സി.ആർ.മഹേഷ് |ഫോട്ടോ:മാതൃഭൂമി
കരുനാഗപ്പള്ളി : ഇടതുകോട്ടയെന്ന് വിധിയെഴുതിയിരുന്ന കരുനാഗപ്പള്ളിയില്‍ സി.ആര്‍.മഹേഷിന്റെ ഉജ്ജ്വലവിജയം കോണ്‍ഗ്രസ് ക്യാമ്പിനെത്തന്നെ ഞെട്ടിക്കുന്നതായിരുന്നു.
64 വര്‍ഷത്തിനുശേഷം ആദ്യമായി കരുനാഗപ്പള്ളിയില്‍ കോണ്‍ഗ്രസുകാരനായ ഒരാള്‍ എം.എല്‍.എ. ആകുന്നെന്ന പ്രത്യേകത സി.ആര്‍.മഹേഷിന്റെ വിജയത്തിനുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം സി.ആര്‍.മഹേഷിന്റേത് തന്നെ. 29096 വോട്ടിന്റെ ഭൂരിപക്ഷം.
1957-ല്‍ കോണ്‍ഗ്രസിലെ എ.കുഞ്ഞുകൃഷ്ണനാണ് കരുനാഗപ്പള്ളിയില്‍നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 1965-ലും അദ്ദേഹം വിജയിച്ചെങ്കിലും അത്തവണ നിയമസഭ ചേര്‍ന്നിരുന്നില്ല. പിന്നീട് ഇവിടെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാരും ജയിച്ചിട്ടില്ല.
ഇന്നത്തെ കരുനാഗപ്പള്ളി നിയോജകമണ്ഡലം രൂപംകൊണ്ടശേഷം യു.ഡി.എഫിന് രണ്ടുതവണ എം.എല്‍.എ.മാര്‍ ഉണ്ടായിരുന്നെങ്കിലും അവരാരും കോണ്‍ഗ്രസുകാരായിരുന്നില്ല.
മണ്ഡലം രൂപവത്കരണത്തിനുശേഷം നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ 11-ലും എല്‍.ഡി.എഫിനൊപ്പമായിരുന്നു കരുനാഗപ്പള്ളി.
2016-ല്‍ സി.ആര്‍.മഹേഷ് 1759 വോട്ടിന് സി.പി.ഐ.യിലെ ആര്‍.രാമചന്ദ്രനോട് തോറ്റു. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും മഹേഷ് മണ്ഡലത്തില്‍ നിറഞ്ഞുനിന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായി കഴിഞ്ഞ തവണ മത്സരിച്ച സി.ആര്‍ കെ.പി.സി.സി.ജനറല്‍ സെക്രട്ടറിയും എ.ഐ.സി.സി.അംഗവുമെന്നനിലയില്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്കും ഉയര്‍ന്നു. ആ ആത്മവിശ്വാസവുമായാണ് ഇത്തവണയും മഹേഷ് അങ്കത്തിനിറങ്ങിയത്.
ഇത്തവണ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും അയ്യായിരത്തിനും ഏഴായിരത്തിനുമിടയില്‍ ഭൂരിപക്ഷമാണ് യു.ഡി.എഫ്. നേതൃത്വംപോലും കണക്കാക്കിയിരുന്നത്.
എന്നാല്‍ ആ കണക്കുകൂട്ടലുകളെയെല്ലാം അട്ടിമറിച്ചുകൊണ്ടാണ് 29,096 വോട്ടിന് സി.ആര്‍.മഹേഷ് കരുനാഗപ്പള്ളി പിടിച്ചത്.
കൊല്ലത്ത് നിന്ന് 2001-ന് ശേഷം കോണ്‍ഗ്രസിന് ആദ്യമായിട്ടാണ് ഇത്തവണ എംഎല്‍എമാര്‍ ഉണ്ടാകുന്നത്. ഇത്തവണ കുണ്ടറയില്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്‌ക്കെതിരേ പി.സി.വിഷ്ണുനാഥും കരുനാഗപ്പള്ളിയില്‍ സി.ആര്‍.മഹേഷും നേടിയ വിജയം കോണ്‍ഗ്രസിനു നല്‍കുന്ന ആശ്വാസം ചെറുതല്ല.
2001-ല്‍ ചടയമംഗലത്തുനിന്ന് ആദ്യമായി വിജയിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍, നെടുവത്തൂരില്‍നിന്നുള്ള എഴുകോണ്‍ നാരായണന്‍, കുണ്ടറയില്‍നിന്നുള്ള കടവൂര്‍ ശിവദാസന്‍, ചാത്തന്നൂരില്‍നിന്നുള്ള ജി.പ്രതാപവര്‍മ തമ്പാന്‍ എന്നിവരാണ് കോണ്‍ഗ്രസ് പ്രതിനിധികളായുണ്ടായിരുന്നത്. 2006-ലും 2011-ലും 2016-ലും മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെല്ലാം പരാജയപ്പെടുകയായിരുന്നു.