ജനപ്രതിനിധി, ജനകീയ ഡോക്ടര്‍, മഞ്ചേശ്വരത്തിന്റെ സ്വന്തം ഡോ. എ.സുബ്ബറാവു


എം.ഷമീര്‍

2 min read
Read later
Print
Share

1961 ജൂണില്‍ എ.കെ.ജി. അമരാവതി സത്യാഗ്രഹം നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം നോക്കാനായി ഡോക്ടര്‍ ഡല്‍ഹിയില്‍നിന്ന് വണ്ടി കയറി അമരാവതിയിലെത്തി.

ഡോ. എ.സുബ്ബറാവു
ഡോ. എ.സുബ്ബറാവു | ഫോട്ടോ: മാതൃഭൂമി

നപ്രതിനിധി എന്നതിനേക്കാളും സാധുക്കളുടെ ജനകീയ ഡോക്ടര്‍ എന്ന ഖ്യാതിയാണ് സി.പി.ഐ. നേതാവ് അഡ്ഡൂര്‍ സുബ്ബറാവു എന്ന ഡോ. എ.സുബ്ബറാവുവിനെ മഞ്ചേശ്വരത്തുകാര്‍ക്ക് പരിചയം. എ.കെ.ജി.യെ വരെ ചികിത്സിച്ച ഡോക്ടര്‍ സഖാവ്. 1958 മുതല്‍ 64 വരെ രാജ്യസഭാംഗം, രണ്ടുതവണ നിയമസഭാംഗവും ഇതില്‍ രണ്ടുവര്‍ഷത്തോളം ജലസേചന മന്ത്രിയുമായിരുന്ന കമ്യൂണിസ്റ്റ് നേതാവ്.

1961 ജൂണില്‍ എ.കെ.ജി. അമരാവതി സത്യാഗ്രഹം നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം നോക്കാനായി ഡോക്ടര്‍ ഡല്‍ഹിയില്‍നിന്ന് വണ്ടി കയറി അമരാവതിയിലെത്തി. നിരാഹാരം അവസാനിച്ചശേഷമാണ് മടങ്ങിയത്. 1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എ.കെ.ജി. ഒരുകെട്ട് പുസ്തകവുമായാണ് ഡോക്ടറെ കാണാന്‍ വന്നത്. സി.പി.എം. ലൈനായ ജനകീയ ജനാധിപത്യ വിപ്ലവത്തെ എന്തുകൊണ്ട് അനുകൂലിക്കണമെന്ന വാദത്തിന് ബലംപകരുന്നതായിരുന്നു ഈ പുസ്തകങ്ങള്‍. പുസ്തകം വാങ്ങിവെച്ച ഡോ. റാവു പക്ഷേ മാതൃസംഘടന വിട്ട് എങ്ങോട്ടുമില്ലെന്ന് എ.കെ.ജി.യോട് വ്യക്തമാക്കി. പിളര്‍പ്പിനുശേഷം കേരളത്തിലെ മുന്നണി ഘടന പലതവണ മാറി. സി.പി.ഐ. വീണ്ടും ഇടതുമുന്നണിയുടെ ഭാഗമായി.

1980-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം സീറ്റ് സി.പി.ഐ.ക്ക് നല്‍കിയപ്പോള്‍ സുബ്ബറാവു അല്ലാതെ മറ്റൊരു പേര് പാര്‍ട്ടിക്കില്ലായിരുന്നു. അദ്ദേഹം മത്സരിച്ചു. 156 വോട്ടിന് മുസ്ലിം ലീഗിലെ ചെര്‍ക്കളം അബ്ദുള്ളയെ തോല്‍പ്പിച്ചു. ആദ്യ നായനാര്‍ മന്ത്രിസഭയില്‍ ജലസേചനമന്ത്രിയായി. രണ്ടുവര്‍ഷം മാത്രമെ ആയുസുണ്ടായിരുന്നുള്ളൂ ആ മന്ത്രിസഭയ്ക്ക്. 1982-ല്‍ കോണ്‍ഗ്രസിലെ എന്‍.രാമകൃഷ്ണനെ 163 വോട്ടിന് വീണ്ടും തോല്‍പ്പിച്ചു.

1987-ല്‍ മൂന്നാം പോരിനിറങ്ങിയെ ഡോക്ടറെ ചെര്‍ക്കളം മൂന്നാം സ്ഥാനത്തേക്ക് തള്ളി വിജയംകൊയ്തു. സുബ്ബറാവുവിന്റെ അവസാന നിയമസഭാ പോരാട്ടമായിരുന്നു. അതായത് കാസര്‍കോട് ജില്ലയിലെ മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ ഇദ്ദേഹത്തിന് ഭാഗ്യമുണ്ടായിരുന്നില്ല. 1984-ല്‍ കണ്ണൂര്‍ ജില്ല വിഭജിച്ച് കാസര്‍കോട് രൂപവത്കരിച്ചപ്പോള്‍ സി.പി.ഐ.യുടെ ആദ്യ ജില്ലാ സെക്രട്ടറി ഡോക്ടറായിരുന്നു. അദ്ദേഹത്തിന്റെ പേരിലാണ് അണങ്കൂരിലെ ഇപ്പോഴത്തെ ജില്ലാ കമ്മിറ്റി ഓഫീസ്.

ഗാന്ധിജിയുടെമോചനത്തിനായി സമര രംഗത്ത്

പട്ടാളത്തില്‍ ഡോക്ടറായിരുന്ന വിശാഖപട്ടണത്തെ ഡോ. കൃഷ്ണയ്യയുടെയും മംഗളൂരു അഡ്ഡൂരിലെ സീതമ്മയുടെയും മകനായി 1919 ഒക്ടോബര്‍ 16-നായിരുന്നു സുബ്ബറാവുവിന്റെ ജനനം. ക്വിറ്റ് ഇന്ത്യാ സമരകാലം വരെ മെഡിക്കല്‍ വിദ്യാര്‍ഥി മാത്രമായിരുന്ന സുബ്ബറാവു അതിനുശേഷം രാഷ്ട്രീയ വിദ്യാര്‍ഥി കൂടിയായി. സമരത്തില്‍ അറസ്റ്റ് ചെയ്ത ഗാന്ധിജിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 1943-ല്‍ നടന്ന പ്രകടനത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. ഇതില്‍ പങ്കെടുത്തതിന് അറസ്റ്റ് വരിച്ചു.

ബെല്ലാരിയിലെ ആലിപ്പൂര്‍ ജയിലില്‍ മൂന്നര മാസത്തെ തടവിനുശേഷം പുറത്തുവരുന്നത് സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ സജീവമാവണമെന്ന് നിശ്ചയിച്ചുറപ്പിച്ചാണ്. ഇതോടൊപ്പം താന്‍ പഠിച്ച ജോലിയും ചെയ്യണം. ഡോക്ടര്‍മാരുടെ സേവനം തീരെ കിട്ടാത്ത കുഗ്രാമമായിരിക്കണമതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. അങ്ങനെയാണ് മഞ്ചേശ്വരം തിരഞ്ഞെടുത്തത്. അവിടെ അദ്ദേഹം പ്രാക്ടീസ് തുടങ്ങി.

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക്

മഞ്ചേശ്വരത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന എം.രാമപ്പയുമായുള്ള അടുപ്പമാണ് അതുവരെ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു ഡോക്ടറെ കമ്യൂണിസ്റ്റുകാരനാക്കുന്നത്. 1951-ല്‍ സി.പി.ഐ.യില്‍ ചേര്‍ന്നു. ഉച്ചവരെ ചികിത്സ, ഉച്ചകഴിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തനം. ഇതായിരുന്നു ജീവിതം. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ഉഷാറായപ്പോഴാണ് എ.കെ.ജി.യെ പരിചയപ്പെടുന്നത്. ഈ പരിചയം അദ്ദേഹത്തെ രാജ്യസഭയില്‍ വരെയെത്തിച്ചു. 1958-1964 വരെയാണ് ഇദ്ദേഹം രാജ്യസഭാംഗമായി തുടര്‍ന്നത്. ശേഷം രണ്ട് തവണ എം.എല്‍.എ.യുമായി.

ജനങ്ങള്‍ക്കായി നിസ്വാര്‍ഥ സേവകനായി പൊതുമണ്ഡലത്തില്‍ സജീവമായിരുന്ന ഇദ്ദേഹത്തിന്റെ ജീവചരിത്രം ജില്ലയുടെയും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചരിത്രവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. 2003 സെപ്റ്റംബര്‍ 14-ന് മംഗളൂരുവിലെ ആസ്പത്രിയില്‍ മരണത്തിന് കീഴടങ്ങി. ഇക്കാലമത്രയും മഞ്ചേശ്വരത്തെ പഴയ വാടകവീട്ടിലാണ് അദ്ദേഹം കഴിഞ്ഞത്. സ്വന്തം വീടോ കാറോ വാങ്ങാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കിയതല്ലാതെ സ്വത്ത് സമ്പാദിച്ചില്ല.

Content Highlights: Kerala Assembly Election 2021; Manjeshwaram Constituency

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram