കാഞ്ഞങ്ങാട് മണ്ഡലം ഇടതുമുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കുമ്പോൾ, തൊട്ടടുത്ത തട്ടുകടയിലിരിക്കുന്ന സി.പി.ഐ. നേതാവ് ബങ്കളം കുഞ്ഞികൃഷ്ണൻ| ഫോട്ടോ: മാതൃഭൂമി
കാഞ്ഞങ്ങാട്: ഇ. ചന്ദ്രശേഖരനെ മൂന്നാമതും സ്ഥാനാര്‍ഥിയാക്കിയതിലുള്ള പ്രതിഷേധം വ്യാപകമാകുന്നതിനിടെ, സി.പി.ഐ. കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നു. കഴിഞ്ഞ ദിവസത്തെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാത്ത പലരും ഈ യോഗത്തിലെത്തിയതായി നേതൃത്വം അറിയിച്ചു.
ഇടതുമുന്നണി കാഞ്ഞങ്ങാട് മണ്ഡലം കണ്‍വീനര്‍സ്ഥാനം രാജിവെച്ച ബങ്കളം കുഞ്ഞികൃഷ്ണനും യോഗത്തിനെത്തി. പാര്‍ട്ടിക്ക് അവമതിപ്പുളവാക്കുന്ന കാര്യങ്ങളാണ് നടന്നതെന്ന് സി.പി.ഐ. സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ അംഗം സി.പി. മുരളി പറഞ്ഞു.
ഭിന്നാഭിപ്രായമുണ്ടെങ്കില്‍ പാര്‍ട്ടി വേദിയിലാണ് ഉന്നയിക്കേണ്ടതെന്ന് കാഞ്ഞങ്ങാട് മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥിയും സി.പി.ഐ. നേതാവുമായ ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഇത്തരം ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പുവിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജി പിന്‍വലിക്കില്ല -ബങ്കളം കുഞ്ഞികൃഷ്ണന്‍
ഇടതുമുന്നണി മണ്ഡലം കണ്‍വീനര്‍സ്ഥാനം രാജിവെച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രാജി പിന്‍വലിക്കില്ലെന്നും സി.പി.ഐ. സംസ്ഥാനകൗണ്‍സിലംഗംകൂടിയായ ബങ്കളം കുഞ്ഞികൃഷ്ണന്‍. പാര്‍ട്ടിയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമാകും -അദ്ദേഹം പറഞ്ഞു.
Content Highlights: Kerala Assembly Election 2021, CPI Meeting, Kanhangad Constituency