-
തൃശ്ശൂര്‍: മാളയുടെ മുത്തായ കെ.കരുണാകരനെന്ന രാഷ്ട്രീയ ചാണക്യന്റെ പ്രതാപകാലം പൂരനാട്ടില്‍ യുഡിഎഫിന്റെയും പ്രതാപകാലമായിരുന്നു. കോണ്‍ഗ്രസ് ഗ്രൂപ്പുതര്‍ക്കങ്ങളില്‍ തകര്‍ന്നുതുടങ്ങിയതോടെയാണ് ജില്ലയില്‍ ചുവപ്പ് രാശി പടരുന്നത്. പതുക്കെ ഇടത് സ്ഥാനമുറപ്പിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ചുവന്നു.. തൃശ്ശൂരിലെ കുടമാറ്റം അവസാനലാപ്പിലേക്കെത്തുമ്പോള്‍ വടക്കുംനാഥ മൈതാനി സന്ധ്യാസൂര്യന്റെ കിരണങ്ങളേറ്റ് ചുവക്കുന്നതിനേക്കാള്‍ കടുപ്പത്തില്‍ തന്നെ. ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 43 വോട്ടെന്ന കുറഞ്ഞ ഭൂരിപക്ഷത്തിന് വടക്കാഞ്ചേരി മാത്രം കൈവിട്ടെങ്കിലും. എന്നാല്‍ ഇത്തവണ ഗ്രൂപ്പ് വൈരങ്ങളെ മാറ്റിവെച്ച് കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. ലോകസഭാ തിരഞ്ഞെടുപ്പ് വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ തന്നെയാണ് യുഡിഎഫിന്റെ തീരുമാനം. സംസ്ഥാനത്ത് ബിജെപിക്ക് പ്രതീക്ഷയുളള ജില്ലകളിലൊന്നാണ് തൃശ്ശൂര്‍.
ചേലക്കര, കുന്നംകുളം,ഗുരുവായൂര്‍, മണലൂര്‍, വടക്കാഞ്ചേരി, ഒല്ലൂര്‍, തൃശ്ശൂര്‍, നാട്ടിക, കൈപ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നിങ്ങനെ 13 മണ്ഡലങ്ങളാണ് ജില്ലയിലുളളത്. തൃശ്ശൂരും വടക്കാഞ്ചേരിയുമാണ് കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങള്‍. 91 മുതല്‍ 2011 വരെ തേറമ്പലിന്റെ വിജയക്കുതിപ്പായിരുന്നു. എതിരാളികള്‍ മാറി മാറി വന്നിട്ടും തേറമ്പലിനെ മുട്ടുകുത്തിക്കാനായില്ല. എന്നാല്‍ 2016-ല്‍ യുഡിഎഫ് നിര്‍ത്തിയ പത്മജ വേണുഗോപാലിനെ പരാജയപ്പെടുത്തി സുനില്‍ കുമാര്‍ നേടിയ വിജയം കോണ്‍ഗ്രസിനേല്‍പ്പിച്ചത് കനത്ത പ്രഹരമായിരുന്നു. ഇത്തവണ തൃശ്ശൂര്‍ തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് കോണ്‍ഗ്രസ്. പത്മജയുടെയും ടി.വി.ചന്ദ്രമോഹന്റെയും പേരുകള്‍ ഇവിടെ ഉയരുന്നുണ്ട്.
ബിജെപിയില്‍ അംഗത്വമെടുത്ത മെട്രോമാന്‍ ശ്രീധരന്‍ പൂരനാട്ടില്‍ കന്നിയങ്കത്തിന് മുതിര്‍ന്നേക്കുമെന്നുളള വാര്‍ത്തകള്‍ ചൂടുപിടിച്ചതോടെ ശ്രീധരനെങ്കില്‍ തേറമ്പില്‍ വീണ്ടും കളത്തിലിറങ്ങട്ടെ എന്ന നിലപാടിലാണ് യുഡിഎഫ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ മുന്നേറ്റത്തെ നിസ്സാരമായി കാണുന്നില്ല വലതും ഇടതും. ഇടതിനെ സംബന്ധിച്ചിടത്തോളം രണ്ടുതവണയില്‍ കൂടുതല്‍ മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ല എന്ന സി.പി.ഐ. നയമുളളതിനാല്‍ സുനില്‍ കുമാര്‍ മത്സരിക്കുമോ ഇല്ലയോ എന്നുതന്നെയായിരുന്നു തുടക്കംമുതലുളള ചര്‍ച്ച. തൃശ്ശൂരിന്റെ മുക്കിലും മൂലയിലുമെത്തി തൃശ്ശൂര്‍ക്കാരുടെ തോളില്‍ കയ്യിട്ട് പൂരത്തിനും പെരുന്നാളിനും കൂടി, വികസനമുന്നേറ്റമുണ്ടാക്കി ജനഹൃദയത്തില്‍ പതിഞ്ഞ സുനില്‍ കുമാറിന് പകരം മറ്റാര് എന്ന ചര്‍ച്ചയില്‍ ആനി രാജയുടെയും സാറാമ്മ റോബ്‌സണിന്റെയും പി.ബാലചന്ദ്രന്റെയും പേരുകള്‍ ഉയര്‍ന്നിരുന്നു.
കുന്നംകുളത്ത് ഇടതിനെ പ്രതിനിധീകരിക്കുന്നത് മന്ത്രി എ.സി.മൊയ്തീന്‍ തന്നെ എന്നുറപ്പായിക്കഴിഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ എരുമപ്പെട്ടി ഉള്‍പ്പെടെ നിയോജക മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഭരണത്തിലെത്താന്‍ കഴിഞ്ഞതാണ് ഇടതിന് ഇവിടെ ആത്മവിശ്വാസം നല്‍കുന്നത്. യു.ഡി.എഫില്‍ കഴിഞ്ഞ രണ്ടുതവണയും ഘടകകക്ഷിയായ സി.എം.പി.ക്കാണ് കുന്നംകുളം മണ്ഡലം നല്‍കിയിരുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സി.പി. ജോണ്‍ രണ്ടുതവണയും പരാജയപ്പെട്ടു. ഇത്തവണ കുന്നംകുളത്ത് നിന്ന് സി.പി.ജോണ്‍ മത്സരിക്കില്ലെന്നും വിജയസാധ്യത ഉറപ്പുളള ഒരു മലബാര്‍ സീറ്റില്‍ നിന്നായിരിക്കും ജനവിധി തേടുകയെന്നും തുടക്കത്തില്‍ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. സിഎംപിയില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുത്ത കുന്നംകുളം മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ അംഗവും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ കെ. ജയശങ്കര്‍ മത്സരിക്കുമെന്നാണ് സൂചന. 2001-ന് ശേഷം 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിലാണ് യു.ഡി.എഫിന് നിയോജക മണ്ഡലത്തില്‍ ഭൂരിപക്ഷം ലഭിച്ചത്. ഈ മാറ്റത്തിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. ബിജെപിയുടെ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍ ഇവിടെ മത്സരിക്കുമെന്നും വിവരമുണ്ട്. നഗരസഭാ തരഞ്ഞെടുപ്പില്‍ കുന്നംകുളത്ത് ബിജെപിക്ക് നേടാനായ മുന്നേറ്റം നിയമസഭാതിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.
എന്‍ഡിഎക്ക് പ്രതീക്ഷയുളള മറ്റൊരു മണ്ഡലം കൊടുങ്ങല്ലൂരാണ്. ബിഡിജെഎസില്‍ നിന്ന് ഈ സീറ്റ് ബിജെപി എടുക്കുമെങ്കില്‍ ഇവിടെ ടി.പി.സെന്‍കുമാര്‍ മത്സരിക്കുമെന്നും അല്ലെങ്കില്‍ ബി.ഗോപാലകൃഷ്ണന്‍ മത്സരിക്കുമെന്നും വാര്‍ത്തകളുണ്ട്. കൊടുങ്ങല്ലൂര്‍, കയ്പമംഗലം, ചേലക്കര, മണലൂര്‍ എന്നിവിടങ്ങളില്‍ ഇടതുമുന്നണി സിറ്റിങ് എം.എല്‍.എ.മാരെത്തന്നെ നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. ഇവിടെയൊക്കെ മുന്‍ എം.എല്‍.എ.മാരെയും പുതുരക്തങ്ങളെയുമൊക്കെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. കയ്പമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഗള്‍ഫ് വ്യവസായി സി.പി.സാലിഹിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ചേലക്കര മുസ്ലീംലീഗിന് എന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു. വനിതാ ലീഗ് നേതാവ് ജയന്തി രാജന്‍ ഇവിടെ നിന്ന് ജനവിധി തേടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചേലക്കര തങ്ങള്‍ക്ക് വേണ്ടെന്ന നിലപാടാണ് ജില്ലയിലെ ലീഗ് നേതൃത്വം സ്വീകരിച്ചത്. മൂന്നുതവണയും പരാജയപ്പെട്ട ഗുരുവായൂര്‍ ലീഗില്‍ നിന്ന് തിരിച്ചെടുക്കാനുളള കോണ്‍ഗ്രസിന്റെ നീക്കത്തോടും ജില്ലാ നേതൃത്വം അതൃപ്തി അറിയിച്ചു. മൂന്നുതവണ തോറ്റതിനാല്‍ പൊതുചിഹ്നത്തില്‍ സ്വതന്ത്രനെ പരിഗണിക്കമെന്ന നിര്‍ദേശം ഒരു മുന്‍ന്യായാധിപനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിരുന്നു.
ജില്ലയില്‍ ചര്‍ച്ചയാകുന്ന ഒരുപക്ഷേ കേരളം ഉറ്റുനോക്കുന്ന ഒരു മണ്ഡലം വടക്കാഞ്ചേരിയായിരിക്കും. കഴിഞ്ഞ തവണ വെറും 43 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച അനില്‍ അക്കര തന്നെയാണ് ഇവിടെ മത്സരിക്കാന്‍ ഇറങ്ങുന്നത്. ലൈഫ് ഫ്ളാറ്റ് കേസിലടക്കം കണ്ണിലെ കരടായ അക്കരയെ അട്ടിമറിക്കാന്‍ ഇടത് ഒരുപക്ഷേ മൊയ്തീനെ തന്നെ രംഗത്തിറക്കിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇവിടെ പുതുരക്തത്തെയാണ് സി.പി.എം. പരീക്ഷിക്കുന്നത് ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് സേവ്യര്‍ ചിറ്റിലപ്പിളളി, എം.കെ.കണ്ണന്‍ എന്നിവരുടെ പേര് സാധ്യതാ പട്ടികയില്‍ ഉണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പം നിന്ന ചാലക്കുടിയില്‍ അല്പം കരുതലോടെയാണ് ഇത്തവണ ഇടതിറങ്ങുന്നത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് ബിഡി ദേവസിക്ക് ഇനിയൊരു സാധ്യത മുന്നിലില്ല. ജനകീയനാണെങ്കിലും ലോക്‌സഭാ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. ഇടതിനൊപ്പം അദ്ദേഹത്തിനും ഇത് ക്ഷീണമായിട്ടുണ്ട്. ചാലക്കുടിയില്‍ സി.ഐ.ടി.യു. ജില്ലാസെക്രട്ടറി യു.പി. ജോസഫിന്റെ പേരാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പി.സി.ചാക്കോ ഉള്‍പ്പടെയുളളവരുടെ പേരുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടേതായി ഉയര്‍ന്നിരുന്നുവെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇറക്കുമതി സ്ഥാനാര്‍ഥിയെ തങ്ങള്‍ക്ക് വേണ്ടെന്നാണ് ചാലക്കുടിയിലെ അണികള്‍ ആവര്‍ത്തിക്കുന്നത്.
ചാലക്കുടി, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ നിലവിലുള്ളവര്‍ക്ക് ജയസാധ്യതയുണ്ടെങ്കിലും പൊതുമാനദണ്ഡത്തിനെതിരാകുമെന്നതിനാലാണ് പുതിയ ആളുകളുടെ പേരുകള്‍ ചര്‍ച്ചയ്ക്കു വന്നത്. ഗുരുവായൂരില്‍ അബ്ദുള്‍ഖാദറിനു പുറമേ മുന്‍ ജില്ലാ സെക്രട്ടറി ബേബി ജോണ്‍, ചാവക്കാട് ഏരിയാ സെക്രട്ടറി എന്‍.കെ. അക്ബര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. സി.രവീന്ദ്രനാഥിന്റെ തട്ടകമായ പുതുക്കാട് സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രനെയാണ് ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ടുവെയ്ക്കുന്നത്. എന്‍ഡിഎയുടെ നാഗേഷ് തന്നെ ഇത്തവണ ഇവിടെ ജനവിധി തേടും. മണലൂരില്‍ മുരളി പെരുനെല്ലിക്ക് തന്നെയാണ് പ്രഥമ പരിഗണന. ഇവിടെ ബേബിജോണിനെ പരിഗണിക്കുന്നുണ്ട്.

ജില്ലയില്‍ 25.05 ലക്ഷം വോട്ടര്‍മാര്‍; കൂടുതലും സ്ത്രീകള്‍
ജനുവരി ഒന്നുവരെയുള്ള കണക്കനുസരിച്ച് ജില്ലയില്‍ ആകെയുള്ളത് 25,05,794 വോട്ടര്‍മാര്‍. അതില്‍ 13,01,520 സ്ത്രീകളും 12,04,248 പുരുഷന്മാരുമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ 26 പേരാണുള്ളത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. ജില്ലയില്‍ ഈ മാസം പുതിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരും സ്ത്രീ, പുരുഷ വോട്ടര്‍മാരുമുള്ളത് മണലൂരിലും കുറവ് കയ്പമംഗലത്തുമാണ്.
നിയോജകമണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്ക്: (നിയോജകമണ്ഡലം, പുരുഷന്മാര്‍, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍, ആകെ എന്ന ക്രമത്തില്‍): ചേലക്കര -92963, 99034, 0, 191997, കുന്നംകുളം- 91682, 97639, 2, 189323, ഗുരുവായൂര്‍- 97030, 104860, 2, 201892, മണലൂര്‍- 101761, 109793, 2, 211556, വടക്കാഞ്ചേരി- 99901, 108473, 2, 208376, ഒല്ലൂര്‍- 96362, 101433, 2, 197797, തൃശ്ശൂര്‍- 83445, 91878, 3, 175326, നാട്ടിക- 96778, 106642, 4, 203424, കയ്പമംഗലം- 77005, 88760, 5, 165770, ഇരിങ്ങാലക്കുട- 92428, 100718, 2, 193148, പുതുക്കാട് -94566, 99372, 0, 193998, ചാലക്കുടി- 90615, 96139, 1, 186755, കൊടുങ്ങല്ലൂര്‍- 89712, 96779, 1, 186492.