മാണി സി കാപ്പൻ
കോട്ടയം : മാണി സി.കാപ്പന്‍ ഘടകകക്ഷിയായി യു.ഡി.എഫില്‍ എത്തുമെന്ന് പ്രഖ്യാപിച്ചതോടെ പാലാക്കളം തെളിഞ്ഞു. സംസ്ഥാനത്തുതന്നെ ആദ്യം കളം തെളിയുന്ന മണ്ഡലങ്ങളിലൊന്നായി പാലാ.
വെള്ളിയാഴ്ച ഉച്ചവരെ മാണി സി.കാപ്പന്റെ തീരുമാനം കാത്തിരുന്ന അണികള്‍ക്കും ഇനി തുടര്‍നീക്കങ്ങളിലേക്ക് നീങ്ങാം. ശനിയാഴ്ച കാപ്പന് സ്വീകരണമുണ്ട്; എന്‍.സി.പി.യുടെ കാപ്പന്‍ പക്ഷത്തിന്റെ ജില്ലാതലയോഗവും ചേര്‍ന്നേക്കാം. ശശീന്ദ്രന്‍ പക്ഷം പാലായില്‍ ബദല്‍ പ്രകടനവും പദ്ധതിയിട്ടിട്ടുണ്ട്.
ഞായറാഴ്ച പാലായിലെത്തുന്ന രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്രയില്‍ മാണി സി.കാപ്പനും പങ്കെടുക്കുമെന്നാണ് വിവരം.
മാണി സി.കാപ്പന്‍ ഐക്യമുന്നണിയിലേക്കെന്ന് പ്രഖ്യാപിച്ച ദിവസംതന്നെയാണ് ജോസ് കെ.മാണി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം നേടി ചെയര്‍മാന്റെ കസേരയില്‍ ഇരുന്നതെന്ന ആകസ്മികതയും ഉണ്ട്. നേതൃയോഗം വിളിച്ചുചേര്‍ത്ത അദ്ദേഹം എന്‍.സി.പി.യിലേത് അനാവശ്യ വിവാദമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
തുടക്കം ഇങ്ങനെ
പാലാ ഹൃദയവികാരം എന്ന് പ്രഖ്യാപിച്ച ജോസ് കെ. മാണിക്ക് മറുപടിയായി പാലാ ചങ്കാണ് എന്നായിരുന്നു കാപ്പന്റെ പക്ഷം. ഇരുകൂട്ടരും പാലാ സ്വന്തമെന്ന് പറഞ്ഞതോടെ ഇടത് മുന്നണി ആര്‍ക്കൊപ്പം എന്നതായി ആകാംക്ഷ. തദ്ദേശതിരഞ്ഞെടുപ്പുകാലത്ത് ഇരു കൂട്ടരെയും സമാധാനിപ്പിച്ച നേതൃത്വം പക്ഷേ, തദ്ദേശത്തിലെ ജോസിന്റെ നേട്ടത്തോടെ കളം മാറ്റി. പാലാ കാപ്പന് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് ഇടത് നേതൃത്വം പറയാതെ പറഞ്ഞു.
സീറ്റ് നിര്‍ണയം തുടങ്ങുംമുമ്പ് പാലാ ചര്‍ച്ച വേണ്ടെന്ന സി.പി.എം. നേതാക്കളുടെയും ജോസ് കെ.മാണിയുടെയും ശബ്ദത്തിന് ഒരേ അര്‍ഥമായിരുന്നു. കാപ്പന്റേത് അനാവശ്യ തിടുക്കമെന്ന് എന്‍.സി.പി.ശശീന്ദ്രന്‍ പക്ഷവും വ്യക്തമാക്കിയതോടെ ആ പാര്‍ട്ടിയില്‍ ആഭ്യന്തരപ്രശ്‌നം പൊട്ടിപ്പുറപ്പെട്ടു. കോണ്‍ഗ്രസ് എസ് നേതാവിന്റെ അനുസ്മരണം ശശീന്ദ്രന്‍ പക്ഷം കോട്ടയത്ത് സംഘടിപ്പിച്ചത് പാര്‍ട്ടി ജില്ലാ നേതൃയോഗം നടക്കുന്ന ദിവസമായിരുന്നു. അസ്വാരസ്യങ്ങളോടെയായിരുന്നു ഇരുപക്ഷവും നേതൃയോഗത്തില്‍ എത്തിയത്. മാണി സി.കാപ്പന്‍ യോഗം തീരുംമുമ്പ് ഇറങ്ങിപ്പോവുകയും ചെയ്തു. ദേശീയനേതൃത്വം തനിക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയാണ് കാപ്പനെ മുന്നോട്ട് നയിച്ചത്. പക്ഷേ, ശരത്പവാര്‍ അവസാനനിമിഷം ഇടതിനൊപ്പമെന്ന് പ്രഖ്യാപിച്ചതോടെ കളം മാറാതെ കാപ്പന് പറ്റില്ലെന്നായി.
Content Highlight: Jose K Mani and Mani C Kappan face to face