കാഞ്ഞങ്ങാട് മണ്ഡലം ഇടതുമുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കുമ്പോൾ, തൊട്ടടുത്ത തട്ടുകടയിലിരിക്കുന്ന സി.പി.ഐ. നേതാവ് ബങ്കളം കുഞ്ഞികൃഷ്ണൻ| ഫോട്ടോ: മാതൃഭൂമി
കാഞ്ഞങ്ങാട്: ഇ.ചന്ദ്രശേഖരന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ചുള്ള രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗമായ ബങ്കളം കുഞ്ഞികൃഷ്ണന്‍. മൂന്നാം തവണയും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഇ.ചന്ദ്രശേഖരന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി എത്തിയതില്‍ പ്രതിഷേധിച്ചാണ് കുഞ്ഞികൃഷ്ണന്‍ തിരഞ്ഞെടുപ്പ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചത്.
രണ്ട് തവണ മാത്രം തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മതിയെന്നാണ് സി.പി.ഐ. സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നത്. ഇത് അനുസരിച്ച് മന്ത്രി സുനില്‍ കുമാറിന് വരെ സ്ഥാനാര്‍ഥിത്വം നിഷേധിച്ചിരുന്നു. എന്നാല്‍, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മാത്രം റവന്യു മന്ത്രി കൂടിയായ ഇ.ചന്ദ്രശേഖരന്‍ മൂന്നാം തവണയും മത്സരത്തിന് ഇറങ്ങുന്നത് പാര്‍ട്ടില്‍ ഒരു വിഭാഗം പ്രവര്‍ത്തകരില്‍ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.
മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ മഹാഭൂരിപക്ഷം വരുന്ന അംഗങ്ങളും സ്ഥാനാര്‍ഥിയായി തന്റെ പേരാണ് നിര്‍ദേശിച്ചിരുന്നത്. ചുരുങ്ങിയ അംഗങ്ങള്‍ മാത്രമാണ് പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന നിലപാട് സ്വീകരിച്ചിരുന്നത്. എന്നാല്‍, ഈ എതിര്‍പ്പുകള്‍ മറികടന്നാണ് വീണ്ടും അദ്ദേഹത്തിന് സ്ഥാനാര്‍ഥിത്വം നല്‍കിയതെന്ന് കുഞ്ഞികൃഷ്ണന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
അതേസമയം, രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുന്നില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമായി താന്‍ പങ്കെടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമില്ല എങ്കിലും വോട്ടില്‍ കുറവ് വരില്ല. യുഡിഎഫ് ഇവിടെ ജയിക്കില്ല. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് മികച്ച വിജയമുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Content Highlights: Kerala Assembly Election 2021, Kanhangad Constituency