കെ.എൻ.ബാലഗോപാൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ(ഫയൽ ചിത്രം)
കൊട്ടാരക്കര: കെ.എന്‍.ബാലഗോപാല്‍ ടീം പിണറായിയുടെ ഭാഗമാകുമ്പോള്‍ 17 വര്‍ഷത്തിനുശേഷം കൊട്ടാരക്കര മന്ത്രി പദത്തിലേക്കുയരുന്നു. 2004 വരെ ആര്‍.ബാലകൃഷ്ണപിള്ളയിലൂടെ പതിറ്റാണ്ടുകളോളം കൊട്ടാരക്കര മന്ത്രിമണ്ഡലമായിരുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുന്‍ എം.പി.യുമായ ബാലഗോപാല്‍ കൊല്ലം ജില്ലയില്‍ പാര്‍ട്ടിയുടെ അവസാനവാക്കാണ്. ഏതുകാര്യവും പഠിച്ച് അവതരിപ്പിക്കാനുള്ള ബാലഗോപാലിന്റെ കഴിവ് ഏതുവകുപ്പിലും തിളങ്ങാന്‍ സഹായിക്കും.
രവിനഗറിലെ കെ.ഐ.പി.വക ഭൂമി ലഭ്യമാക്കല്‍, പുലമണ്‍ മേല്‍പ്പാലം നിര്‍മാണം, എക്‌സൈസ് കോംപ്ലക്‌സ് നിര്‍മാണം, വിദ്യാഭ്യാസ സമുച്ചയ നിര്‍മാണം, സബ് ജയില്‍ മാറ്റിസ്ഥാപിക്കല്‍ തുടങ്ങി കഴിഞ്ഞകാലത്ത് പദ്ധതി തയ്യാറാക്കിയതും പുതുതുമായ ഒട്ടേറെ പദ്ധതികള്‍ നടപ്പാകാന്‍ മന്ത്രിസ്ഥാനം പ്രയോജനപ്പെടും.
വലിയ പ്രതീക്ഷയോടെയാണ് ബാലഗോപാലിന്റെ മന്ത്രിസ്ഥാനത്തെ കൊട്ടാരക്കര കാണുന്നത്. തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍തന്നെ ബാലഗോപാല്‍ മന്ത്രിയാകുമെന്നത് പാര്‍ട്ടിനേതാക്കള്‍ക്ക് ഉറപ്പായിരുന്നു. വിജയിച്ച് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍തന്നെ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ബാലഗോപാല്‍ കാട്ടിയ മികവ് ശ്രദ്ധേയമായിരുന്നു. വെഹിക്കിള്‍ ചലഞ്ചും കെയര്‍ കൊട്ടാരക്കരയും ഉള്‍പ്പെടെ വ്യത്യസ്ത പദ്ധതികളുമായി ബാലഗോപാല്‍ കളം നിറയുകയായിരുന്നു.
വേറിട്ട ശൈലിയുടെ അംഗീകാരം
തിരഞ്ഞെടുപ്പ് വിജയിച്ചപ്പോള്‍ മാന്യമായ പ്രചാരണത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും ഫലം എന്നായിരുന്നു കെ.എന്‍.ബാലഗോപാലിന്റെ പ്രതികരണം. സ്ഥാനാര്‍ഥി ആയതുമുതല്‍ ബാലഗോപാല്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതും ഇതുതന്നെയായിരുന്നു. അധികം ആഡംബരമോ ബഹളങ്ങളോ ഇല്ലാതെ പറയാനുള്ളതു മാത്രം പറഞ്ഞ് പ്രചാരണം നടത്തുക എന്നതായിരുന്നു ബാലഗോപാലിന്റെ ശൈലി.
തിരഞ്ഞെടുപ്പു വിജയത്തിലും അമിതാഹ്ലാദമില്ലാതെയായിരുന്നു പ്രതികരണം. വിജയിച്ചതിനുശേഷം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കോവിഡ് പ്രതിരോധ സഹായങ്ങളുമായി ബാലഗോപാല്‍ എത്തി. രോഗപ്രതിരോധ ഉപകരണങ്ങളുടെയും മറ്റു സഹായങ്ങളുടെയും വിതരണം ഒരു പക്ഷാഭേദവുമില്ലാതെ എല്ലാ പഞ്ചായത്തുകളിലും എത്തിച്ചു. എല്ലാവരെയും ഒരുമിച്ചു നിര്‍ത്തുന്ന ഈ പരിഗണന മന്ത്രിയായാലും ഉണ്ടാകുമെന്ന പ്രതീക്ഷയാണ് പഞ്ചായത്തധികൃതര്‍ക്കുമുള്ളത്.
സംസ്ഥാന മന്ത്രി വീട്ടിലെ ഉണ്ണി
കെ.എന്‍.ബാലഗോപാല്‍ മന്ത്രിയാകുമ്പോള്‍ കുടുംബവും ആഹ്ലാദത്തിലാണ്. വീട്ടുകാര്യങ്ങള്‍ക്ക് ബാലഗോപാലിനെ കിട്ടാറുണ്ടോ എന്നു ചോദിച്ചാല്‍ അതെങ്ങനെ കിട്ടും എന്നാണ് ഭാര്യ ആശാ പ്രഭാകരന്റെ മറുചോദ്യം. മന്ത്രിയാകുന്നതോടെ തിരക്കുകള്‍ കൂടും. ആശയും ബാലഗോപാലും വിവാഹത്തിനുമുമ്പേ പരിചിതരായിരുന്നെങ്കിലും വിവാഹം ബന്ധുക്കള്‍ ആലോചിച്ച് ഉറപ്പിച്ചതു തന്നെയായിരുന്നു. ഇരുവര്‍ക്കും യാത്രകള്‍ വലിയ ഇഷ്ടമാണെങ്കിലും രാഷ്ട്രീയ തിരക്ക് പലപ്പോഴും ഒരുമിച്ചുള്ള യാത്രകള്‍ക്ക് തടസ്സമാകുന്നു. മണ്‍റോത്തുരുത്തില്‍ പോയതാണ് കുടുംബവുമൊത്തുള്ള അവസാന ഉല്ലാസയാത്ര. തിരക്കാണെങ്കിലും ലഭ്യമായ സമയങ്ങളിലെല്ലാം മക്കളായ കല്യാണിയുടെയും ശ്രീഹരിയുടെയും അടുത്ത് ഓടിയെത്തുന്ന ബാലഗോപാല്‍ കൊട്ടാരക്കരയില്‍ വീടെടുത്ത് താമസവും തുടങ്ങി. കരമന എന്‍.എസ്.എസ്. വനിതാ കോളേജില്‍ അസി. പ്രൊഫസറാണ് ആശ.
Content Highlights: Kerala Assembly elections 2021