വികസനമാണ് രാഷ്ട്രീയം, ജനങ്ങളുടെ സ്‌നേഹം കൂടിയിട്ടേയുള്ളു; ജയം ഉറപ്പെന്ന് ശ്രീധരന്‍


ഇ. ജിതേഷ് | jitheshe@mpp.co.in

7 min read
Read later
Print
Share

ഡിഎംആര്‍സിയെ കേരളത്തില്‍ നിന്ന് ഓടിക്കണമെന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന അനുഭവമാണ് തനിക്കുണ്ടായതെന്നും ശ്രീധരന്‍

ശ്രീധരനൊപ്പം സെൽഫിയെടുക്കുന്ന കുട്ടികൾ | ഫോട്ടോ: രാഹുൽ ജി.ആർ.

പ്രായം 88 കഴിഞ്ഞു. എന്നാല്‍, ശ്രീധരന് പ്രായം വെറുമൊരു സംഖ്യ മാത്രമാണ്. പാലക്കാട്ടെ കനത്ത വേനല്‍ച്ചൂടിലും പ്രായം തളര്‍ത്താത്ത നിശ്ചയദാര്‍ഢ്യത്തോടെ പ്രചാരണ രംഗത്ത് സജീവമായ ശ്രീധരനെ കാണുമ്പോള്‍ ആരുമൊന്ന് ആശ്ചര്യപ്പെട്ടേക്കാം. ഈ ചൂടിനെ അതിജീവിക്കാന്‍ തന്റെ ശീലങ്ങള്‍ക്ക് സാധിക്കുമെന്നാണ് ശ്രീധരന്റെ മറുപടി. രാജ്യത്തെ പൊതുഗതാഗത സംവിധാനത്തെ ആധുനികവത്കരിച്ച ശ്രീധരന് രാഷ്ട്രീയത്തില്‍ ഇത് കന്നിയങ്കം.

രാവിലെ ഏഴ് മണിയോടെയാണ് പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റിന് സമീപമുള്ള ശ്രീധരന്റെ ഫ്ളാറ്റിലെത്തിയത്. പുറത്ത് ഏതാനും ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രം. അകത്ത് ഒരു ചാനലിന് അഭിമുഖം നല്‍കുകയാണെന്ന് അറിയിച്ചു. കുറച്ചുനേരം കാത്തിരുന്നു. ഇന്നത്തെ ഒരു ദിവസം അദ്ദേഹത്തിന്റെ പ്രചാരണ സംഘത്തിനൊപ്പം ഞങ്ങളും അനുഗമിക്കുമെന്ന് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ കൂടെകൂട്ടി. മണ്ഡലത്തില്‍ തന്റെ വിജയം ഉറപ്പാണെന്ന് ആദ്യമേ അടിവരയിട്ട് പറഞ്ഞു. ഭാര്യക്കൊപ്പം ദോശയും സാമ്പാറും കഴിച്ച് സമയം ഒട്ടും പാഴാക്കാതെ പ്രചാരണ തിരക്കിലേക്ക്.

sreedharan
വോട്ടറോട് സംസാരിക്കുന്ന ശ്രീധരന്‍ | ഫോട്ടോ: രാഹുല്‍ ജി.ആര്‍.

67 വര്‍ഷത്തോളം നീണ്ട ഔദ്യോഗിക ജീവിതത്തിന് സമാനമായി കൃത്യനിഷ്ടയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ശ്രീധരന്‍ തയ്യാറല്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അതിലൊരു മാറ്റമില്ല. സമയത്തുതന്നെ എല്ലായിടത്തും എത്തണം. നേരത്തെ നിശ്ചയിച്ച കാര്യങ്ങളെല്ലാം കിറുകൃത്യമായി നടന്നിരിക്കണം. അതാണ് ചട്ടം. 7.30-നാണ് ആദ്യ പരിപാടി.

നൂറണി അഗ്രഹാരത്തിലെ രഥോത്സവ ചടങ്ങിലേക്കാണ് ആദ്യയാത്ര. വാഹനത്തില്‍ ശ്രീധരനും അദ്ദേഹത്തിന്റെ പ്രോഗ്രാം മാനേജറും ഡ്രൈവറും മാത്രം. പോകുന്ന വഴിയിലെല്ലാം കാറില്‍ ശ്രീധരനെ തിരിച്ചറിഞ്ഞവര്‍ കൈകൂപ്പിയും കൈ വീശിയും അഭിവാദ്യം ചെയ്തു. വഴിയാത്രക്കാരില്‍ ചിലര്‍ ആ പോകുന്നത് ശ്രീധരനാണെന്ന് കൂടെയുള്ളവര്‍ക്ക് ചൂണ്ടിക്കാണിച്ചു. മണ്ഡലത്തിലെ കവലകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചാരണരീതി ശ്രീധരനില്ല. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും മെട്രോമാനെ നേരില്‍ കാണാന്‍ അവസരം കിട്ടിക്കൊള്ളണമെന്നില്ല.

അഗ്രഹാരത്തില്‍ എത്തിയ ഉടന്‍ വാദ്യമേളത്തോടെ സ്വീകരണം. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമായി ഏകദേശം നൂറിലേറെ പേര്‍ ചേര്‍ന്ന് ശ്രീധരനെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ആചാരപൂര്‍വമായ ചടങ്ങുകള്‍ നടന്നു. ഓരോരുത്തരായി വന്ന് ശ്രീധരന് ആശംസകള്‍ നേര്‍ന്നു. പലരും ശ്രീധരന്റെ കാല്‍തൊട്ടു അനുഗ്രഹം വാങ്ങി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടയ്ക്കിടെ ആവശ്യപ്പെടുന്നുണ്ടെങ്കിലും ആളുകളുടെ ആവേശത്തിന് മുന്നില്‍ അതൊന്നും പാലിക്കപ്പെട്ടില്ല. കോവിഡ് ഭീതിയൊന്നും ആരിലുമില്ലെന്ന് ചുരുക്കം.

sreedharan
ശ്രീധരന്‍ പ്രചാരണ വേദിയിലേക്ക് എത്തുന്നു | ഫോട്ടോ: രാഹുല്‍ ജി.ആര്‍.

സ്ഥാനാര്‍ഥിയായല്ല, തങ്ങള്‍ ആദരിക്കുന്ന ഒരു വ്യക്തിയെന്ന നിലയിലാണ് എല്ലാവരുടെയും പെരുമാറ്റം. ശ്രീധരനാണ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെന്ന് അറിഞ്ഞത് മുതല്‍ ഞങ്ങളെല്ലാം ആവേശത്തിലാണ്. വിജയം ഉറപ്പാണെന്നും ഒപ്പമുണ്ടെന്നും എല്ലാവരും ഒരേ സ്വരത്തില്‍ ശ്രീധരനോട് പറഞ്ഞു. എല്ലാവര്‍ക്കും കൈകൂപ്പി ചെറുപുഞ്ചിരിയാണ് ശ്രീധരന്റെ മറുപടി. തുടര്‍ന്ന് അഞ്ച് മിനിറ്റോളം ഫോട്ടോ സെഷന്‍. സെല്‍ഫി എടുക്കാനെത്തിയ അവസാന ആള്‍ക്കൊപ്പവും ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം മടക്കം. എല്ലാവരോടും നന്ദി പറഞ്ഞ് തിരിച്ച് കാറിലേക്ക്. ഇതിനിടെ കൂട്ടത്തില്‍ ഒരാള്‍ ആവശ്യപ്പെട്ടതനുസരിച്ച് തൊട്ടടുത്തുള്ള അദ്ദേഹത്തിന്റെ വീടും സന്ദര്‍ശിച്ചു.

ഒമ്പത് മണിയോടെ സിവില്‍ സ്റ്റേഷന് സമീപമുള്ള കുടുംബയോഗത്തിലേക്ക്. ഒരധ്യാപകനോടുള്ള ബഹുമാനത്തോടെ കുട്ടികള്‍ ശ്രീധരന് മുന്നിലെത്തി താമര കൈമാറി വേദിയിലേക്ക് സ്വീകരിച്ചു. തനിക്ക് രാഷ്ട്രീയമില്ല, തന്റെ രാഷ്ട്രീയം വികസനമാണെന്ന് പ്രസംഗിച്ച് തുടങ്ങിയ ശ്രീധരന്‍ പാലക്കാടിനായുള്ള തന്റെ മാസ്റ്റര്‍ പ്ലാനിനെക്കുറിച്ചും വോട്ടര്‍മാരോട് വിശദീകരിച്ചു. കായിക, വിദ്യാഭ്യാസ രംഗത്ത് പാലക്കാടിന്റെ നിലവാരം ഉയര്‍ത്തുമെന്നും ഉറപ്പു നല്‍കി.

ഒപ്പംനിന്ന് ഫോട്ടോ പകര്‍ത്തിയതിനൊപ്പം ചില കുട്ടികള്‍ ശ്രീധരനില്‍നിന്ന് ഓട്ടോഗ്രാഫും വാങ്ങി. തുടര്‍ന്ന് മറ്റ് സ്വീകരണ കേന്ദ്രങ്ങളിലേക്ക്. എല്ലായിടത്തും ചെറു പ്രസംഗം മാത്രം. മണ്ഡലത്തില്‍ തനിക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് മാത്രം സംസാരം. എതിര്‍ സ്ഥാനാര്‍ഥികളെ വിമര്‍ശിച്ച് ഒരു വാക്കുപോലും പറയില്ല. ഏറ്റവും ഒടുവില്‍ തന്നില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ടെങ്കില്‍ വോട്ട് ചെയ്ത് തിരഞ്ഞെടുക്കണമെന്ന അഭ്യര്‍ഥനയും.

SREEDHARAN
ശ്രീധരനെ താമര നല്‍കി സ്വീകരിക്കുന്ന കുട്ടികള്‍ | ഫോട്ടോ: രാഹുല്‍ ജി.ആര്‍.

ശ്രീധരനെ പോലൊരാള്‍ ജയിച്ച് നിയമസഭയിലെത്തേണ്ടത് ഞങ്ങള്‍ ജനങ്ങളുടെ ആവശ്യമാണെന്ന് കണ്ണാടി പഞ്ചായത്തില്‍ ശ്രീധരനെ കാത്തിരുന്ന ഒരു വോട്ടര്‍ പറഞ്ഞു. ശ്രീധരന്‍ സാറെ പോലൊരു വലിയ വ്യക്തി ഞങ്ങളോട് വോട്ട് അഭ്യര്‍ഥിക്കേണ്ട ആവശ്യമില്ല. അദ്ദേഹമത് ആവശ്യപ്പെടാതെ തന്നെ ഞങ്ങള്‍ നല്‍കുമെന്നും വോട്ടര്‍മാര്‍ പറയുന്നു. അതേസമയം, ശ്രീധരന്‍ വന്നാലും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ രീതികള്‍ക്ക് ഒരു മാറ്റവുമുണ്ടാകില്ലെന്ന് വിമര്‍ശിച്ച വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്. രാഷ്ട്രീയത്തില്‍ വന്നാല്‍ എല്ലാവരും മാറും. സ്വന്തം കാര്യം മാത്രമേ നോക്കൂ. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്ക് പുറകേയാണെന്നും നൂറണി അഗ്രഹാരത്തില്‍ അദ്ദേഹത്തിന്റെ പ്രചാരണം വീക്ഷിച്ചിരുന്ന ഒരു റിട്ടേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ശ്രീധരന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളും മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമാണ്. വീടുകളും കടകളും വ്യാപാര സ്ഥാപനങ്ങളും കയറിയുള്ള വോട്ട് പിടിത്തമില്ല. കത്തിക്കയറിയുള്ള മൈതാനപ്രസംഗമില്ല. വോട്ടറുടെ കണ്ണില്‍ പൊടിയിടുന്ന മോഹനവാഗ്ദാനങ്ങളില്ല. വിവിധ മേഖലകളിലെ സ്വീകരണ പരിപാടികളും ജനസഭകളും കേന്ദ്രീകരിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണം. എന്നാല്‍, മണ്ഡലത്തില്‍ ഉടനീളം പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി വീടുകളിലും കടകളിലും കയറി പ്രചാരണം നടത്തുന്നുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു. തന്റെ പ്രായവും പാലക്കാട്ടെ അതികഠിനമായ ചൂടിന്റെയും സാഹചര്യത്തില്‍ ശ്രീധരന്‍ നേരിട്ടെത്തി വോട്ട് ചോദിക്കണമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

SREEDHARAN
ശ്രീധരന്‍ വോട്ടര്‍മാരോട്‌സംസാരിക്കുന്നു | ഫോട്ടോ: രാഹുല്‍ ജി.ആര്‍.

ഒരു മണിയോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇടവേള നല്‍കി തിരിച്ച് ഫ്ളാറ്റിലേക്ക്. ഭക്ഷണത്തിന് ശേഷം സമയമുണ്ടെങ്കില്‍ കുറച്ചു നേരം ഉച്ചയുറക്കവും പതിവുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചതോടെ ഈ ശീലം പലപ്പോഴും നടക്കാറില്ല. ഫ്ളാറ്റിന് പുറത്ത് രണ്ട് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നാലോളം ചാനലുകള്‍ അഭിമുഖത്തിനായി കാത്തിരിക്കുന്നു. 'സ്ഥാനാര്‍ഥിയായതിന് ശേഷം ഏതു നേരവും മാധ്യമപ്പട സാറെ കേള്‍ക്കാന്‍ ഫ്‌ളാറ്റിലേക്കെത്തും' - ശ്രീധരന്റെ സഹായി പറഞ്ഞു. ഭക്ഷണത്തിന് മുമ്പ് ഞങ്ങളുടെ ചോദ്യങ്ങള്‍ക്കും ശ്രീധരന്‍ മറുപടി നല്‍കി.

പാലക്കാട്ടെ ട്രെന്റ് അനുകൂലം

പാലക്കാട്ടെ ട്രെന്റ് ബി.ജെ.പിക്ക് വളരെ അനുകൂലമാണ്. ജനങ്ങളുടെ ആവേശവും പ്രതികരണവും കാണുമ്പോള്‍ നിഷ്പ്രയാസം ജയിക്കുമെന്ന് ഉറപ്പാണ്. തന്റെ വരവോടെ കേരളത്തില്‍ ബി.ജെ.പി. മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് പറഞ്ഞത് ശരിയാണ്. വലിയൊരു വിഭാഗം വോട്ടര്‍മാര്‍ ബി.ജെ.പിയിലേക്ക് മാറും. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഇപ്പോള്‍ തന്നെ 17.5 ശതമാനത്തോളം വോട്ട് വിഹിതമുണ്ട്. ഇത്തവണ ഇത് 10-12 ശതമാനം വര്‍ധിച്ചാല്‍ തന്നെ ബി.ജെ.പിക്ക് ഭരണം പിടിച്ചെടുക്കാന്‍ സാധിക്കും. പാലക്കാട്ടെ വിജയത്തിനുള്ള പ്രധാന കാരണം തന്റെ വ്യക്തിത്വം തന്നെയായിരിക്കും. ഈ വ്യക്തിപ്രഭാവം ബി.ജെ.പിയിലേക്കും പോയിട്ടുണ്ട്. അതുകൊണ്ടാണ് ബി.ജെ.പി. ജയത്തിലേക്ക് നീങ്ങുന്നത്.

ഭക്ഷ്യക്കിറ്റ് വോട്ടുപിടിക്കാനുള്ള തന്ത്രം

അരിയും ഭക്ഷ്യകിറ്റും സാധുക്കളായ ജനങ്ങളുടെ വോട്ടു പിടിക്കാനായുള്ള സര്‍ക്കാരിന്റെ തന്ത്രമാണ്. ഇതൊന്നുമല്ല നമുക്ക് ആവശ്യം. ഈ അരി വാങ്ങാനുള്ള സ്ഥിതിയില്‍ സര്‍ക്കാര്‍ ജനങ്ങളെ എന്തിന് എത്തിച്ചുവെന്ന് ആലോചിക്കണം. ഇത് സര്‍ക്കാരിന്റെ പരാജയമാണ്. ജനങ്ങള്‍ കൈയും നീട്ടി യാചിച്ചു നില്‍ക്കേണ്ട എന്താവശ്യമാണുള്ളത്. ഇടത്-വലത് മുന്നണികള്‍ ഇത്രകാലം ഭരിച്ചിട്ടും നാട്ടിലെ സ്ഥിതി ഇതാണ്. സര്‍ക്കാരാണ് ഇതെല്ലാം കൊടുക്കുന്നതെന്നാണ് അവരെല്ലാം പറഞ്ഞു നടക്കുന്നത്. സര്‍ക്കാരിന് എവിടെനിന്നു പണം കിട്ടി? ജനങ്ങളുടെ നികുതി പണമല്ലേ ഇതിനെല്ലാം ഉപയോഗിക്കുന്നത്. അതല്ലെങ്കില്‍ കടം വാങ്ങിയാണ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. ഇതിന്റെയെല്ലാം ആവശ്യമുണ്ടോ/ പാര്‍ട്ടിയുടെ പേര് വര്‍ധിപ്പിക്കാന്‍ വേണ്ടി വെറുതേ കടം വരുത്തിവയ്ക്കുകയാണ്. ഞാന്‍​ പൂര്‍ണമായും ഇതിനെതിരാണ്.

എല്‍.ഡി.എഫ് . ശ്രമിച്ചത് ഡി.എം.ആര്‍.സിയെ ഓടിക്കാന്‍

യു.ഡി.എഫ്. ഗവണ്‍മെന്റുള്ള സമയത്ത് കാര്യങ്ങള്‍ സുഖകരമായിരുന്നുവെന്നാണ് അനുഭവം. എന്നാല്‍ എല്ലാം മന്ദഗതിയിലായിരുന്നു. എല്‍.ഡി.എഫ് .ഗവണ്‍മെന്റ് ആദ്യത്തെ ഒന്നു രണ്ടു വര്‍ഷം വലിയ കുഴപ്പമില്ലായിരുന്നു. എന്നാല്‍, അതിനുശേഷം വലിയ വ്യത്യാസമുണ്ടായി. ഡി.എം.ആര്‍.സിയെ കേരളത്തില്‍നിന്ന് ഓടിക്കണമെന്ന ലക്ഷ്യത്തോടെയാണ് എല്‍.ഡി.എഫ് .സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന അനുഭവമാണ് ഉണ്ടായത്. കേരളത്തില്‍ മന്ത്രിമാരുടെ എണ്ണവും അവരുടെ സ്റ്റാഫുകളുടെ എണ്ണവും വളരെ കൂടുതലാണ്. ഒരു മന്ത്രിക്ക് 15-20 സപ്പോര്‍ട്ടീവ് സ്റ്റാഫുകളാണുള്ളത്. കേന്ദ്രസര്‍ക്കാരില്‍ പ്രതിരോധ മന്ത്രിക്ക് ഉള്‍പ്പെടെ രണ്ടോ മൂന്നോ പേരെ സ്റ്റാഫായിട്ടുള്ളു. പെന്‍ഷന്‍ ആനുകൂല്യം ലഭിക്കാനായി വെറുതേ ധാരാളം പേരെ സംസ്ഥാന സര്‍ക്കാര്‍ കുത്തിനിറയ്ക്കുകയാണ്. യഥാര്‍ഥത്തില്‍ ഗവണ്‍മെന്റിന് കീഴിലുള്ള പല വകുപ്പുകളുടെയും ആവശ്യമില്ല. പ്രവര്‍ത്തനരഹിതമായ പൊതുമേഖല സ്ഥാപനങ്ങളുമുണ്ട്. ഇതിനെയെല്ലാം തുടച്ചുനീക്കി കാര്യക്ഷമമായ ഒരു സര്‍ക്കാരിനെ കൊണ്ടുവരാന്‍ ബി.ജെ.പി. ശ്രമിക്കും.

sreedharan
വോട്ടറോട് സംസാരിക്കുന്ന ശ്രീധരന്‍ | ഫോട്ടോ: രാഹുല്‍ ജി.ആര്‍.

ഇരുമുന്നണികളെയും ജനം മടുത്തു

കേരളത്തില്‍ ബി.ജെ.പിക്ക് അധികാരം ലഭിക്കുക എന്നത് സാധ്യമായ കാര്യമാണ്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരം പിടിച്ചെടുത്ത മാര്‍ഗം നോക്കൂ. തുടക്കത്തില്‍ അവര്‍ക്കവിടെ യാതൊരു സ്വാധീനവുമുണ്ടായിരുന്നില്ല. നേരേമറിച്ച് കേരളത്തില്‍ ബി.ജെ.പിക്ക് അതിനെക്കാള്‍ സ്വാധീനവും അടിത്തറയുമുണ്ട്. ഒറ്റരാത്രികൊണ്ട് ത്രിപുരയില്‍ ബി.ജെ.പി. അധികാരത്തിലെത്തി. ജനങ്ങള്‍ എല്‍.ഡി.എഫിനേയും യു.ഡി.എഫിനേയും മടുത്തതുകൊണ്ട് ഇത്തവണ കേരളത്തിലും വലിയൊരു മാറ്റം വരും. രണ്ട് പാര്‍ട്ടികളിലുമുള്ള അഴിമതി കേസുകള്‍ ഇനിയും അടങ്ങിയിട്ടില്ല. ഇത്തരത്തിലുള്ള ഒരു സര്‍ക്കാര്‍ വേണോ അതോ പരിശുദ്ധമായ സര്‍ക്കാരാണോ വേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കും. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ധാരാളം വോട്ടുകള്‍ ലഭിക്കും.

വിമര്‍ശകര്‍ക്ക് ആചാരങ്ങളില്‍ വിശ്വാസമില്ല

വോട്ടര്‍മാര്‍ തന്റെ കാല്‍ കഴുകിയ സംഭവത്തിലുള്ള വിമര്‍ശനങ്ങളെ ശ്രീധരന്‍ തള്ളിക്കളഞ്ഞു. ഇത് കേരളത്തിന്റെ ആചാരണമാണ്. നമ്മുടെ മാതൃഭൂമിയുടെ ആചാരണമാണ്. അത് തിരസ്‌കരിക്കാന്‍ പാടില്ല. ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ക്ക് ആചാരങ്ങളില്‍ വിശ്വാസമുണ്ടാകില്ല. ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാം. ഇടതു-വലതു മുന്നണികളില്‍ നിന്നുള്ള വിമര്‍ശനങ്ങളെല്ലാം നേരിടാന്‍ തയ്യാറായിട്ടാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. ഇതുവരെ മറ്റു പാര്‍ട്ടിക്കാര്‍ ആരും വ്യക്തിപരമായി തന്നെ വിമര്‍ശിച്ചിട്ടില്ല. കോണ്‍ഗ്രസില്‍നിന്ന് യാതൊരു വിമര്‍ശനങ്ങളും വന്നിട്ടില്ല. എല്‍.ഡി.എഫില്‍ നിന്നുവന്ന ചില വിമര്‍ശനങ്ങളെ ഗൗരവമായി എടുത്തിട്ടുമില്ല.

sreedharan
ശ്രീധരന്റെ കാല്‍തൊട്ടു വണങ്ങുന്ന പ്രവര്‍ത്തകര്‍ | ഫോട്ടോ: രാഹുല്‍ ജി.ആര്‍.

വോട്ടുകച്ചവട ആരോപണത്തില്‍ അടിസ്ഥാനമില്ല

വോട്ടുകച്ചവടമെന്ന ആരോപണത്തില്‍ താന്‍ വിശ്വസിക്കുന്നില്ല. അതൊരിക്കലും നടക്കില്ല. ആരോപണം ഉന്നയിക്കുന്നവരുടെ തന്നെ മനസില്‍ തോന്നുന്ന കാര്യം മാത്രമാണത്. ഏത് കാര്യത്തിലാണ് ബി.ജെ.പിയും കോണ്‍ഗ്രസും അടുക്കുക. ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലും ഒരുകാരണവശാലും ഒന്നിക്കില്ല. അതൊരിക്കലും സാധ്യമല്ല.

നല്ലരീതിയില്‍ പോയത് കൊച്ചി മെട്രോ മാത്രം

എല്‍.ഡി.എഫ് .സര്‍ക്കാര്‍ കേരളത്തില്‍ കാര്യമായ ഒരു വികസനവും കൊണ്ടുവന്നിട്ടില്ല. എന്നാല്‍, യു.ഡി.എഫ്. സര്‍ക്കാര്‍ ചെയ്യണമെന്ന ഉദ്ദേശത്തോടെ പലതും തുടങ്ങിയിട്ടു. ഇതില്‍ കൊച്ചി മെട്രോ മാത്രമേ നല്ല നിലയില്‍ മുന്നോട്ടുപോയുള്ളു. മറ്റൊന്നും ശരിയായ രീതിയില്‍ നടന്നില്ല. അഴിമതി കേസുകള്‍ എങ്ങനെ വന്നുവെന്ന് സര്‍ക്കാര്‍ വിലയിരുത്തണം. അഴിമതി കേസുകളില്‍ പെട്ടവരെ എന്തുകൊണ്ട് ശിക്ഷിച്ചില്ല. എല്ലാ അഴിമതിയും മൂടിവയ്ക്കാനാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയി അഴിമതികള്‍ മറച്ചുവയ്ക്കാനാണ് സര്‍ക്കാരിന് താത്പര്യം. നിലവിലുള്ള സിസ്റ്റത്തിന്റെ തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല.

ജനങ്ങളുടെ സ്‌നേഹവും ബഹുമാനവും കൂടി

രാഷ്ട്രീയത്തില്‍ ഇറങ്ങിയ ശേഷം ഇതുവരെ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. പക്ഷേ, മാറേണ്ടിവരുമെന്ന് അറിയാം. നേരത്തെയുള്ളതിലും കൂടുതല്‍ സ്‌നേഹവും ആദരവും ഇപ്പോള്‍ ജനങ്ങള്‍ നല്‍കുന്നുണ്ട്. ഇത്രയും പ്രായമായ, ഒരു എം.എല്‍.എ. ആകേണ്ട യാതൊരു ആവശ്യവുമില്ലാത്ത ഒരാള്‍ രാജ്യത്തെ രക്ഷിക്കാന്‍ വരുമ്പോള്‍ ജനങ്ങളുടെ ബഹുമാനവും സ്‌നേഹവും വര്‍ധിച്ചിട്ടേയുള്ളു. ജനങ്ങള്‍ പ്രധാനമായും ആഗ്രഹിക്കുന്നത് വികസനവും അഴിമതിരഹിത ഭരണവുമാണ്. ഇതു രണ്ടും ജനങ്ങള്‍ക്ക് നല്‍കാന്‍ ബി.ജെ.പിക്ക് സാധിക്കും.

sreedharan
തന്നെ കാണാനെത്തിയ കുട്ടിയോട് സംസാരിക്കുന്ന ശ്രീധരന്‍ | ഫോട്ടോ: രാഹുല്‍ ജി.ആര്‍.

എക്‌സിറ്റ് പോളൊന്നും ശരിയല്ല

എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം കൃത്രിമമാണ്. സംസ്ഥാനത്തിന് പുറത്തുള്ള ഏജന്‍സികളാണ് പല സര്‍വേകളും നടത്തുന്നത്. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ വളരെ കുറച്ച് പേരുടെ മാത്രം അഭിപ്രായം ശേഖരിച്ച് നടത്തുന്ന സര്‍വേ ഒരിക്കലും ശരിയാകില്ല. അതുമാത്രമല്ല, ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷം കേരളത്തിലെ സാഹചര്യമെല്ലാം മാറിമറിഞ്ഞു. സര്‍വ്വേകളെല്ലാം ഇതിന് മുമ്പ് എടുത്തവയാണ്. അതുകൊണ്ടുതന്നെ താന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷമുള്ള മാറ്റത്തിന്റെ സ്വാധീനം സര്‍വ്വേകളില്‍ പ്രതിഫലിച്ചിട്ടില്ല. - ശ്രീധരന്‍ അവസാനിപ്പിച്ചു.

പുറത്ത് കാത്തിരുന്ന മാധ്യമസംഘത്തെയെല്ലാം മടക്കിഅയച്ച ശേഷം അല്‍പ നേരത്തെ വിശ്രമം. വൈകീട്ട് മൂന്നരയോടെ പ്രചാരണം വീണ്ടും ആരംഭിച്ചു. അയ്യപുരം, കല്‍പ്പാത്തി, തിരുനെല്ലായ് എന്നിവടങ്ങളിലെ ജനസഭകളാണ് അവശേഷിക്കുന്ന പ്രധാന പരിപാടികള്‍. മൂന്നിടങ്ങളിലൂം ബി.ജെ.പി. പ്രവര്‍ത്തകര്‍ ശ്രീധരന് വലിയ സ്വീകരണവുമൊരുക്കി. ശ്രീധരന്റെ വികസന കാഴ്ചപ്പാടുകള്‍ ജനം കാതോര്‍ത്തു. രാത്രി എട്ടോടെ പ്രചാരണ പരിപാടികള്‍ അവസാനിപ്പിച്ച് തിരികെ താമസസ്ഥലത്തേക്ക്.

content highlights: Metro Man E Sreedharan Palakkad constituency NDA candidate

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram