ജോസ് കെ.മാണി, മാണി സി.കാപ്പൻ | Photo: Mathrubhumi
കോട്ടയം: നേർക്കുനേർ കാണാൻ ജോസ് കെ. മാണിയും മാണി സി. കാപ്പനും തീരുമാനിച്ചതോടെ രാഷ്ട്രീയച്ചൂടിൽ പാലാ തിളയ്ക്കും. ജോസിനൊപ്പം ഇടതുപക്ഷവും മാണി സി. കാപ്പനൊപ്പം ഐക്യമുന്നണിയും അണിനിരക്കും. ഇരുകൂട്ടരും ജനകീയയാത്രകൾക്ക് സജ്ജരായി.
കെ.എം.മാണിയുടെ ഒാർമകൾ ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനംചെയ്യും. 26-ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് കൊട്ടാരമറ്റം കവലയിൽ മാണിയുടെ പ്രതിമ സമർപ്പിക്കുക.
ജോസ് പക്ഷം
കഴിഞ്ഞദിവസം ചേർന്ന സ്റ്റിയറിങ് കമ്മിറ്റിയോഗം ചർച്ചചെയ്തതിലേറെയും പാലായെക്കുറിച്ചാണ്. കഴിഞ്ഞദിവസം മാണി സി. കാപ്പൻ പാലാ നഗരത്തിൽ സൃഷ്ടിച്ച ഒാളം മറികടക്കാനും വികസനവാദം നേരിടാനും തീരുമാനിച്ചു. 20 മുതൽ 27 വരെ മണ്ഡലത്തിൽ ജോസ് കെ. മാണി പദയാത്രനടത്തും. കെ.എം. മാണിയുടെ ഒാർമകൾ മുന്നിൽനിർത്തിയാകും ജനകീയസംവാദം. മാണി അരനൂറ്റാണ്ട് പാലായിൽ നടത്തിയ വികസനം ഏതൊക്കെയെന്ന് എണ്ണിപ്പറയും. പാലായിൽ ആരുവന്നാലും നേരിടാൻ തയ്യാറാണെന്ന് ജോസ് കെ. മാണി കഴിഞ്ഞദിവസം പറഞ്ഞത് ആത്മവിശ്വാസം ഉയർത്തുന്നതിനാണ്. ഇടതുമുന്നണിയുടെ വികസനജാഥയിൽ പരമാവധി അണികളെ എത്തിച്ച് ഉഷാറാക്കാനും തീരുമാനമുണ്ട്.
കാപ്പൻ പക്ഷം
രാഷ്ട്രീയമായി ജോസിനെ എതിർക്കുമ്പോഴും ഇടത് അണികളെ ഒട്ടും പിണക്കാതെയാണ് കാപ്പന്റെ നീക്കങ്ങൾ. മുന്നണിവിടുമ്പോഴും അദ്ദേഹം ഇടത് അണികൾക്ക് നന്ദിപറഞ്ഞാണ് തുടങ്ങിയത്.
400 കോടിയുടെ വികസനം ഒന്നരവർഷത്തിനിടെ പാലായിൽ എത്തിച്ചത് പ്രചരിപ്പിക്കും. പാലാനഗരത്തിനുപുറത്ത് താൻചെയ്ത വികസനകാര്യങ്ങളാണ് ആ മേഖലയിൽ ഉന്നയിക്കുക. നേരത്തേതന്നെ, മണ്ഡലത്തിൽ വികസനയാത്ര നിശ്ചയിച്ച കാപ്പൻ അത് ഇൗ മാസം അവസാനത്തേക്ക് മാറ്റിയിരുന്നു. മിക്കവാറും 25 മുതൽ അതാരംഭിക്കാനാണ് സാധ്യത. 22-ന് കാപ്പൻ തിരുവനന്തപുരത്ത് നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. പുതിയ പാർട്ടിപ്രഖ്യാപനം അന്നുണ്ടാേയക്കും.
Content Highlight: Jose K Mani, Mani c Kappan Pala Assembly Election 2021