കെ.ബി.ഗണേഷ് കുമാർ | മാതൃഭൂമി
കൊല്ലം: അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേതെന്ന് പത്തനാംപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാര്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചെന്ന തന്നെ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് അപമാനിച്ചെന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ അദ്ദേഹം.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ മാധ്യമങ്ങളില്‍ നിറയുന്നതിനായി ചിലര്‍ മനഃപ്പൂര്‍വം ഉന്നയിക്കുന്നതാണെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.'2001ല്‍ രാഷ്ട്രീയത്തില്‍ വന്നയാളാണ് ഞാന്‍. നാളിതുവരെ ആരെയും ദ്രോഹിച്ചതായി ആരും പറയില്ല. പക്ഷേ മാധ്യമങ്ങളില്‍ എനിക്കെതിരേ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. പലതിലും അന്വേഷണം നടത്തി സത്യമല്ലെന്ന് ബോധ്യപ്പെട്ടിട്ടും പിന്നെയും എന്തിന് വേട്ടയാടുന്നുവെന്നു മനസിലാകുന്നില്ല. ഒരിക്കലും പ്രശസ്തി കിട്ടാത്ത ചില ആളുകളുണ്ട് അവര്‍ക്ക് വാര്‍ത്താ മാധ്യമങ്ങളില്‍ നിറയുവാനും പ്രശസ്തി കിട്ടാനുമായി മനഃപ്പൂര്‍വം നടത്തുന്നതാണ് ഇത്തരം ആരോപണങ്ങള്‍.'
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോയപ്പോള്‍ പ്രശ്‌നം കേള്‍ക്കാന്‍ പോലും ഇബ്രാഹിം കുഞ്ഞ് തയ്യാറായില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ' ഒരു വര്‍ഷത്തിന് ശേഷം പരിഗണിക്കാമെന്നായിരുന്നു പ്രതികരണം. അപമാനത്തിനുള്ള കാരണം അന്വേഷിച്ചപ്പോള്‍ പാലാരിവട്ടം പാലം അടക്കം ഒട്ടേറെ അഴിമതി വിവരങ്ങള്‍ ലഭിച്ചു. അഴിമതിയുടെ രേഖകള്‍ കൈവശം ഉണ്ട്. ഇക്കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. എല്ലാക്കാലത്തും ഉമ്മന്‍ചാണ്ടി അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുളളത്'- ഗണേഷ്‌കുമാര്‍ പറയുന്നു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കോവിഡും ന്യൂമോണിയയും ഗണേഷ് കുമാറിനെ ബാധിച്ചിരുന്നു. വീട്ടില്‍ വിശ്രമത്തിലാണ് ഗണേഷ് കുമാര്‍ വരും ദിവസങ്ങളില്‍ മണ്ഡലത്തില്‍ സജീവമാകാനാണ് ഗണേഷ് കുമാറിന്റെ തീരുമാനം.
Content Highlight; K. B. Ganesh Kumar against Oommen Chandy