കുമ്മനം രാജശേഖരൻ. ഫോട്ടോ പ്രവീൺദാസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. അത് പാര്‍ട്ടി നിശ്ചയിക്കേണ്ട കാര്യമാണ്. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കണം. കമ്മിറ്റിയാണ് 140 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. അതാണ് ഭരണഘടനയില്‍ പറയുന്നത്. പാര്‍ട്ടി നിശ്ചയിക്കട്ടെ അപ്പോള്‍ അതിന്റെ മറുപടി പറയാമെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
14 മണ്ഡലങ്ങളുണ്ട് തിരുവനന്തപുരം ജില്ലയില്‍. ഇവിടെ 14 ഇടത്തും ബിജെപി ജയിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ഞാന്‍. 30,000 ല്‍ പരം വോട്ടുകള്‍ ഈ 14 മണ്ഡലങ്ങളിലും കിട്ടിയിട്ടുണ്ട്. ഇവിടെയെല്ലാം വിജയിക്കാനാകുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അവിടെയൊക്കെ വിജയിക്കാന്‍ അധിക വോട്ടുകളൊന്നും ഇനി ആവശ്യമില്ല. ഇനിയുള്ള ദിവസങ്ങളില്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ അവതരിപ്പിച്ച്, ചിട്ടയായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെയെല്ലാം വളരെ സ്വീകാര്യമാണ് ഇന്ന് ബിജെപി. എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ വലിയൊരു ജനവികാരം കേരളത്തിലുണ്ട്. പ്രത്യേകിച്ച് തിരുവനന്തപുരത്തുണ്ട്. തീര്‍ച്ചയായും 14 മണ്ഡലങ്ങളിലും ബിജെപിക്ക് വിജയിക്കാന്‍ സാധിക്കും.
മാറ്റത്തിനുവേണ്ടിയുള്ള ജനങ്ങളുടെ വലിയൊരു പടപ്പുറപ്പാടാണ് ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നത്. തീര്‍ച്ചയായും അത് എന്‍ഡിഎയുടെ വിജയത്തിന് വഴിയൊരുക്കും. ശബരിമല പ്രക്ഷോഭത്തില്‍ ചില ശരികളുള്ളതുകൊണ്ടാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്നും എന്നാല്‍ അതിനെ മറയാക്കി രാജ്യത്തിനെതിരായ സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നത് ക്രൂരമാണെന്നും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണ രൂപം വായിക്കാം
നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്, മത്സരിക്കുമോ?
അത് പാര്‍ട്ടി നിശ്ചയിക്കേണ്ട കാര്യമാണ്. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കണം. കമ്മിറ്റിയാണ് 140 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. അതാണ് ഭരണഘടനയില്‍ പറയുന്നത്. പാര്‍ട്ടി നിശ്ചയിക്കട്ടെ അപ്പോള്‍ അതിന്റെ മറുപടി പറയാം.
പ്രവര്‍ത്തകരില്‍ നല്ലൊരു വിഭാഗം താങ്കള്‍ മത്സരിക്കണമെന്ന് അഭിപ്രായപ്പെടുന്നു, അവരുടെ വികാരം കണക്കിലെടുത്ത് പാര്‍ട്ടി ഒരു തീരുമാനം കൈക്കൊള്ളുമോ?
എല്ലായിടത്തും ജനങ്ങള്‍ പലരുടെയും പേരുകള്‍ പറയും. എന്നാല്‍ പ്രവര്‍ത്തകരുടെയുള്‍പ്പെടെ എല്ലാവരുടെയും അഭിപ്രായം തേടിയതിന് ശേഷം മാത്രമേ നേതൃത്വം സ്ഥാനാര്‍ഥിയെ നിശ്ചയിക്കു. സ്ഥാനാര്‍ഥി പട്ടിക തീരുമാനിച്ചുകഴിഞ്ഞാല്‍ അതംഗീകരിച്ചുകൊണ്ട് പ്രവര്‍ത്തകരെല്ലാം ഒറ്റക്കെട്ടായി മുന്നോട്ടുപോകും.
കഴിഞ്ഞ തവണ പാര്‍ട്ടിക്ക് ലഭിച്ചത് ഒരു സീറ്റ്, അതേസ്ഥലത്ത് നേമത്ത് മത്സരിക്കുന്നുവെന്ന പ്രചാരണങ്ങളെക്കുറിച്ച്?
നേമത്ത് ബിജെപിക്ക് സ്ഥാനാര്‍ഥിയുണ്ടാകും. ആ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ഞാന്‍ പ്രവര്‍ത്തിക്കും. 14 മണ്ഡലങ്ങളുണ്ട് തിരുവനന്തപുരം മണ്ഡലത്തില്‍. ഇവിടെ 14 ഇടത്തും ബിജെപി ജയിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ഞാന്‍. 30,000 ല്‍ പരം വോട്ടുകള്‍ ഈ 14 മണ്ഡലങ്ങളിലും കിട്ടിയിട്ടുണ്ട്. ഇവിടെയെല്ലാം വിജയിക്കാനാകുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അവിടെയൊക്കെ വിജയിക്കാന്‍ അധിക വോട്ടുകളൊന്നും ഇനി ആവശ്യമില്ല. ഇനിയുള്ള ദിവസങ്ങളില്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ അവതരിപ്പിച്ച്, ചിട്ടയായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെയെല്ലാം വളരെ സ്വീകാര്യമാണ് ഇന്ന് ബിജെപി. എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ വലിയൊരു ജനവികാരം കേരളത്തിലുണ്ട്. പ്രത്യേകിച്ച് തിരുവനന്തപുരത്തുണ്ട്. തീര്‍ച്ചയായും 14 മണ്ഡലങ്ങളിലും ബിജെപിക്ക് വിജയിക്കാന്‍ സാധിക്കും.
കേരളത്തിലെ രാഷ്ട്രീയത്തെ എങ്ങനെയാണ് വിലയിരുത്തുന്നത് ?
കേരള രാഷ്ട്രീയം ഒരു വഴിത്തിരിവിന്റെ ഘട്ടത്തിലാണുള്ളത്. നാളിതുവരെ 64 വര്‍ഷമായി ഭരിച്ചവരാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും. 64 വര്‍ഷം കൊണ്ട് കേരളത്തെ കുട്ടിച്ചോറാക്കി രണ്ട് മുന്നണികളും. ജനങ്ങളിന്നത് തിരിച്ചറിയുന്നു. ആ തിരിച്ചറിവില്‍ നിന്നൊരു മാറ്റത്തിന്റെ അടങ്ങാത്ത ദാഹം ജനങ്ങളില്‍ കാണാം. അതുകൊണ്ടൊരു മാറ്റമുണ്ടാകും. മാറ്റമുണ്ടായെ പറ്റു. മാറ്റത്തിനുവേണ്ടിയുള്ള ജനങ്ങളുടെ വലിയൊരു പടപ്പുറപ്പാടാണ് ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നത്. തീര്‍ച്ചയായും അത് എന്‍ഡിഎയുടെ വിജയത്തിന് വഴിയൊരുക്കും.
മുസ്ലിം ലീഗ് വര്‍ഗീയ കക്ഷിയാണെന്ന തരത്തിലുള്ള സിപിഎം പ്രചാരണങ്ങളെ എങ്ങനെ കാണുന്നു?
സിപിഎം മുസ്ലീം ലീഗിനെതിരാണ് കോണ്‍ഗ്രസിനെതിരാണ് എന്നൊക്കെ പറയുന്നു. ഇതെല്ലാമൊരു ഒത്തുകളിയാണ്. യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൂട്ടുകൂടുന്നു. എല്‍ഡിഎഫ് ആണെങ്കില്‍ എസ്.ഡി.പി.ഐയെ കൂട്ടുപിടിക്കുന്നു. അങ്ങനെ രണ്ടുകൂട്ടരും തീവ്രവാദ പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ചാണ് ബിജെപിയെ നേരിടാന്‍ ശ്രമിക്കുന്നത്. മുസ്ലീം വോട്ട് കിട്ടും എന്ന് കരുതിയാണ് രണ്ടുകൂട്ടരും ഇത് ചെയ്യുന്നത്. അതവരുടെ കാര്യം. ബിജെപിയെ സംബന്ധിച്ച് മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും വോട്ട് കിട്ടും. കാരണം ഒരു വിഭാഗീയതയേയോ തീവ്രവാദത്തെയോ പ്രോത്സാഹിപ്പിച്ചുകൊണ്ടല്ല ബിജെപി പ്രവര്‍ത്തിക്കുന്നത്.
വിവാദങ്ങള്‍ ബിജെപിയെ സഹായിക്കാനാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത് ?
കോണ്‍ഗ്രസ് ഇങ്ങനെ പലതും പറയും, സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ചാണ് എന്ന്. പക്ഷെ യാഥാര്‍ഥ്യമെന്താണ്, സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. രാഹുല്‍് ഗാന്ധി വന്നു. അദ്ദേഹം വന്നത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്. അവിടെയൊക്കെ ആര്‍ക്കൊപ്പമാണ് കൂട്ടുകെട്ടുണ്ടാക്കിയത്. ബംഗാളില്‍ സിപിഎമ്മിനൊപ്പം കൂട്ടുകെട്ടുണ്ടാക്കിയത് പ്രസംഗിച്ചിട്ടാണ് ഇവിടെ വരുന്നത്. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടില്‍ മുസ്ലീം ലീഗിനൊപ്പം രാഷ്ട്രീയ പ്രചാരണം നടത്തുന്ന സിപിഎമ്മിന് ഇത് പറയാന്‍ എന്തധികാരം. ബിജെപിക്ക് ഒറ്റ നിലപാടേയുള്ളു. കോണ്‍ഗ്രസും സിപിഎമ്മും ജനശത്രുക്കളാണ് എന്നുള്ളതാണ്.
സിപിഎം- കോണ്‍ഗ്രസ് വിമുക്ത സംസ്ഥാനമായി മാറുക എന്നതാണ് കേരളത്തിന് ഇന്ന് ആവശ്യമായത്. അത് നേടിയെടുക്കാന്‍ ബിജെപിക്കേ കഴിയു. സിപിഎമ്മും കോണ്‍ഗ്രസും എങ്ങനെയുള്ളവരാണെന്ന്് ഈ നാട്ടുകാര്‍ കണ്ടതാണ്. സിപിഎമ്മും മുസ്ലീം ലീഗും ഒരുമിച്ച് ഭരിച്ചതല്ലെ. അങ്ങനെ എത്രയോ കാലം അവര്‍ സഹകരിക്കുകയും ഒരുമിച്ച് മുന്നണിയുണ്ടാക്കുകയും ചെയ്തു. പക്ഷെ ഇവിടെ രാഷ്ട്രീയ വിശുദ്ധി കാത്തുസൂക്ഷിച്ച പ്രസ്ഥാനമാണ് ബിജെപിയും എന്‍ഡിഎയും. ആശയ ആദര്‍ശത്തിന്റെ രാഷ്ട്രീയമാണ് ബിജെപി ഉയര്‍ത്തിപ്പിടിക്കുന്നത്. അതുകൊണ്ട് ആശയവും ആദര്‍ശവും കൈവിട്ടുകൊണ്ടുള്ള ഒരു കൂട്ടുകെട്ടിനും ബിജെപി തയ്യാറല്ല.
ദേശീയ ധാരയെ അംഗീകരിക്കാന്‍ തയ്യാറായാല്‍ ലീഗിനെയും ഉള്‍ക്കൊള്ളുമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു?
ആ നിലപാട് പറയേണ്ടത് ലീഗാണ്. ഞാനല്ലല്ലോ. അവരുടെ നിലപാടെന്താണെന്ന് ലീഗ് തന്നെ പറയട്ടെ. ബിജെപിയെയും മോദി സര്‍ക്കാരിനെയും അംഗീകരിക്കാന്‍ തയ്യാറുള്ളവരാണ് എന്‍ഡിഎയിലേക്ക് വരാന്‍ തയ്യാറാകുന്നത്. അങ്ങനെ ബിജെപിയുടെ ആശയത്തെയും മോദി സര്‍ക്കാരിനെയും അംഗീകരിക്കുന്ന ഒപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ആര്‍ക്കും ഘടക കക്ഷിയായി വരാമല്ലോ. അതൊരു കോമണ്‍ മിനിമം പ്രോഗ്രാമിനനുസരിച്ചാണ് മുന്നണി.
സിപിഎം- ബിജെപി ബാന്ധവമെന്ന ആരോപണങ്ങളെക്കുറിച്ച് എന്ത് പറയുന്നു ?
അവര്‍ക്ക് മാത്രമേ പരസ്പരം സഹായിക്കാനും സഹകരിക്കാനും സാധിക്കുവെന്നത് അവരുടെ ജനിതകമാണ്. അവരുടെ ജാതകത്തില്‍ അങ്ങനെയുണ്ട്. കാരണം ആ പാര്‍ട്ടികളെല്ലാം വളര്‍ന്നതും പരസ്പരം സഹകരിച്ചും സഹായിച്ചുമാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ അവര്‍ കൂട്ടുകെട്ടുണ്ടാക്കുമെന്നത് ആര്‍ക്കും മനസിലാക്കാവുന്നതാണ്. അത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് വ്യക്തമായതാണ്. ബിജെപിയുടെ വോട്ട് എല്ലാ കാലത്തും കൂടിയിട്ടേയുള്ളു. അതിനിയും കൂടും.
അതേസമയം എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ട് കുറയുകയാണ്. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് തോറ്റത് എങ്ങനെയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എന്നെ തോല്‍പ്പിക്കാന്‍ വേണ്ടിയല്ലെ സി. ദിവാകരന്റെ വോട്ട് ശശി തരൂരിന് കൊടുത്തത്. ഇതൊക്കെ നാട്ടിലെ ജനങ്ങള്‍ക്ക് നന്നായിട്ടറിയാം. എല്ലാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫും യുഡിഎഫും ബിജെപിയെ തോല്‍പിക്കാന്‍ വേണ്ടി പരസ്പരം വോട്ട് മറിച്ചുകൊടുക്കുന്നുണ്ട്. ഇതൊക്കെ ജനങ്ങള്‍ക്ക് നന്നായി അറിയാം. ഈ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കേരളത്തില്‍ നടക്കാന്‍ തുടങ്ങിയിട്ട് നാളുകുറെയായി.
പ്രാദേശിക തലത്തില്‍ അല്ലാതെ സംസ്ഥാന ഭരണം പിടിക്കാന്‍ തക്ക ശക്തി കേരളത്തില്‍ ബിജെപിക്ക് ഇപ്പോഴുണ്ടെന്ന് കരുതുന്നുണ്ടോ
തീര്‍ച്ചയായും കഴിയും. രണ്ട് പ്രബല മുന്നണികളോട് ഏറ്റുമുട്ടിയാണ് എന്‍ഡിഎ കേരളത്തില്‍ മത്സരിക്കുന്നത്. രണ്ടുമുന്നണികളും 64 വര്‍ഷത്തോളമായി കേരളത്തിന്റെ ഭരണ രംഗത്തുണ്ടായിരുന്നവരാണ്. ഒന്നുകില്‍ ഭരിക്കും അല്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും. ഈ രണ്ട് പ്രബലമുന്നണികള്‍ക്കിടയില്‍ കൂടി കയറിവരാന്‍ കുറച്ച് കാലതാമസം എടുക്കും. പക്ഷെ ഇപ്പോഴത് വളരെ വേഗത്തിലായി. ബിജെപിയുടെ വളര്‍ച്ച എന്നത് 'സ്റ്റെഡി ബട്ട് സ്ലോ' എന്ന രീതിയിലാണ്. ആ വളര്‍ച്ച ഇപ്രാവശ്യം കുറേക്കൂടി കൂടും. അപ്പോള്‍ ഒരു നിര്‍ണായക ശക്തിയാകും. എല്‍ഡിഎഫിനും യുഡിഎഫിനും ബദലായി ഒരു നിര്‍ണായക ശക്തിയാകാന്‍ പോവുകയാണ് എന്‍ഡിഎ. മുന്നണിക്ക് ജനസ്വാധീനം വര്‍ധിച്ച് വരികയാണ്.
കേരളത്തില്‍ പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള മണ്ഡലങ്ങള്‍ ഏതൊക്കെയാണ്?
140 മണ്ഡലങ്ങളിലും മത്സരിക്കുന്നത് വിജയിക്കാനാണ്. അതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ജയിക്കുന്നതേത് തോല്‍ക്കുന്നതേത് എന്ന് ഒരിക്കലും പറയില്ല. വിജയ പ്രതീക്ഷയുണ്ട്. കാരണം വെറും പൂജ്യത്തില്‍ നിന്ന് വളര്‍ന്നുവന്ന പ്രസ്ഥാനമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരോ മണ്ഡലത്തിലും നല്ല പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. എല്ലാ ബൂത്തുകളിലും കമ്മിറ്റി ആയി കഴിഞ്ഞു. അത്രയ്ക്ക് ആസൂത്രിതവും സുസംഘടിതവും ആത്മാര്‍ഥവുമായി സംഘടനാ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. അതുകൊണ്ട് നല്ല പ്രതീക്ഷയുണ്ട്.
ഒരു ശതമാനം വോട്ടുണ്ടായിരുന്ന ത്രിപുരയില്‍ ബിജെപി ഭരണം പിടിച്ചു, അതിലും വോട്ടുള്ള കേരളത്തിലെന്തുകൊണ്ടാണ് താമസിക്കുന്നത്?
ഇവിടെയും ഒരു ശതമാനം പോലും വോട്ടുണ്ടായിരുന്നില്ല ബിജെപിക്ക്. 1980 ലാണ് ബിജെപി ഉണ്ടാകുന്നത്. അന്ന് കിട്ടിയിരുന്ന വോട്ട് വളരെ പരിമിതമായിരുന്നു. അതില്‍ നിന്നാണ് ഇപ്പോഴത്തെ വളര്‍ച്ച. ത്രിപുരയിലും അങ്ങനെയായിരുന്നു. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലും അങ്ങനെയാണ്. ബംഗാളിലെ സ്ഥിതിയെന്താണ്. ഇപ്പോളവിടുത്തെ ഏറ്റവും ഉജ്വലമായ പ്രസ്ഥാനം ബിജെപിയാണ്. ബീഹാറില്‍, കര്‍ണാടകത്തില്‍ ഒക്കെ ഇങ്ങനെയാണ്. സിപിഎമ്മും കോണ്‍ഗ്രസും ഒക്കെ പ്രാദേശിക കക്ഷിയായി. പ്രാദേശിക കക്ഷിയെന്ന് പറയാന്‍ പോലും സാധിക്കാത്ത തരത്തില്‍ ലോക്കല്‍ കക്ഷിയായി മാറി.
ബിജെപി അങ്ങനെയല്ല. വര്‍ഗീയ പാര്‍ട്ടിയെന്നാണല്ലോ ബിജെപിയെ ആക്ഷേപിക്കുന്നത്. അങ്ങനെയെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ബിജെപിയാണ്. ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള ഗോവയില്‍ ഭരിക്കുന്നത് ബിജെപിയാണ്. അങ്ങനെയുള്ള പാര്‍ട്ടിയെ നോക്കിയാണ് വര്‍ഗീയ പാര്‍ട്ടി, തീവ്രവാദ പാര്‍ട്ടി, മുസ്ലീങ്ങള്‍ക്കും ക്രിസ്്ത്യാനികള്‍ക്കും എതിരാണ്, പള്ളി പൊളിക്കും ഇതൊക്കെയല്ലെ പ്രചരിപ്പിക്കുന്നത്. ഇതൊക്കെ ഈ നാട്ടിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്കും മുസ്ലീങ്ങള്‍ക്കും അറിയാം ആരാണവരുടെ ശത്രുവെന്നത്.
താങ്കളുടെ കാലത്താണ് ബിഡിജെഎസുമായി ബിജെപി സഖ്യമുണ്ടാക്കിയതും എന്‍ഡിഎ മുന്നണി എന്ന നിലയില്‍ കേരളത്തില്‍ തിരഞ്ഞെടുപ്പുകളെ നേരിടാന്‍ തുടങ്ങിയതും, ഇത്രയും കാലത്തിനിടയില്‍ മുന്നണിയുടെ സാധ്യതകള്‍ എത്രത്തോളമുണ്ട്.
ഞാന്‍ പറഞ്ഞല്ലോ, എന്‍ഡിഎയ്ക്കാണ് സാധ്യത. എല്ലാ വിഭാഗത്തിലും വരുന്ന ജനങ്ങള്‍ കൈകോര്‍ത്ത് പിടിച്ച് എന്‍ഡിഎയ്ക്കൊപ്പം നില്‍ക്കുന്നുണ്ട്. ബിഡിജെഎസ്, കേരളാ കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി പ്രസ്ഥാനങ്ങളുണ്ട്. അവരൊക്കെ വ്യത്യസ്ത മേഖലകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ്. എന്‍ഡിഎയ്ക്കും അധികാരത്തില്‍ വരാന്‍ കഴിയും. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ആര്‍ജിക്കാന്‍ കഴിയുന്ന പ്രബലമായ രാഷ്ട്രീയ മുന്നണിയാണിതെന്ന് ഈ തിരഞ്ഞെടുപ്പില്‍ തെളിയിക്കപ്പെടും.
Content Highlights: BJP hopefull in Kerala election