ഷാഫി പറമ്പിൽ , ഇ ശ്രീധരൻ
പാലക്കാട്: പാലക്കാട്ടെ വാശിയേറിയ പോരാട്ടത്തില്‍ അവസാന നിമിഷം ലീഡ് തിരിച്ചുപിടിച്ച് ഷാഫി പറമ്പിലിന് മിന്നും ജയം. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ ഇ ശ്രീധരനെ 3000ത്തിലേറെ വോട്ടുകള്‍ക്കാണ് ഷാഫി തറപറ്റിച്ചത്. മണ്ഡലത്തില്‍ ഷാഫിയുടെ ഹാട്രിക് ജയമാണിത്.
ശ്രീധരന്‍ സ്ഥാനാര്‍ഥിത്തത്തോടെ ബിജെപി ഏറെ പ്രതീക്ഷവെച്ചു പുലര്‍ത്തിയ മണ്ഡലം അവസാന റൗണ്ടിലാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഒരുഘട്ടത്തില്‍ 6000ത്തിന് മുകളില്‍ വരെ ലീഡ് നിലനിര്‍ത്തിയ ശ്രീധരന്‍ അവസാന രണ്ട് പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ വേളയിലാണ് പിന്നില്‍ പോയത്.
2011ല്‍ 7000ത്തിന് മുകളില്‍ ഭൂരിപക്ഷത്തോടെ പാലക്കാട് ഇടതുമുന്നണിയില്‍ നിന്ന് പിടിച്ചെടുത്ത ഷാഫി കഴിഞ്ഞ തവണ ലീഡ് 17000ത്തിന് മുകളിലേക്ക് ഉയര്‍ത്തിയിരുന്നു. ഇത്തവണ ലീഡ് ഗണ്യമായി കുറഞ്ഞെങ്കിലും പൊതുസ്വീകാര്യനും ബിജെപിയുടെ ഏറ്റവും മികച്ച സ്ഥാനാര്‍ഥിയുമായ ശ്രീധരനെ തന്നെ തോല്‍പ്പിക്കാനായത് ഷാഫിക്ക് നേട്ടമായി.
ശ്രീധരനും ഷാഫിയും തമ്മില്‍നേര്‍ക്കുനേര്‍ പോരാട്ടം നടന്ന മണ്ഡലത്തില്‍ 2016ലേതിന് സമാനമായി എല്‍ഡിഎഫ് ഇത്തവണയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒരുഘട്ടത്തിലും ഇരുമുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്താന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി സിപി പ്രമോദിന് സാധിച്ചില്ല. ശ്രീധരന്‍ വോട്ട് വിഹിതം ഉയര്‍ത്തിയതോടെ ഇടതിന്റെ വോട്ടുവിഹിതവും കുറഞ്ഞു.
ശ്രീധരന്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമായിരുന്നു പാലക്കാട്. ശ്രീധരനെ മുന്നില്‍ നിര്‍ത്തി കേരളത്തില്‍ കരുക്കള്‍ നീക്കിയ കേന്ദ്ര ബിജെപി നേതൃത്വം പാലക്കാട് ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി പ്രചാരണം നയിച്ചതും ഇതിന്റെ ഭാഗമാണ്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം നയിച്ച ഷാഫിയെ മണ്ഡലം കൈവിട്ടില്ല.
content highlights: udf candidate shafi parambil wins