പ്രതീകാത്മക ചിത്രം | രേഖാചിത്രം: ഗിരീഷ് മക്രേരി
ജില്ലയില്‍ ആകെയുള്ളത് അഞ്ച് കളങ്ങളാണ്. അതില്‍ രണ്ടെണ്ണം മൂന്നുപക്ഷവും നിറഞ്ഞ് കളിക്കുന്നതും. അഞ്ചിലും ഇഞ്ചോടിഞ്ചാണ് ഇക്കുറി പോരാട്ടം. കരയ്ക്കുനിന്ന് കളികാണുന്നതിനേക്കാള്‍ കളത്തിലിറങ്ങി കളിക്കുന്നതിനാണ് നേതാക്കള്‍ക്കെല്ലാവര്‍ക്കും താത്പര്യം. അവിടെ ജയവും പരാജയവുമൊന്നും പ്രശ്‌നമല്ല. അഞ്ചുകൊല്ലംകൂടുമ്പോള്‍ വിരുന്നെത്തുന്ന ജനാധിപത്യത്തിന്റെ മഹോത്സവത്തില്‍ കളിച്ചുകയറുകയെന്നതുതന്നെ പുണ്യമായാണ് പലരും ചിന്തിക്കുന്നത്.
കബഡിയില്‍ എതിരാളികളെ അറിഞ്ഞാണ് ടീമുടമകള്‍ താരങ്ങളെ കളത്തിലിറക്കാറുള്ളത്. എല്ലാകളിക്കാരെയും മൈതാനത്തോട് ചേര്‍ന്നുള്ള ലോബിയില്‍ അണിയിച്ചൊരുക്കിനിര്‍ത്തും. ഇനവുംതരവും നോക്കിയാണ് അതിലോരോരുത്തര്‍ക്കും നറുക്കുവീഴുന്നത്. ഒരു കാര്യം ശങ്കയില്ലാതെ പറയാം. ഏറ്റവും നന്നായി കാലുപിടിത്തവും കാലുവാരലും അറിയുന്നവര്‍ക്കാണ് ആദ്യം കളത്തിലിറങ്ങാന്‍ അവസരം ലഭിക്കുക. മറ്റൊരു കാര്യം കൂടിയുണ്ട്. ചിലര്‍ കളത്തിനുപുറത്ത് പരിക്കേറ്റ് മടങ്ങും.
മറ്റു ചിലര്‍ക്ക് കളിക്കിടയിലും പരിക്കേല്‍ക്കാറുണ്ട്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. വിജയക്കൊടി പാറിക്കാന്‍ ഒരാള്‍ മാത്രമേ മുന്നിലുണ്ടാകൂ. തീര്‍ന്നില്ല, ചില അപ്രതീക്ഷിത അട്ടിമറികളും ഈ കളിയുടെ മാത്രം പ്രത്യേകതയാണ്. കളം തയ്യാറായി. കാണികളും കളിക്കാരും ഒരുങ്ങി. വിജ്ഞാപനവിസിലിന് അഞ്ച് ദിവസം മാത്രമാണ് മുന്നിലുള്ളതെങ്കിലും ജില്ലയില്‍ തിരഞ്ഞെടുപ്പ് ഫിക്‌സ്ചര്‍ കൃത്യമായി തെളിഞ്ഞില്ലെന്നതാണ് സത്യം.
തൃക്കരിപ്പൂര്‍ക്കളം
ചുവന്ന മണ്ണും ചുവന്നുതുടുത്ത മനസ്സുമാണ് ഈ തട്ടകത്തിന്. മണ്ണിന്റെ നിറം മാറ്റാന്‍ പല കാലങ്ങളിലായി പല താരങ്ങള്‍ കച്ചകെട്ടിയിറങ്ങിയിട്ടുണ്ടെങ്കിലും മാറാതെ തുടരുകയാണത്. കാല്‍പ്പന്തിന്റെ ആവേശത്തിനിടയിലും കാലുവാരിക്കളിയുടെ പുതിയ വാര്‍ത്തകളാണ് തൃക്കരിപ്പൂരില്‍നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. കാര്യം മറ്റൊന്നുമല്ല, നിലവിലുള്ള കളിക്കാരന്റെ റൈഡും ചാട്ടവും പോരെന്നാണ് കാണികളുടെ ഒരിത്. കാണികളുടെ വികാരം ടീമിന്റെ ബുദ്ധികേന്ദ്രങ്ങളിലും പ്രതിഫലിച്ചു. അവരത് രേഖാമൂലം തലപ്പത്ത് എത്തിച്ചു.എന്നാല്‍, കളത്തിന്റെ തലവര തത്കാലം മാറ്റേണ്ടെന്നാണ് പ്രധാന റഫറി വിധിച്ചിരിക്കുന്നത്.
ഒരു കാര്യം എല്ലാവരെയും ഓര്‍മിപ്പിക്കാം. റഫറിയുടെ തീരുമാനം അന്തിമമായിരിക്കും. അതില്‍ ചോദ്യമില്ല. ഉത്തരവുമില്ല. താത്പര്യമുള്ളവര്‍ക്ക് മാത്രം കളി കാണാം. ഇല്ലാത്തവര്‍ക്ക് പിരിഞ്ഞുപോവാം. നിര്‍ബന്ധമില്ല. കാണികളില്ലെങ്കിലും ഈ കളത്തില്‍ കളി നടക്കുമെന്നാണ് ചിലരൊക്കെ കരുതുന്നത്. കാണാന്‍ പോകുന്ന പൂരം കണ്ടുതന്നെ തീര്‍ക്കുന്നതല്ലേ നല്ലത്. കാത്തിരിക്കാം. കളിക്ക് സമയമടുത്തെങ്കിലും ഇവിടെ എതിരാളികളിനിയും ഇറങ്ങിയിട്ടില്ല. ടീം മാനേജര്‍മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, എത്രയും പെട്ടെന്ന് താരങ്ങളെ കളത്തിലിറക്കി കളി സുഗമമായി നടത്താന്‍ സഹകരിക്കേണ്ടതാണ്.
കാഞ്ഞങ്ങാട്ടെക്കളം
വല്യേട്ടന്മാര്‍ പണ്ട് ഏറെ കളിച്ചിട്ടും ജയിക്കാതായപ്പോള്‍ മടുത്ത് കയറിപ്പോയ കളമാണിത്. ഇപ്പോള്‍ അനിയന്മാര്‍ ജയിച്ചുകയറി നാടു ഭരിച്ചത് കണ്ട് കണ്ണുകടി കൂടുകയാണ്. കളിക്കളം മാറിത്തരണമെന്ന് പലതരത്തില്‍ പറഞ്ഞുനോക്കി. നടക്കാതായപ്പോള്‍ പിന്നെ, കാവിലെ പാട്ടുത്സവത്തിന് കാണാമെന്നാണ് നിലപാട്. കളിയടവുകളില്‍ കേമരെങ്കിലും ആവശ്യത്തിന് കളിക്കാരില്ലെന്നതാണ് അനിയന്മാര്‍ നേരിടുന്ന പ്രതിസന്ധി.
രണ്ടുതവണ അറിഞ്ഞുകളിച്ചു. രണ്ടാംതവണ മന്ത്രിപദമേറി. ഇനി വയ്യെന്നാണ് നിലവിലെ താരത്തിന്റെ നിലപാട്. എന്നാലും ഒരു റൈഡിനു കൂടി ബാല്യമുണ്ടെന്ന് ടീം നിശ്ചയിച്ചാല്‍ ജഴ്സിയണിയാനും താരം മടിക്കില്ല. കളത്തില്‍ ചാടിയിറങ്ങാന്‍ പുതിയ താരങ്ങളേറെയുണ്ടെങ്കിലും ടീം മാനേജര്‍മാര്‍ അടവ് പുറത്തെടുക്കാതെ അവസരത്തിനായി കാത്തിരിക്കുകയാണ്. എതിരാളികളും ചില്ലറക്കാരല്ല. അവരും കണക്കുകൂട്ടലുകളുമായി ആവേശത്തോടെ കളത്തിന് പുറത്ത് ഒരുങ്ങി നില്‍ക്കുന്നുണ്ട്.
ഉദുമക്കളം
ശരിക്കും കബഡിയുടെ നാടാണിത്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ തവണ കണ്ണൂരില്‍നിന്ന് ഒരു പ്രമുഖ താരം കളം നിറഞ്ഞു വാഴാന്‍ സ്വയം ഇറങ്ങിത്തിരിച്ചെത്തിയത്. എന്നാല്‍, വിധിയുടെ കളിയിലെ തീരുമാനം വേറൊന്നായിരുന്നു. കളി തീര്‍ന്നപ്പോള്‍ കളത്തിലെ നടുവിലെ കുമ്മായവരയില്‍ വിജയത്തിന്റെ കൈയൊപ്പ് പതിക്കാന്‍ ആ വമ്പനായില്ല. പൂരക്കളിയും കളരിപ്പയറ്റും വയലിലെ കൃഷിപ്പണിയുംകൊണ്ട് മെയ്വഴക്കത്തിന് പേരുകേട്ട താരം രണ്ടാംതവണയും ഉദുമയിലെ കളം വാണു. ഒരാള്‍ക്ക് രണ്ട് റൈഡെന്ന ടീമിന്റെ നിയമത്തില്‍ തട്ടി കളത്തിനുപുറത്ത് പോകാനാണ് ഈ സൂപ്പര്‍താരത്തിന്റെ വിധി.
കളംനിറഞ്ഞ് കളിച്ചാല്‍ മാത്രം പോര, കാണികള്‍ക്കും ടീമിനും വേണ്ടിയായിരിക്കണം കളി. ആ കളിയറിയില്ലെങ്കില്‍ കളത്തില്‍നിന്ന് ഒരു വാതില്‍ മാത്രമേ തുറക്കൂ, പുറത്തേക്കുള്ളതാണത്. ഏതായാലും വിജയക്കളി തുടരാന്‍ വടക്കന്‍കളരിയില്‍ പതിനെട്ടടവും പയറ്റി തഴക്കംവന്ന താരമാണ് ചുവന്ന കുപ്പായത്തില്‍ കളത്തിലിറങ്ങുന്നത്. എന്നാല്‍, മാറിക്കൊണ്ടിരിക്കുന്ന കാലവും കാറ്റും ഈ കളത്തിനും മാറ്റമുണ്ടാക്കുമെന്നാണ് എതിര്‍ ടീം കണക്കുകൂട്ടുന്നത്. റൈഡറും ഡിഫന്‍ഡറും തയ്യാറെടുക്കുകയാണ്. ഇനി പൊടിപാറുന്ന മത്സരത്തിന് കണ്ണും കാതും കൂര്‍പ്പിച്ചിരിക്കാം.
കാസര്‍കോട്ടെക്കളം
പച്ച മൈതാനമായ കാസര്‍കോടിനെ കുറിച്ച് പച്ചയ്ക്ക് പറയുന്നതാണ് നല്ലത്. പച്ചയല്ലാതൊന്നും പടര്‍ന്നുപിടിച്ച ചരിത്രമില്ല ഈ കളത്തിന്. ചുവന്ന മണ്ണില്‍ ചവിട്ടിക്കുതിച്ച് കളം ജയിക്കാന്‍ കുന്നുചാടിയിറങ്ങിയ താരം പച്ച ജഴ്സിയണിഞ്ഞപ്പോള്‍ മാത്രമാണ് രണ്ടുമത്സരത്തില്‍ പച്ചപിടിച്ചതെന്നതും കുമ്മായവരകള്‍ക്കിടയിലെ ചരിത്രം. മൂന്നാമതൊന്നുകൂടി റൈഡിനൊരുങ്ങുമ്പോഴാണ് തെക്ക് അഴീക്കോട്ടുനിന്ന് മികച്ചൊരു കളിക്കാരന്റെ പേര് കളംവാഴാനെത്തുമെന്ന ശ്രുതി പരന്നത്. എന്നാല്‍, ഇറക്കുമതി ഫൗളാണെന്ന അപ്പീലുമായി താരങ്ങളെല്ലാം ഒന്നിച്ച് പാണക്കാടെത്തി പരാതിപ്പെട്ടു.
റൈഡര്‍മാരും ഡിഫന്‍ഡര്‍മാരുമായി ഒരു ഡസന്‍ മികച്ച താരങ്ങളെ പുറത്തിരുത്തിയൊരു കളിക്ക് തങ്ങളിലില്ലെന്ന് അവര്‍ അടിവരയിട്ടുപറഞ്ഞു. ഇനി അധികം കാത്തിരിക്കാനാകില്ല. ഒന്നിനുമാത്രമാണ് താരങ്ങളുടെ കാത്തിരിപ്പ്. പാണക്കാട്ടുനിന്നുള്ള നറുക്കിന്. ത്രികോണപ്പൂട്ടിട്ട് ഒന്നാഞ്ഞുപിടിച്ചാല്‍ കളം തൂത്തുവാരാമെന്നാണ് കാവിക്കുപ്പായക്കാരും ചില ചെമ്പന്‍കുതിരകളും പ്രതീക്ഷിക്കുന്നത്. രണ്ട് ടീമിനോടും ഒരു കാര്യം ആദ്യമേ പറയാം. ടച്ച് ലൈന്‍ കടന്നില്ലെങ്കില്‍ ഈ കളിയില്‍ റൈഡര്‍ പുറത്താണ്.
മഞ്ചേശ്വരക്കളം
തീപാറും ത്രികോണക്കളിയുടെ കളമെന്നാണ് പണ്ടേ ഇവിടം അറിയപ്പെടുന്നത്. 89 പോയിന്റില്‍ ജയം വഴുതിമാറിയ ഏറ്റവും ഒടുവിലായി ഇവിടെ നടന്ന കളിയായിരുന്നു കളി. രണ്ടും ഇറക്കുതാരങ്ങള്‍. റൈഡും കാച്ചും കൊണ്ട് 20-ട്വന്റിയുടെ ആവേശം നിറച്ച കളിയില്‍ മണ്ഡലം പച്ചയണിഞ്ഞു. കാവിക്കുപ്പായക്കാര്‍ക്കുപിന്നില്‍ മൂന്നാംസ്ഥാനത്തായിരുന്നു ചുവപ്പന്‍മാര്‍. അതിനുശേഷം നടന്ന ഉപകളിയില്‍ പച്ച ജഴ്സിയണിഞ്ഞ റൈഡര്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഫൗള്‍ കളിച്ചതിനാല്‍ സ്വര്‍ണം പോയി.
ഇതാ വീണ്ടും തീക്കളിക്ക് അരങ്ങൊരുങ്ങുകയാണ് വടക്കേക്കളത്തില്‍. മൂന്ന് ടീമിന്റെയും താരങ്ങള്‍ അണിയറയില്‍ തയ്യാറാണ്. എന്നാല്‍, എതിരാളിയെ അറിഞ്ഞുമാത്രമേ ഓരോരുത്തരെയും കളത്തിലിറക്കൂ എന്നാണ് ടീമുകളുടെ തീരുമാനം. എന്താല്ലേ? അപ്പോള്‍ കാണികള്‍ വെറും കൈയടിക്കാര്‍ മാത്രമാണെന്നല്ലേ അവര്‍ പറയാതെ പറയുന്നത്. ന്നാലും പാവം വോട്ടര്‍മാര്‍ക്ക് ഒന്നേ പറയാനുള്ളൂ. വയ്യ ഇനിയും കാത്തിരിക്കാന്‍. ഇറക്കൂ, താരങ്ങളെ.
Content Highlights: Kerala Assembly Election 2021; Kasaragod District