അത്ര 'സ്ത്രീ സൗഹൃദമല്ല' കാസര്‍കോട്; പേരിന് പോലുമില്ല ഒരു വനിത എം.എല്‍.എ.


പി.വി.നിധീഷ്

2 min read
Read later
Print
Share

ബി.ജെ.പി. രണ്ട് വനിതകളെ മത്സരിപ്പിച്ചു. ഒരു സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസും മത്സരിപ്പിച്ചു. സി.പി.എമ്മിന്റെതോ സി.പി.ഐ.യുടെതോ ചിഹ്നത്തില്‍ ഇതുവരെ ഒരു വനിതയും നിയമസഭാ മത്സരരംഗത്ത് വന്നിട്ടില്ല.

പ്രതീകാത്മക ചിത്രം | രേഖാചിത്രം: മാതൃഭൂമി

കാസര്‍കോടിന്റെ തിരഞ്ഞെടുപ്പ് ചരിത്രം ഒന്ന് മറിച്ചുനോക്കി. ഒരൊറ്റ വനിതാ എം.എല്‍.എ.യില്ല. 1957 മുതലുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ആകെ മത്സരിച്ചത് ആകെ ആറ് വനിതകള്‍. പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഒരു വനിത മത്സരിക്കാന്‍ 44 വര്‍ഷം.

അത്ര 'സ്ത്രീ സൗഹൃദമല്ല' കാസര്‍കോടിന്റെ തിരഞ്ഞെടുപ്പ് ചരിത്രം. സ്വതന്ത്ര സ്ഥാനാര്‍ഥിയായും വനിതാ സ്ഥാനാര്‍ഥിയായും ഓരോ വനിതാ സ്ഥാനാര്‍ഥികള്‍ എല്ലാ മണ്ഡലങ്ങളിലും വിവിധ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. ബി.ജെ.പി. രണ്ട് വനിതകളെ മത്സരിപ്പിച്ചു. ഒരു സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസും മത്സരിപ്പിച്ചു. സി.പി.എമ്മിന്റെതോ സി.പി.ഐ.യുടെതോ ചിഹ്നത്തില്‍ ഇതുവരെ ഒരു വനിതയും നിയമസഭാ മത്സരരംഗത്ത് വന്നിട്ടില്ല.

1987
ആദ്യത്തെ വനിതാ സ്ഥാനാര്‍ഥി മത്സരിക്കാനെത്തി. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ആലീസ് കൃഷ്ണന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി. സി.പി.എമ്മിലെ ഇ.കെ.നായനാര്‍ ജയിച്ച തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും ബി.ജെ.പി. സ്ഥാനാര്‍ഥിക്കും പിന്നിലായി 1416 വോട്ടു മാത്രമെ ലഭിച്ചുള്ളൂവെങ്കിലും ഏഴ് സ്ഥാനാര്‍ഥികളില്‍ നാലാമതെത്താന്‍ ആലീസ് കൃഷ്ണനായി.

1991
അന്നത്തെ ഹൊസ്ദുര്‍ഗ് മണ്ഡലത്തിലെ ഏഴ് സ്ഥാനാര്‍ഥികളില്‍ ഒരേയൊരു വനിത കെ.പദ്മാവദിക്കുട്ടിയായിരുന്നു. സി.പി.ഐ.യുടെ എം.നാരായണന്‍ ജയിച്ച തിരഞ്ഞെടുപ്പില്‍ 349 വോട്ടാണ് പദ്മാവദി കുട്ടിക്ക് ലഭിച്ചത്. ഏഴുപേരില്‍ നാലാം സ്ഥാനം.

2011
20 വര്‍ഷം കഴിഞ്ഞാണ് വീണ്ടും വനിതകള്‍ മത്സരിക്കുന്നതെങ്കിലും മൂന്ന് വനിതകള്‍ ഒരു തിരഞ്ഞെടുപ്പ് കാലത്ത് മത്സരിച്ചത് 2011ന്റെ സൗന്ദര്യമായി. അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിടത്തും വനിതകള്‍. അതില്‍ രണ്ട് പേര്‍ ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിയായിരുന്നു. 2011 ല്‍ മഞ്ചേശ്വരത്ത് 11 പേര്‍ക്കെതിരേ ഹഫ്ന മുനീര്‍ മത്സരിച്ചു. 1078 വോട്ട് നേടി നാലാമതെത്തി. ബി.ജെ.പി. സ്ഥാനാര്‍ഥികളായി കാസര്‍കോട് മണ്ഡലത്തില്‍ ജയലക്ഷ്മി എന്‍. ഭട്ടും ഉദുമയില്‍ സുനിത പ്രശാന്തും മത്സരിച്ചു. ജയലക്ഷ്മി എന്‍. ഭട്ട് 43330 വോട്ട് നേടി രണ്ടാമതെത്തിയപ്പോള്‍ ഉദുമയില്‍ സുനിത പ്രശാന്ത് 13073 വോട്ടോടെ മൂന്നാമതെത്തി.

2016
കാഞ്ഞങ്ങാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധന്യാ സുരേഷ് മാത്രമായിരുന്നു ഏക വനിതാ സ്ഥാനാര്‍ഥി. അങ്ങനെ കോണ്‍ഗ്രസിനും വനിതാ സ്ഥാനാര്‍ഥിയായി. ഇ. ചന്ദ്രശേഖരനോട് തോറ്റെങ്കിലും ജില്ലയിലെ ഒരു വനിതാ സ്ഥാനാര്‍ഥി നേടുന്ന ഉയര്‍ന്ന വോട്ടാണ് ധന്യാ സുരേഷ് നേടിയത്- 54547.

Content Highlights: Kerala Assembly Election 2021, Kasaragod District

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram