങ്ങളില്‍ ഇ.എം.എസ്. ഞങ്ങളുടെ വീടുകളിലേക്ക് വരും. ഞങ്ങളുടെ താമസം ചെറ്റക്കുടിലുകളിലായിരുന്നു. അവിടത്തെ ചാണകം മെഴുകിയ തിണ്ണയില്‍ ഇ.എം.എസ്. ഇരിക്കും. അതൊരു വലിയ അനുഭവവും അനുഭൂതിയുമായിരുന്നു. ഒരു തരം ഇലക്ട്രിഫൈയ്യിങ് എഫക്ട്.
പൊതുവെ നേതാക്കളൊന്നും അങ്ങോട്ട് വരാറുണ്ടായിരുന്നില്ലേ?
ഇല്ല. കോണ്‍ഗ്രസ് നേതാക്കളൊക്കെ വഴിയില്‍ വന്നുനിന്ന് അച്ഛനെ അങ്ങോട്ട് വിളിപ്പിക്കും. ഭയഭക്തി ബഹുമാനങ്ങളോടെ അച്ഛന് അങ്ങോട്ട് പോകും. ഈ ഹയറാര്ക്കിയാണ് ഇ.എം.എസ്. അട്ടിമറിച്ചത്. സി. അനൂപ് ഒരു പുസ്തകം എഴുതിയിരുന്നു- .എം.എസ്.: യോജിച്ചും വിയോജിച്ചും. ഞാന്‍ അതിലൊരു ലേഖനമെഴുതി. ഇ.എം.എസ്. പട്ടാമ്പിയില്‍ ഞങ്ങളുടെ എം.എല്‍.എയായിരുന്നെങ്കിലും ഞങ്ങളുടെ നാടിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്ന് ഞാനതില്‍ എഴുതി. ഈ ലേഖനം കണ്ടപ്പോള്‍ ഇ.എം.എസ്. ചിരിച്ചുകൊണ്ട് പറഞ്ഞത്, കുഞ്ഞാമന് പറഞ്ഞത് ശരിയാണെന്നും താന്‍ പട്ടാമ്പിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നുമാണ്.
പക്ഷേ, നമുക്കറിയാവുന്ന, നമ്മളെ അറിയാവുന്ന ഒരു എം.എല്‍.എയാണ് എന്ന് ഇ.എം.എസിന്റെ കാര്യത്തില്‍ തോന്നിയിരുന്നില്ലേ?
അതെ. അതങ്ങിനെയായിരുന്നു. നമ്മള് വിമര്‍ശിക്കുമ്പോള്‍ ഇ.എം.എസ്. തിരിച്ചും വിമര്‍ശിക്കുമായിരുന്നു. ചിലപ്പോള്‍ അടിച്ചിരുത്തുന്നതുപോലുള്ള വിമര്‍ശനം. പക്ഷേ, എനിക്കതില്‍ ഒരു വിഷമവുമുണ്ടായിരുന്നില്ല. അതൊരു ബഹുമതിയായാണ് ഞാന്‍ കണ്ടിരുന്നത്. നമ്മള് പറയുന്നത് ഗൗരവമുള്ള സംഗതിയാണെന്ന് അവര്‍ക്ക് തോന്നുന്നതു കൊണ്ടാണല്ലോ അവര്‍ നമ്മളെ വിമര്‍ശിക്കുന്നത്. വിമര്‍ശനം അംഗീകാരവും ആദരവുമാണ്. ഞാന്‍ തിരുവനന്തപുരത്ത് ചെല്ലുമ്പോള്‍ മൂന്നു പേരായിരുന്നു അവിടത്തെ ധൈഷണിക മേഖലയിലെ ശ്രദ്ധേയ സാന്നിദ്ധ്യം. ഇ.എം.എസ്., പി. ഗോവിന്ദപ്പിള്ള, കെ.എന്‍. രാജ്. പ്രസംഗങ്ങളിലും എഴുത്തിലും ഒരു ദാര്‍ശനികമാനം കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചത് പി.ജിയുടെ പ്രസംഗങ്ങള്‍ കേട്ടും ലേഖനങ്ങള്‍ വായിച്ചുമാണ്. ഇന്നിപ്പോള്‍ അങ്ങിനെ ഒരാളില്ല.

കെ.എന്‍. രാജുമായി താങ്കള്‍ ഏര്‍പ്പെട്ടിട്ടുള്ള തര്‍ക്കങ്ങള്‍ പ്രസിദ്ധമാണ്. ''നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഞാന്‍ നോബല്‍ സമ്മാനം വാങ്ങുമായിരുന്നെന്നും എന്നാല്‍, എന്റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കില്‍ നിങ്ങള്‍ സ്കൂള്‍ ഫൈനല്‍ പരിക്ഷപോലും പാസ്സാകുമായിരുന്നില്ല.'' എന്നും താങ്കള്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. ശരിയാണോ?
ശരിയാണ്. ഗവേഷണത്തില്‍ എന്റെ ഗൈഡായിരുന്നു രാജ്. സാര്‍ എന്നല്ല, രാജ് എന്നാണ് വിളിക്കേണ്ടതെന്ന് രാജ് പറയുമായിരുന്നു. ഗവേഷകനും അദ്ധ്യാപകനുമെന്ന നിലയില്‍ രാജിന്റേത് നിസ്തുലമായ വ്യക്തിത്വമായിരുന്നു. പലപ്പോഴും വളരെ റൂത്ത്ലസ്സ് ആയാണ് പെരുമാറുക. ദിസ് ഈസ് റബ്ബിഷ് എന്നൊക്കെ മുഖത്തടിച്ച് പറയും.
തെറ്റ് തിരുത്തുമായിരുന്നോ?
ഇല്ല. നമ്മള് ചെയ്തത് തെറ്റാണെങ്കില്‍ തെറ്റാണെന്ന് പറയും. തിരുത്തില്ല. നമ്മള് സ്വയം തിരുത്തണം എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ഇതിന്റെ സ്വാരസ്യം എനിക്ക് പിടികിട്ടിയത് പിന്നീട് ജിദ്ദു കൃഷ്ണമൂര്‍ത്തിയെ വായിച്ചപ്പോഴാണ്. 2004-ല്‍ എനിക്ക് എന്റെ മകള്‍ നഷ്ടപ്പെട്ടു. എന്റെ മകളുടെ മരണമാണ് കൃഷ്ണമൂര്‍ത്തിയുടെ പുസ്തകങ്ങള്‍ വീണ്ടും വായിക്കാന്‍ പ്രേരിപ്പിച്ചത്. അന്ന് ജിദ്ദുവിന്റെ ഒരു വാക്യം എന്നെ വല്ലാതെ തൊട്ടു. ''Truth is a pathless land '' എന്ന വാക്യം. സത്യത്തിലേക്കുള്ള വഴി നമ്മള് തന്നെ കണ്ടെത്തണം. അപ്പോഴാണ് ഞാന്‍ രാജിന്റെ പെരുമാറ്റത്തിന്റെ പൊരുള്‍ അറിഞ്ഞത്. അദ്ധ്യാപകനായപ്പോള്‍ ഞാനും രാജിനെ അനുകരിച്ചു. ഞാന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിട്ടില്ല. പഠിക്കാനുള്ള ത്വര അവരിലുണര്ത്തുക എന്നതാണ് ഞാന്‍ ചെയ്തിട്ടുള്ളത്.
ഞാനും രാജുമായി തെറ്റിയത് ചില സോഷ്യല്‍ ഇഷ്യൂസിന്റെ പുറത്താണ്. ചില നിയമനങ്ങളും മറ്റും ഞാന്‍ ചോദ്യം ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു:''യു ആര് ചലഞ്ചിങ് ദി അതോറിറ്റി. വാട്ട് കാന്‍ യു ഡു?''
അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ''അങ്ങിനെ പറയരുത്. ഞങ്ങളുടെയുള്ളിലുള്ള എതിര്‍പ്പ് നൂറ്റാണ്ടുകളായുള്ളതാണ്. അത് ഇടയ്ക്കെങ്കിലും ഞങ്ങള്‍ക്ക് പുറത്തെടുക്കണം. നിങ്ങളൊക്ക ശക്തരായ ആളുകളായിരിക്കാം. പക്ഷേ, അതുകൊണ്ട് ഞങ്ങള്‍ നിങ്ങളെ ആരാധിക്കേണ്ട കാര്യമില്ല.''
പക്ഷേ, ഈ വിയോജിപ്പുകള്‍ക്കിടയിലും അദ്ദേഹത്തിന്റെ ലെവല്‍ ഒഫ് സ്റ്റാന്റേഡ് കാണാതിരിക്കാനാവില്ല.
രാജിന്റെ ബാര്‍ വളരെ ഉയര്‍ന്നതായിരുന്നു എന്നാണോ?
അതെ. വളരെ ഉചിതമായ വാക്കാണത്. രാജിന്റെ ബാര്‍ ശരിക്കും ഉയര്‍ന്നതായിരുന്നു.
പഠനകാലത്ത് താങ്കള്‍ ഒരു ലെഫ്റ്റിസ്റ്റായിരുന്നോ?
അത്ര ഒരു ക്ലാരിറ്റി എനിക്കുണ്ടായിരുന്നില്ല. അതൊരു വലിയ കാലഘട്ടമായിരുന്നു. വര്‍ഗീസ്, അജിത, കെ. വേണു തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങളുള്ള കാലം. അവരെ മനസ്സിലാക്കുന്നതിനോ അവരുടെ പരിപ്രേക്ഷ്യം ഉള്‍ക്കൊള്ളുന്നതിനോ എനിക്ക് കഴിഞ്ഞിരുന്നില്ല. അത്തരം കാര്യങ്ങള്‍ മനസ്സിലാക്കിയത് വളരെ വൈകിയാണ്.
പഠിക്കുന്ന സമയത്ത് അക്കാഡമിക്സില്‍ തന്നെയായിരുന്നു ശ്രദ്ധ എന്നാണോ?
അതെ. എന്റെ ശ്രദ്ധയത്രയും പഠനത്തിലായിരുന്നു.
നമ്മള് നേരത്തെ പറഞ്ഞതുപോലെ വലിയ മനുഷ്യരുടെ കാലമായിരുന്നു അത്?
അതൊരു സുവര്‍ണ്ണ കാലമായിരുന്നു, സംശയമില്ല.
ആ കാലത്തിന്റെ അവസാന കണ്ണികളായിരുന്നു ഇ.എം.എസും അച്ച്യുതമേനോനും എന്നാണോ?
എനിക്കതൊരു അനുഭവവും പഠനവുമായിരുന്നു. അതിന്റെയര്‍ത്ഥം ഞാന്‍ അവരുടെ ഭക്തനായിരുന്നുവെന്നല്ല.
ആരുടെയും ഭക്തനാവരുത് എന്നല്ലേ ജനാധിപത്യം പറയുന്നത്?
അതെ. രാഷ്ട്രീയത്തില്‍ ഭക്തി ഏകാധിപത്യത്തിലേക്ക് നയിക്കും എന്നാണ് അംബദ്കര്‍ പറഞ്ഞത്. അണ്‍അറ്റാച്ച്ഡ് ആയിരിക്കുകയാണ് എന്റെ ഇഷ്ടം. എപ്പോള്‍ വേണമെങ്കിലും ഇല്ലാതാക്കാവുന്ന ബന്ധങ്ങളാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
വലിയ മനുഷ്യരുടെ സ്ഥാനത്ത് ഇന്നിപ്പോള്‍ 'mediocre' (ശരാശരിക്കാര്‍) ആയിട്ടുള്ളവരുടെ വിളയാട്ടമാണെന്ന് പറഞ്ഞാല്‍ യോജിക്കുമോ?
മിഡിയൊക്രിറ്റിയാണ് വിജയിക്കുന്നത്. ഞാനൊക്കെ സ്കൂളില്‍ പഠിക്കുന്ന കാലത്ത് പത്രമൊന്നും വാങ്ങാനുള്ള കഴിവുണ്ടായിരുന്നില്ല. പക്ഷേ, എവിടെ നിന്നെങ്കിലുമൊക്കെ മാതൃഭൂമി പത്രം തപ്പിപ്പിടിച്ച് എഡിറ്റോറിയല്‍ വായിക്കും. കെ.പി. കേശവമേനോനാണ് അന്ന് പത്രാധിപര്‍. അദ്ദേഹം ഒരു ഐഡിയലായിരുന്നു. ഒരു രാഷ്ട്രീയക്കാരന് മുന്നില്‍ കുനിയുന്ന തലയായിരുന്നില്ല അത്. ഒരു മാദ്ധ്യമപ്രവര്ത്തകന് എങ്ങിനെയായിരിക്കണം എന്നതിന് ഉദാത്ത മാതൃക. പക്ഷേ, ഇന്നിപ്പോള്‍ എല്ലാ മേഖലകളിലും മീഡിയൊക്രിറ്റിയുടെ തേര്‍വാഴ്ച്ചയാണ്. മീഡിയയും അക്കാഡമിയയും ഇതിന് അപവാദമല്ല.
ഇതിന്റെ അനുരണനം രാഷ്ട്രീയ പാര്ട്ടികളിലുമില്ലേ?
പക്ഷേ, വി.എസിനെപ്പോലുള്ളവരെ വിസ്മരിക്കാനാവില്ല. വി.എസ്. പണ്ഡിതനോ പ്രഗത്ഭനായ ഭരണാധികാരിയോ അല്ല. പക്ഷേ, കേരളത്തിന്റെ ചരിത്രമെടുത്താല്‍ ഏറ്റവും കൂടുതല്‍ അംഗികരിക്കപ്പെടുന്ന, ജനമനസ്സുകളില്‍ ഇടംപിടിച്ചിട്ടുള്ള ഒരു പേര്, വ്യക്തി വി.എസ്. അച്ച്യുതാനന്ദനാണ്. അദ്ദേഹം സാധാരണക്കാരന്റെ ഭാഷ പറഞ്ഞു. അതിലെ തെറ്റും ശരിയും വെച്ചു പറഞ്ഞു. ഞാനങ്ങിനെ വ്യക്തികളെ ആരാധിക്കുന്നയാളല്ല. ഞങ്ങളെപ്പോലുള്ളവര്‍ ഒരു കാലത്ത് അച്ച്യുതാനന്ദനെ അംഗീകരിച്ചിരുന്നു. അതെന്തു കൊണ്ടാണെന്നു ചോദിച്ചാല്‍ അദ്ദേഹം വലിയ കാര്യങ്ങള്‍ ചെയ്തു തന്നിട്ടല്ല. അദ്ദേഹം ഒരു പ്രതീകമാണ്. ധിക്കാരിയും നിഷേധിയുമാണ്. സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് വേണ്ടത് ധിക്കാരിയും നിഷേധിയുമാണ്. ആ നിഷേധിയുടെ ഭാഷ റിഫൈന്ഡോ സാഹിത്യപരമാണോ എന്നതല്ല വിഷയം. അദ്ദേഹത്തെപ്പോലുള്ളവര്‍ തമസ്കരിക്കപ്പെട്ടപ്പോള്‍ ഒരു പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനും എന്തുപറ്റി എന്ന ചോദ്യമുയരും. ഏതൊരു പ്രത്യയശാസ്ത്രവും വളരുന്നത് അതിന്റെ വിമര്ശകരിലൂടെയാണ്. തളരുന്നത് അതിന്റെ വിശ്വാസികളിലൂടെയുമാണ്. വിശ്വാസികള്‍ പ്രബലരാവുകയും വിമര്‍ശകര്‍ക്ക് ഏറെ പ്രയാസം നേരിടുകയും ചെയ്യുന്ന കാലമാണിത്.
എന്നെ ഒരിക്കല്‍ മലബാര്‍ ഭാഗത്തുനിന്ന് ഒരാള്‍ വിളിച്ചു. ''നിങ്ങള്‍ ഇ.എം.എസിനെ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ കെ. കരുണാകരനെ വിമര്‍ശിക്കുന്നില്ല.''
ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ''സുഹൃത്തേ, ഇ.എം.എസിനെയും കരുണാകരനെയും തുല്ല്യരായി കാണാനുള്ള താങ്കളുടെ ധൈര്യം ഞാന്‍ മാനിക്കുന്നു. ഞാന്‍ കെ. കരുണാകരനെ വിമര്‍ശിക്കുന്നില്ല എന്നു മാത്രമല്ല, പേരു പോലും പറയുന്നില്ല. ഇ.എം.എസിനെക്കുറിച്ച് പറയുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഇ.എം.എസ്. എന്നു പറയാറില്ല. ഇ.എം.എസ്. എന്ന് പറഞ്ഞാല്‍ മതി. എന്നാല്‍ കെ. കരുണാകരനെ മുന്‍ മുഖ്യമന്ത്രി കരുണാകരന് എന്ന് പറയണം. അതാണ് വ്യത്യാസം. സാമൂഹ്യശാസ്ത്രപരമായി നോക്കിയാല്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടിട്ടുള്ളത് മാര്‍ക്സാണ്. ഏറ്റവുമധികം വിമര്ശിക്കപ്പെട്ടിട്ടുള്ള പ്രത്യയശാസ്ത്രവും സിദ്ധാന്തവും മാര്‍ക്സിസമാണ്. ഇത് മാര്‍ക്സിന്റെ അംഗീകാരമില്ലായ്മയല്ല, മറിച്ച് പ്രസക്തിയാണ് കാണിക്കുന്നത്. ആ വ്യക്തിയും സിദ്ധാന്തവും ഗൗരവമുള്ളതാണെന്നാണ് അത് കാണിക്കുന്നത്. ജനാധിപത്യമെന്ന് പറഞ്ഞാല്‍ ചര്‍ച്ചയും സംവാദവും വിയോജിപ്പുമാണ്. റോസാലക്സംബര്‍ഗ് ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യമാണ്. ''Real freedom is the freedom to dissent.'' ലെനിനെയൊക്കെ ലക്ഷ്യം വെച്ച് പറഞ്ഞതാണത് .
അടുത്തിടെ എം.വി. ഗോവിന്ദന് പറഞ്ഞത് ശ്രദ്ധേയമായ സംഗതിയായിരുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് ഇപ്പോള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ സാംഗത്യമില്ല എന്നാണദ്ദേഹം പറഞ്ഞത്. എന്തുകൊണ്ടാണിത് എന്ന ചര്‍ച്ചയാണ് ഇതേത്തുടര്‍ന്ന് ഉണ്ടാവേണ്ടിയിരുന്നത്. എന്നാല്‍ കാനം രാജേന്ദ്രനും എസ്. രാമചന്ദ്രന്പിളളയും ഇത് വളച്ചൊടിച്ച് ചര്‍ച്ചയുടെ വഴി മാറ്റി. നമുക്കൊരു പരാജയമുണ്ടാവുമ്പോള്‍ അതില്‍ നിന്നൊളിച്ചോടുകയല്ല അതിനെ നേരിടുകയാണ് ചെയ്യേണ്ടത്.
(തുടരും)
Content Highlights: I am not God, Don;t hesitate to criticize, Prof. M. Kunhaman remembering EMS- Part 01