സി.എച്ച്. കുഞ്ഞമ്പു | ഫോട്ടോ: മാതൃഭൂമി
നിയമസഭയില്‍ നാലാമങ്കത്തിന് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കച്ചകെട്ടിയിറങ്ങുന്ന സി.എച്ച്. കുഞ്ഞമ്പുവിനെ കാത്തിരിക്കുന്നത് അഭിമാനപോരാട്ടം. മൂന്നുപതിറ്റാണ്ടായി ഇടതുപക്ഷ എം.എല്‍.എ.മാര്‍ മാത്രം വാഴുന്ന ഉദുമ മണ്ഡലം നിലനിര്‍ത്തുക എന്ന ഉത്തരവാദിത്വവുമായാണ് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായ ഇദ്ദേഹം ഇവിടെ മത്സരിക്കാനിറങ്ങുന്നത്. കഴിഞ്ഞ ആറ് നിയമസഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തിലെതന്നെ നേതാക്കളെ മത്സരിപ്പിച്ച് വിജയം നേടിയ സൂത്രവാക്യമാണ് ഇദ്ദേഹത്തിലൂടെയും പാര്‍ട്ടി ലക്ഷ്യമാക്കുന്നത്.
പി. രാഘവന്‍ (1991-96, 1996-01), കെ.വി. കുഞ്ഞിരാമന്‍ (2001-06, 2006-2011), കെ. കുഞ്ഞിരാമന്‍ (2011-16, 2016-21) എന്നിവരാണ് കഴിഞ്ഞ ആറ് തിരഞ്ഞെടുപ്പിലും മണ്ഡലം ഇടതുകോട്ടയായി കാത്തത്. ഇതില്‍ പി. രാഘവന്‍ ഉദുമ മണ്ഡലത്തിലെ കുറ്റിക്കോല്‍ സ്വദേശിയാണ്. കെ.വി. കുഞ്ഞിരാമന്‍ ഉദുമ ബേവൂരി സ്വദേശിയും കെ. കുഞ്ഞിരാമന്‍ ആലക്കാട് സ്വദേശിയുമാണ്. ഇത്തവണ സ്ഥാനാര്‍ഥിയായ മത്സരിക്കുന്ന കുഞ്ഞമ്പു പാര്‍ട്ടി ഗ്രാമമായ കുണ്ടംകുഴിയിലെ ബീംബുങ്കാല്‍ സ്വദേശിയുമാണ്.
2000 മുതല്‍ പാര്‍ട്ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായ കുഞ്ഞമ്പു ആദ്യമായി 2006-ലാണ് മഞ്ചേശ്വരത്ത് മത്സരിക്കുന്നത്. കന്നിയങ്കത്തില്‍ യു.ഡി.എഫിന്റെ സിറ്റിങ് എം.എല്‍.എ.യും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ളയെ അട്ടിമറിച്ച് തലസ്ഥാനത്തേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. തുടര്‍ന്ന് 2011, 2016 വര്‍ഷങ്ങളില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും എന്‍.ഡി.എ. സ്ഥാനാര്‍ഥിക്കും പിറകില്‍ മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
പെരിയ വെല്ലുവിളി
സി.പി.എം. പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതകമാണ് ഇടതുപക്ഷം മണ്ഡലത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞതവണ നിലവിലെ കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ കെ. സുധാകരന്റെ സാന്നിധ്യംകൊണ്ട് സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെട്ട മണ്ഡലത്തില്‍ ഇത്തവണ മണ്ഡലത്തിലെതന്നെ സ്ഥാനാര്‍ഥിയെയാവും യു.ഡി.എഫ്. രംഗത്തിറക്കുക. മണ്ഡലത്തിലെ ചിലയിടങ്ങളില്‍ ശക്തമായ സ്വാധീനമുള്ള ബി.ജെ.പി.യും ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കുന്നതോടെ ഉദുമയില്‍ ഇത്തവണ ആരു ചിരിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
Content Highlights: Kerala Assembly Election 2021; Uduma Constituency, C.H.Kunhambu