മഞ്ചേശ്വരം മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി വി.വി. രമേശൻ, കാഞ്ഞങ്ങാട് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി പി.വി.സുരേഷ്, എൽ.ഡി.എഫ്. സ്ഥാനാർഥി ഇ.ചന്ദ്രശേഖരൻ | ഫോട്ടോ: മാതൃഭൂമി
തിരഞ്ഞെടുപ്പില്‍ ജയിച്ചുവരാന്‍ ഇത്തവണ ഇരട്ടി വിയര്‍പ്പൊഴുക്കേണ്ടിവരുമെന്ന് ഓരോ സ്ഥാനാര്‍ഥിയും സൂര്യനെ നോക്കി പറയും.തിരഞ്ഞെടുപ്പ് ചൂടിനെക്കാളും തീവ്രതയിലാണ് വേനല്‍ച്ചൂട്. 37ഡിഗ്രി സെല്‍ഷ്യസായിരുന്നു വ്യാഴാഴ്ചത്തെ കാസര്‍കോട്ടെ ചൂട്. മീനസൂര്യന്‍ തലയ്ക്ക് മുകളില്‍ കത്തിനില്‍ക്കുകയാണ്. വീട്ടില്‍നിന്ന് പുറത്തിറങ്ങിയാല്‍ അറിയാം വേനലിന്റെ കാഠിന്യം. വെറുതേ യാത്ര ചെയ്യുന്നവര്‍പോലും തളരുമ്പോള്‍, വിശ്രമമില്ലാതെ ഓടുന്ന സ്ഥാനാര്‍ഥികളുടെ കാര്യം പറയുകയും വേണ്ട.
മുഖത്ത് ചിരിയിട്ട് കൈവീശി വോട്ടര്‍മാരെ കാണാനുള്ള പര്യടനം ഇത്തവണ അത്ര നിസ്സാര ജോലിയാകില്ല. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും എതിരാളിക്കൊപ്പം കത്തുന്ന വെയിലിനെയും നേരിടണമെന്ന് ചുരുക്കും. വസ്ത്രംമുതല്‍ ഭക്ഷണംവരെയാണ് വെയിലിനെ നേരിടാനുള്ള ആയുധം. ചൂടും വിയര്‍പ്പും കഠിനമാകുമ്പോള്‍ ആരോഗ്യം കാക്കാന്‍ ചില വിദ്യകള്‍ ഇതാ.
പ്രചാരണത്തിന് ഇറങ്ങുമ്പോള്‍
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോള്‍ ഇളംനിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ചൂടിനെ നേരിടാനുള്ള ആദ്യ വിദ്യ. അവ ചൂടിനെ പ്രതിഫലിപ്പിക്കും. ഇരുണ്ട നിറങ്ങള്‍ ചൂടിനെ ആഗിരണം ചെയ്യും. അത് ധരിച്ച് പ്രചാരണം നടത്തുന്നത് വെയിലത്ത് അസ്വസ്ഥതയുണ്ടാക്കാം. പരുത്തി, ലിനന്‍ വസ്ത്രങ്ങളാണ് ഉചിതം.
നേതാക്കള്‍ പൊതുവേ ഖദര്‍ധാരികളായതിനാല്‍ അണികളും അത് പിന്തുടര്‍ന്നാല്‍ ചൂടില്‍നിന്ന് രക്ഷനേടാം. വെയിലില്‍നിന്ന് ത്വക്കിനെ രക്ഷിക്കാന്‍ സണ്‍ക്രീമുകള്‍ ഉചിതമാണ്. പുറത്തിറങ്ങുന്നതിന് അരമണിക്കൂര്‍ മുന്നേ സണ്‍ക്രീമുകള്‍ തേക്കണം. സണ്‍പ്രൊട്ടക്ഷന്‍ ഫാക്ടര്‍ 30-തില്‍ കൂടുതലുള്ള സണ്‍ക്രീമുകകളാണ് തിരഞ്ഞെടുക്കേണ്ടത്. തൊപ്പിയും ധരിക്കാം. തൊപ്പിയില്‍ ചിഹ്നംവെച്ച് പ്രചാരണവുമാകാം.
വെള്ളം ഊര്‍ജമാക്കാം
വെയിലേറ്റ് ശരീരത്തിലെ വെള്ളം വറ്റുന്നതിനാല്‍ വെള്ളം പ്രധാനപ്പെട്ട പോരാളിയാണ്. വെള്ളം കുടിക്കുന്നത് വര്‍ധിപ്പിക്കണം. രണ്ടോ, മൂന്നോ ലിറ്റര്‍ വെള്ളം കുടിക്കണം. പ്രചാരണസമയത്തും കൈയില്‍ വെള്ളം കരുതണം. നടക്കുമ്പോള്‍ വിയര്‍പ്പായി ഒരുപാട് വെള്ളം പുറത്തേക്ക് പോകുന്നുണ്ട്. അതിനെ മറികടക്കാന്‍ വെള്ളം അത്യാവശ്യമാണ്. ഉപ്പിട്ട നാരങ്ങവെള്ളം കുടിക്കാം. ഇടവേളകളില്‍ ലഘുഭക്ഷണം കഴിക്കുന്നത് നല്ലതാണ്.
കൃത്രിമ പാനിയങ്ങള്‍ ഒഴിവാക്കണം. അത് ദഹിക്കാന്‍ ശരീരം വീണ്ടും ചൂടാകേണ്ടിവരും. തുടരെയുള്ള ചായ, കാപ്പി എന്നിവയുടെ ഉപയോഗം വേനല്‍ക്കാലത്ത് ഒഴിവാക്കേണ്ടതാണ്. മധുരവും പുളിയുമുള്ള ഉറുമാമ്പഴം, മുന്തിരി എന്നിവ അങ്ങനെ തന്നെയോ പഴച്ചാറാക്കിയോ കഴിക്കാം. കരിക്ക് നല്ലതാണ്. അമിത ക്ഷീണം തോന്നുമ്പോള്‍ മധുരവും കുരുമുളകും ചേര്‍ത്ത ലസ്സി കഴിക്കാം. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള വറുത്ത ഭക്ഷണം ഒഴിവാക്കണം. എരിവ്, പുളി, ഉപ്പ് എന്നിവയുടെ അളവ് വേനല്‍ക്കാലത്ത് കുറക്കണം. മാംസസൂപ്പുകള്‍ ശരീരത്തിന് നല്ലതാണ്. ഇളംചൂടുള്ള കഞ്ഞി എളുപ്പം ദഹിക്കുന്നതാണ്. പ്രമേഹരോഗികളായവര്‍ ചൂടിനെ കൂടുതല്‍ സൂക്ഷിക്കണം. ഗ്ലൂക്കോസോ മധുരമോ കൈയില്‍ കരുതണം. ക്ഷീണം തോന്നുമ്പോള്‍ മധുരം കഴിച്ച് വിശ്രമിക്കുക.
നാളേക്കുള്ള ഊര്‍ജം
നേരത്തെയുള്ള ഉറക്കം വേനല്‍ക്കാലത്ത് നല്ലതാണ്. എന്നാല്‍ പ്രചാരണ തിരക്കിനിടെ സ്ഥാനാര്‍ഥിക്ക് ഉറക്കം ചിന്തിക്കാന്‍ പാടാണ്. പ്രചാരണം കഴിയുന്നതോടെ കുളി നിര്‍ബന്ധം. അമിത വിയര്‍പ്പ് തടയാന്‍ ആര്യവേപ്പില, നന്നാറി, രാമച്ചചപ്പ്, നാല്പാമരം എന്നിവയിട്ട വെള്ളത്തില്‍ കുളിക്കാം. കഫരോഗങ്ങളില്ലെങ്കില്‍ ഉറക്കത്തിന് മുമ്പ് പാല് കുടിക്കുന്നത് നല്ലതാണ്.
Content Highlights: Kerala Assembly Election 2021, Kasaragod District