പി.ജെ ജോസഫ് | ഫോട്ടോ: പി.പി ബിനോജ്
കോട്ടയം: യു.ഡി.എഫിലെ സീറ്റുചർച്ചയിൽ നേരിട്ട് പങ്കെടുക്കാതെ 10 സീറ്റ് പിടിച്ച് പി.ജെ.ജോസഫ്. വിവിധ മുന്നണികളിലായി അരനൂറ്റാണ്ട് പ്രവർത്തിക്കുന്ന പി.ജെ. ജോസഫ് ഇതാദ്യമായാണ് സീറ്റ് ചർച്ചകൾക്കെത്താത്തത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജോസഫ് ഫോണിലൂടെയാണ് എല്ലാം നിയന്ത്രിച്ചത്. ഒൻപത് സീറ്റെന്ന നിലയിൽ ചർച്ച അവസാനിപ്പിക്കാനിരുന്ന കോൺഗ്രസിനോട് തൃക്കരിപ്പൂരും പിടിച്ചുവാങ്ങിയാണ് ജോസഫ് അടങ്ങിയത്.
12 സീറ്റുകളെങ്കിലും വേണമെന്നനിലയിലാണ് പ്രാഥമിക ചർച്ച നടത്തിയത്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്ര തുടങ്ങും മുമ്പായിരുന്നു ഇത്. യാത്രയുടെ സമാപനച്ചടങ്ങിന് ശേഷമാണ് പി.ജെ.ജോസഫ് അസുഖബാധിതനായത്. തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോസഫ് സീറ്റ് ചർച്ചയ്ക്ക് പാർട്ടി ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം, ഫ്രാൻസിസ് ജോർജ്, മോൻസ് ജോസഫ് എന്നിവരെ ഏൽപ്പിച്ചു. രാവിലെ ജോസഫുമായി ഫോണിൽ ബന്ധപ്പെട്ട് തന്ത്രങ്ങൾ ഉറപ്പിച്ച ശേഷമാണ് ഇവർ ചർച്ചയ്ക്ക് പോയിരുന്നത്.
കോട്ടയത്ത് കടുത്തുരുത്തി കൂടാതെ ചങ്ങനാശ്ശേരിയും പൂഞ്ഞാറും ഏറ്റുമാനൂരും ചോദിച്ചപ്പോഴുണ്ടായ പ്രതിസന്ധിയായിരുന്നു ആദ്യകടമ്പ. കോട്ടയത്ത് ഒരു സീറ്റ് മാത്രമെന്ന കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ സമ്മർദത്തെ അതിജീവിക്കുക ഉമ്മൻചാണ്ടിക്കും നേതാക്കൾക്കും എളുപ്പമായിരുന്നില്ല. പൂഞ്ഞാർ വിട്ടുകൊടുത്ത് കടുത്തുരുത്തിക്ക് പുറമേ ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും നേടിയേ പി.ജെ.സമ്മതിച്ചുള്ളൂ. ഏറ്റുമാനൂർ നഷ്ടപ്പെട്ട കോൺഗ്രസിൽനിന്നുള്ള പ്രതിഷേധം ശക്തമായപ്പോൾ പി.ജെ.യുടെ മറുതന്ത്രം വന്നു. അത്രദിവസവും ചർച്ചകളിലേക്ക് കൊണ്ടുവന്ന മൂവാറ്റുപുഴ പൂർണമായും ഉപേക്ഷിച്ചുള്ള പിന്മാറ്റം. അപ്പോൾ പത്താം സീറ്റോ എന്ന ചോദ്യത്തിന് കാത്തിരിക്കാൻ മറുപടി. തൃക്കരിപ്പൂർ നേടിയ പാർട്ടി അവിടെ കെ.എം.മാണിയുടെ മരുമകനെ സ്ഥാനാർഥിയാക്കി കേരള കോൺഗ്രസ് രാഷ്ട്രീയത്തിലും ഒരു കരുനീക്കം നടത്തി.
പിളർപ്പിന് ശേഷം ഒപ്പംവന്ന ജോണി നെല്ലൂർ, ജോസഫ് എം.പുതുശേരി, സജി മഞ്ഞക്കടമ്പിൽ, വിക്ടർ ടി.തോമസ് എന്നിവർക്ക് സീറ്റ് ലഭിച്ചില്ലെങ്കിലും വലിയ പൊട്ടിത്തെറികൾ കൂടാതെ പി.ജെ.ഇടപെട്ടു. സീറ്റ് പ്രഖ്യാപനം വന്ന ദിവസം തന്നെ കോട്ടയം ജില്ലാ യു.ഡി.എഫ്. ചെയർമാനായി സജിക്ക് സ്ഥാനക്കയറ്റം നൽകി. മറ്റ് നേതാക്കളെ ജോസഫ് ആശ്വസിപ്പിക്കുകയും ചെയ്തു.
Content Highlight: PJ Joseph seat discussion