മന്ത്രിയായി വീണ, ഡെ. സ്പീക്കറായി ചിറ്റയം; ജില്ലയില്‍ ആധിപത്യം തുടരാന്‍ ഇടതിന്റെ രാഷ്ട്രീയ കരുനീക്കം


അനീഷ് ചന്ദ്രന്‍

1 min read
Read later
Print
Share

വീണാ ജോർജ്ജ്‌

പത്തനംതിട്ട: മന്ത്രിയായി വീണാ ജോര്‍ജ്. ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാര്‍. പുതിയ സര്‍ക്കാരിന്റെ രൂപകല്‍പ്പനയില്‍ ജില്ലയ്ക്കും അഭിമാനകരമായ പ്രാതിനിധ്യം. ചെറിയ ഒരിടവേളയ്ക്കുശേഷമാണ് പത്തനംതിട്ട ജില്ലയ്ക്ക് മന്ത്രിപദവി. ഇതില്‍ ആദ്യ വനിതാ മന്ത്രി എന്ന വിശേഷണവും ഇനി വീണാ ജോര്‍ജിന് സ്വന്തം.

ജില്ലാ ആസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗമേറുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും. അഞ്ചു മണ്ഡലങ്ങളിലും ഇടതുപക്ഷം നേടിയ വിജയത്തിന്റെ ആരവം നിലയ്ക്കുംമുേന്പ മന്ത്രിസ്ഥാനവും കൂടി എത്തിയത് എല്‍.ഡി.എഫ്. പ്രവര്‍ത്തകരെയും ആഹ്‌ളാദഭരിതരാക്കി. വലതുകോട്ടയെന്നറിയപ്പെട്ടിരുന്ന ജില്ലയില്‍ കൈവരിച്ച ആധിപത്യം തുടര്‍ന്നും നിലനിര്‍ത്താനുള്ള പടയൊരുക്കത്തിന് ഊര്‍ജം പകരുന്നതാണ് വീണാ ജോര്‍ജിന്റെ മന്ത്രിസഭാപ്രവേശമെന്ന് സി.പി.എമ്മും മുന്നണിനേതൃത്വവും വിലയിരുത്തുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസിലും കൂടുതല്‍ ഇടം പിടിക്കാനുപകരിക്കുന്നതാണ് വീണാ ജോര്‍ജിന്റെ മന്ത്രിപദവി എന്നതും ഇടതുരാഷ്ട്രീയത്തിന് കൂടുതല്‍ കരുത്തേകുമെന്നാണ് മുന്നണി നേതൃത്വത്തിന്റെ പ്രതീക്ഷ.

തുടര്‍ച്ചയായ മൂന്നാം തവണയാണ് ചിറ്റയം ഗോപകുമാര്‍ സംവരണമണ്ഡലമായ അടൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐ. മാനദണ്ഡമനുസരിച്ച് ഇനി ഒരു തവണ കൂടി നിയമസഭയിലേക്ക് മത്സരിക്കാനുള്ള അവസരം ചിറ്റയത്തിനില്ല.

ഇതുകൂടി കണക്കിലെടുത്താണ് പുതിയ സ്ഥാനലബ്ധിയിലേക്കുള്ള പാതയൊരുങ്ങിയത്.

ജില്ലാ രൂപവത്കരണത്തിന് ശേഷമുള്ള കാലയളവില്‍ 1991-ല്‍ ആറന്മുള മണ്ഡലത്തില്‍നിന്ന് ആര്‍.രാമചന്ദ്രന്‍ നായര്‍ മന്ത്രിപദവിയിലെത്തി. 2001-ല്‍ അടൂരില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടൂര്‍ പ്രകാശും (കോന്നി) മന്ത്രിയായി. 2011-ലും അടൂര്‍ പ്രകാശ് മന്ത്രിസഭയിലെത്തി. 2006-ലും 2016-ലും തിരുവല്ലയില്‍ നിന്ന് മാത്യു ടി. തോമസ് ജില്ലയെ പ്രതിനിധീകരിച്ച് മന്ത്രിയായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram