വര്‍ഗീയതകൊണ്ട് കളിക്കാനുള്ള സി.പി.എം. നീക്കം തിരിച്ചടിക്കും: ഉമ്മന്‍ ചാണ്ടി


കെ.എ. ജോണി

4 min read
Read later
Print
Share

പ്രചാരണങ്ങളില്‍ അഭിരമിക്കുന്ന സര്‍ക്കാരാണിത്. സ്വജനപക്ഷപാതവും അഴിമതികളുമല്ലാതെ ഈ സര്‍ക്കാരിന് ഉയര്‍ത്തിക്കാട്ടാന്‍ എന്താണുള്ളത്. ചെറുപ്പക്കാരായ തൊഴില്‍രഹിതരോട് ഈ സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരത സമാനതകളില്ലാത്തതാണ്.

ഉമ്മൻ ചാണ്ടി | ഫോട്ടോ: മുഹമ്മദ് ഷഹീർ മാതൃഭൂമി

ചെന്നൈ: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ്. അധികാരം തിരിച്ചുപിടിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ''ഭരണത്തുടര്‍ച്ച കിട്ടുമെന്ന് സി.പി.എമ്മും ഇടതു മുന്നണിയും വ്യാമോഹിക്കുകയാണ്. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ ദുഷ്ഫലങ്ങള്‍ അനുഭവിച്ച കേരള ജനത പിണറായി സര്‍ക്കാരിന് ഇനിയുമൊരു അവസരം നല്‍കില്ല.'' ചെന്നൈയില്‍ ഡി.എം.കെ. - കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചയ്ക്കായി എത്തിയ ഉമ്മന്‍ ചാണ്ടി മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

ആദ്യ ഭാഗം- കേരളത്തിന്റെ മണ്ണില്‍ ബി.ജെ.പിക്ക് വളരാനാവില്ല: ഉമ്മന്‍ ചാണ്ടി

സി.പി.എം. വലിയ ആത്മവിശ്വാസത്തിലാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായി ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് സി.പി.എം. പറയുന്നത്. അടിത്തട്ടില്‍ ജനങ്ങള്‍ സംതൃപ്തരാണെന്നും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നുമാണ് സി.പി.എം. നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?

ഇതില്‍കൂടുതല്‍ എന്ത് ഭരണവിരുദ്ധ വികാരമാണ് വേണ്ടത്. പത്രങ്ങളില്‍ കൊടുക്കുന്ന പരസ്യങ്ങള്‍കൊണ്ട് ജനങ്ങളില്‍ മാറ്റമുണ്ടാക്കാനാവില്ല. എല്ലാ രംഗത്തും പരാജയപ്പെട്ട സര്‍ക്കാരാണിത്. പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം നോക്കാം. പിണറായി സര്‍ക്കാര്‍ വിളിച്ചു വരുത്തിയ സമരമാണിത്. യു.ഡി.എഫിന്റെ കാലത്ത് അഞ്ച് കൊല്ലവും തുടര്‍ന്ന ഒരു രീതിയുണ്ട്. ഒരിക്കല്‍പോലും ഒരു പ്രശ്നവുമുണ്ടായില്ലല്ലോ! പകരം ലിസ്റ്റ് വരാതെ പി.എസ്.സി. ലിസ്റ്റ് കാന്‍സലാവാന്‍ സമ്മതിക്കില്ല. ഒരു നിവേദനം പോലുമില്ലാതെ റാങ്ക് ലിസ്റ്റ് നീട്ടിയിട്ടുണ്ട്. ചെറുപ്പക്കാര്‍ എന്തുമാത്രം കഷ്ടപ്പെട്ടിട്ടാണ് റാങ്ക് ലിസ്റ്റില്‍ ഇടം നേടുന്നത്. അവര്‍ക്ക് ലഭിക്കേണ്ട അവസരങ്ങള്‍ അവര്‍ക്ക് കിട്ടണം. ഒരു ലിസ്റ്റിന്റെ കാലാവധി മൂന്നു കൊല്ലം വരെയാണ്. മൂന്നു കൊല്ലം കഴിഞ്ഞ് പകരം ഒരു ലിസ്റ്റ് വന്നാല്‍ പിന്നെ ആ ലിസ്റ്റിലുള്ളവര്‍ക്കാണ് അവകാശം. എന്നാല്‍ മൂന്നു കൊല്ലം കഴിഞ്ഞിട്ടും പകരം ലിസ്റ്റ് വന്നിട്ടില്ലെങ്കില്‍ പുതിയ ലിസ്റ്റ് വരുന്നതുവരെയോ ഒന്നരക്കൊല്ലം കൂടിയോ പഴയ ലിസ്റ്റിന് സാധുതയുണ്ട്. ഇത് ഒരിക്കല്‍പോലും യു.ഡി.എഫ്. വേണ്ടെന്നു വെച്ചിട്ടില്ല. 147 ലിസ്റ്റിന്റെ വിശദാംശങ്ങള്‍ ഞാന്‍ കൊടുത്തു. പക്ഷേ, 147 ലിസ്റ്റും പകരം ലിസ്റ്റില്ലാതെ ഈ സര്‍ക്കാര്‍ റദ്ദാക്കി. എന്നു മാത്രമല്ല, ഈ കാന്‍സലേഷനു ശേഷം രണ്ടു കൊല്ലത്തോളമായിട്ടും പുതിയ ലിസ്റ്റ് വന്നിട്ടില്ല. ഈ 147-ല്‍ 49 ലിസ്റ്റിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ എനിക്ക് കിട്ടിയിട്ടുള്ളത്. ഇവയില്‍ 880 ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ലിസ്റ്റുണ്ടായിരുന്നെങ്കില്‍ 880 പേര്‍ക്ക് ഇപ്പോള്‍ ജോലി കിട്ടുമായിരുന്നു. എന്തൊരു ക്രൂരതയാണ് ഈ സര്‍ക്കാര്‍ തൊഴില്‍രഹിതരായ ചെറുപ്പക്കാരോട് കാട്ടുന്നത്. ഇതാണോ പിണറായി സര്‍ക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധത?

പ്രചാരണങ്ങളില്‍ അഭിരമിക്കുന്ന സര്‍ക്കാരാണിത്. ആരോഗ്യമേഖലയില്‍ വലിയ നേട്ടമുണ്ടാക്കിയെന്നാണ് പ്രചാരണം. 2011-ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്ത് അഞ്ച് മെഡിക്കല്‍ കോളേജുകളാണ് ഉണ്ടായിരുന്നത്. അന്ന് യു.ഡി.എഫ്. സര്‍ക്കാര്‍ എടുത്ത ഒരു തീരുമാനം എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുമെന്നായിരുന്നു. 2011-നും 16-നുമിടയില്‍ മൂന്ന് പുതിയ മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തനം തുടങ്ങി. ബാക്കി ആറു മെഡിക്കല്‍ കോളേജകുള്‍ക്കുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. ഇവര്‍ 2016-ല്‍ വന്നതിനു ശേഷം ഒരു മെഡിക്കല്‍ കോളേജു പോലും പൂര്‍ത്തിയാക്കാനായിട്ടില്ല. പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ കിട്ടണമെങ്കില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ തന്നെ വേണം. ഇന്നിപ്പോള്‍ ലോകത്തെവിടെ കിട്ടുന്ന ചികിത്സയും കേരളത്തില്‍ കിട്ടും.പക്ഷേ, സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് അതിന്റെ പ്രയോജനമില്ല. അതുകൊണ്ടാണ് എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും 14 ജില്ലകളിലും മെഡിക്കല്‍ കോളേജ് വേണമെന്ന് യു.ഡി.എഫ്. സര്‍ക്കാര്‍ നിര്‍ബ്ബന്ധം പിടിച്ചത്. എന്നാല്‍, ഈ സര്‍ക്കാരിന് ഒന്നും ചെയ്യാനായില്ല. യു.ഡി.എഫ്. തുടങ്ങിയതുകൂടി തല്ലിത്തകര്‍ക്കുകയാണ് ഇവര്‍ ചെയ്തിരിക്കുന്നത്. കാരുണ്യ ബെനവലന്റ് ഫണ്ട്, കാരുണ്യ ലോട്ടറി, 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ ചികിത്സ, കേള്‍വിശക്തി തിരിച്ചുകിട്ടുന്നിനുള്ള ശസ്ത്രക്രിയ പദ്ധതി... ഇതെല്ലാം തകിടം മറിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്.

പക്ഷേ, നിപ്പയും കൊറോണയുമൊക്കെ ഉയര്‍ത്തിയ പ്രതിസന്ധികള്‍ ഫലപ്രദമായി കൈകാര്യം ചെയ്തുവെന്നാണ് പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്?

കൊറോണയുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? ഇന്ത്യയില്‍ ഇപ്പോള്‍ രണ്ട് സംസ്ഥാനങ്ങളിലാണ് കോവിഡ് 19 ബാധിതരുടെ എണ്ണം കൂടുതലുള്ളത്. ബാക്കിയെല്ലായിടത്തും രോഗബാധിതരുടെ എണ്ണം കുറഞ്ഞു. വെറും അവകാശവാദങ്ങള്‍ മാത്രമേ ഈ സര്‍ക്കാരിന്റെ കൈയ്യിലുള്ളൂ. ഏതു സര്‍ക്കാരിനും അഞ്ച് കൊല്ലം പൂര്‍ത്തിയാക്കുമ്പോള്‍ എന്തെങ്കിലും നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടാവും. ഈ സര്‍ക്കാരിന് അങ്ങിനെ ഉയര്‍ത്തിക്കാട്ടാന്‍ എന്താണുള്ളത്? കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കൊച്ചി മെട്രൊ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, എറണാകുളം സ്മാര്‍ട്ട് സിറ്റി തുടങ്ങിയവ നിലവില്‍ വന്നത്. ഇവരുടെ കാലത്ത് സ്വജനപക്ഷപാദവും അഴിമതികളുമല്ലാതെ മറ്റെന്താണുള്ളത്? രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഒന്നിനു പോലും ഈ സര്‍ക്കാരിന് തൃപ്തികരമായ മറുപടി നല്‍കാനായിട്ടില്ല. വസ്തുതകളില്‍ അധിഷ്ഠിതമായതും കേന്ദ്ര സര്‍ക്കാര്‍ പോലും അംഗീകരിച്ചതുമായ ആരോപണങ്ങളാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പിലെ ഫലം നിയമസഭ തിരഞ്ഞെടുപ്പുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ല. രണ്ടും രണ്ടാണ്. പ്രാദേശിക പ്രശ്നങ്ങളും സ്ഥാനാര്‍ത്ഥികളുമാണ് ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകം. പൊതുവെ ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ഒരടി പിന്നിലായിരിക്കും. 2015-ലെ തിരഞ്ഞെടുപ്പ് ഫലത്തിനു സമാനമായ ഫലമാണ് ഇക്കുറിയുണ്ടായത്.

2016-ല്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഇടതു മുന്നണിക്ക് അനുകൂലമായുണ്ടായെന്നും അത് ഇക്കുറി ആവര്‍ത്തിക്കുമെന്നുമാണ് സി.പി.എം. പറയുന്നത് ?

2016-നു ശേഷമാണ് 2019 വന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളം ആരുടെകൂടെയാണ് നിന്നത്? അന്നും ഇതേ അവകാശവാദമാണ് ഇടതുമുന്നണി ഉന്നയിച്ചത്. 2004 ആവര്‍ത്തിക്കുമെന്നാണ് പറഞ്ഞത്. 2004-ല്‍ അവര്‍ക്ക് 18 സീറ്റുകള്‍ കിട്ടിയിരുന്നു. എന്നിട്ടെന്തുണ്ടായി? 20-ല്‍ 19 യു.ഡി.എഫിന് കിട്ടി.

ലീഗിനെ മുന്‍നിര്‍ത്തി സി.പി.എം. കോണ്‍ഗ്രസിനെതിരെ നടത്തുന്ന പ്രചാരണപരിപാടികളെ എങ്ങിനെയാണ് കാണുന്നത്?

അത് അവര്‍ക്കു തന്നെ തിരിച്ചടിയാവുകയാണ്. സ്വന്തം പാര്‍ട്ടി സെക്രട്ടറിയെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് തിരുത്തേണ്ടി വന്നില്ലേ? പാര്‍ട്ടി സെക്രട്ടറി എന്താണ് പറഞ്ഞത്? ഞാനും രമേശ് ചെന്നിത്തലയും കൂടി പാണക്കാട്ട് പോയി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടതിനെ വര്‍ഗീയവത്ക്കരിക്കാനാണ് ശ്രമിച്ചത്. പാണക്കാട് തങ്ങളുമായും മുസ്ലിം ലീഗുമായും കോണ്‍ഗ്രസിനുള്ള ബന്ധം എത്രയോ കാലമായുള്ളതാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായറിയാവുന്ന ബന്ധമാണിത്. അതില്‍ വര്‍ഗീയത കാണാനാണ് സി.പി.എം. ശ്രമിച്ചത്. പക്ഷേ, ഒടുവില്‍ സ്വന്തം പാര്‍ട്ടി സെക്രട്ടറിയെതന്നെ തിരുത്താന്‍ സി.പി.എം. നിര്‍ബ്ബന്ധിതമായി. കേരളത്തില്‍ വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ ആരെങ്കിലും നേട്ടമുണ്ടാക്കാന്‍ നോക്കിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തിരിച്ചടിയേ ഉണ്ടായിട്ടുള്ളു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യ കേരള യാത്ര സമാപിച്ചിരിക്കുകയാണ്. ഈ യാത്രയുടെ പശ്ചാത്തലത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സാദ്ധ്യതകളെക്കുറിച്ച് എന്തു പറയുന്നു?

വലിയ ജനപങ്കാളിത്തമാണ് രമേശ് ചെന്നിത്തലയുടെ യാത്രയിലുണ്ടായത്. പല രാഷ്ട്രീയ പ്രചാരണ യാത്രകളും കേരളത്തിലുണ്ടായിട്ടുണ്ട്. അവയില്‍ നിന്നൊക്കെ വ്യത്യസ്തമായി ജനങ്ങളുടെ അഭൂതപൂര്‍വ്വമായ പങ്കാളിത്തമാണ് രമേശിന്റെ യാത്രയിലുണ്ടായത്. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രവര്‍ത്തകര്‍ മാത്രമല്ല ജനസമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ളവര്‍ സ്വയം യാത്രയില്‍ ഭാഗഭാക്കാവുന്ന സ്ഥിതിവിശേഷമാണുണ്ടായത്. യു.ഡി.എഫ്. ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കുകയാണെന്നാണ് ഐശ്വര്യ കേരള യാത്ര വ്യക്തമാക്കിയത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനവികാരം അലയടിക്കുന്നതാണ് കണ്ടത്. അതൊരു ട്രെന്‍ഡായിരുന്നു. വലിയൊരു ജനമുന്നേറ്റം. ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമാണ് ഐശ്വര്യ കേരള യാത്ര പകര്‍ന്നു തന്നിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഇതിന്റെ ഫലം ഉറപ്പായും ഉണ്ടാവും.കേരളത്തില്‍ അടുത്ത സര്‍ക്കാര്‍ രൂപവത്കരിക്കുന്നത് യു.ഡി.എഫായിരിക്കും.

Content Highlights: Communal politics will backlash CPM. says OOmmen Chandy, former Chief Minister

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram