വി.എസ്. അച്യുതാനന്ദൻ| Photo: Mathrubhumi
പാലക്കാട്: മുതിർന്ന സി.പി.എം. നേതാവ് വി.എസ്. അച്യുതാനന്ദൻ മലന്പുഴയിൽ സജീവമല്ലാത്ത നിയമസഭാതിരഞ്ഞെടുപ്പാവും ഇത്തവണ. 2001 മുതൽ ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി നിയമസഭയിൽ വി.എസ്. എത്തിയത് മലമ്പുഴ മണ്ഡലത്തിൽനിന്നാണ്. 20 വർഷം മലമ്പുഴയെ പ്രതിനിധാനംചെയ്ത അദ്ദേഹത്തിനുപകരം ആരാവും ഇത്തവണ ഇവിടെ മത്സരിക്കുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അനാരോഗ്യംമൂലം വി.എസ്. മണ്ഡലത്തിലെത്തിയിട്ട് ഒരുവർഷമായി. 2019 ഓഗസ്റ്റിലാണ് ഭരണപരിഷ്കാരകമ്മിഷൻ ചെയർമാനായ അദ്ദേഹം അവസാനമായി മലമ്പുഴയിലെത്തിയത്. ഒരിക്കൽപോലും സി.പി.എം. തോൽക്കാത്ത മണ്ഡലമാണ് മലമ്പുഴ. അതാണ് 1980-ൽ ഇ.കെ. നായനാരും ഇവിടെ മത്സരിക്കാനെത്തിയത്. 2001 മുതൽ ഇവിടെനിന്നാണ് നാലുവട്ടം വി.എസ്. വിജയിച്ചത്. അദ്ദേഹത്തിനുവേണ്ടി വിഭാഗീയതകളെല്ലാം മറന്ന് പ്രവർത്തകർ ഇറങ്ങാറുമുണ്ട്. കഴിഞ്ഞതവണ കെ.എസ്.യു. സംസ്ഥാനപ്രസിഡന്റായിരുന്ന വി.എസ്. ജോയിയെയാണ് യു.ഡി.എഫ്. കളത്തിലിറക്കിയത്.
ഇത്തവണ തന്റെ മണ്ഡലത്തിൽ ആരെ സ്ഥാനാർഥിയായി നിർത്തണമെന്നു വി.എസ്. നിർദേശിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എൻ.എൻ. കൃഷ്ണദാസ്, എം.ബി. രാജേഷ് എന്നിവരുടെ പേരുകളാണ് സജീവചർച്ചയിലുള്ളത്. പ്രാദേശികതലത്തിലുള്ളവർ സ്ഥാനാർഥികളായാൽ മതിയെന്ന തീരുമാനം വന്നാൽ ജില്ലാകമ്മിറ്റി അംഗമായ പി.എ. ഗോകുൽദാസ്, പുതുശ്ശേരി ഏരിയാസെക്രട്ടറി സുഭാഷ് ചന്ദ്രബോസ് എന്നിവർക്കാകും നറുക്കുവീഴുക.
content highlights: vs achiuthanandan will not contest from malampuzha this time