സി.കെ. ജാനു |ഫോട്ടോ:മാതൃഭൂമി
സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ. വോട്ടില്‍ വന്‍ ചോര്‍ച്ച. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 27,920 വോട്ട് നേടിയ എന്‍.ഡി.എ.ക്ക് ഇത്തവണ 15,198 വോട്ടാണ് ലഭിച്ചത്. ഘടകകക്ഷിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷ സി.കെ. ജാനു തന്നെയായിരുന്നു 2016-ലും ഇവിടെ സ്ഥാനാര്‍ഥി. അതേ സ്ഥാനാര്‍ഥിയെത്തന്നെ വീണ്ടും കളത്തിലിറക്കിയപ്പോള്‍ 12,722 വോട്ടിന്റെ കുറവാണുണ്ടായത്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 9749 വോട്ടും ഇത്തവണ കുറഞ്ഞു.
വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷയുമായാണ് സി.കെ. ജാനു മണ്ഡലത്തില്‍ മത്സരത്തിനെത്തിയത്. പക്ഷേ, കഴിഞ്ഞ തവണത്തെ വോട്ടുപോലും നിലനിര്‍ത്താനായില്ല. ബി.ജെ.പി.യുടെ ശക്തികേന്ദ്രമായ സുല്‍ത്താന്‍ബത്തേരി മണ്ഡലത്തില്‍ ജാനുവിനെ മത്സരിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിനെതിരേ തുടക്കംമുതല്‍ പ്രദേശിക നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കുമിടയില്‍ വലിയ എതിര്‍പ്പുണ്ടായിരുന്നു.
ബി.ജെ.പി.യെ തള്ളിപ്പറഞ്ഞ് 2018-ല്‍ ജനാധിപത്യ രാഷ്ട്രീയപ്പാര്‍ട്ടി മുന്നണിവിട്ടുപോയതും ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫ്. വനിതാ മതിലില്‍ ജാനു പങ്കെടുത്തതുമാണ് ഇവര്‍ക്കുനേരേ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കിടയില്‍ വികാരമുണര്‍ത്തിയത്. എന്നാല്‍ സംസ്ഥാന നേതൃത്വം ശക്തമായ നിലപാടെടുത്തതോടെയാണ് ബി.ജെ.പി. നേതാക്കള്‍ ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങിയത്.
എന്നാല്‍ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും വലിയ സഹകരണമുണ്ടായില്ല. ഒരു വിഭാഗം നേതാക്കളും സജീവമായി പ്രവര്‍ത്തന രംഗത്തുണ്ടായില്ല. പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ മറികടക്കാന്‍, ജാനുവിനെ ബി.ജെ.പി.യുടെ താമര ചിഹ്നത്തില്‍ മത്സരിപ്പിക്കേണ്ടിവന്നു. താമര ചിഹ്നത്തിലല്ല ജാനു മത്സരിച്ചിരുതെങ്കില്‍ പതിനായിരത്തില്‍താഴെ വോട്ടുകള്‍പോലും നേടാനാവില്ലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.
ജാനു കഴിഞ്ഞതവണ മത്സരിക്കാനെത്തിയപ്പോഴുണ്ടായ അവേശം ഇത്തവണ എന്‍.ഡി.എ. ക്യാമ്പിലുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും പ്രചാരണ പരിപാടികളിലുമെല്ലാം പ്രവര്‍ത്തക പങ്കാളിത്തം ശുഷ്‌കമായിരുന്നു. ബി.ജെ.പി. നേതാക്കള്‍ക്കിടയിലെ ഗ്രൂപ്പ് പോരും ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏകോപനമുണ്ടായിരുന്നില്ല. ബത്തേരി മണ്ഡലത്തിലെ ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളായ പൂതാടിയിലും പുല്പള്ളിയിലും പോലും എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് കാര്യമായ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്. ജാനുവിന്റെ സ്ഥാനാര്‍ഥിത്വംകൊണ്ട് ബത്തേരി മണ്ഡലം കഴിഞ്ഞതവണ ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
2011 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.യുടെ സ്ഥാനാര്‍ഥികള്‍ പതിനായിരത്തില്‍താഴെമാത്രം വോട്ടുകള്‍ നേടിയിരുന്ന സ്ഥാനത്താണ് 2016-ല്‍ 27,920 വോട്ടുകള്‍ നേടി ജാനു വലിയ മുന്നേറ്റമുണ്ടാക്കിയത്.
മാനന്തവാടി മണ്ഡലത്തിലും ഇത്തവണ എന്‍.ഡി.എ.ക്ക് വോട്ട് കുറഞ്ഞിട്ടുണ്ട്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 3688 വോട്ടുകളാണ് ഇത്തവണ എന്‍.ഡി.എ.ക്ക് കുറഞ്ഞത്. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായ എസ്.ടി. മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദന്‍ 13,142 വോട്ടുകളാണ് നേടിയത്. 2016-ല്‍ 16,830 വോട്ടുകളാണ് ലഭിച്ചത്.
ഇവിടെ 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 5818 വോട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. ജില്ലയില്‍ കല്പറ്റ മണ്ഡലത്തില്‍ മാത്രമാണ് എന്‍.ഡി.എ.ക്ക് ചെറിയ മുന്നേറ്റമുണ്ടാക്കാനായത്.
ഇവിടെ സ്ഥാനാര്‍ഥിയായ ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ടി.എം. സുബീഷ് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ 1175 വോട്ടുകള്‍ അധികം നേടി. ഇത്തവണ 14,113 വോട്ടുകളാണ് ലഭിച്ചത്. 2016-ല്‍ 12,938 വോട്ടുകളാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി നേടിയത്. അതേസമയം 2020-ലെ തദ്ദേശതിരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 488 വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉള്‍പ്പെടെയുള്ള നേതാക്കളെ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ചിട്ടും വോട്ടുനിലയില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ എന്‍.ഡി.എ. നേതൃത്വത്തിനായില്ലെന്ന ആക്ഷേപമുണ്ട്.
വോട്ടുചോര്‍ച്ച മുന്നണിക്കുള്ളില്‍ ആഭ്യന്തരകലാപത്തിന് വഴിവെക്കുമെന്നാണ് സൂചന. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പി. പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടായില്ലെന്നും കാര്യമായ വോട്ടുചോര്‍ച്ചയുണ്ടായതായും ചൂണ്ടിക്കാട്ടി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മോറാഴ കഴിഞ്ഞയാഴ്ച ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കത്തയച്ചിരുന്നു.