സന്ദീപ് വാര്യർ | photo: mathrubhumi news|screen grab
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം കനത്ത തിരിച്ചടിയേറ്റ ബിജെപിക്ക് ഷൊർണൂരിൽ വോട്ട് വിഹിതം ഉയർത്താനായത് നേരിയ ആശ്വാസമായി. പാർട്ടി ഏറെ പ്രതീക്ഷ പുലർത്തിയ മണ്ഡലത്തിൽ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ മൂന്നാം സ്ഥാനത്താണെങ്കിലും രണ്ടാമതെത്തിയ യുഡിഎഫുമായുള്ള വോട്ടുവ്യത്യാസം വെറും 753 വോട്ട് മാത്രം.
യുഡിഎഫ് സ്ഥാനാർഥി ടി.എച്ച് ഫിറോസ് ബാബു മണ്ഡലത്തിൽ 24.83 ശതമാനം വോട്ടു നേടിയപ്പോൾ എൻഡിഎ വോട്ടുവിഹിതം 24.34 ശതമാനമായി ഉയർത്തി. വോട്ടുവിഹിതത്തിൽ യുഡിഎഫുമായുള്ള വ്യത്യാസം 0.49 ശതമാനം മാത്രം. കഴിഞ്ഞ തവണ എൻഡിഎയ്ക്കായി ബിഡിജെഎസ് മത്സരിച്ച മണ്ഡലത്തിൽ 20.36 ശതമാനം വോട്ടാണ് ലഭിച്ചിരുന്നത്. 2011ൽ ഇവിടെ ബിജെപിയുടെ വോട്ടുവിഹിതം 8.78 ശതമാനമായിരുന്നു.
മുന്നേറ്റം പ്രതീക്ഷിച്ച പല മണ്ഡലങ്ങളിലും ബിജെപി വോട്ടുവിഹിതം കുറഞ്ഞെങ്കിലും ഷൊർണൂരിൽ 8000ത്തിലേറെ വോട്ടുകൾ അധികമായി നേടാനും സന്ദീപ് വാര്യർക്ക് സാധിച്ചു. യുഡിഎഫ് 37,726 വോട്ടുകൾ നേടിയപ്പോൾ തൊട്ടുപിന്നിലുള്ള എൻഡിഎയ്ക്ക് 36,973 വോട്ടുകൾ ലഭിച്ചു.
അതേസമയം 72,641 വോട്ടുകൾ പിടിച്ചാണ് എൽഡിഎഫ് ഇത്തവണ മണ്ഡലം നിലനിർത്തിയത്. 36,674 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിലെ പി മമ്മിക്കുട്ടിയുടെ വിജയം. ജില്ലയിൽ എൽഡിഎഫിന്റെ ഉയർന്ന ഭൂരിപക്ഷവും ഷൊർണൂരിലാണ്.
content highlgihts:shornur bjp vote share, nda, sandeep warrier