പാലക്കാട്ട് സീറ്റെണ്ണം കൂട്ടാന്‍ യുഡിഎഫ്: കൈവിടാതിരിക്കാന്‍ എല്‍ഡിഎഫ്, ശ്രീധരന് സ്‌കോപ്പുണ്ടോ?


ഇ. ജിതേഷ്

15 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | photo: mathrubhumi

ടതിന് വളക്കൂറുള്ള മണ്ണാണ് പാലക്കാട്. ഇഎംഎസ്, ഇകെ നായനാര്‍, വിഎസ് അച്യുതാനന്ദന്‍ എന്നീ മുഖ്യമന്ത്രിമാരെ ജയിപ്പിച്ച നാട്. ഇതുവരെയുള്ള നിയമസഭാ പോരാട്ടങ്ങള്‍ പരിശോധിച്ചാല്‍ ജില്ലയ്ക്ക് ഇടതിനോടാണ് കൂടുതല്‍ പ്രിയം. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതിനെ ഞെട്ടിച്ച് യുഡിഎഫും ശക്തിതെളിയിച്ചു. നേമത്തിന് പുറമേ അടുത്ത താമര വിരിയുമെന്ന് ബിജെപി കണക്കുകൂട്ടുന്ന ചില എ ക്ലാസ് മണ്ഡലങ്ങളും ജില്ലയിലുണ്ട്. അതിനാല്‍ ഇത്തവണ മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷവെച്ചു പുലര്‍ത്തുന്ന ജില്ലയാണ് പാലക്കാട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളില്‍ ഒമ്പതും എല്‍ഡിഎഫിനൊപ്പമായിരുന്നു. പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, ചിറ്റൂര്‍, നെന്‍മാറ, ആലത്തൂര്‍, തരൂര്‍ എന്നിവ ഇടതിനെ തുണച്ചു. പാലക്കാട്, തൃത്താല, മണ്ണാര്‍ക്കാട് എന്നീ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമേ യുഡിഎഫിന് ജയിക്കായുള്ളു. പാലക്കാട്ടും മലമ്പുഴയിലും വലിയ മുന്നേറ്റമുണ്ടാക്കി രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഇരുമുന്നണികള്‍ക്കും ശക്തമായ മുന്നറിയിപ്പും നല്‍കി.

2019 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലമാണ് യുഡിഎഫിന്റെ പ്രതീക്ഷ. ജില്ല ഉള്‍പ്പെടുന്ന പാലക്കാട്, ആലത്തൂര്‍, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളില്‍ വികെ ശ്രീകണ്ഠനും, രമ്യ ഹരിദാസും ഇടി മുഹമ്മദ് ബഷീറും മിന്നും ജയം നേടി. സംസ്ഥാനത്തുടനീളം ആഞ്ഞടിച്ച രാഹുല്‍ തരംഗത്തില്‍ ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നിലെത്തി. നാല് മണ്ഡലങ്ങള്‍ മാത്രമേ എല്‍ഡിഎഫിനെ തുണച്ചുള്ളു. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ പോരില്‍ രാഷ്ട്രീയ ചിത്രം വീണ്ടും മാറിമറിഞ്ഞു. കോട്ടകള്‍ പലതും ഇടതുമുന്നണി തിരിച്ചുപിടിച്ചു. ജില്ലയില്‍ അധിപത്യം വീണ്ടും അരക്കിട്ടുറപ്പിച്ചു. പലയിടത്തും ബിജെപി വോട്ടുവിഹിതം വര്‍ധിപ്പിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് നിരയിലെ സ്ഥാനാര്‍ഥികളില്‍ ഏറെയും യുവാക്കളാണ് എന്നതും ഇത്തവണത്ത പ്രത്യേകതയാണ്. മെട്രോമാന്‍ ഇ ശ്രീധരനാണ് ജില്ലയിലെ ബിജെപിയുടെ തുറുപ്പുചീട്ട്. മത്സരിക്കുന്നത് പാലക്കാട് നിയോജക മണ്ഡലത്തിലാണെങ്കിലും ശ്രീധരന്‍ ഇഫക്ട് ജില്ലയൊന്നാകെ അലയടിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ രണ്ടാമതെത്തിയ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ശ്രീധരനായതോടെ ജയത്തില്‍ കുറഞ്ഞൊന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നില്ല. പാലക്കാടിന് പുറമേ മലമ്പുഴയിലും വാശിയേറിയ മത്സരമാണ്. 20 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച വിഎസിന്റെ അഭാവത്തില്‍ ബിജെപി വെല്ലുവിളി അതിജീവിച്ച് മണ്ഡലം സിപിഎമ്മിന് നിലനിര്‍ത്താനാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തൃത്താലയില്‍ എംബി രാജേഷ് - വിടി ബല്‍റാം താരപോര് കൂടി ചേരുമ്പോള്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രത്തിന് ചൂടേറി.

 • പാലക്കാട് മെട്രോമാന്‍ താമര വിരിയിക്കുമോ?

ഇത്തവണ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. മെട്രോ മാന്‍ ഇ ശ്രീധരന്റെ സ്ഥാനാര്‍ഥിത്വം പാലക്കാട് നിയോജക മണ്ഡലത്തെ ദേശീയ ശ്രദ്ധയിലേക്ക് വരെ ആകര്‍ഷിച്ചു. കഴിഞ്ഞ തവണ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലം കൂടിയാണിത്. ഹാട്രിക് ജയം ലക്ഷ്യമിട്ടിറങ്ങിയ ഷാഫി പറമ്പിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫിനായി സിപിഎം നേതാവ് അഡ്വ. സിപി പ്രമോദാണ് മത്സരിക്കുന്നത്. ബിജെപി കുതിപ്പില്‍ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇടതിന് മാനംകാക്കാന്‍ ഇത്തവണ ജയിച്ചേ മതിയാകു. എന്നാല്‍ അതത്ര എളുപ്പമല്ല.

കഴിഞ്ഞ തവണ 17,483 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ഷാഫിക്ക് മണ്ഡലത്തില്‍ ഏറെ ജനപ്രീതിയുണ്ട്. എന്നാല്‍ ശ്രീധരന്റെ വ്യക്തിപ്രഭാവം ഷാഫിക്ക് വെല്ലുവിളിയാണ്. വികസനമാണ് തന്റെ രാഷ്ട്രീയമെന്ന് പറഞ്ഞ് വോട്ടുതേടുന്ന ശ്രീധരനില്‍ ജനങ്ങള്‍ എത്രത്തോളം വിശ്വസിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പാലക്കാടിന്റെ തിരഞ്ഞെടുപ്പ് ഫലം. രാജ്യത്തെ പൊതുഗതാഗത സംവിധാനത്തെ ആധുനികവത്കരിച്ച ശ്രീധരന് രാഷ്ട്രീയ ഭേദമന്യേയുള്ള വോട്ടുകള്‍ സ്വരൂപിക്കാന്‍ സാധിക്കുമെന്നാണ് എന്‍ഡിഎ ക്യാമ്പിന്റെ പ്രതീക്ഷ.

2016ല്‍ 42 ശതമാനത്തോളം വോട്ടാണ് യുഡിഎഫ് നേടിയത്. ശോഭാ സുരേന്ദ്രനിലൂടെ ബിജെപി 30 ശതമാനത്തോളം വോട്ട് പെട്ടിയിലാക്കിയപ്പോള്‍ എല്‍ഡിഎഫിന്റെ വോട്ടുവിഹിതം 28 ശതമാനമായി കുറഞ്ഞു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ മുന്‍തൂക്കം യുഡിഎഫിനാണ്. എംബി രാജേഷിനെതിരേ അട്ടിമറി ജയം നേടിയ വികെ ശ്രീകണ്ഠന്‍ മണ്ഡലത്തില്‍ നാലായിരത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലെത്തി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ജനവിധി യുഡിഎഫിന് അനുകുലമാണ്. പാലക്കാട് നഗരസഭാ ഭരണം നിലനിര്‍ത്താനായത് ബിജെപിക്ക് നേട്ടമായി. കണക്കിലെ കളിയില്‍ പിന്നിലാണെങ്കില്‍ കഴിഞ്ഞ രണ്ട് തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ മോഹിക്കുന്ന എല്‍ഡിഎഫിന് അത് അത്ര എളുപ്പമല്ല.

 • മലമ്പുഴയില്‍ അട്ടിമറി ലക്ഷ്യമിട്ട് ബിജെപി
മലമ്പുഴയില്‍ ഇടതുമുന്നണിക്ക് തോറ്റ ചരിത്രമില്ല. കണ്ണൂര്‍ ജില്ലയ്ക്ക് പുറത്ത് ഇടതിന്റെ ഉറച്ചകോട്ടകളിലൊന്ന്. ഇകെ നായനാര്‍, ശിവദാസമേനോന്‍, വിഎസ് അച്യുതാനന്ദന്‍ എന്നിവരെ പലതവണ ജയിപ്പിച്ച മണ്ഡലം. നാല് പതിറ്റാണ്ടോളം വിഐപി മണ്ഡലമെന്ന വിശേഷണമുണ്ടായിരുന്ന മലമ്പുഴയില്‍ വിഐപി സ്ഥാനാര്‍ഥികളില്ലാതെ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. 20 വര്‍ഷം തുടര്‍ച്ചയായി വിഎസ് പ്രതിനിധീകരിച്ച മലമ്പുഴയില്‍ എ പ്രഭാകരനെയാണ് അദ്ദേഹത്തന്റെ പിന്‍ഗാമിയാകാന്‍ എല്‍ഡിഎഫ് നിയോഗിച്ചത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനം പിടിച്ച ബിജെപിയുടെ സ്വാധീനവും മണ്ഡലത്തില്‍ നിര്‍ണായകമാണ്. സി കൃഷ്ണകുമാര്‍ തന്നെയാണ് ഇത്തവണയും എന്‍ഡിഎ സ്ഥാനാര്‍ഥി. ഡിസിസി സെക്രട്ടറി എസ്‌കെ അനന്തകൃഷ്ണനാണ് യുഡിഎഫ് സാരഥി. മത്സരാര്‍ഥികള്‍ മൂന്നുപേരും പാലക്കാട് ജില്ലക്കാരാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

2016ല്‍ 27,142 വോട്ടിനായിരുന്നു വിഎസിന്റെ ജയം. 46.000ത്തിലേറെ വോട്ട് പിടിച്ച് ബിജെപിയും ശക്തിതെളിയിച്ചു. കോണ്‍ഗ്രസിനായി മത്സരിച്ച വിഎസ് ജോയിക്ക് 35,000 വോട്ടുകള്‍ നേടാനെ സാധിച്ചുള്ളു. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജില്ല യുഡിഎഫിനൊപ്പം നിന്നപ്പോഴും മലമ്പുഴ മണ്ഡലം എല്‍ഡിഎഫിനെ കൈവിട്ടില്ല. 22,000ത്തിലേറെ വോട്ടിന് എല്‍ഡിഎഫ് മുന്നിലെത്തി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ഈ ആധിപത്യം ഇടതുമുന്നണി നിലനിര്‍ത്തി. ആകെയുള്ള എട്ട് പഞ്ചായത്തില്‍ ഏഴും എല്‍ഡിഎഫ് പിടിച്ചു. ഒരിടത്ത് മാത്രം യുഡിഎഫിന് അധികാരംകിട്ടി. മൂന്ന് പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനത്തെത്തി ബിജെപിയും അവരുടെ സാന്നിധ്യം വര്‍ധിപ്പിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചില കല്ലുകടികള്‍ തുടക്കത്തില്‍ യുഡിഎഫില്‍ പ്രതിസന്ധിയുണ്ടാക്കി. മണ്ഡലത്തില്‍ ഒട്ടും സ്വാധീനമില്ലാത്ത ഘടകകക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദളിന് സീറ്റ് വിട്ടുകൊടുത്തതിനെതിരേ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രതിഷേധിച്ചു. ഇതോടെ തങ്ങള്‍ ആവശ്യപ്പെടാത്ത മലമ്പുഴ സീറ്റില്‍ മത്സരിക്കുന്നില്ലെന്ന് നാഷണല്‍ ജനതാദള്‍ പ്രഖ്യാപിച്ചു. ഇതിനുശേഷമാണ് കോണ്‍ഗ്രസ് സീറ്റ് തിരിച്ചെടുത്ത് എസ്‌കെ അനന്തകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കിയത്. മണ്ഡലത്തില്‍ ഏറ്റവും ഒടുവില്‍ പ്രചാരണം ആരംഭിച്ചതും യുഡിഎഫാണ്. എന്നാല്‍ ഇതൊന്നും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ലെന്നും വിഎസ് ഇല്ലാത്ത മലമ്പുഴ ഇത്തവണ പിടിക്കാനാകുമെന്നും യുഡിഎഫ് കരുതുന്നു.​

 • തൃത്താലയില്‍ ബല്‍റാമോ അതോ രാജേഷോ
ജില്ലയില്‍ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലമാണ് തൃത്താല. ഇടത്, വലത് മുന്നണികള്‍ക്ക് ഒരുപോലെ അട്ടിമറി വിജയങ്ങള്‍ നേടിക്കൊടുത്ത മണ്ഡലമാണിത്. സി.പി.എമ്മിലെ ശ്രദ്ധേയനായ നേതാവ് എംബി രാജേഷും കോണ്‍ഗ്രസിലെ യുവരക്തം വിടി ബല്‍റാമും നേര്‍ക്കുനേര്‍ വന്നതോടെ ശക്തമായ മത്സരത്തിന്‌ കളമൊരുങ്ങി. ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയകളിലും ബിജെപിയുടെ മുഖമായ ശിങ്കു ടി ദാസാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ തുടര്‍ച്ചയായ മൂന്നാം ജയമാണ് ബല്‍റാം ലക്ഷ്യമിടുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച തേടിയാണ് വി.ടി. ബല്‍റാം മൂന്നാം അങ്കത്തിനിറങ്ങിയത്‌. മണ്ഡലക്കാരനെന്ന നിലയില്‍ നേടിയെടുത്ത പേരും ബല്‍റാമിന് ആത്മവിശ്വാസം കൂട്ടുന്നു. രണ്ട് തിരഞ്ഞെടുപ്പുകളില്‍ കൈവിട്ട വിജയം തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എം.ബി.രാജേഷ് കളത്തിലിറങ്ങിയിട്ടുള്ളത്. എം.പി.യായിരിക്കുമ്പോള്‍ ഉള്ള വികസന നേട്ടങ്ങള്‍, മികച്ച പാര്‍ലമെന്റേറിയനെന്ന വിശേഷണം, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഇവയൊക്കെ പ്രചരണ വിഷയങ്ങളാണ്.

1991 മുതല്‍ സിപിഎമ്മിന്റെ കൈയിലിരുന്ന തൃത്താല 2011 ലാണ് ബല്‍റാമിലൂടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. ആദ്യതവണ ഭൂരിപക്ഷം മൂവായിരമായിരുന്നെങ്കില്‍ കഴിഞ്ഞ തവണ പതിനായിരത്തിന് മുകളിലെത്തി. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള തൃത്താലയില്‍ മുന്നിലെത്തിയതും യുഡിഎഫാണ്. അതേസമയം പിന്നീടുവന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിയ ലീഡ് എല്‍ഡിഎഫ് പിടിച്ചു. തദ്ദേശ പോരില്‍ മണ്ഡലത്തില്‍ 19,000ത്തോളും വോട്ടുകള്‍ പിടിച്ചെടുക്കാനായത് ബിജെപിക്കും വലിയ നേട്ടമായി.

മറ്റേത് മണ്ഡലം കൈവിട്ടാലും തൃത്താലയില്‍ എല്‍ഡിഎഫിന് ജയിച്ചേ മതിയാകു. കാരണം ബല്‍റാമിനെതിരേയുള്ള മത്സരം സിപിഎമ്മിന് അഭിമാന പോരാട്ടംകൂടിയാണ്. എ.കെ.ജിക്കെതിരേയുള്ള മോശം പരാമര്‍ശത്തിന്റെ പേരില്‍ പൊതുവേദികളില്‍ ബല്‍റാമിനെതിരേയുള്ള ബഹിഷ്‌കരണം എല്‍ഡിഎഫ് തുടരുകയാണ്. എന്തുവിലകൊടുത്തും ബല്‍റാമിനെ തറപറ്റിക്കുക എന്ന ഒറ്റലക്ഷ്യത്തോടെയാണ് ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ സിപിഎം തൃത്താലയില്‍ നിയോഗിച്ചത്. മണ്ഡലത്തില്‍ പത്ത് ശതമാനം വോട്ടുവിഹിതമുള്ള ബിജെപിയും ശക്തമായ മത്സരമൊരുക്കും. ശബരിമല വിഷയത്തിലെ ആചാരസംരക്ഷണ പ്രതിഷേധങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന ശങ്കു ടി ദാസിലൂടെ വിശ്വാസികളുടെ വോട്ടും ബിജെപി ലക്ഷ്യമിടുന്നു.

 • പട്ടാമ്പിയില്‍ മുഹ്‌സിന്‍ വാഴുമോ​?
മുന്‍മുഖ്യമന്ത്രി ഇഎംഎസ് മൂന്ന് തവണ ജയിച്ചുകയറിയ പട്ടാമ്പി ഒരുകാലത്ത് ഇടതിന്റെ ഉറച്ചകോട്ടയായിരുന്നു. പിന്നീട് കോണ്‍ഗ്രസും ശക്തി തെളിയിച്ച മണ്ഡലം. 2001 മുതല്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിനൊപ്പം നിന്ന പട്ടാമ്പി കഴിഞ്ഞ തവണയാണ് ഇടതുപക്ഷം തിരിച്ചുപിടിച്ചത്. ജെഎന്‍യു വിദ്യാര്‍ഥി നേതാവ് മുഹമ്മദ് മുഹ്‌സിനെ കളത്തിലിറക്കിയാണ് 2016ല്‍ മണ്ഡലം സിപിഐ നേടിയത്. കന്നി അങ്കത്തില്‍ ജയം 7,404 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. മുഹ്സിന്‍ തന്നെയാണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മണ്ഡലം തിരിച്ചുപിടിക്കാന്‍ യുത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കിയത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെഎം ഹരിദാസാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

1957 മുതല്‍ 77 വരെ ഇടത് നേതാക്കളായ ഇപി ഗോപാലനും ഇഎംഎസുമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. പിന്നീട് കോണ്‍ഗ്രസ് സാരഥി എംപി ഗംഗാധരന്‍ ജയച്ചുകയറി. 82ല്‍ കെഇ ഇസ്മയിലിലൂടെ മണ്ഡലം സിപിഐ തിരിച്ചുപിടിച്ചു. വീണ്ടും കോണ്‍ഗ്രസിനൊപ്പം നിന്ന പട്ടാമ്പിയില്‍ 91ലും 96ലും ഇസ്മയില്‍ വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് തരംഗ അലയടിച്ച 2001 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ വിജയക്കൊടി പാറിച്ച് സിപി മുഹമ്മദ് മണ്ഡലത്തില്‍ കോണ്‍ഗ്രസിനും മികച്ച അടിത്തറയുണ്ടെന്ന് തെളിയിച്ചു. എന്നാല്‍ 2016ല്‍ ഈ അടിത്തറ ഇളകി. പട്ടാമ്പി ഇടതിനൊപ്പം നിന്നു. സുരക്ഷിത മണ്ഡലമെന്ന് കരുതിയ കോണ്‍ഗ്രസ് പ്രതീക്ഷകളാണ് കഴിഞ്ഞ തവണ തകര്‍ന്നത്.

ഇത്തവണയും സിപിഐക്ക് ഉറച്ച വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് പട്ടാമ്പി. അതേസമയം 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ വി.കെ. ശ്രീകണ്ഠന് 17,179 വോട്ടിന്റെ ഭൂരിപക്ഷംനല്‍കി മണ്ഡലം യു.ഡി.എഫിനൊപ്പം നിന്നു. 2020 തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലം വീണ്ടും ഇടതുപക്ഷത്തേക്ക് ചാഞ്ഞു. തിരുവേഗപ്പുറയൊഴികെ ബാക്കിയിടങ്ങളില്‍ എല്‍.ഡി.എഫിനാണ് ഭരണം. കോണ്‍ഗ്രസ് വിമതരായ ടിപി ഷാജിയുടെ നേതൃത്വത്തിലുള്ള വി ഫോര്‍ പട്ടാമ്പിയുടെ സാന്നിധ്യവും മണ്ഡലത്തില്‍ സുപ്രധാനമാണ്. എല്‍ഡിഎഫിനാണ് വി ഫോര്‍ പട്ടാമ്പിയുടെ പിന്തുണ. ഇടതിന്റെ ജയപ്രതീക്ഷ ഇത് കൂട്ടുന്നു. ചരിത്രത്തിലാദ്യമായി പട്ടാമ്പി നഗരസഭാ ഭരണം എല്‍ഡിഎഫ് പിടിച്ചതും വി ഫോര്‍ പട്ടാമ്പിയുടെ പിന്തുണയോടെയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ മുഖ്യ തലവേദന വി ഫോര്‍ പട്ടാമ്പിയുടെ സാന്നിധ്യമാണ്.

ബിജെപി പിടിക്കുന്ന വോട്ടുകളും മണ്ഡലത്തില്‍ നിര്‍ണായകമാകും. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മണ്ഡലം നിലനിര്‍ത്താന്‍ ഇടതുപക്ഷവും കൈവിട്ട പട്ടാമ്പിയെ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും ഇറങ്ങുമ്പോള്‍ പോരാട്ടം കനക്കും.

 • ഒറ്റപ്പാലം പിടിക്കാന്‍ യുഡിഎഫ്‌​
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിലൊന്നാണ് ഒറ്റപ്പാലം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇടത് സ്ഥാനാര്‍ഥികളെ മാത്രമാണ് മണ്ഡലം തുണച്ചത്. കഴിഞ്ഞ തവണ 16000ത്തിലേറെ വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്തി പി ഉണ്ണിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഇത്തവണ ഉണ്ണി മത്സരരംഗത്തില്ല. പകരം സിപിഎമ്മിലെ യുവനേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ പ്രേമംകുമാറാണ് സ്ഥാനാര്‍ഥി.

മണ്ഡലം തിരിച്ചുപിടിക്കാന്‍ മുന്‍ ഐഎഎഎസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ പി സരിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ഇതോടെ മത്സരം വീറുറ്റതായി. മണ്ഡലത്തിനുള്ളില്‍ തന്നെയുള്ള സ്ഥാനാര്‍ഥിയിലൂടെ ഒറ്റപ്പാലം പിടിക്കാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കഴിഞ്ഞ രണ്ട് തവണയും മത്സരിച്ച പി വേണുഗോപാലാണ് ബിജെപി സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ 28000ത്തോളം വോട്ടുകള്‍ നേടാനായത് ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ആറായിരത്തിലേറെ വോട്ടിന് ലീഡ് ചെയ്തതും എല്‍ഡിഎഫാണ്. മൂന്നാം സ്ഥാനത്താണെങ്കിലും വോട്ടുവിഹിതം 35000ത്തിന് മുകളിലേക്ക് ഉയര്‍ത്താന്‍ ബിജെപിക്കും സാധിച്ചു. കഴിഞ്ഞ തദ്ദേശ പോരിലും മണ്ഡലത്തില്‍ മേല്‍കൈ ഇടതുമുന്നണി നിലനിര്‍ത്തി. ഒറ്റപ്പാലം നഗരസഭയും അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര പഞ്ചായത്തുകളും ചേര്‍ന്നതാണ് ഒറ്റപ്പാലം മണ്ഡലം. എട്ട് തദ്ദേശസ്ഥാപനങ്ങളില്‍ രണ്ടിടത്ത് യു.ഡി.എഫിനാണ് ഭരണം. മറ്റ് ആറിടത്തും എല്‍.ഡി.എഫാണ് അധികാരത്തിലുള്ളത്. എന്നാല്‍ മണ്ഡലത്തില്‍ സുപരിചിതനായ സരിനിലൂടെ ഒറ്റപ്പാലം തിരിച്ചുപിടിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. മണ്ഡലത്തില്‍ ശക്തമായ മത്സരം ഉറപ്പ്. ക്ലൈമാക്സില്‍ എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.

 • ഷൊര്‍ണൂരില്‍ വാശിയേറിയ പോരാട്ടം​
2011ല്‍ മണ്ഡലം രൂപീകൃതമായത് മുതല്‍ ഷൊര്‍ണൂര്‍ ഇടത്തോട്ടാണ്. ഇക്കുറി രണ്ട് യുവമുഖങ്ങളും പരിചയസമ്പന്നതയും തമ്മിലാണ് ഷൊര്‍ണൂരിലെ പോരാട്ടം. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റംഗം പി. മമ്മിക്കുട്ടിയെ നേരിടാന്‍ യു.ഡി.എഫ്. ഷൊര്‍ണൂരുകാരനും യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റുമായ ടി.എച്ച്. ഫിറോസ് ബാബുവിനെയാണ് നിയോഗിച്ചത്. രണ്ടുമുന്നണികളോടും കിടപിടക്കാന്‍ ബി.ജെ.പി.യുടെ സംസ്ഥാന വക്താവായ സന്ദീപ് ജി. വാര്യരെയാണ് എന്‍.ഡി.എ. രംഗത്തിറക്കിയത്. ഇതോടെ ത്രികോണ പോര് ഉറപ്പായി.

പട്ടാമ്പി, ശ്രീകൃഷ്ണപുരം നിയോജകമണ്ഡലങ്ങള്‍ വിഭജിച്ചാണ് ഷൊര്‍ണൂര്‍ നിയോജകമണ്ഡലമായത്. 2011ല്‍ സി.പി.എം. സ്ഥാനാര്‍ഥിയായിരുന്ന കെ.എസ്. സലീഖ 13,493 വോട്ടിനാണ് യു.ഡി.എഫിലെ ശാന്താജയറാമിനെ തോല്‍പ്പിച്ചത്. 2016-ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 10,000-ത്തിലേറെ വര്‍ധിപ്പിച്ച് എല്‍.ഡി.എഫ്. മണ്ഡലം കോട്ടയാക്കി നിലനിര്‍ത്തി. അന്നുമത്സരിച്ച നിലവിലെ എം.എല്‍.എ.യും സി.പി.എം. ജില്ലാകമ്മിറ്റിയംഗവുമായ പി.കെ. ശശി 24,547 വോട്ട് ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ സി. സംഗീതയെ തോല്‍പ്പിച്ചു. കഴിഞ്ഞ തവണ 20 ശതമാനം വോട്ടുനേടി ബിഡിജെഎസും മണ്ഡലത്തില്‍ ശക്തിതെളിയിച്ചിരുന്നു.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലം യു.ഡി.എഫിനെ തുണച്ചപ്പോഴും ഷൊര്‍ണൂര്‍ ഇടതിനെ കൈവിട്ടില്ല. ആ ഇടതുവിരുദ്ധ കാറ്റിലും 11,092 വോട്ടിന്റെ ഭൂരിപക്ഷം നേടാനായെന്നതാണ് എല്‍.ഡി.എഫിന്റെ ആത്മവിശ്വാസം. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും എല്‍.ഡി.എഫ്. പിടിച്ചെടുത്തു. യു.ഡി.എഫിനേക്കാള്‍ 28,257 വോട്ടിന്റെ ഭൂരിപക്ഷം എല്‍.ഡി.എഫ്. തദ്ദേശത്തില്‍ നേടി.

സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന മമ്മിക്കുട്ടിക്ക് തന്റെ പരിചയസമ്പത്തും നേട്ടമാകുമെന്നാണ് പ്രതീക്ഷ. ഷൊര്‍ണൂരുകാരനെന്ന ആനുകൂല്യം ഉപയോഗപ്പെടുത്തി അട്ടിമറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടി.എച്ച്. ഫിറോസ് ബാബു. യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റായ ഫിറോസ് ബാബു രാജ്യത്തെ മികച്ച യുവജന പ്രവര്‍ത്തകനുള്ള കേന്ദ്ര യുവജന സ്പോര്‍ട്‌സ് മന്ത്രാലയത്തിന്റെ അവാര്‍ഡ് നേടിയിരുന്നു. യുവസാന്നിധ്യം യുവാക്കള്‍ക്കിടയില്‍ ചലനമുണ്ടാക്കാനാകുമെന്ന് യുഡിഎഫ് കരുതുന്നു. ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം നിറസാന്നിധ്യമായ സന്ദീപ് വാര്യര്‍ സ്ഥാനാര്‍ഥിയായതോടെ എന്‍.ഡി.എ. ക്യാമ്പും ആവേശത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായതും വര്‍ധിച്ചുവരുന്ന ബി.ജെ.പി. വോട്ടും യുവ സ്ഥാനാര്‍ഥിയുടെ സാന്നിധ്യവും ഗുണകരമാകുമെന്നാണ് എന്‍.ഡി.എ. പ്രതീക്ഷ.

 • കോങ്ങാട് ആരു പിടിക്കും?​
സംവരണ മണ്ഡലമായ കോങ്ങാട് നിലവില്‍ ഇടതുമുന്നണിക്കൊപ്പമാണ്. എംഎല്‍എ ആയിരിക്കെ അന്തരിച്ച കെവി വിജയദാസിന്റെ മണ്ഡലത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരിയാണ് സിപിഎം സ്ഥാനാര്‍ഥി. 2011ല്‍ രൂപീകൃതമായ ശേഷം കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത് കെവി വിജയദാസായിരുന്നു. കോണ്‍ഗ്രസില്‍നിന്ന് ഏറ്റെടുത്ത സീറ്റില്‍ യുസി രാമനാണ് ലീഗ് സ്ഥാനാര്‍ഥി.

കുന്ദമംഗലം മുന്‍ എംഎല്‍എ യുസി രാമനിലൂടെ ഇത്തവണ കോങ്ങാട് പിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ബിജെപി ഒറ്റപ്പാലം മണ്ഡലം സെക്രട്ടറിയായ എം സുരേഷ് ബാബുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. പ്രാദേശിക നേതൃത്വങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സ്ഥാനാര്‍ഥികള്‍ എത്തിയതിനാല്‍ കുറച്ചുവിഭാഗത്തിന്റെ അതൃപ്തി വോട്ടില്‍ പ്രതിഫലിക്കുമെന്ന് മൂന്ന് മുന്നണികളും കണക്കുകൂട്ടുന്നു.

2011-ലാണ് ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലം പേരുമാറ്റി കോങ്ങാടായത്. അന്നുമുതല്‍ സംവരണമണ്ഡലവുമായി. 1965-ല്‍ ശ്രീകൃഷ്ണപുരം മണ്ഡലം നിലവില്‍വന്നപ്പോള്‍ സി.പി.എമ്മിലെ സി. ഗോവിന്ദപ്പണിക്കരാണ് വിജയിച്ചത്. 1967-ലും 70-ലും ഗോവിന്ദപ്പണിക്കര്‍ സീറ്റ് നിലനിര്‍ത്തി. 1977-ല്‍ കോണ്‍ഗ്രസിലെ കെ. സുകുമാരനുണ്ണിയും 80-ല്‍ കെ. ശങ്കരനാരായണനും വിജയിയായി. 82-ല്‍ ഇ. പത്മനാഭനിലൂടെ സി.പി.എം. തിരിച്ചുകയറി. 1987-ലും 91-ലും കോണ്‍ഗ്രസിന്റെ പി. ബാലന്റെ ഊഴമായിരുന്നു. 1996-ലും 2001-ലും എല്‍.ഡി.എഫിലെ ഗിരിജാസുരേന്ദ്രനും 2006-ല്‍ കെ.എസ്. സലീഖയും നിയമസഭയിലെത്തി. പേരും രൂപവും മാറി കോങ്ങാട് മണ്ഡലമായ 2011-ല്‍ കെ.വി. വിജയദാസെത്തി. 2016-ലും വിജയദാസ് സീറ്റ് നിലനിര്‍ത്തിയതാണ് മണ്ഡല ചരിത്രം.

പരിസ്ഥിതി ലോല മേഖലയുടെ ആശങ്കകളും കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും കോങ്ങാട്ട് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാണ്. കഴിഞ്ഞ തവണ 13,271 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് മണ്ഡലം നിലനിര്‍ത്തിയത്. എന്നാല്‍ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വെറും 300 വോട്ടിന്റെ ലീഡ് മാത്രമാണ് കോങ്ങാട് ഇടതുമുന്നണിക്ക് ലഭിച്ചത്. മണ്ഡലത്തില്‍ ഇരുപതിനായിരത്തിന് മുകളില്‍ വോട്ട് ബിജെപിക്കുമുണ്ട്. കേരളശ്ശേരി, കോങ്ങാട്, പറളി, മങ്കര, മണ്ണൂര്‍, കരിമ്പ, കാരാകുറിശ്ശി, തച്ചമ്പാറ, കാഞ്ഞിരപ്പുഴ ഗ്രാമപ്പഞ്ചായത്തുകളാണ് കോങ്ങാട് മണ്ഡലത്തിലുള്ളത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മങ്കര ഗ്രാമപ്പഞ്ചായത്തില്‍ യു.ഡി.എഫിനാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം കിട്ടിയത്. മറ്റ് എട്ട് ഗ്രാമപ്പഞ്ചായത്തുകളിലും എല്‍.ഡി.എഫാണ് ഭരണം.

 • മണ്ണാര്‍ക്കാട് ഹാട്രിക് ലക്ഷ്യമിട്ട് എന്‍ ഷംസുദ്ദീന്‍
ഒരുകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കുത്തകയായിരുന്നു മണ്ണാര്‍ക്കാട് മണ്ഡലം. എന്നാല്‍ 1980ന് ശേഷം ലീഗിനേയും സിപിഐയേയും മാറിമാറി പരീക്ഷിക്കുന്ന ചരിത്രമാണ് മലയോരമേഖലയായ മണ്ണാര്‍ക്കാടിനുള്ളത്. കഴിഞ്ഞ രണ്ട് തവണയും മണ്ഡലം ലീഗിനെ തുണച്ചു. ഹാട്രിക് ജയം ലക്ഷ്യമിട്ട് എന്‍ ഷംസുദ്ദീനാണ് ഇത്തവണയും ലീഗ് സ്ഥാനാര്‍ഥി. മണ്ണാര്‍ക്കാട് തിരിച്ചുപിടിക്കാന്‍ സിപിഐ ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജിനെ തന്നെയാണ് എല്‍ഡിഎഫ് ഇറക്കിയത്.

കഴിഞ്ഞ തവണ 12,325 വോട്ടുകള്‍ക്കാണ് സുരേഷ് രാജ് ഷംസുദ്ദീനോട് പരാജയപ്പെട്ടത്. എഐഎഡിഎംകെ സ്ഥാനാര്‍ഥി നസീമ ഷറഫുദ്ദീനാണ് എന്‍ഡിഎക്കായി കളത്തിലിറങ്ങിയത്. കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച സീറ്റില്‍ 10,170 വോട്ടാണ് എന്‍ഡിഎ നേടിയത്.

പുതൂര്‍, ഷോളയൂര്‍, അഗളി, തെങ്കര, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകളും മണ്ണാര്‍ക്കാട് നഗരസഭയും ഉള്‍പ്പെടുന്നതാണ് മണ്ഡലം. പുതൂര്‍, ഷോളയൂര്‍, അഗളി, തെങ്കര ഗ്രാമപ്പഞ്ചായത്തുകള്‍ 2020 തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. നേടി. മണ്ണാര്‍ക്കാട് നഗരസഭയ്ക്ക് പുറമെ കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ യു.ഡി.എഫിനാണ് ഭരണം. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ മണ്ണാര്‍ക്കാട്ടുനിന്നാണ് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ഏറ്റവുംകൂടുതല്‍ ഭൂരിപക്ഷം നേടിയത്. എന്നാല്‍, 2020 തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. വോട്ടുനിലയില്‍ മുന്നിലെത്തി. ഇതോടെ ഇരുകൂട്ടര്‍ക്കും മണ്ഡലത്തില്‍ തുല്യസാധ്യതയായി.

എം.എല്‍.എ. എന്ന നിലയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ നേട്ടമാകുമെന്ന് എന്‍. ഷംസുദ്ദീന്‍ കണക്കുകൂട്ടുന്നു. അതേസമയം സര്‍ക്കാരിന്റെ വികസന നേട്ടങ്ങളിലൂടെ മണ്ഡലത്തില്‍ ഇടത് ആധിപത്യം തിരിച്ചുകൊണ്ടുവരാനാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. നസീമയിലൂടെ മണ്ഡലത്തില്‍ മികച്ച മുന്നേറ്റമാണ് എന്‍ഡിഎ ലക്ഷ്യമിടുന്നു. മണ്ഡലത്തില്‍ പരിസ്ഥിതിലോലമേഖലാ പ്രഖ്യാപനത്തിന്റെ ആശങ്കയിലായ കുടിയേറ്റകര്‍ഷകരുടെ പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് വിഷയങ്ങളും ആര്‍ക്കുള്ള വോട്ടാകുമെന്ന് കണ്ടറിയണം.

 • തരൂരില്‍ കോട്ട കാക്കാന്‍ എല്‍ഡിഎഫ്
സംവരണ മണ്ഡലമാണ് തരൂര്‍. 2011ല്‍ രൂപീകൃതമായ ശേഷം നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും മണ്ഡലം ഇടതിന് അനുകൂലമായി വിധിയെഴുതി. മന്ത്രി എകെ ബാലനാണ് കഴിഞ്ഞ രണ്ട് തവണയും തരൂരില്‍ ജയിച്ചത്. 2011ല്‍ 25,000ത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലത്തില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭൂരിപക്ഷം 23.068 വോട്ടുകളാണ്. 2016ല്‍ എല്‍ഡിഎഫ് 67,047 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫിന് 43,979 വോട്ടാണ് ലഭിച്ചത്. ബിജെപി 15,493 വോട്ടും പിടിച്ചു.

ഇത്തവണ എകെ ബാലന് പകരം പിപി സുമോദാണ് തരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിനായി മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെഎ ഷീബയാണ് മത്സരിക്കുന്നത്. കെപി ജയപ്രകാശനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

മുമ്പ് കുഴല്‍മന്ദമെന്ന പേരിലായിരുന്ന തരൂര്‍ മണ്ഡലം. കോണ്‍ഗ്രസിന് ബാലികേറാമലയായ പഴയ കുഴല്‍മന്ദം നിയോജകമണ്ഡലത്തില്‍ 1957-ല്‍ സ്വതന്ത്രനായ ജോണ്‍ കിട്ടയാണ് വിജയിച്ചത്. 1965ലും 67ലും എസ്.എസ്.പി.യിലെ ഒ. കോരന്‍ ജയിച്ചു. ഒരുതവണ മന്ത്രിയുമായി. 70-ല്‍ സി.പി.എമ്മിലെ പി. കുഞ്ഞനും 77-ല്‍ എം.കെ. കൃഷ്ണനും ജയിച്ചു. 80, 82, 87 തിരഞ്ഞെടുപ്പുകളില്‍ ടി.കെ. ആറുമുഖന്‍ വിജയം നേടി. 91ലും 96ലും എം. നാരായണനും 2001ലും 2006ലും എ.കെ. ബാലനുമാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തത്. തരൂര്‍ മണ്ഡലം നിലവില്‍ വന്നശേഷം 2011-ലും 2016 ലും എ.കെ. ബാലന്‍ തന്നെ തരൂരിന്റെ മനസ്സ് കവര്‍ന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തരൂരില്‍ യുഡിഎഫ് വലിയ ലീഡ് പിടിച്ചു. കോണ്‍ഗ്രസിലെ രമ്യ ഹരിദാസ് 24,839 വോട്ടിന്റെ ലീഡ് നേടി. പിന്നാലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് യു.ഡി.എഫിനേക്കാള്‍ 12,980 വോട്ട് അധികം ലഭിച്ചു. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, തരൂര്‍, കാവശ്ശേരി, കുത്തനൂര്‍, പെരിങ്ങോട്ടുകുറിശ്ശി, കോട്ടായി ഗ്രാമപ്പഞ്ചായത്തുകളാണ് പട്ടികജാതി സംവരണ മണ്ഡലമായ തരൂരില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ കുത്തനൂരിലും പെരിങ്ങോട്ടുകുറിശ്ശിയിലും യു.ഡി.എഫ്. ഭരണമാണ്. തരൂരും പുതുക്കോടും ഇത്തവണ എല്‍.ഡി.എഫ്. പിടിച്ചെടുത്തു. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുഴല്‍മന്ദം, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തുകളും എല്‍.ഡി.എഫ്. ഭരണത്തിലാണ്.

അനുകൂലമായ തദ്ദേശചിത്രം ഇടതിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. മന്ത്രി എകെ ബാലന്റെ ഭാര്യ ഡോ പികെ ജമീല മത്സരിക്കുമെന്ന വാര്‍ത്തയെതത്തുടര്‍ന്നുണ്ടായ ചില അസ്വാരസ്യങ്ങള്‍ തുടക്കത്തില്‍ എല്‍ഡിഎഫില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചെങ്കിലും പിപി സുമോദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ഭിന്നസ്വരങ്ങള്‍ അവസാനിച്ചു. ഷീബയിലൂടെ മണ്ഡലം പിടിക്കാമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. അവസാന മണിക്കൂറിലെ അടിയൊഴുക്കുകള്‍ ആര്‍ക്കൊപ്പമെന്നത് പ്രവചനാധീതം.

 • ചിറ്റൂര്‍ തിരിച്ചുപിടിക്കാന്‍ യുഡിഎഫ്
കോണ്‍ഗ്രസിനും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും അടിയുറച്ച വേരുകളുള്ള മണ്ണാണ് ചിറ്റൂര്‍. നിയമസഭാ തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞ കാല്‍നൂറ്റാണ്ട് പിന്നിട്ട ചരിത്രം പരിശോധിച്ചാല്‍ ഇവിടെ പോരാട്ടവേദിയില്‍ നിറഞ്ഞുനിന്നത് രണ്ട് മുഖങ്ങളാണ്. എല്‍.ഡി.എഫിനെ നയിച്ച് ജനതാദള്‍ (എസ്) സ്ഥാനാര്‍ഥി കെ. കൃഷ്ണന്‍കുട്ടിയും യു.ഡി.എഫിനെ നയിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. അച്യുതനും. 2011-ല്‍ സീറ്റ് സി.പി.എം. എറ്റെടുത്തപ്പോള്‍ മാത്രമാണ് ഇതിന് മാറ്റംവന്നത്. ഇക്കുറി ചരിത്രംമാറുമ്പോള്‍ അച്യുതന് പകരക്കാരനായി കെ. കൃഷ്ണന്‍കുട്ടിയെ നേരിടാനെത്തിയത് കെ. അച്യുതന്റെ മകന്‍ സുമേഷ് അച്യുതനാണ്. എന്‍.ഡി.എ.ക്കുവേണ്ടി പാലക്കാട്ടെ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ വി. നടേശനും രംഗത്തിറങ്ങിയതോടെ വീറും വാശിയും ഏറുന്ന മത്സരമാണ് ചിറ്റൂരില്‍.

നിലവില്‍ ജനതാദള്‍ എസിന്റെ സിറ്റിങ് സീറ്റാണ് ചിറ്റൂര്‍. നാലുവട്ടം ചിറ്റൂരില്‍നിന്ന് എംഎല്‍എയായ മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഒമ്പതാം തവണയാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി സി.പി.എമ്മിലെ എസ്. സുഭാഷ് ചന്ദ്രബോസ് രംഗത്തിറങ്ങിയ 2011-ലെ തിരഞ്ഞെടുപ്പില്‍ 12,330 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കെ. അച്യുതന്റെ വിജയം. എന്നാല്‍, 1996 മുതല്‍ തുടര്‍ച്ചയായ നാലുവട്ടം ചിറ്റൂരിനെ പ്രതിനിധാനംചെയ്ത കെ. അച്യുതന് 2016-ലെ തിരഞ്ഞെടുപ്പില്‍ അടിപതറി. മുമ്പ് മൂന്നുവട്ടം എതിരാളിയായിരുന്ന കെ. കൃഷ്ണന്‍കുട്ടി 7,285 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇക്കുറി വിജയംനേടിയത്. എല്‍ഡിഎഫ് 69,270 വോട്ടുകള്‍ പിടിച്ചപ്പോള്‍ യുഡിഎഫിന്് 61,985 വോട്ടുകളും ബിജെപിക്ക് 12,537 വോട്ടുകളും ലഭിച്ചു.

ഭാഷാന്യൂനപക്ഷ വോട്ടുകള്‍ കൃത്യമായി ടാര്‍ജറ്റ് ചെയ്യാനായാല്‍ വിജയമുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍ കരുക്കള്‍ നീക്കുന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ രമ്യാ ഹരിദാസ് 23,467 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. എന്നാല്‍, 2020 തദ്ദേശതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുള്‍പ്പെടുന്ന ചിറ്റൂര്‍-തത്തമംഗലം നഗരസഭയും പെരുമാട്ടി, നല്ലേപ്പിള്ളി, പൊല്‍പ്പുള്ളി, പെരുവെമ്പ്, കൊഴിഞ്ഞാമ്പാറ, വടകരപ്പതി എന്നീ ഗ്രാമപ്പഞ്ചായത്തുകളും എല്‍.ഡി.എഫിനൊപ്പം നിന്നു. പട്ടഞ്ചേരി, എരുത്തേമ്പതി ഗ്രാമപ്പഞ്ചായത്തുകളില്‍ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. വോട്ട് വിഹിതത്തില്‍ എല്‍.ഡി.എഫ്. യു.ഡി.എഫിനേക്കാള്‍ 12,974 വോട്ടുകള്‍ അധികം നേടി. ഇടതിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്ന ഘടകവും ഇതാണ്.

രണ്ടുപതിറ്റാണ്ട് തുടര്‍ച്ചയായി ജനപ്രതിനിധിയായിരുന്ന അച്ഛന്റെ വിജയവഴി തിരിച്ചുപടിക്കാനിറങ്ങിയ കെ. സുമേഷും ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ ഭാഷാന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചുപിടിക്കാനായാല്‍ വിജയം ഉറപ്പാക്കാനാവുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. നടേശന്റെ സ്ഥാനാര്‍ഥിത്വം എന്‍.ഡി.എ.യ്ക്ക് സ്വാധീനമേറെയുള്ള മേഖലകളില്‍ പരമാവധി വോട്ടുനേടാന്‍ അവസരമൊരുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍.ഡി.എ. പ്രചാരണം കൊഴുപ്പിക്കുന്നത്. ഈ നീക്കം വിജയിച്ചാല്‍ അത് ചിറ്റൂരിന്റെ ജനവിധിയിലും പ്രതിഫലിക്കുമെന്നുറപ്പാണ്.

 • നെന്‍മാറയില്‍ ആരു മുന്നിലെത്തും?
നെന്‍മാറയില്‍ കാറ്റ് ഇടത്തോട്ടാണ്. 2011ല്‍ മണ്ഡലം രൂപീകൃതമായ ശേഷം രണ്ടുവട്ടവും ജയം ഇടതിനാണ്. 2011ലെ ആദ്യ തിരഞ്ഞെടുപ്പില്‍ എം.വി. രാഘവനെ കീഴടക്കി വി. ചെന്താമരാക്ഷനായിരുന്നു വിജയി. കഴിഞ്ഞ തവണ എവി ഗോപിനാഥിനെ തറപറ്റിച്ച് കെ ബാബുവിനെ മണ്ഡലം നിയമസഭയിലേക്ക് പറഞ്ഞുവിട്ടു. നെന്മാറ മണ്ഡലം രൂപംകൊള്ളുന്നതിന് മുമ്പ് കൊല്ലങ്കോട് മണ്ഡലമായിരിക്കെ 1996-ലും 2001-ലും കെ.എ. ചന്ദ്രന്‍ നേടിയ വിജയം മാത്രമാണ് യു.ഡി.എഫിന്റെ കണക്കിലുള്ളത്. പിന്നെയുള്ളതെല്ലാം എല്‍.ഡി.എഫിന്റെ വിജയചരിത്രമാണ്. സി. വാസുദേവമേനോനും, സി.ടി. കൃഷ്ണുമൊക്കെ ജയിച്ചുകയറിയ മണ്ഡലത്തില്‍ എം. ചന്ദ്രനെന്ന ജില്ലയിലെ കരുത്തനായ സി.പി.എം. നേതാവ് പിന്നിലായ ചരിത്രവുമുണ്ട്.

2016ല്‍ 7408 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ ജയം. മണ്ഡലത്തിനകത്ത് കോണ്‍ഗ്രസിനുള്ളിലെ അസ്വാരസ്യങ്ങളും കഴിഞ്ഞ തവണ യുഡിഎഫിന് തിരിച്ചടിയായി. മണ്ഡലം നിലനിര്‍ത്തന്‍ കെ ബാബു തന്നെയാണ് ഇത്തവയും ഇടതു സ്ഥാനാര്‍ഥി. സിഎംപിക്ക് വിട്ടുനല്‍കിയ സീറ്റില്‍ സിഎന്‍ വിജയകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എം.വി. രാഘവന് കഴിയാതിരുന്നത് ശിഷ്യനെക്കൊണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിജയകൃഷ്ണനെ യുഡിഎഫ് നെന്മാറയിലേക്ക് നിയോഗിച്ചത്. ഘടകക്ഷിക്ക് സീറ്റ് വിട്ടുകൊടുക്കുന്നതില്‍ കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന മുറുമുറുപ്പുകളെ പറഞ്ഞൊതുക്കി പ്രചാരണരംഗത്തിറക്കാന്‍ വിജയകൃഷ്ണനായി. എം.വി.ആര്‍. കാന്‍സര്‍ സെന്ററിന്റെയും നിരവധി സഹകരണസ്ഥാപനങ്ങളുടെയും തലപ്പത്ത് പ്രവര്‍ത്തിച്ച പരിചയസമ്പത്ത് മുതല്‍ക്കൂട്ടാകുമെന്നാണ് വിജയകൃഷ്ണന്റെ പ്രതീക്ഷ.

ബി.ഡി.ജെ.എസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായ എഎന്‍ അനുരാഗാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അനുരാഗിലൂടെ മണ്ഡലത്തില്‍ മുന്നേറാമെന്നാണ് എന്‍ഡിഎ പ്രതീക്ഷ. അഞ്ചുവര്‍ഷം എം.എല്‍.എ. എന്ന നിലയില്‍ കെ ബാബു നടത്തിയ പ്രവര്‍ത്തനങ്ങള്‍ വോട്ടാകുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് യു.ഡി.എഫില്‍ ഉയര്‍ന്ന അസ്വാരസ്യം ഗുണകരമാകുമെന്നും എല്‍.ഡി.എഫ്. കണക്കുകൂട്ടുന്നു. അതേസമയം, മണ്ഡലത്തില്‍ പലയിടത്തായി സി.പി.എമ്മിനകത്തെ പടലപ്പിണക്കങ്ങള്‍ ചെറിയതോതിലെങ്കിലും മുന്നണിയെ ആശങ്കപ്പെടുത്തുന്നു.

2019-ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത് യു.ഡി.എഫ് ക്യാമ്പില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റം കണക്കിലെടുക്കുമ്പോള്‍ മണ്ഡലം കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്.

 • ആലത്തൂരിലെ ഇടതുകോട്ട ഇളകുമോ?
1991ലുണ്ടായ അപ്രതീക്ഷിത തോല്‍വി ഒഴിച്ചുനിര്‍ത്തിയാല്‍ ആലത്തൂര്‍ മണ്ഡലം ഇടതുകോട്ടയാണ്. അന്ന് കോണ്‍ഗ്രസിലെ എവി ഗോപിനാഥാണ് എല്‍ഡിഎഫിനെ ഞെട്ടിച്ച് മണ്ഡലം പിടിച്ചത്. 1996 മുതല്‍ സിപിഎമ്മാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. സിറ്റിങ് എംഎല്‍എ കെഡി പ്രസേനന്‍ തന്നെയാണ് എല്‍ഡിഎഫിനായി മത്സരിക്കുന്നത്. പാളയം പ്രദീപാണ് യുഡിഎഫിനായി കളത്തിലുള്ളത്. യുവമോര്‍ച്ച് ജില്ലാ പ്രസിഡന്റായ പ്രശാന്ത് ശിവനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച ആലത്തൂര്‍ സീറ്റ് തിരിച്ചെടുത്താണ് ഇത്തവണ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിച്ചു. 2016ല്‍ 36000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് ആലത്തൂരിലെ ഇടതുകോട്ട ഭദ്രമാക്കിയത്. എല്‍ഡിഎഫ് 71,206 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫിന് 35,146 വോട്ടുകളെ ലഭിച്ചുള്ളു. ബിജെപി 19610 വോട്ടുകളും പിടിച്ചു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരിലെ ഇടതു കോട്ട പൊളിച്ച് നേടിയ അട്ടിമറി ജയം മണ്ഡലത്തില്‍ ആവര്‍ത്തിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. അതേസമയം 2019ല്‍ തിരിച്ചടിയേറ്റെങ്കിലും ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആധിപത്യം തിരിച്ചുപിടിക്കാനായ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാമ്പ്. തദ്ദേശ പേരില്‍ ഉള്‍പ്പെടെ മണ്ഡലത്തില്‍ ബിജെപി വോട്ടുവിഹിതം വര്‍ധിപ്പിക്കുന്നതാണ് കാഴ്ച. അതിനാല്‍ മണ്ഡലത്തിലെ നിര്‍ണായക ശക്തിയായ ബിജെപി മാറാനും സാധ്യതയുണ്ട്.

ചുരുക്കത്തില്‍ ജില്ലയില്‍ മൂന്ന് എന്ന സീറ്റ് നില അഞ്ചെങ്കിലുമാക്കി ഉയര്‍ത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. എല്‍ഡിഎഫ് സിറ്റിങ് സീറ്റുകള്‍ ഒന്നും നഷ്ടപ്പെടുമെന്ന് അംഗീകരിക്കുന്നില്ലെങ്കിലും നിലവിലെ ഒമ്പതിനൊപ്പം തൃത്താല കൂടി ചേരുമ്പോള്‍ പത്താകുമെന്ന് എല്‍ഡിഎഫ് ഉറപ്പിക്കുന്നു. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ തീ പാറുന്ന മത്സരം നടക്കുന്നത് പട്ടാമ്പിയിലും തൃത്താലയിലും ഒറ്റപ്പാലത്തുമാണ്. ഇതില്‍ തൃത്താല തിരിച്ചുപിടിച്ച് ഒരു സീറ്റ് അധികം നേടാന്‍ എല്‍ഡിഎഫ് വാശിയേറിയ പോരാട്ടത്തിലാണ്‌.

content highlights: Assembly election 2021 Palakkad district roundup

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram