തിരുവനന്തപുരം: മനുഷ്യമനസ്സ് കടല്‍ പോലെയാണെന്നു പറഞ്ഞത് സിഗ്മണ്ട് ഫ്രോയ്ഡാണ്. മനുഷ്യരുടെ ചിന്തകള്‍ എന്തെന്നറിയാന്‍ ആര്‍ക്കുമാകില്ല. അവ വ്യതിചലിച്ചു കൊണ്ടേയിരിക്കും. മനസ്സൊരു അദൃശ്യ അവയവവും നിഗൂഢതയുടെ കേന്ദ്രവുമാണ്. മനസ്സ് എന്നും ഒരു പിടികിട്ടാപ്പുള്ളി തന്നെ... അക്കാര്യത്തില്‍ എന്തായാലും ജില്ലയിലെ പല സ്ഥാനാര്‍ഥികള്‍ക്കും ഇപ്പോള്‍ എതിരഭിപ്രായമില്ല. മണ്ഡലത്തിലുടനീളം രണ്ടും മൂന്നും വട്ടം പര്യടനം നടത്തിയിട്ടും കാര്യങ്ങള്‍ ഒന്നും പഴയതുപോലെ ഏശുന്നില്ല. എണ്ണിനോക്കി വോട്ടുപിടിച്ചിട്ടും കരയ്ക്കടുക്കുന്നില്ല. കയ്യാലമേട്ടിലെ തേങ്ങപോലെ എങ്ങോട്ടും തിരിയാമെന്ന അവസ്ഥയില്‍ ഇരിക്കുന്നവരെ ഒപ്പം നിര്‍ത്താന്‍ ഇനി ഒറ്റവഴിയേയുള്ളൂ, മുട്ടിപ്പായി പ്രാര്‍ഥിക്കുക. അതുമാത്രം പോംവഴി...ഈശ്വരോ രക്ഷതു...
ജാതി, മത വ്യത്യാസമില്ലാതെ സമസ്ത ദേവാലയങ്ങളിലും പതിവില്ലാത്തവിധം തിരക്കാണിപ്പോള്‍. നേരത്തെ എത്തിയില്ലെങ്കില്‍ ദര്‍ശനത്തിന് വരിനിന്ന് മടുക്കുന്ന സവിശേഷ സാഹചര്യം. ബി.സി. (ബിഫോര്‍ കോവിഡ്) കാലത്തുപോലും ആരും ഏറെ വരാതിരുന്ന ദേവാലയങ്ങള്‍ പോലും നിറഞ്ഞു കവിയുന്നു. പുത്തന്‍ വിശ്വാസികളില്‍ ചിലരെ കാണുമ്പോള്‍ ജനം ചോദിച്ചുതുടങ്ങിയിട്ടുമുണ്ട് സാറിനെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ....ഇലക്ഷനുമായി ബന്ധപ്പെട്ടെങ്ങാനും... മറുപടി ഉടനെയാണ്... അതേയതേ സഹായിക്കണേ... എല്ലാമറിയുന്നവന്‍ എല്ലാം കാണുന്നുണ്ടായിരുന്നുവെന്ന് ഇപ്പോള്‍ മനസിലാകുന്നുവെന്ന് പറഞ്ഞവര്‍ അത്യുന്നതങ്ങളിലേക്ക് കൈയുയര്‍ത്തും.
ഈ പ്രതിസന്ധിയില്‍ നിന്നും കരകയറ്റീടാന്‍ ദൈവങ്ങളെ മാത്രം വിളിച്ചാല്‍ പോര. രാഷ്ട്രീയസംഘടനകളും ജാതിമത കള്ളികളിലാക്കി പ്രജകളെ പോക്കറ്റിലിട്ടു നടക്കുകയാണ് ജാതിപ്പേരില്‍ വോട്ടുചോദിക്കുന്നവര്‍. പച്ചയായി ജാതി പറയുന്നു...
എന്തായാലും വരുംദിവസങ്ങളില്‍ ദേവാലയങ്ങളില്‍ പതിവില്ലാതെ ആളുകള്‍ വരുമെന്നുറപ്പ്. തിരഞ്ഞെടുപ്പിന് മുന്‍പ് ഇനി രണ്ട് ഞായറാഴ്ചകള്‍ മാത്രം മിച്ചം. തിരക്കേറിയ പര്യടനങ്ങള്‍ ദേവാലയങ്ങളിലേക്ക് ചുരുക്കിക്കഴിഞ്ഞു. സമ്മതിദായകനെന്ന രീതിയില്‍ നമുക്കും മുട്ടിപ്പായി പ്രാര്‍ഥിക്കാം, ജാതിമത കള്ളികളിലാക്കി ജനങ്ങളെ മാറ്റുന്നതില്‍ നിന്നും രാഷ്ട്രീയപോരാട്ടത്തിലേക്ക് മാറുന്നൊരു തിരഞ്ഞെടുപ്പ് കാലം ഉദയം ചെയ്യാന്‍...ഈശ്വരോ രക്ഷതു...