പിണറായിക്ക് ഇളവ് നല്‍കാമെങ്കില്‍ ശൈലജയ്ക്കും ഇളവ് നല്‍കണം- കവിത കൃഷ്ണന്‍


കെ.എ. ജോണി

3 min read
Read later
Print
Share

ഈ മഹാമാരിക്കാലത്ത് മികച്ച ആരോഗ്യമന്ത്രിമാരുടെ പ്രസക്തി വളരെ വലുതാണ്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ദയനീയ പ്രകടനം വിലയിരുത്തിയാല്‍ ഇത് എളുപ്പത്തില്‍ മനസ്സിലാവും. ഒരു നിയമം കൊണ്ടുവരുമ്പോള്‍ പാര്‍ശ്വവ്ത്കരിക്കപ്പെടുന്നവര്‍ക്കാണ് ഇളവുകള്‍ നല്‍കേണ്ടത്. ശൈലജ ടിച്ചറെ മാറ്റി നിര്‍ത്താനുള്ള തീരുമാനം ഒരു പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമല്ല.

കവിത കൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി

കേരളത്തിലെ പുതിയ ഇടതുമുന്നണി സര്‍ക്കാരില്‍നിന്ന് കെ.കെ. ശൈലജയെ മാറ്റി നിര്‍ത്താനുള്ള സി.പി.എം. തീരുമാനം അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ.(എം.എല്‍.) പോളിറ്റ്ബ്യൂറൊ അംഗം കവിത കൃഷ്ണന്‍. ''ഒരു വനിതയ്ക്ക് നേതൃസ്ഥാനത്തേക്കെത്തുക എളുപ്പമല്ല. അങ്ങിനെ എത്തുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ് വേണ്ടത്. '' മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ കവിത വ്യക്തമാക്കി.

പിണറായി വിജയന്‍ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്്ചവെച്ച കെ.കെ. ശൈലജയെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന സി.പി.എം. തീരുമാനം വലിയ വിവാദമായിരിക്കുകയാണ്. ഈ നടപടി താങ്കള്‍ എങ്ങിനെയാണ് കാണുന്നത്?

പിണറായി വിജയന് ഇളവ് നല്‍കാമെങ്കില്‍ എന്തുകൊണ്ട് ശൈലജ ടീച്ചര്‍ക്കും ഇളവ് നല്‍കിക്കൂടാ? പുരുഷന് മാത്രമാണ് നിങ്ങള്‍ ഇളവ് നല്‍കുന്നത്. എല്ലാ വനിതാ നേതാക്കള്‍ക്കും ഈ ഇളവ് നല്‍കണമെന്നതാണ് എന്റെ നിലപാട്. കാരണം നമ്മുടെ സമൂഹത്തില്‍ ഒരു വനിതയ്ക്ക് നേതൃസ്ഥാനത്തേക്ക് എത്തുക എളുപ്പമല്ല. അങ്ങിനെ എത്തുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ് വേണ്ടത്. പല തവണ മത്സരിക്കുന്നതിനും മന്ത്രിസ്ഥാനം കൈയ്യാളുന്നതിനും ഇതുവരെ പുരുഷന്മാര്‍ക്ക് പരിധികളുണ്ടായിരുന്നില്ല. ഇപ്പോഴും പിണറായി വിജയന് ഇത്തരം പരിധിയില്ല. പക്ഷേ, ശൈലജ ടീച്ചര്‍ക്ക് പരിധിയുണ്ട്, വനിതകള്‍ക്ക് പരിധിയുണ്ട്. എന്ത് മാനദണ്ഡമാണിത്? എന്ത് നീതിയാണിത്?

ശൈലജയെ ഒഴിവാക്കാനുള്ള തീരുമാനം സി.പി.എം. സംസ്ഥാന കമ്മിറ്റിയുടേതാണെന്നും അതില്‍ കേന്ദ്ര നേതൃത്വത്തിന് ഒന്നും ചെയ്യാനില്ലെന്നുമാണ് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ്ബ്യൂറൊ അംഗം ബൃന്ദ കാരാട്ടും പറയുന്നത്?

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അവരുടേതായ ജനാധിപത്യ നടപടിക്രമങ്ങളുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന സമിതി എടുത്ത തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് സഖാക്കള്‍ യെച്ചൂരിയും ബൃന്ദയും പറയുമ്പോള്‍ എനിക്കത് മനസ്സിലാക്കാനാവും. കേരള സംസ്ഥാന സമിതിയുടെ തീരുമാനത്തിന് ഉത്തരം പറയേണ്ടത് സംസ്ഥാന സമിതി തന്നെയാണെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. സംസ്ഥാന സമിതി എടുത്ത തീരുമാനത്തിനെ യെച്ചൂരിയും ബൃന്ദയും വിമര്‍ശിക്കുന്നില്ലെന്നത് ശരിയാണ്. പക്ഷേ, അവര്‍ അതിനെ പിന്തുണയ്ക്കുന്നില്ലെന്നതും നമ്മള്‍ കാണാതിരിക്കരുത്. ഈ തീരുമാനത്തില്‍ സി.പി.എമ്മിനുള്ളില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടെന്നത് വ്യക്തമാണ്. സി.പി.ഐ. നേതാവ് ആനി രാജയും ഇതിലുളള ഇഷ്ടക്കേട് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിനുള്ളില്‍ നിന്നുയരുന്ന വിമര്‍ശങ്ങള്‍ സി.പി.എമ്മിനെതിരെയുള്ള ആക്രമണമായല്ല കാണേണ്ടത്. ഇടതു മുന്നണി സര്‍ക്കാരിന്റെ ജനകീയതയില്‍ താല്‍പര്യമുള്ളവര്‍ സദുദ്ദേശ്യത്തോടെ ഉയര്‍ത്തുന്ന വിമര്‍ശമാണിത്. ഒരിളവ് കൊടുക്കുകയാണെങ്കില്‍ അത് വനിതകള്‍ക്കാണ് നല്‍കേണ്ടത്. പക്ഷേ, ഇവിടെ ഒരാള്‍ക്ക്, അതും ഒരു പുരുഷന് മാത്രമാണ് ഇളവ് ലഭിക്കുന്നത്.

സി.പി.എം. കേന്ദ്ര നേതൃത്വം ശൈലജയെ ഒഴിവാക്കുന്നതിനെ വിമര്‍ശിക്കാതിരിക്കുമ്പോള്‍ തന്നെ പ്രതിരോധിക്കുന്നില്ലെന്നത് ശ്രദ്ധേയമാണെന്ന താങ്കളുടെ നിരീക്ഷണത്തോട് യോജിക്കുന്നു. എന്നാല്‍ പ്രത്യക്ഷത്തില്‍ ഒരു അനീതി സംഭവിക്കുമ്പോള്‍ കേന്ദ്ര നേതൃത്വം മൗനം പാലിക്കുകയാണോ വേണ്ടത്. ഈ അനീതി തിരുത്താന്‍ ഇടപെടേണ്ട ധാര്‍മ്മിക ബാദ്ധ്യത അവര്‍ക്കില്ലേ?

ഇതേക്കുറിച്ച് അഭിപ്രായം പറയേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവരുടേതായ രീതിയില്‍ ഈ വിഷയത്തില്‍ ഇടപെടും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അവര്‍ മാദ്ധ്യമങ്ങളോട് ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതായില്ല. അവരുടെ ഫോറത്തില്‍ അവര്‍ അവരുടെ നിലപാട് വ്യക്തമാക്കും. എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായത് അവര്‍ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നില്ലെന്നതാണ്.

സി.പി.എം. സംസ്ഥാന സമിതിയുടെ അക്കൗണ്ടബിലിറ്റിയെക്കുറിച്ച് ഈ ഘട്ടത്തില്‍ ചോദിക്കാതിരിക്കാനാവില്ല. തങ്ങള്‍ ആരോടും ഉത്തരം പറയേണ്ടതില്ല എന്നൊരു നിലപാട് സി.പി.എം. സംസ്ഥാന സമിതി മുന്നോട്ടു വെയ്ക്കുന്നില്ലേ?

അക്കൗണ്ടബിലിറ്റി തീര്‍ച്ചയായുമുണ്ട്. അതിനുള്ള പരിസരവും സംവിധാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലുണ്ട്. നിങ്ങള്‍ എന്തിനാണ് ഇതില്‍ ഇടപെടുന്നതെന്ന് എന്നോട് പലരും ചോദിക്കുന്നുണ്ട്. സി.പി.എമ്മിന്റെ ആഭ്യന്തര കാര്യത്തില്‍ ഞാന്‍ എന്തിനാണ് ഇടപെടുന്നതെന്നാണ് അവരുടെ ചോദ്യം. ഒരു ഇടതുപക്ഷ പ്രവര്‍ത്തകയല്ലെങ്കില്‍ പോലും ഈ വിഷയത്തില്‍ ഞാന്‍ ഇടപെടും എന്നാണ് അതിനുള്ള മറുപടി. ഒരു സംസ്ഥാനത്തെ ആരോഗ്യമന്ത്രി ആരായിരിക്കണം എന്ന വിഷയത്തില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഇടതുമുന്നണിക്കാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വോട്ട് നല്‍കിയത്. കെ.കെ. ശൈലജ ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ വിധിയെഴുത്ത്. ഇടതു ക്യാമ്പിനപ്പുറത്തും ശൈലജ ടീച്ചറെ ഇഷ്ടപ്പെടുന്നവരും അംഗീകരിക്കുന്നവരുമുണ്ട്. സി.പി.എമ്മിന്റെ ഒരു നേതാവിനെക്കുറിച്ചല്ല, കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെക്കുറിച്ചാണ് ഞാന്‍ അഭിപ്രായം പറയുന്നത്.

സി.പി.എമ്മില്‍ ഗൗരിയമ്മ പ്രതിഭാസം ആവര്‍ത്തിക്കുകാണെന്ന നിരീക്ഷണമുണ്ട് ?

അത്തരമൊരു താരതമ്യത്തിന് ഞാന്‍ മുതിരുന്നില്ല. മഹാമാരിക്ക് മുന്നില്‍ ആരോഗ്യമന്ത്രിയെന്ന നിലയില്‍ ശൈലജ ടീച്ചറുടെ പ്രകടനം മികച്ചതായിരുന്നുവെന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെന്ന് തോന്നുന്നില്ല. എന്തിനാണ് അപ്പോള്‍ അവരെ മാറ്റുന്നത്? അവര്‍ എന്തെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ മാറ്റാം. നന്നായി പ്രവര്‍ത്തിച്ചതിന് ഒരാളെ മാറ്റിനിര്‍ത്തുന്നതിനെ ന്യായീകരിക്കാനാവില്ല.

ഇതിനൊരു മറുപുറമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് ശൈലജയെ മാറ്റി നിര്‍ത്തിയിരിക്കുന്നതെന്നുള്ള നിരീക്ഷണമാണത്. വിവാദവും ബഹളവും ശൈലജയെ ചുറ്റിപ്പറ്റിയാവുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയും മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിമാരായത് ചോദ്യം ചെയ്യപ്പെടാതെ പോവുമെന്നുമുള്ള ആലോചന ഈ നീക്കത്തിന് പിന്നിലുണ്ടെന്ന വിമര്‍ശം എങ്ങിനെ കാണുന്നു?

ഇതേക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. മികച്ച റെക്കോഡുള്ള ഒരു ആരോഗ്യമന്ത്രിയെ മാറ്റി നിര്‍ത്തേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഞാന്‍ ഉന്നയിക്കുന്നത്. ഈ മഹാമാരിക്കാലത്ത് മികച്ച ആരോഗ്യമന്ത്രിമാരുടെ പ്രസക്തി വളരെ വലുതാണ്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ദയനീയ പ്രകടനം വിലയിരുത്തിയാല്‍ ഇത് എളുപ്പത്തില്‍ മനസ്സിലാവും. ഒരു നിയമം കൊണ്ടുവരുമ്പോള്‍ പാര്‍ശ്വവ്ത്കരിക്കപ്പെടുന്നവര്‍ക്കാണ് ഇളവുകള്‍ നല്‍കേണ്ടത്. ശൈലജ ടിച്ചറെ മാറ്റി നിര്‍ത്താനുള്ള തീരുമാനം ഒരു പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമല്ല. ഒരു സംസ്ഥാനത്തെ ബാധിക്കുന്ന വിഷയമാണത്, ഒരു ജനതയുടെ ആരോഗ്യത്തെ ബാധിക്കുന്ന വിഷയമാണിത്, സ്ത്രീകളെ ബാധിക്കുന്ന വിഷയമാണിത്. ഇക്കാര്യത്തില്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്നുള്ള മറുപടികള്‍ ഒട്ടും തന്നെ തൃപ്തികരമല്ല.

Content Highlights: Concession applicable to KK Shailaja also, says Kavita Krishnan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram