കോട്ടയം: പാലാ തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസ് സ്വന്തം വോട്ട് ചോര്‍ച്ച പരിശോധിക്കുന്നു. ബി.ജെ.പി.യുടെ വോട്ടും വാങ്ങിയാണ് മാണി സി. കാപ്പന്‍ വിജയിച്ചതെന്ന് കേരളാ കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ കൂടിയായ ജോസ് കെ. മാണി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ബി.ജെ.പി. ബന്ധമെന്ന കാരണം പരസ്യമായി പറയുമ്പോഴും സ്വന്തം പാര്‍ട്ടിയിലും മുന്നണിയിലുംനിന്ന് വോട്ട് ചോര്‍ച്ച ഉണ്ടായോ എന്നാകും പാര്‍ട്ടി പരിശോധിക്കുക. കേരളാ കോണ്‍ഗ്രസ്, സി.പി.എം. ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളിലെല്ലാം മാണി സി. കാപ്പനാണ് ലീഡ് നേടിയത്.
ബി.ജെ.പി. ഭരിക്കുന്ന മുത്തോലി പഞ്ചായത്തില്‍ മാത്രമാണ് ജോസിന് മേല്‍ക്കൈ. കൊഴുവനാല്‍, കരൂര്‍, മീനച്ചില്‍ പഞ്ചായത്തുകളും പാലാ നഗരസഭയും കേരളാകോണ്‍ഗ്രസിന് എന്നും പിന്തുണ നല്‍കുന്നവയാണ്. പാലാ നഗരസഭ കേരളാ കോണ്‍ഗ്രസാണ് ഭരിക്കുന്നതും. തലനാട്, കടനാട്, എലിക്കുളം പഞ്ചായത്തുകള്‍ സി.പി.എം. മേഖലകളാണ്. ഇവിടെ വലിയ മേല്‍ക്കൈ ഇടതുമുന്നണി പ്രതീക്ഷിച്ചിരുന്നു. തന്റെ പഴയ സഹപ്രവര്‍ത്തകര്‍ കൈവിടില്ലന്ന് കാപ്പന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. സി.പി.എം. അണികളുടെ വോട്ടെത്തും എന്നതിന്റെ സൂചനയായിരുന്നു ഇത്. ഇത് സി.പി.എം. നേതൃത്വവും പരിശോധിക്കേണ്ടിവരും. പ്രാഥമികമായി ഇരു പാര്‍ട്ടികളും വോട്ട് നഷ്ടം അംഗീകരിച്ചിട്ടുണ്ട്.
