എ. വിജയരാഘവൻ| Photo: Mathrubhumi
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ നേടിയത് ചരിത്രജയമെന്ന് സി.പി.എം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. വികസനമുന്നേറ്റം തടയാന്‍ കേന്ദ്ര ഏജന്‍സികള്‍ വരെ ശ്രമം നടത്തി. കുപ്രചരണങ്ങളെ മറികടക്കാന്‍ ജനങ്ങളാണ് കരുത്തുനല്‍കിയത്. ബി.ജെ.പിയുടെ വോട്ട് നേടിയിട്ടും യു.ഡി.എഫ്. തകര്‍ന്നടിഞ്ഞെന്നും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിങ് മുഖാന്തരം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ച്ച ഇല്ലാതാക്കാന്‍ വിമോചന സമരശക്തികളുടെ വലിയ ഏകോപനമുണ്ടായി. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെപിയും ജമാ അത്തെ ഇസ്ലാമിയും ലീഗും ചില സാമുദായിക സംഘടനകളും പ്രതിലോമ ചേരിയായി അണിനിരന്ന് പ്രവര്‍ത്തിച്ചു. പക്ഷെ കേരള ജനത അത് നിരാകരിച്ചു- വിജയരാഘവന്‍ പറഞ്ഞു.
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് ദേശീയതലത്തിലും പ്രസക്തിയുണ്ട്. ആഗോളവത്കരണത്തിന്റെ സാമ്പത്തിക നയത്തെ എല്ലാ പൂര്‍ണതയോടും കൂടി നടപ്പിലാക്കുകയാണ് ബി.ജെ.പി. സാധാരണ ജനങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന് അവര്‍ ശ്രദ്ധിക്കുന്നേയില്ല. കോര്‍പറേറ്റ് താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന അജണ്ടകള്‍ക്ക് മുന്‍ഗണന നല്‍കുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ ദുരിതവും ഇന്ത്യയുടെ ദാരിദ്ര്യവും അത് വലിയ തോതില്‍ വര്‍ധിപ്പിച്ചു. കോവിഡ് മഹാരോഗത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുന്നതിന് നാം സാക്ഷികളായി. ആ സാമ്പത്തിക നയത്തോടൊപ്പം തീവ്ര ഹിന്ദുത്വ വര്‍ഗീയതെയ രാജ്യത്തിന്റെ മുഖമുദ്രയാക്കി മാറ്റിയെന്നും വിജയരാഘവന്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ബി.ജെ.പിക്ക് എതിരായ ശരിയായ രാഷ്ട്രീയ കാഴ്ചപ്പാട് ഉയര്‍ത്തി മുന്നോട്ടു പോകാന്‍, അതിന്റെ വര്‍ഗപരമായ ഉള്ളടക്കം കൊണ്ടുതന്നെ സാധിക്കുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പും ആ തകര്‍ച്ചയുടെ വേഗത വര്‍ധിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഏഴാം തിയതി വൈകിട്ട് ഏഴുമണിക്ക് വീടുകളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ദീപശിഖ തെളിയിച്ച് വിജയഹ്ലാദം പങ്കിടാനാണ് എല്‍.ഡി.എഫ്. തീരുമാനിച്ചിരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. 17-ന് എല്‍.ഡി.എഫ്. യോഗം ചേരും. 18-ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മറ്റിയും ചേര്‍ന്ന് മന്ത്രിസഭാ രൂപവത്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
content highlights: historic victory-a vijayaraghavan on ldf's massive victory