‘ആസാദി’ മുഴക്കി കനയ്യകുമാർ, ഏറ്റുപാടി സദസ്സ്


2 min read
Read later
Print
Share

പട്ടാമ്പി നിയോജകമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി മുഹമ്മദ് മുഹ്‌സിനുവേണ്ടി റോഡ്ഷോയിൽ പങ്കെടുക്കുന്ന കനയ്യകുമാർ

പട്ടാമ്പി: പട്ടാമ്പിയിൽ ആവേശമായി സി.പി.ഐ. ദേശീയ കൗൺസിൽ അംഗം കനയ്യകുമാറിന്റെ റോഡ്ഷോ. പട്ടാമ്പി നിയോജകമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി മുഹമ്മദ് മുഹ്‌സിനുവേണ്ടിയാണ് ജെ.എൻ.യു.വിലെ സഹപാഠികൂടിയായ കനയ്യകുമാർ പട്ടാമ്പിയിലെത്തിയത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ മുതുതലയിൽനിന്ന്‌ ആരംഭിച്ച റോഡ്ഷോയിൽ ചെങ്കൊടികളാൽ പൊതിഞ്ഞ തുറന്ന കാറിൽ കനയ്യയും മുഹമ്മദ് മുഹ്‌സിനും നാട്ടുകാരെ അഭിവാദ്യംചെയ്തു.

പിറകിൽ നൂറുകണക്കിന് പ്രവർത്തകർ ബൈക്കുകളിലും മറ്റുവാഹനങ്ങളിലുമായി അകമ്പടിയായി. തുടർന്ന് പട്ടാമ്പി, ഓങ്ങല്ലൂർ, കാരക്കാട്, വാടാനാംകുറിശ്ശി, പോക്കുപ്പടി, മരുതൂർ, മുളയങ്കാവ്, വല്ലപ്പുഴ, വിളയൂർ, കൂരാച്ചിപ്പടി, ആലിക്കപ്പള്ളിയാൽ, നടുവട്ടം വഴി കൊപ്പത്ത് എത്തിച്ചേർന്നു. തുടർന്നുനടന്ന പൊതുസമ്മേളനം കനയ്യകുമാർ ഉദ്ഘാടനംചെയ്തു. എൽ.ഡി.എഫ്. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.പി. ഷാജി അധ്യക്ഷനായി.

സ്ഥാനാർഥി മുഹമ്മദ് മുഹ്‌സിൻ, എൽ.ഡി.എഫ്. നേതാക്കളായ ടി.കെ. നാരായണദാസ്, കെ.സി. ജയപാലൻ, എൻ. ഉണ്ണിക്കൃഷ്ണൻ, എൻ.പി. വിനയകുമാർ, ഒ.കെ. സെയ്തലവി, കെ.പി. അബ്ദുറഹ്മാൻ, ഇ.പി. ശങ്കരൻ, കോടിയിൽ രാമകൃഷ്ണൻ, ടി. ഉണ്ണിക്കൃഷ്ണൻ, കെ.ടി. റുഖിയ തുടങ്ങിയവർ സംസാരിച്ചു.

കേരളമോഡൽ വികസനത്തിന്റേത്

പട്ടാമ്പി: ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഗുജറാത്ത്, കേരള എന്നീ രണ്ട് മോഡലുകളാണുള്ളതെന്നും ഇതിൽ ഗുജറാത്ത് മോഡൽ വർഗീയ ഫാസിസത്തിന്റേതാണെങ്കിൽ കേരളമോഡൽ വികസനത്തിന്റേയും ക്ഷേമത്തിന്റേയുമാണെന്ന് കനയ്യകുമാർ. പട്ടാമ്പി കൊപ്പത്ത് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നല്ല വിദ്യാഭ്യാസവും പൊതുജനാരോഗ്യവും നല്ലവികസനവും ജനങ്ങൾക്ക് നൽകി ഇന്ത്യക്കുതന്നെ മാതൃകയാവുന്നു. ജെ.എൻ.യു. സമരമുഖത്തെ പലരും ഇപ്പോഴും ജയിലിലാണ്. കേന്ദ്രസർക്കാരിനെതിരേ സംസാരിക്കുന്നവരെയും ഉറക്കെ സത്യം വിളിച്ചുപറയുന്നവരെയും ജയിലിലടയ്ക്കുകയാണ് ബി.ജെ.പി. ചെയ്യുന്നതെന്നും കനയ്യകുമാർ കൂട്ടിച്ചേർത്തു.

‘ആസാദി’ മുഴക്കി കനയ്യകുമാർ, ഏറ്റുപാടി സദസ്സ്

പട്ടാമ്പി: വീണ്ടും കനയ്യ. 2016-ലെ സമരത്തെത്തുടർന്ന് ജയിലിലായ കനയ്യകുമാർ ജയിലിൽനിന്നിറങ്ങിയ ഉടൻ പട്ടാമ്പിയിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായ മുഹ്‌സിനുവേണ്ടി വോട്ടുതേടിയെത്തിയിരുന്നു.

ശാരീരിക അവശതകൾക്കിടയിലാണ് അന്ന് പട്ടാമ്പിയിൽവന്ന് വോട്ടഭ്യർഥിച്ചതും ആസാദിഗാനം ആലപിച്ചതും. ഇക്കുറിയും നേരത്തേതന്നെ കനയ്യകുമാർ പട്ടാമ്പിയിലെത്തുമെന്ന് മുഹ്‌സിൻ അറിയിച്ചിരുന്നു. സംസാരിച്ച് വേദിവിടാനൊരുങ്ങുമ്പോൾ സദസ്സിലെ പ്രവർത്തകർ വിളിച്ചുപറഞ്ഞു 'ആസാദി'യെന്ന്. ഉടൻ വീണ്ടും മൈക്കിന് മുന്നിലെത്തി ആസാദിഗാനം ഉറക്കെ വീറോടെ ചൊല്ലി.

ഇക്കുറി ഡോലിന്റെ താളമുണ്ടായിരുന്നില്ല. ഓരോ മുദ്രാവാക്യം പറയുമ്പോഴും സദസ്സ് ആസാദി എന്ന് ഏറ്റുപാടുകയുംചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram