പാലക്കാട്ട് ഇടത് ആധിപത്യം; യു.ഡി.എഫ്. രണ്ടിടത്ത് ഒതുങ്ങി, മെട്രോമാനും ബി.ജെ.പിക്കും നിരാശ


ഇ ജിതേഷ്‌

4 min read
Read later
Print
Share

ജില്ലയിലെ 12 മണ്ഡലങ്ങളില്‍ പത്തിടത്തും എല്‍.ഡി.എഫ്. വിജയക്കൊടി പാറിച്ചു. വാശിയേറിയ പോരാട്ടം നടന്ന പാലക്കാട്ട് 3000-ത്തിലേറെ വോട്ടുകള്‍ക്കാണ് മെട്രോമാന് അടിതെറ്റിയത്.

പ്രതീകാത്മക ചിത്രം | photo: mathrubhumi

പാലക്കാട്: സംസ്ഥാനത്താകെ ആഞ്ഞുവീശിയ ഇടതുതരംഗത്തില്‍ പാലക്കാടും ചുവന്നു. ജില്ലയിലെ 12 മണ്ഡലങ്ങളില്‍ പത്തിടത്തും എല്‍.ഡി.എഫ്. വിജയക്കൊടി പാറിച്ചു. മണ്ണാര്‍ക്കാടും പാലക്കാടും മാത്രമേ യു.ഡി.എഫിന് നിലനിര്‍ത്താന്‍ സാധിച്ചുള്ളു. കഴിഞ്ഞ തവണ ഒമ്പതിടത്ത് ജയിച്ച എല്‍.ഡി.എഫ്. ഇത്തവണ തൃത്താല കൂടി പുതുതായി അക്കൗണ്ടില്‍ ചേര്‍ത്തു. മെട്രോമാന്‍ ഇ. ശ്രീധരനിലൂടെ ജില്ലയില്‍ താമര വിരിയിക്കാമെന്ന ബി.ജെ.പിയുടെ സ്വപ്‌നവും തകര്‍ന്നടിഞ്ഞു. തുടക്കം മുതല്‍ ലീഡ് പിടിച്ച ശ്രീധരനെ അവസാന റൗണ്ടില്‍ പിന്നിലാക്കി പാലക്കാട്ട് ഷാഫി ഹാട്രിക് ജയം സ്വന്തമാക്കി.

സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന പാലക്കാട്ട് 3000-ത്തിലേറെ വോട്ടുകള്‍ക്കാണ് മെട്രോമാന് അടിതെറ്റിയത്. ഒരു ഘട്ടത്തില്‍ 6000-ത്തിലേറെ വോട്ടിന് മുന്നിലെത്തിയ ശ്രീധരന്‍ അവസാന രണ്ട് പഞ്ചായത്തുകളിലെ വോട്ടെണ്ണലിലാണ് പിന്നില്‍ പോയത്. 2011-ല്‍ 7000-ത്തിന് മുകളില്‍ ഭൂരിപക്ഷത്തോടെ പാലക്കാട് പിടിച്ചെടുത്ത ഷാഫി കഴിഞ്ഞ തവണ ലീഡ് 17,000-ത്തിന് മുകളിലേക്ക് ഉയര്‍ത്തിയിരുന്നു. ഇത്തവണ ലീഡ് ഗണ്യമായി കുറഞ്ഞെങ്കിലും പൊതുസ്വീകാര്യനും ബി.ജെ.പിയുടെ ഏറ്റവും മികച്ച സ്ഥാനാര്‍ഥിയുമായ ശ്രീധരനെ തന്നെ തോല്‍പ്പിക്കാനായത് ഷാഫിക്ക് നേട്ടമായി.

ശ്രീധരനും ഷാഫിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം നടന്ന മണ്ഡലത്തില്‍ 2016-ലേതിന് സമാനമായി എല്‍.ഡി.എഫ്. ഇത്തവണയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒരു ഘട്ടത്തിലും ഇരുമുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സി.പി. പ്രമോദിന് സാധിച്ചില്ല. രണ്ടാമതെത്തിയ ശ്രീധരന്‍ വോട്ട് വിഹിതം ഉയര്‍ത്തിയതോടെ മണ്ഡലത്തില്‍ ഇടതിന്റെ വോട്ടുകളും കുത്തനെ കുറഞ്ഞു. ജില്ലയില്‍ എ ക്ലാസ് മണ്ഡലമായി ബി.ജെ.പി. കണക്കുകൂട്ടിയ മലമ്പുഴയിലും എന്‍.ഡി.എയ്ക്ക് അടിതെറ്റി. 29,000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വി.എസിന്റെ പിന്‍ഗാമിയായി എ. പ്രഭാകരന്‍ ജയിച്ചു. കഴിഞ്ഞ തവണ 27,142 വോട്ടുകള്‍ക്കായിരുന്നു വി.എസിന്റെ ജയം. കണ്ണൂരിന് പുറത്ത് ഇടതിന്റെ ഉറച്ച കോട്ടയെന്ന വിശേഷണത്തിന് ഇത്തവണയും കോട്ടംതട്ടിയില്ല. യു.ഡി.എഫ്. മൂന്നാം സ്ഥാനത്തക്ക് പിന്തള്ളപ്പെട്ടതോടെ മണ്ഡലത്തില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ എന്‍.ഡി.എയ്ക്ക് സാധിച്ചു.

തുടക്കംമുതല്‍ നടന്ന ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിലാണ് തൃത്താല എം.ബി. രാജേഷിലൂടെ എല്‍.ഡി.എഫ്. തിരിച്ചുപിടിച്ചത്. ഹാട്രിക് ജയം ലക്ഷ്യമിട്ടിറങ്ങിയ വി.ടി. ബല്‍റാമിനെ 3000-ത്തിലേറെ വോട്ടുകള്‍ക്കാണ് രാജേഷ് പരാജയപ്പെടുത്തിയത്. വേറേത് മണ്ഡലത്തില്‍ തോറ്റാലും തൃത്താല പിടിക്കാന്‍ ഉറച്ചാണ് പ്രധാന നേതാക്കളില്‍ ഒരാളായ എം.ബി. രാജേഷിനെ തന്നെ സി.പി.എം. ഇവിടെ മത്സരിപ്പിച്ചത്. സാമൂഹമാധ്യമത്തില്‍ എ.കെ.ജിക്കെതിരായി നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് സി.പി.എമ്മിന്റെ കണ്ണിലെ കരടായി മാറിയ ബല്‍റാമിനെ തോല്‍പ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യമേ ഇടത് ക്യാമ്പിനുണ്ടായിരുന്നുള്ളു.

എ.കെ.ജിക്കെതിരേയുള്ള പരാമര്‍ശത്തിന് ശേഷം ബല്‍റാമിന്റെ പൊതുപരിപാടികള്‍ പോലും സി.പി.എം. ബഹിഷ്‌കരിച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള ഇരുമുന്നണികളുടെയും വാദപ്രതിവാദങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവ ചര്‍ച്ചയായി മാറിയിരുന്നു. ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയകളിലും ബിജെപിയുടെ മുഖമായ എന്‍.ഡി.എ. സ്ഥാനാര്‍ഥി ശിങ്കു ടി. ദാസിന് തൃത്താലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല.

കോണ്‍ഗ്രസിനും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അടിയുറച്ച വേരുകളുള്ള ചിറ്റൂരില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി 35,000-ത്തിലേറെ വോട്ടുകള്‍ക്കാണ് ജയിച്ചത്. ഒമ്പത് തവണ മണ്ഡലത്തില്‍ മത്സരിച്ച കൃഷ്ണന്‍കുട്ടിയുടെ അഞ്ചാം ജയമാണിത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞ കാല്‍നൂറ്റാണ്ട് പിന്നിട്ട ചരിത്രം പരിശോധിച്ചാല്‍ ഇവിടെ പോരാട്ടവേദിയില്‍ നിറഞ്ഞുനിന്നത് എല്‍.ഡി.എഫിനെ നയിച്ച ജനതാദള്‍ (എസ്) സ്ഥാനാര്‍ഥി കൃഷ്ണന്‍കുട്ടിയും യു.ഡി.എഫിനെ നയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. അച്യുതനുമാണ്. 2011-ല്‍ സീറ്റ് സി.പി.എം. എറ്റെടുത്തപ്പോള്‍ മാത്രമാണ് ഇതിന് മാറ്റംവന്നത്. ഇക്കുറി അച്യുതന് പകരക്കാരനായി കെ. കൃഷ്ണന്‍കുട്ടിയെ നേരിടാനെത്തിയത് കെ. അച്യുതന്റെ മകന്‍ സുമേഷ് അച്യുതന് അടിതെറ്റി. കഴിഞ്ഞ തവണ കെ. അച്യുതനെതിരെ 7,285 വോട്ടുകള്‍ക്കായിരുന്നു കൃഷ്ണന്‍കുട്ടിയുടെ വിജയം.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇടത് സ്ഥാനാര്‍ഥികളെ മാത്രം തുണച്ച ഒറ്റപ്പാലം മണ്ഡലം ഇത്തവണയും പതിവ് തെറ്റിച്ചില്ല. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ പി. സരിന്‍ സ്ഥാനാര്‍ഥിയായതോടെ ശക്തമായ മത്സരം നടക്കുമെന്ന് കരുതിയെങ്കിലും 15,000-ത്തിലേറെ വോട്ടുകള്‍ക്ക് കെ. പ്രേംകുമാര്‍ മണ്ഡലം ചുവപ്പിച്ചു. കഴിഞ്ഞ തവണ 16,000-ത്തിലേറെ വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്തി പി. ഉണ്ണിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. മൂന്നാം തവണയും എന്‍.ഡി.എയ്ക്കായി മത്സരിച്ച പി. വേണുഗോപാലിന് വോട്ടുവിഹിതം വര്‍ധിപ്പിക്കാനായി.

2011-ല്‍ മണ്ഡലം രൂപീകൃതമായത് മുതല്‍ ഇടതിനോട് പ്രിയമുള്ള ഷൊര്‍ണൂരില്‍ പി. മമ്മിക്കുട്ടിയുടെ ജയം 35,000-ത്തിലേറെ വോട്ടുകള്‍ക്കാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റായ ടി.എച്ച്. ഫിറോസ് ബാബുവിനെയാണ് മമ്മിക്കുട്ടി പിന്നിലാക്കിയത്. സംസ്ഥാന നേതാക്കളില്‍ പ്രമുഖനായ സന്ദീപ് വാര്യരിലുടെ മണ്ഡലത്തില്‍ മുന്നേറാമെന്ന എന്‍.ഡി.എ. പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റു.

പട്ടാമ്പി, കോങ്ങാട്, തരൂര്‍, നെന്‍മാറ, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളും എല്‍.ഡി.എഫ്. നിലനിര്‍ത്തി. പട്ടാമ്പിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയെ തോല്‍പ്പിച്ചാണ് മുഹ്‌സിന്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിയത്. 2001 മുതല്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിനൊപ്പം നിന്ന പട്ടാമ്പി കഴിഞ്ഞ തവണയാണ് ഇടതുപക്ഷം തിരിച്ചുപിടിച്ചിരുന്നത്. ജെ.എന്‍.യു. വിദ്യാര്‍ഥി നേതാവിന്റെ പരിവേഷത്തോതെ കഴിഞ്ഞ തവണ 7,404 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മുഹ്‌സിന്‍ ഇത്തവണ ഭൂരിപക്ഷം 17000ത്തിന് മുകളിലേക്ക് ഉയര്‍ത്തി. കോണ്‍ഗ്രസ് വിമതരായ ടി.പി. ഷാജിയുടെ നേതൃത്വത്തിലുള്ള വി ഫോര്‍ പട്ടാമ്പിയുടെ സാന്നിധ്യവും മണ്ഡലത്തില്‍ എല്‍.ഡി.എഫിനെ തുണച്ചു.

സംവരണ മണ്ഡലമായ കോങ്ങാട് കെ. ശാന്തകുമാരി 27,000ത്തിലേറെ വേട്ടുകള്‍ക്ക് ജയിച്ചു. കഴിഞ്ഞ തവണ 13,271 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ്. മണ്ഡലം നിലനിര്‍ത്തിയിരുന്നത്. ആലത്തൂരില്‍ 34,000-ത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് പിടിച്ചാണ് കെ.ഡി. പ്രസേനന്‍ നിയമസഭയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം കൂടിയാണിത്.

തരൂരില്‍ പി.പി. സുമോദ് 24,000-ത്തിന് മുകളില്‍ ഭൂരിപക്ഷം പിടിച്ചും ഇടത് ആധിപത്യം ഉറപ്പിച്ചു. 2011-ല്‍ രൂപീകൃതമായ തരൂര്‍ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതിന് അനുകൂലമായാണ് വിധിയെഴുതിയത്. മന്ത്രി എ.കെ. ബാലനാണ് രണ്ട് തവണയും തരൂരില്‍ ജയിച്ചത്. എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല മണ്ഡലത്തില്‍ മത്സരിക്കുമെന്ന വാര്‍ത്തയെതത്തുടര്‍ന്നുണ്ടായ ചില അസ്വാരസ്യങ്ങള്‍ തുടക്കത്തില്‍ എല്‍ഡിഎഫില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെങ്കിലും പി.പി. സുമോദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ഭിന്നസ്വരങ്ങള്‍ അവസാനിച്ചിരുന്നു.

നെന്‍മാറയിലും ജനവിധി ഇടതിന് അനുകൂലമാണ് 2011ല്‍ മണ്ഡലം രൂപീകൃതമായ ശേഷം രണ്ടു വട്ടവും ജയം ഇടതിനായിരുന്നു. 2011ലെ ആദ്യ തിരഞ്ഞെടുപ്പില്‍ എം.വി. രാഘവനെ കീഴടക്കി വി. ചെന്താമരാക്ഷനായിരുന്നു വിജയി. കഴിഞ്ഞ തവണ എ.വി. ഗോപിനാഥിനെ തറപറ്റിച്ച് കെ. ബാബുവിനെ മണ്ഡലം നിയമസഭയിലേക്ക് പറഞ്ഞുവിട്ടു. കഴിഞ്ഞ തവണ 7,408 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച എല്‍.ഡി.എഫ്. ഇത്തവണ ഭൂരിപക്ഷം 28,000-ത്തിന് മുകളിലേക്ക് ഉയര്‍ത്തി. ഘടകകക്ഷിയായ സി.എം.പിക്ക് സീറ്റ് വിട്ടുകൊടുത്തതിന് പിന്നാലെ മുന്നണിയില്‍ ഉയര്‍ന്ന മുറുമുറുപ്പുകളും യു.ഡി.എഫിന് തിരിച്ചടിയായി.

പാലക്കാട് മണ്ഡലത്തിനൊപ്പം എന്‍. ഷംസുദ്ദീനിലൂടെ മണ്ണാര്‍ക്കാട് നിലനിര്‍ത്താനായത് മാത്രമാണ് ജില്ലയില്‍ യു.ഡി.എഫിന് ആശ്വസിക്കാന്‍ വകനല്‍കിയത്. എല്‍.ഡി.എഫിലെ സുരേഷ് രാജിനെ 5,000-ത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് മണ്ണാര്‍ക്കാട് യു.ഡി.എഫിന്റെ ജയം. ഒരു കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കുത്തകയായിരുന്നു മണ്ണാര്‍ക്കാട് മണ്ഡലം. എന്നാല്‍ 1980-ന് ശേഷം ലീഗിനേയും സി.പി.ഐയേയും മാറിമാറി പരീക്ഷിക്കുന്ന ചരിത്രമാണ് മലയോര മേഖലയായ മണ്ണാര്‍ക്കാടിനുള്ളത്. കഴിഞ്ഞ രണ്ട് തവണയും ലീഗിനെ തുണച്ച മണ്ഡലത്തില്‍ ഷംസുദ്ദീന്റെ ഹാട്രിക് ജയമാണിത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ല ഉള്‍പ്പെടുന്ന പാലക്കാട്, ആലത്തൂര്‍, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളില്‍ വി.കെ. ശ്രീകണ്ഠനും രമ്യ ഹരിദാസും ഇടി മുഹമ്മദ് ബഷീറും നേടിയ വലിയ വിജയത്തിന്റെ അവര്‍ത്തനം പ്രതീക്ഷിച്ച യു.ഡി.എഫിന് സമ്പൂര്‍ണ തിരിച്ചടിയാണ് ലഭിച്ചത്. ഇക്കഴിഞ്ഞ തദ്ദേശ പോരിലെ രാഷ്ട്രീയ ചിത്രത്തിന് സമാനമായി ഇടതുകോട്ടകള്‍ പലതും അരക്കിട്ടുറപ്പിച്ചാണ് എല്‍.ഡി.എഫ്. പാലക്കാട്ടെ ആധിപത്യം നിലനിര്‍ത്തിയത്.

content highlights: palakkad district overall assembly election result

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram